Thursday, 28 August 2008

ബാർബിക്യൂ

കഷ്ടിച്ച്‌ ഒരു മാസം മുമ്പ്‌, ഒരു ഒഴിവു ദിവസം വൈകുന്നേരം ഞാൻ നോളിയിൽ നിന്നും ബെർജേജിയിലേയ്ക്ക്‌ നടന്നു പോവുക ആയിരുന്നു.ഒരു വശത്ത്‌ കടലും മറുവശത്ത്‌ പാറക്കെട്ടുകൾ നിറഞ്ഞ പർവ്വത നിരകളും.ഇവയ്ക്കിടയിലൂടെയാണ്‌ റോഡ്‌. പാറക്കെട്ടുകൾ ഇടിഞ്ഞ്‌ വീണ്‌ തടസ്സപ്പെട്ട ഈ വഴി വീണ്ടും തുറന്നിട്ട്‌ അധികം നാളുകൾ ആയിട്ടില്ല.ഇപ്പോൾ പാറക്കെട്ടുകൾ ആകെ ശക്തി ഏറിയ കമ്പിവലകൾകൊണ്ട്‌ പൊതിഞ്ഞ്‌,അങ്ങിങ്ങായി ലയിറ്റുകളൂം സയറണുകളൂം ഘടിപ്പിച്ചിരിക്കുന്നു. എവിടെ എങ്കിലും ഒരു കല്ല്‌ അടർന്ന്‌ തുടങ്ങിയാൽ ലയിറ്റുകൾ തെളിയുകയും സയറണുകൾ മുഴങ്ങുകയും ചെയ്യും.

റോഡിനരുകിൽ, കടലിനോട്‌ ചേർന്ന്‌ കല്ലുകൾ പാകി തീർത്തിരിക്കുന്ന നടപ്പാതയിലൂടെ,കടൽ കാഴ്ചകളും കണ്ട്‌ കാറ്റും കൊണ്ട്‌ ഞാൻ സാവധാനം നടന്നു. എസ്താത്തയുടെ സമയമായതിനാൽ കടൽ തീരത്ത്‌ നല്ല തിരക്കാണ്‌. ഞാൻ പോകുന്ന ദിശയിൽ നടപ്പാതയോട്‌ ചേർന്ന്‌, ചെറിയചെറിയ പാർക്കുകളും, കുട്ടികൾക്കായുള്ള കളീസ്ഥലങ്ങളും, കൊച്ചുകൊച്ചു കഫേത്തേറിയകളും, ജലാത്തോറിയാകളും ഒക്കെയുണ്ട്‌.രാത്രിയിലും ഇവിടെ നല്ലതിരക്കാണ്‌.തീരത്ത്‌ ആളുകൾ വട്ടം കൂടി മീൻ ചുട്ടെടുക്കുന്നതും ബാർബിക്യൂ ഉണ്ടാക്കുന്നതും കാണാം. ഇരുട്ടിൽ തീക്കനലുകളും, ചുട്ടു പഴുത്ത കമ്പികളും തിളങ്ങികൊണ്ടിരിക്കും. ഉയരുന്ന നേർത്ത പുകയെ കാറ്റ്‌ തട്ടിചിതറിക്കും,വേവുന്ന മാസത്തിന്റെ ഗന്ധം ചുറ്റുപാടും പരക്കും. കുട്ടികൾ അവയ്ക്ക്‌ ചുറ്റും ഒച്ച ഉണ്ടാക്കി ഓടിനടക്കും. ആകെ ഒരു ഉത്സവപ്രതീതി....

