ക്ഷമിക്കുക....
വെള്ളിയാഴ്ച രാത്രിയിൽ നിന്റെ അടുക്കൽ എത്തുവാൻ പറ്റിയില്ല....
വൈകിയെങ്കിലും മറ്റെല്ലാരാവുകളിലും നിന്നെത്തേടി ഞാൻ എത്തിയിരുന്നില്ലേ..?
എനിക്കു നിന്നോട് ഒരു ചെറു പ്രണയം നാമ്പിട്ടുതുടങ്ങിയോ എന്നും ഒരു സംശയം....പിരിഞ്ഞു നിന്നപ്പോൾ എന്തോ ഒരു വിഷമം....
ഏയ്... ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല... ഒരു ചെറുപ്പക്കാരന്റെ മനസ്സ് വായിച്ചെടുക്കാനുള്ള സാമാന്യ ലോകപരിചയം ഒക്കെ, നിനക്കും ഉണ്ടെന്നെനിക്കറിയാം...
ഇനി ഞാൻ പറഞ്ഞാൽ.... നീ അതു നിക്ഷേധിച്ചാൽ എല്ലാം തീർന്നീല്ലേ...മൗനമായി പ്രണയിക്കുന്നതിന് ആരുടേയും സമ്മതം വേണ്ടല്ലോ....
കള്ളം പറയുന്നില്ല...കഴിഞ്ഞ രാത്രി വെളുക്കുവോളം, ആടിയും പാടിയും ഞാൻ നിശാശാലയിൽ തന്നെ ആയിരുന്നു...
അടച്ച മുറി വിട്ട്, എനിക്കും ഒരു തുറന്ന ലോകം വേണ്ടേ..???അല്‌പം ചാടി തുള്ളിയാൽ മനസ്സിലും ശരീരത്തിലും കഴിഞ്ഞ ഒരാഴ്ചകൊണ്ടു പറ്റിപ്പിടിച്ചതൊക്കെ അടർന്നു പൊയ്ക്കൊള്ളും...
കടൽക്കാറ്റ് ഓരിയിട്ടുതുടങ്ങുമ്പോൾ...കറുത്തുതടിച്ച രാത്രിയെ ഭയന്ന് ആകാശവും കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ... വെള്ളിയാഴ്ച രാവുകളിൽ ഞാൻ മാത്രം ഏകനായി റൂമിലിരുന്നാൽ.. ഭൂത,പ്രേത,പിശാചുക്കളും,വടയക്ഷികളും ഒന്നുചേര്ർന്നുവന്ന് ഭയപ്പെടുത്തി ആക്രമിച്ചേക്കാം...കഴിഞ്ഞ ഒരാഴ്ചത്തെ ജോലിഭാരത്താൽ, മനസ്സും ശരീരവും ബലഹീനനായ ഒരുവനെ കീഴ്പ്പെടുത്തുവാൻ അവറ്റയ്ക്ക് യാതൊരു വിഷമവും കാണില്ല...
അവയ്ക്കൊന്നും പിടിക്കാൻ ആവാത്തവിതത്തിൽ, ആൾകൂട്ടത്തിൽ ഓടിക്കയറി,ഉറഞ്ഞുതുള്ളിയാൽ.. ഒരു പക്ഷേ എന്റെ വിശ്വരൂപം കണ്ട് അവറ്റകൾ ഭയന്നകന്നാലോ....അങ്ങനെ എങ്കിൽ അവയ്ക്ക് അത്ര ശക്തി പോരാത്ത മറ്റുള്ള ദിനങ്ങളിൽ, എനിക്കവയുടെ ഉപദ്രവം കൂടാതെ കഴിഞ്ഞ്കൂടാനും ആകും....
വെറുതെ പേടിപ്പിക്കാൻ പറയുന്നതല്ല പെണ്ണെ...ഇതിലൊക്കെ ചില വാസ്തവം ഉണ്ട്.... ബ്ലോഗിൽ അനേകം കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുന്ന നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല...