ഇവിടെ ചുറ്റിത്തിരിയുന്ന പല സ്ത്രീകളുടേയും വസ്ത്ര ധാരണം എന്നിൽ കൗതുകം ഉണർത്തി. പലരും നേർത്ത കോട്ടൺ തുണികൊണ്ടുള്ള നമ്മുടെ ചുരിദാറിന്റെ ടോപ്പ്‌ മാത്രമേ ഇട്ടിട്ടുള്ളൂ. സുതാര്യമായ അതിലൂടെ അവരുടെ ശരീരഭംഗി മുഴുവൻ കാണാം. ആ വസ്ത്രങ്ങളിൽ ചിലതിലൊക്കെ ഹിന്ദിയിൽ "ഓം ശാന്തി", "തമസോമാം ജോതിർ ഗമയാം " എന്നൊക്കെ എഴുതി പിടിപ്പിച്ചിട്ടുമുണ്ട്‌. ഫിനാലയിലെ ഒരു ബംഗ്ലാദേശിയുടെ കടയിൽ നിന്നാണ്‌ ഈ വസ്ത്രങ്ങളുടെ ഉറവിടം എന്ന്‌ ഞാൻ നേരത്തെ കണ്ടെത്തിയിരുന്നു.സുനാമിയുടെ പേരിൽ ഇവിടെ ചില ബംഗ്ലാദേശികൾ വന്നു പെട്ടിട്ടുണ്ട്‌.അവർ ഇന്ത്യയിൽ നിന്നും കെട്ടുകളായി കൊണ്ടുവരുന്നതാണ്‌ ഈ വസ്ത്രങ്ങൾ.നമ്മുടെ രാജ്യത്തിന്റെ സന്ദേശവും പേറി നടക്കുന്ന ആ സ്ത്രീകളെ കണ്ടപ്പോൾ എനിക്ക്‌ ഒരു ഇന്ത്യക്കാരൻ എന്നതിൽ ഒരു ചെറിയ അഭിമാനം ഒക്കെ തോന്നി.
ട്രാഫിക്ക്‌ നിയമങ്ങൾ ഇവിടെ വളരെ കർശനമായതിനാലും, ആളുകൾ എല്ലാം അത്‌ പാലിക്കുന്നതിൽ ഉത്സുകർ ആയതിനാലും, കൊച്ചുകുട്ടികൾക്ക്‌ പോലും ഇവിടെ നിർഭയം എവിടെ വേണമെങ്കിലും തനിയെ സഞ്ചെരിക്കാം.ഞാൻ കാപ്പോ നോളീ ഹോട്ടലും പിന്നിട്ട്‌ സ്പൊതോർണ്ണോയിൽ എത്തി. അപ്പോൾ, എനിക്ക്‌ ഏകദേശം 30മീറ്റർ മുന്നിലായി ഒരു ആൺകുട്ടി റോഡു ക്രോസ്സ്‌ ചെയ്ത്‌ വരുന്നത്‌ ശ്രദ്ധയിൽപ്പെട്ടു.അഞ്ച്‌ വയസ്സ്‌ പ്രായം തോന്നിക്കും. കയ്യിൽ എന്തോ ഒരു പൊതിയുണ്ട്‌.ചുറ്റിലും വീതിയിൽ അരികുകൾ ഉള്ള, ചുവന്ന ഒരു യൂറോപ്യൻ തൊപ്പി തലയിൽ വെച്ചിട്ടുണ്ട്‌.നിക്കറും ടിഷർട്ടും ആണ്‌ വേഷം. തിടുക്കത്തിലുള്ള ആ നടത്തം കണ്ടാൽ അറീയാം, അടുത്തുള്ള പാർക്കിൽ കാത്തു നിൽക്കുന്ന കൂട്ടുകാരുടെ അടുത്തേയ്ക്‌ കളിക്കാൻ പോവുകയാണെന്ന്.

ഞാൻ ആ കുട്ടിയുടെ അൽപം പിന്നിലായ്‌ നടത്തം തുടർന്നുകൊണ്ടിരുന്നു.ആളുകൾ പലരും ഞങ്ങൾക്ക്‌ എതിർവശം വന്ന്‌ ഞങ്ങളേയും കടന്നു പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്ന്‌ കുട്ടിയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. അവൻ നടപ്പാതയുടെ അരികിനോട്‌ കഴിയുന്നത്ര ചേർന്ന്‌, സാവധാനം പതുങ്ങി പതുങ്ങി നടക്കാൻ തുടങ്ങി.ഞാൻ അതു ശ്രദ്ധിച്ചു. എന്തു പറ്റി എന്ന്‌ ചിന്തിച്ചു. അവൻ ആരെയോ ഭയപ്പെടുന്നതുപോലെ.