യുഗങ്ങൾക്ക് മുമ്പ് രാമരാവണ യുദ്ധത്തിലും,മഹാഭാരത യുദ്ധത്തിലും കൊല്ലപ്പെട്ട പഴഞ്ചൻ പ്രേതങ്ങളുടെ നാടല്ല ഇത്....കുറച്ചു വർഷങ്ങൾക്കുമുമ്പ് ലോകമഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ട പുതുപ്രേതങ്ങളുടെ നാടാണ്...ശക്തികൂടും....
വെള്ളിയാഴ്ച ഓഫീസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ നന്നേ വൈകിയിരുന്നു. തിടുക്കത്തിൽ റൂമിൽ ചെന്ന് ഒരു കുളിയും കഴിച്ച്, വസ്ത്രങ്ങളും മാറി, തെരുവിലേയ്ക്കുതന്നെ തിരിച്ചെത്തി...
ആദ്യ നാളുകളിൽ ഫ്ലോറെൻസ് നഗരത്തിൽ തന്നെ ഉള്ള ഡിസ്കൊതെക്കകൾ തന്നെയാണ് ഞാനും വീക്കെന്റിനായി തിരഞ്ഞെടുത്തിരുന്നത്. അവിടങ്ങളിൽ പലസഹപ്രവർത്തകരേയും കണ്ടുമുട്ടുകയും,സംസ്സാര വിഷയങ്ങൾ പതുക്കെ മറക്കാൻ ശ്രമിക്കുന്ന ഒഫീസ്സിലേയ്ക്കു തന്നെ കൊണ്ടെത്തിക്കുകയും ചെയ്തപ്പോൾ സാവധാനം ഞാൻ മറ്റൊരു ഒളിത്താവളം കണ്ടെത്തി..
ഒരു ടാക്സി വിളിച്ചിട്ട് ബാർബറിനോയിലേയ്ക്കു പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. നഗരത്തിൽ നിന്നും ഏകദേശം ഇരുപതു കിലോമീറ്റർ ദൂരയുള്ള ഒരു പിയാസയാണ് സ്ഥലം. ഡ്രൈവർ എന്നെയുമായി വാഹനം നഗരത്തിൽ നിന്നും ഇടത്തേയ്ക്കുതിരിച്ചു.ഇരുവശങ്ങളിലും ഇടതൂർന്നു മരങ്ങൾ തിങ്ങിയ നീണ്ട റോഡി ലൂടെ വാഹനം പാഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് മലകൾ തുരന്നുള്ള ടണലുകളിൽ കൂടിയും വാഹനം കയറി ഇറങ്ങി പൊയ്ക്കൊണ്ടിരുന്നു.ടണലിലേയ്ക്കു വാഹനം ഓടിക്കയറുമ്പോൾ വെട്ടം മങ്ങുകയും കാതുകളിൽ ഒരു ഇരമ്പൽ അനുഭവപ്പെടുകയും ചെയ്തിരുന്നു.. ഇത് രാവും പകലും പൊടുന്നനെ വന്നുപോകുന്നതുപോലെ തോന്നിച്ചു. ടണലുകൾക്ക് മുകളിൽ മലകളും,മരങ്ങളും യാതൊരു കോട്ടവും പറ്റാതെ അതേ പടി നിലനിർത്തിയിരിക്കുന്നു.
രണ്ടു വരിയായുള്ള പാതയിൽ ഞങ്ങളുടെ ദിശയിൽ വാഹനങ്ങൾ അധികമില്ല. വാഹനങ്ങളുടെ നിര നഗരത്തിലേയ്ക്കുള്ള ദിശയിലാണ്.ഡ്രൈവർ MP3 Player ന്റെ ഹെഡ്ഫോണുകൾ ചെവിയിൽ തിരുകി സംഗീതം ആസ്വതിച്ചുകൊണ്ട് വണ്ടി ഓടിക്കുകയാണ്.ഒരു വളവ് തിരിഞ്ഞ് ഞങ്ങൾ പിയാസയിലേയ്ക്കു കടന്നു.