അപ്പോഴാണ്‌ ഞാനും അത്‌ ശ്രദ്ധിച്ചത്‌. ഞങ്ങൾക്ക്‌ അഭിമുഖമായി നന്നായി കറുത്ത ഒരു മനുഷ്യൻ നടന്നു വരുന്നുണ്ട്‌. കയ്കളിൽ കുറെ സഞ്ചികളൂം ടവ്വലുകളും ഒക്കെ തൂക്കി പിടിച്ചിട്ടുണ്ട്‌. കടൽ തീരത്തുകൂടെ സാധനങ്ങൾ വിറ്റുനടക്കുന്ന ഒരു സാധാരണ ആഫ്രിക്കക്കാരൻ. കുട്ടി അയാളെ തന്നെ നോക്കി കൊണ്ട്‌ പേടിച്ചരണ്ട്‌ നിൽക്കുകയാണ്‌. അയാൾ ആകട്ടെ, അതൊന്നും അറിയാതെ തന്റെ വിൽപന വസ്തുക്കൾ കുടഞ്ഞും തട്ടിയും ഒക്കെ നടന്നു വരുന്നു.

അയാൾ ആ കുട്ടിയുടെ ഒപ്പം എത്തിയതും,ആ കുട്ടി തന്റെ കയ്യിലുള്ള പൊതി മാറോടുചേർത്ത്‌ പിടിച്ച്‌, ഇരുകയ്കളൂം അതിനുമേൽ പിണച്ചുവെച്ച്‌, അയാളെ തന്നെ നോക്കികൊണ്ട്‌ നിലത്ത്‌ കുത്തിയിരുന്നു. അകാരണമായി അവൻ പേടിച്ച്‌ വിറയ്ക്കുന്നതായി എനിക്കുതോന്നി.ആഫ്രിക്കക്കാരൻ ഇതൊന്നും അറിയുന്നേയില്ല. ഞാൻ അപ്പോഴും അവന്റെ ഒപ്പം എത്തിയിട്ടില്ല അൽപം പിന്നിൽ തന്നെയാണ്‌. ആ കറുത്ത മനുഷ്യൻ അവനെ പിന്നിട്ടതും, അവൻ എഴുന്നേറ്റ്‌ തിരിഞ്ഞു നോക്കാതെ വേഗത്തിൽ ഓടാൻ തുടങ്ങി. ഓടി ഓടി അടുത്തുള്ള പാർക്കിൽ ചെന്നു കയറി, അനേകം കുട്ടികളുടേയും,മുതിർന്നവരുടേയും ഇടയിൽ പോയി മറഞ്ഞു.ഏതൊ അത്യാപത്തിൽ നിന്നും അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട ഒരുവനെപ്പോലെ...

ഞാൻ ചിന്തിച്ചൂ, എന്തായിരിക്കും ആ കുട്ടിയുടെ ആ മനോഭാവത്തിന്‌ കാരണം.വഴിയിൽ അനേകം അപരിചിതരെ കടന്നുപോയിട്ടും അവൻ മറ്റാരേയും ഭയപ്പെട്ടിരുന്നില്ല. പകൽ സമയം വീടുകളിൽ കഴിയുന്ന കുട്ടികൾക്ക്‌ ടെലിവിഷനാണ്‌ ഏറ്റവും വലിയ സുഹൃത്ത്‌. ഇവിടെ ടെലിവിഷനുകളിൽ ആഫ്രിക്കൻ രാജ്യങ്ങളെ ക്കുറിച്ച്‌ കാണിക്കുന്ന വാർത്തകൾ പലതും നല്ല വശങ്ങൾ ആയിരുന്നില്ല.പട്ടിണിയും,പിടിച്ചുപറിയും,കലാപങ്ങളും ഒക്കെയാണ്‌ പ്രധാനമായും കാണിക്കുക. ഇതൊക്കെ കുട്ടികളെ വല്ലാതെ സ്വാധീനിച്ചിരിക്കണം.അതിൽ നിന്നും ഉടലെടുത്തത്തായിരിക്കണം ആ പേടി..

ഇന്നിപ്പോൾ ഇവിടെ പത്രങ്ങളിലും, ടെലിവിഷനുകളിലും നിറഞ്ഞു നിൽക്കുന്ന വാർത്ത നമ്മുടെ ഒറിസ്സായിലെ മനുഷ്യക്കുരുതിയാണ്‌.ഓരോ മണികൂറിലും അതിന്റെ അപ്റ്റുടേറ്റുകൾ ഉണ്ട്‌.കത്തിക്കരിഞ്ഞും, മുറിവേറ്റും പിടയുന്ന മനുഷ്യ ശരീരങ്ങളും, അങ്ങിങ്ങായി ആളി പടരുന്ന തീയും പുകയും, കത്തിയും കുന്തവുമായി അവയ്ക്ക്‌ ചുറ്റും നൃത്തം വച്ച്‌ വീണ്ടും കൊലവിളി മുഴക്കുന്ന ഭ്രാന്തരേയും തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നു....