ഞാൻ ചൂണ്ടിക്കാണിച്ച റെസ്റ്റോറന്റിന്റെ മുമ്പിൽ ഡ്രൈവർ വണ്ടി നിറുത്തി. മീറ്ററിൽനിന്നും ബില്ല് കീറി എനിക്കുതന്നു. അതിൽ രേഖപ്പെടുത്തിയിരുന്ന തുക ഞാൻ അയാൾക്കുനൽകി. ഗ്രാസിയെ പറഞ്ഞ്, വണ്ടി മുന്നോട്ടെടുത്ത് മറ്റൊരു വഴിയിലൂടെ അയാൾ ഓടിച്ചുപോയി...
ഞാൻ നേരെ റെസ്റ്റോറന്റിലേയ്ക്കു കയറി. ഒരു പിസ്സയ്ക്കു ഓടർ കൊടുത്തു.അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.അതിനാൽ ചൂടുള്ള പിസ്സ ഉടനെ എത്തി.പൊമൊതൊറയും ഫോർമാജിയൊയും ഒലിവിൻ കയ്കളും മേലെ വിതറിയ പിസ്സ കത്തികൊണ്ടുമുറിച്ചു ചെറുകക്ഷണങ്ങളാക്കി സാവധാനം കഴിച്ചു. ഇന്നിനി മറ്റു ഭക്ഷണം ഒന്നുമില്ല. എന്തെങ്കിലും കുടിക്കണം അത്രമാത്രം....
നേരെ എതിർ വശത്തുള്ള വിക്ടോറിയ ഡിസ്കൊതെക്കയെ ലക്ഷ്യമാക്കി, റോടുമുറിച്ചു ഞാൻ നടന്നു ചെന്നു. കൗണ്ടറിൽ യുവതിയുവക്കൾ ക്യൂവിൽ നിന്നുതുടങ്ങിയിരുന്നു. പരിചയം ഉള്ള ഏതെങ്ങിലും യുവതികൾ ഉണ്ടോ എന്നു ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു. സിങ്കിളായി എത്തുന്നവർക്ക് അല്‌പം തുക കൂടുതലാണ്. ഡബിൾസിന് ചില കിഴിവുകൾ ഉണ്ട്.
ഫ്രെഞ്ചെസ്ക്ക, എവലീന,അന്തൊനെല്ല.....ആരേയും എനിക്കു കണ്ടെത്താനായില്ല. ഒരു പക്ഷേ ഞാൻ അല്‌്പം വൈകീയിരിക്കാം. ഞാനും ക്യൂവിൽ കയറിനിന്നു. ഊഴമെത്തിയപ്പോൾ ഒരു ഫുൾ നൈറ്റിനുള്ള പണം അടച്ച് രസീതു വാങ്ങി.
ഉള്ളിലേയ്ക്കുള്ള പ്രവേശനകവാടത്തിൽ നിൽക്കുന്ന ഉരുക്കുമനുഷ്യന്റെ കയ്യിൽ ഞാൻ ആ രസീത് കൊണ്ടുചെന്നു കൊടുത്തു.ദേഹമാസകലമുള്ള അയാളുടെ ഉരുണ്ടമസ്സിലുകൾ ഇറുകിയ വസ്ത്രത്തിന്മേൽ മുഴച്ചു നിൽക്കുന്നു. മിനുങ്ങുന്ന മുട്ടത്തലയിൽ മുകളിലെ തൂക്കുവിളക്കിന്റെ നാളങ്ങൾ പ്രതിഫലിക്കുന്നു...
"ബോണസ്സേര" എന്നു പറഞ്ഞിട്ട് അയാൾ എന്റെ കയ്യിൽ നിന്നും രസ്സീതുവാങ്ങി നോക്കി.
ഞാൻ ഇടത്തു കരം നീട്ടികൊടുത്തു. ആയാൾ കൈത്തണ്ടയിൽ പ്രവേശന സമയം കുറിക്കുന്ന സ്റ്റാമ്പ് ചുവന്ന മഷിയിൽ പതിപ്പിച്ചു.എന്നിട്ട് കൂറ്റൻ വാതിലുകൾ എനിക്കായി തുറന്നു തന്നു.
ഗിത്താറിന്റെയും, ഡ്രമ്മിന്റെയും ഉയർന്ന സ്തായിലുള്ള ശബ്ദം പൊടുന്നനെ എന്റെ ചെവികളിൽ വന്നുതറച്ചു. അകത്ത് അരണ്ട വെളിച്ചമേ ഉള്ളൂ. ഒന്നും വ്യക്തമായി കാണത്തില്ല. പല വർണ്ണത്തിലുള്ള പ്രകാശസ്തൂപങ്ങൾ ദേഹത്തെ സ്പർശിച്ച് കറങ്ങി പൊയ്ക്കൊണ്ടിരിക്കുന്നു. അവ ചെന്നു പതിക്കുന്നിടങ്ങളിൽ ചില കൈകളും കാലുകളും ഇളകുന്നത് അവ്യക്തമായിക്കാണാം.
ഞാൻ ഇടത്തെ ബാർക്കൗണ്ടറിലേയ്ക്ക് സൂക്ഷിച്ചു നടന്നുചെന്നു.
കൗണ്ടറിലുണ്ടായിരുന്ന ചെമ്പിച്ച മുടിയുള്ള സുന്ദരി എന്നെനോക്കിച്ചിരിച്ചു.
എനിക്ക് നാല്‌് ഡ്രിങ്ക്സ് വരെ വാങ്ങിക്കഴിക്കാം. അതിനുള്ളപണം എൻട്രൻസ് ഫീസിൽ അവർ ഈടാക്കിയിട്ടുണ്ട്. അതിൽ കൂടുതൽ വേണമെങ്കിൽ മാത്രം ഇനി പണം കൊടുത്താൽ മതി.
ബാർക്കൗണ്ടറിൽ നിന്ന്, തുടുത്ത കവിളുകൾ ഉള്ള ആ സുന്ദരി എന്റെ കണ്ണുകളിലേയ്ക്കുതന്നെ നോക്കികൊണ്ടു നിന്നു.
എന്റെ കണ്ണുകൾ അവിടെ നിരത്തിവച്ചിരുന്ന കുപ്പികളിലൂടെ ഓടിക്കൊണ്ടിരുന്നു....
ഒരു വെറയിറ്റിക്കായി പൊടൊക്കിയുടെ കുപ്പിചൂണ്ടിക്കാണിച്ചിട്ട് ഞാൻ ഡബിൾ ലാർജ് അവശ്യപ്പെട്ടു. തലയ്ക്കുമീതെ തൂക്കിയിട്ടിരിക്കുന്ന ഗ്ലാസുകളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്ത് അവൾ അതിലേയ്ക്കു ആ വെളുത്തദ്രാവകം അളന്നൊഴിച്ചു.
ഞാൻ അവളെ ശ്രദ്ധിച്ചു, ഇതിനുമുമ്പ് അവളെ അവിടെ കണ്ടതായി ഓർമ്മയില്ല.
കൗണ്ടറിൽ എപ്പോഴും പുതിയ യുവതികളാണ്.
ഒരാളെത്തന്നെ സ്ഥിരമായി അവിടെ നിർത്താറില്ല എന്നുതോന്നുന്നു...
ആ യുവതിയോട് ഗ്രാസിയെ പറഞ്ഞ്,അവൾ നീട്ടിയ ഗ്ലാസിലെ ദ്രാവകത്തിൽ രണ്ട് ഐസ്ക്യൂബുകൾ പെറുക്കിയിട്ട് ഗ്ലാസ് മെല്ലെ ചുണ്ടുകളോടടുപ്പിച്ചുകൊണ്ട്, അവിടെത്തന്നെ ഡാൻസ്ബോർഡിന് അഭിമുഖമായി ഞാൻ തിരിഞ്ഞുനിന്നു.ചെറുതണുപ്പോടുകൂടി ആ ദ്രാവകം ഒരിറുക്ക്,....