ഇതുവരേയും, എന്റെ ചുറ്റു വട്ടത്തുള്ള കൊച്ചു കുട്ടികൾ എല്ലാം എന്റെ സുഹൃത്തുക്കളാണ്‌. എന്നെ കാണുമ്പോഴൊക്കെ അവർ ചിരിക്കുകയും,ടാറ്റ തരികയും ചെയ്യും. ഞാൻ ഒരു ഇന്ത്യാക്കാരനാണെന്ന്‌, ചിലപ്പോൾ അവരുടെ മാതാപിതാക്കൾ അവരോട്‌ പറഞ്ഞും കൊടുത്തിട്ടുണ്ടാവാം.നാളെ ആകുരുന്നുകൾ എന്നെ കാണുമ്പോൾ നിലവിളിച്ചുകൊണ്ട്‌ ഓടിയൊളിക്കുകയാണെങ്കിൽ അവരെ കുറ്റം പറയുവാൻ ആകുമോ???

ബെയിജിഗ്‌ ഒളിമ്പിക്സ്സിനിടയിൽ ടിവിയിൽ കാണിച്ച, ചയിനാക്കാരുടെ ഭക്ഷണ വസ്തുക്കളായ പല്ലിയേയും,പാറ്റായേയും,പുഴുക്കളേയും കണ്ട്‌ ഓക്കാനിച്ച ആ കുരുന്നുകൾ, നമ്മുടെ നാട്ടിലെ സ്ഥിതി വിശേഷങ്ങൾ കണ്ടിട്ട്‌, നമ്മുടെ നാട്ടിൽ മനുഷ്യരെ വെച്ചാണ്‌ ബാർബിക്യൂ പൊരിക്കുന്നത്‌ എന്നാവാം ഒരു പക്ഷേ മനസ്സിലാക്കുക....
ഇതുകൂടി വായിക്കുക...

8 comments:

ജിജ സുബ്രഹ്മണ്യൻ said...

കത്തിയും കുന്തവുമായി വീണ്ടും കൊലവിളി മുഴക്കുന്ന ഭ്രാന്തരേയും തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നു....


വായിച്ചു.ദുഖമുണ്ട്..

Typist | എഴുത്തുകാരി said...

എന്തുകൊണ്ട്‌ ഈ മനുഷ്യര്‍ ഇങ്ങിനെ കാട്ടാളരാവുന്നു, മനസ്സിലാവുന്നില്ല.

ബൈജു സുല്‍ത്താന്‍ said...

കാര്യമാത്രപ്രസക്തം

രസികന്‍ said...

നല്ലപോസ്റ്റ്.


ഇന്ത്യാക്കാരനാണെന്നു പറഞ്ഞാൽ അവർ ചിലപ്പോൾ ഭയന്നേക്കും ..........

ആശംസകൾ

പിരിക്കുട്ടി said...

india kkara pedikkendatto...
anganonnhumundakallennu parthikkam

അപരിചിത said...

എന്തിനാണു ഇങ്ങനേ മനുഷ്യര്‍ മനുഷ്യരേ തന്നേ കൊല്ലുന്നതു?
ആരുടെ ഒക്കെയൊ സ്വാര്‍ത്ഥലാഭത്തിനായി ഇവര്‍
എന്തിനു ഈ കിടന്നു വഴക്കിടുന്നു??

ഇതോക്കെ കണ്ടാല്‍ അവിടെ ഉള്ള കുട്ടികള്‍ ഇന്ത്യാക്കരേ പേടിക്കും *probability*

അപ്പൊള്‍ ഇവിടെ ഇതു കണ്ടു വളരുന്ന കുട്ടികളൊ?

നല്ല പോസ്റ്റ്‌
നന്നായി എഴുതിയിരിക്കുന്നു

happy blogging
:)

OAB/ഒഎബി said...

വായിക്കാന്‍ പറ്റും.ചിന്തിക്കാനും.

Anonymous said...

ഇതിലെ ഒന്നു പോകു
http://vartthamaanam.wordpress.com/2008/08/31/ors31082008/