നാക്കിൽ ചെറിയ തരിപ്പുണ്ടാക്കി എന്റെ തൊണ്ടയിലൂടെ അരിച്ചരിച്ച് അത് മെല്ലെ കീഴ്പ്പോട്ട് ഇറങ്ങിപ്പോയി.
മാറിടം വികസിച്ചും മധ്യഭാഗം മുതൽ കീഴ്പ്പോട്ട് വടിവിൽ നേർത്തുവരുന്നതുമായ ആ മദ്യചഷകം കണ്ണുകൾക്കുനേരെ ഉയർത്തി പിടിച്ച് ഞാൻ സൂക്ഷിച്ചു നോക്കി.നിറമില്ലാത്ത ആ ദ്രാവകവും,സുതാര്യമായ ആ ചഷകവും വർണ്ണ ദീപങ്ങളിൽ നിന്നും അനേകം നിറങ്ങൾ മാറിമാറി സ്വീകരിക്കുന്നതായി എനിക്കുതോന്നി...
കൊള്ളാം.. ഈ പോളിഷ് വോഡ്ക്കയ്ക്ക് ചില മാന്ത്രിക ശക്തി ഉണ്ട്.....
വീണ്ടും മദ്യം ഞൊട്ടിഞ്ഞുണഞ്ഞുകൊണ്ട് ഞാൻ പരിസരം വീക്ഷിക്കാൻ തുടങ്ങി.
മദ്യത്തിന്റേയും, നാദത്തിന്റേയും ലഹരിയിൽ യുവതിയുവാക്കൾ സ്വയം മറന്ന് ചുവടുകൾ വയ്ക്കുന്നു. വസ്ത്രം ഇവിടെ നിർബന്ധിതമായതിനാലാണ് പലരും അല്‌പമെങ്കിലും വസ്ത്രം ധരിച്ചിരിക്കുന്നത്.കുഴഞ്ഞാടുന്നതിനിടയിൽ പലതും തുള്ളിതുളുമ്പുന്നു.
ലയിറ്റുകളൂടെ ഓട്ടപ്രദക്ഷിണത്തിനിടയിൽ ഒരു വേള അതെന്റെ ദൃഷ്ടിയിൽപ്പെട്ടു.സാധാരണ എന്നോടൊപ്പം ഇവിടെ എത്താറുണ്ടായിരുന്ന EB ആണ് അത്. ഒരിക്കൽ അവിചാരിതമായി കൗണ്ടറിൽ വച്ചു പരിചയപ്പെട്ട് ഒന്നിച്ചു പാസ്സെടുത്ത് അകത്തു കയറിയതായിരുന്നു ഞങ്ങൾ. പിന്നീട് പലപ്പോഴും അവൾ എനിക്കായി കാത്തുനിന്നിട്ടൂണ്ട്......ഞങ്ങൾ ഒന്നിച്ചു വളരെനേരം നൃത്തം ചെയ്തിട്ടുമുണ്ട്.....
തലമുടി റോമൻ പടയാളികളുടെ തൊപ്പിമാതിരി വെട്ടിനിർത്തി, ഒരു കാതിൽ വലിയ എന്തോ കെട്ടിതൂക്കി, വലതുകരമാകെ ചിഹ്നങ്ങളും കുറികളുമായി പച്ചകുത്തി, ചന്തിക്കുതാഴത്തോളം ഊർന്നിറങ്ങിയ ജീൻസും ധരിച്ച്, സാമാന്യം ഉയരമുള്ള ഒരു യുവാവാണ് ഇപ്പോൾ അവളോടൊപ്പം ചുവടുകൾ വയ്ക്കുന്നത്...
ഒരു പക്ഷെ അവളുടെ ഫിതൻസാത്തോ ആയിരിക്കുമോ ?... അവരെ ആദ്യമായിയാണ്‌് ഒന്നിച്ചുകണുന്നത്...
മദ്യം മുഴുവൻ കുടിച്ചുതീർത്ത്, ഗ്ലാസ്സ് ഞാൻ കൗണ്ടറിൽ തിരിച്ചു നൽകി ...
തലയിൽ ചെറിയ ഒരു പെരുപ്പായി...,
അത് സാവധാനം ദേഹമാസകലം പടർന്നു കയറി.....
ഡ്രമ്മുകളുടെ ഉച്ചത്തിലുള്ള പ്രഹരം....
എന്റെ ഹൃദയസ്പന്ദനം അത് ഏറ്റുപിടിച്ചു....
വർണ്ണലോകം എനിക്കുചുറ്റും വൃന്ദാവനം തീർത്തു....
ഗോപാങ്കനകളാൽ ചുറ്റപ്പെട്ട് ഈ ഞാനും....ഒരു ഗോപാലനായി മാറുകയാണോ..???
ഞാൻ അറിയാതെ ചുവടുകൾ വച്ചു.....
എപ്പോഴോ EB വന്നെന്റെ കരങ്ങളിൽ പിടിച്ചു.ഞാൻ നിശ്ചലനായി...
ഞങ്ങൾ പരസ്പരം സലൂത്ത ചെയ്തു. ഞാൻ അവളെ ബാർക്കൗണ്ടറിലേയ്ക്കു ക്ഷെണിച്ചു.ബാക്കിയുണ്ടായിരുന്ന എന്റെ കോട്ടായിൽനിന്നും ഞങ്ങൾ രണ്ടാളും ഓരോ ഗ്ലാസ് മദ്യം വാങ്ങികുടിച്ചു.
നിന്റെ ഫിതൻസാത്തോ എവിടെ? നേരത്തെ കണ്ട യുവാവിനെ ഉദ്ദേശിച്ചു ഞാൻ തിരക്കി....
ഏയ്, അതെന്റെ ഫിതൻസാത്തോയൊന്നും അല്ല....ആരേയും കാണാതിരുന്നപ്പോൾ വെറുതെ കൂടെ കൂട്ടീ എന്നേയുള്ളൂ... അവൾ പറഞ്ഞു..
ഇവിടുത്തെ ജീവിതം കണ്ടാൽ, ആസ്വദിക്കാനായി മത്രമുള്ളതാണ് ജീവിതം എന്നു തോന്നിപ്പോകും...
ദീർഘകാലം ഫിതൻസാതോ,ഫിതൻസാത്ത ആയിരുന്ന്, ഉള്ളും ഉടലും ഉരച്ചുനോക്കി, പരസ്പരം പൊരുത്തപ്പെട്ടാൽ മത്രമേ ഇവർ വിവാഹ കരാറിൽ ഏർപ്പെടുകയുള്ളു. അതിനു ശേഷവും എന്തെങ്കിലും പൊരുത്തക്കേടുകൾ തോന്നുകയാണെങ്ങിൽ കടങ്ങൾ പരസ്പരം കൊടുത്തുവീട്ടി, കരാർ അസാധുവാക്കി, ഇഷ്ടമുള്ള വഴിയെപോകാം.....
വ്യക്തികളുടെ ജീവിതത്തിൽ പുറം ലോകം ഇടപെടുകയില്ല....
ആരേയും സഹിച്ചും ക്ഷമിച്ചും ആർക്കും ആകെയുള്ള ഈയൊരുജീവിതം പാഴാക്കേണ്ടതുമില്ല....
എങ്കിലും ചില സംശയങ്ങൾ അവശേഷിക്കാം....തെറ്റേത്..? ശരിയേത്..?
ഒഴിഞ്ഞ ഗ്ലാസ്സുകൾ തിരികെ നൽകി, കൈകൾ കോർത്ത് ഞങ്ങൾ ബഹളങ്ങളുടെ മധ്യത്തിലേയ്ക്കു വീണ്ടും നടന്നുചെന്നു....
ഞാൻ അവൾക്കൊപ്പവും, അവൾ എനിക്കൊപ്പവും ചുവടുകൾ വച്ചുതുടങ്ങി...
ചുറ്റും കൂടി നിന്നവരിലേയ്ക്കും അതിന്റെ അനുരണനങ്ങൾ പതഞ്ഞൊഴുകി....
നാദവും നാളവും ഒന്നായി ലയിക്കുന്നു.....
ഭാവം ചടുലമായി...താളം ദ്രുതമായി...
ശീതീകരിക്കപ്പെട്ട ആ പരിസരവും തപ്തമായിക്കൊണ്ടിരിക്കുന്നു....
അതേ.... ശൈവതാണ്ടവം.....
പിന്നീട് ചുവടുകളുടെ വേഗതകുറഞ്ഞു....
ദേഹാദേഹികൾ ഉറഞ്ഞൊലിച്ച് വിയർപ്പുകണങ്ങളായി ഇറ്റിറ്റു വീണുതുടങ്ങി....
കലുഷമായ മനസ്സ് സാവധാനം ശാന്തമായി...
അപ്പോഴേയ്ക്കും നിശാശാല അടയ്ക്കുന്നതിനുള്ള അറിയിപ്പുവന്നുകഴിഞ്ഞു.....വെളിയിൽ വെട്ടം വീണുതുടങ്ങി....നേരം വെളുക്കുകയാണ്....
7 comments:
വളരെ നന്നായിട്ടുണ്ട് സംഗതി കൊള്ളം കേട്ടോ..
നിസ്സാറിക്ക
വെറുതെയൊന്ന് വിസിറ്റൂ..
http://kinavumkanneerum.blogspot.com/
ഒരു പുതിയ ലോകം വരച്ചു കാട്ടുന്നു. :)
തെറ്റും ശരിയും ആപേക്ഷികം (ആണോ? ആ..)
കേട്ടറിവു മാത്രമുള്ള ജീവിതശൈലി കണ്മുന്നില്‍ വരച്ചു തന്നിരിക്കുന്നു....ജീവിതം മുന്തിരിച്ചാറു പോലെ ആസ്വദിക്കുന്നവര്‍...പൊരുത്തക്കേടുകള്‍ തലപൊക്കിയാല്‍ ഒഴിഞ്ഞു മാറാന്‍ എന്തെളുപ്പം ല്ലേ...
ശരിതെറ്റുകള്‍ ഇതിനിടയിലെവിടെയൊക്കെയൊ നിന്നു പല്ലിളിച്ചു കാട്ടി ചിരിക്കുന്നുണ്ടാവണം....
മലയാളിക്ക് അപരിചിതമായ ഒരു വിത്യസ്ത ജീവിത ശൈലി വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഒരു കവിതയായി, കാവ്യമായി ഈ വരികൾ മനസ്സിലേക്കൊലിച്ചിറങ്ങുന്നു.
തികച്ചും വ്യത്യസ്തമായൊരു ജീവിതം...ഇതൊക്കെ സത്യമാണോ...ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ...
ഫ്രാന്‍സ് ടിവി ചാനലിലെ ഏതോ ഒരു സിനിമ കാണുകയല്ലായിരുന്നു എന്ന് വായിച്ച് കഴിഞ്ഞപ്പഴാ ഓറ്ത്തത്. എനിക്ക് ഊഹിക്കാന്‍ പറ്റാവുന്നതിനും എത്രയോ അപ്പുറം. തുടറ്ന്നും ഇതു പോലുള്ള ക്ലാസിക്കുകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
pin...
ur life is so great....
i like to enjoy life....
but avideyum nee paranja shariyum thettum....
ninakku kurachukoodi vaayanakkar venam....
nee nannayezhuthunnundu....
ente pirikal pole onnumaslla
valare valare nannayi....
enikku neriya asooya undu ninte life nodu...
appol ninte priyathamakko?
engine sahikkum aval ithu....
Post a Comment