Friday, 24 July 2009

മഴക്കാലം

മുകളിൽ മുഖം കറുപ്പിച്ചു നിൽക്കുന്നു മാനം
താഴെ ചെളി തെറിപ്പിച്ചും തെറിപറഞ്ഞും ഭൂമി
അതിനു നടുവിലായി പകച്ചു നിൽക്കുന്നു മർത്യർ

ഒടുവിലാമാനം മനം പൊട്ടിക്കരയുന്നു
ആ കണ്ണീർ ഇടനെഞ്ചിലായ്‌ യേറ്റുവാങ്ങുന്നു ഭൂമി
മർത്യനോ തുടരുന്നു ആ പകയൊട്ടും കുറയാതെ

വറുതിയാൽ വിണ്ടയാ മണ്ണിന്റെ പിണക്കം
ഒരു കൊച്ചു മഴയിൽ ഒലിച്ചുപോയി
മനുജന്റെ മനസ്സിലെ ചെളിയൊട്ടു നീക്കുവാൻ
ഇനിയെത്ര മഴക്കാലം വന്നുപോണം ?

Friday, 3 July 2009

പുതുജീവിതം

ഇപ്പോൾ ഈ കൊച്ച്‌ ഉപദ്വീപിലാകെ ജനങ്ങൾ ആകുലചിത്തരാണ്‌. ചില അനിഷ്ഠ സംഭവങ്ങൾ ദക്ഷിണകൊറിയക്കാരുടെ സ്വയിര്യ ജീവിതത്തിൽ ദുഃസ്വപ്നങ്ങൾ സൃഷ്ഠിച്ചുകൊണ്ടിരിക്കുന്നു.

ജനസമ്മതനായിരുന്ന അവരുടെ മുൻപ്രസിഡന്റിനെതിരെ, രാഷ്ട്രിയ വൈര്യം മൂലം പുതിയ പ്രസിഡന്റ്‌ പല ഇൻവെസ്റ്റിഗേഷനും ഉത്തരവിട്ടിരുന്നു. അതിന്റെ പിരിമുറുക്കം താങ്ങാനാവാതെ ആ ദുർബലഹൃദയൻ ആത്മഹത്യചെയ്തു. സാധാരണക്കാരുടെ തോഴനും നിരപരാധിയെന്ന് അവർ കരുതുന്നതുമായ മുൻപ്രസിഡന്റിന്റെ അത്മാവ്‌ അവരുടെ ഓരോ ഹൃത്തിലും മുട്ടിവിളിച്ച്‌ തന്റെ നിരപരാധിത്വം ഏറ്റുപറയുന്നു.

ഇങ്ങനെ പ്രക്ഷുബ്ദമായിരുന്ന ദക്ഷിണകൊറിയയിക്ക്‌ വീണ്ടും ഒരു ആഘാതമെന്നോണം, ഉത്തരകൊറിയ ഒന്നിനുപുറകെ ഒന്നായി മിസ്സയിലുകൾ ഉതിർത്തു വെല്ലുവിളികൾ ഉയർത്തുന്നു. അവർ ആണവ പരിക്ഷണം നടത്തിയെന്നും അമേരിക്കയിൽ പതിക്കാൻ ശേഷിയുള്ള ദീർഘദൂര മിസ്സയിലുകൾ സ്വായത്തമാക്കിയെന്നും അവകാശപ്പെടുന്നു...

ഇവിടെ ഇപ്പോൾ ഒരോ കൊറിയക്കാരനും ഏതുനിമിഷവും ഒരു യുദ്ധം പ്രതിക്ഷിക്കുന്നു. കൊറിയയിലെ പ്രായപൂർത്തിയായ എല്ലായുവാക്കൾക്കും സൈനീകപരിശീലനം നിർബന്ധമാണ്‌. അതിനാൽ അടിയന്തിരഘട്ടങ്ങളിൽ ഏതു പൗരനേയും രാജ്യസേവനത്തിനായി തിരിച്ചുവിളിക്കാം . അവരെല്ലാം ഗവണ്‍മന്റിന്റെ ഒരു ഉത്തരവിനായി കാതോർത്തിരിക്കുന്നു...

ഇങ്ങനെ ആകെ കലുഷിതമായിരിക്കുന്ന ഒരു ദിവസം രണ്ടും കൽപിച്ചു Mr. Jung നെ ഒന്നു പോയികാണാൻ തന്നെ ഞാൻ തീരുമാനിച്ചു. അയാളുടെ ഇമെയിലിൽ ഞാൻ ഇവിടെ എത്തിയ വിവരവും ഒരു സന്ദർശനം ആഗ്രഹിക്കുന്നു എന്നും പറഞ്ഞു ഒരു മെയിൽ ഇട്ടു. താമസിയാതെ അയാളുടെ അഡ്രസ്സും റൂട്ടു മാപ്പും സഹിതം മറുപടി വന്നു. പിറ്റേന്നു വൈകുന്നേരം 3 മണിക്കു ഞാൻ അയാളുടെ വീട്ടിൽ എത്തും എന്നും പറഞ്ഞു തിരിച്ച്‌ വീണ്ടും ഒരു മെയിൽ കൂടി ചെയ്തു.

അയാളെ ഞാൻ എങ്ങനെ അഭിമുഖീകരിക്കും എന്നും എന്തു പറഞ്ഞു അശ്വസിപ്പിക്കണം എന്നും ഒക്കെ ഒരു നിമിഷം ചിന്തിച്ചിരുന്നു പോയി. നിരാശ തുളുമ്പുന്ന കണ്ണുകളും ചലനമറ്റുകിടക്കുന്ന ശരീരവുമായി എന്റെ മനസ്സിൽ അയാളുടെ ഒരു അവ്യക്ത ചിത്രം രൂപപ്പെട്ടു വന്നു...

സ്റ്റേഷന്റെ അടുത്തുള്ള E Mart ഇൽ നിന്നും ഒരു കേയ്സ്‌ സ്റ്റോബറിയും, കുരുവില്ലാത്ത മന്തരീന എന്ന ഓറഞ്ചും, അയാളുടെ മോൾക്കു കൊറിയൻ ട്രഡീഷണൽ വസ്ത്രം ധരിച്ച ഒരു പാവയും വാങ്ങിച്ചു. ഏകദേശം 2.30 അയപ്പോൾ ഞാൻ അയാളുടെ വീടിനടുത്തുള്ള റെയിൽവെസ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെനിന്നും അയാൾ അയച്ചുതന്നിരുന്ന റൂട്ടുമാപ്പിലെ ഓരോ ലാൻഡു മാർക്കുകളും പിന്നിട്ട്‌ ലാർഡ്സ്‌ എന്ന ബിൽഡിഗിൽ എത്തിചേർന്നു. അതിന്റെ ഗ്രൗണ്ട്‌ ഫ്ലൊറിൽ ഫാമിലി മാർട്ടിന്റെ ഒരു ഷോറും ഉണ്ടായിരുന്നു. ആതുകണ്ടപ്പോൾ ബിൽഡിഗ്‌ അതുതന്നെ എന്ന് എനിക്കു തീർച്ചയായി.

രണ്ടാം നിലയിൽ 202 റൂമിന്റെ മുൻപിൽ എത്തി ഡോർബെല്ലടിച്ചു. എന്റെ മുഖം അവരുടെ അകത്തെ ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞിട്ടുണ്ടാവണം, ഞാൻ വരുന്ന വിവരം Jung മുൻപേ അറിയിച്ചതിനാൽ ആകണം.. ഭാഗ്യം.. കൊറിയയിൽ ആരും ഒന്നും ചോദിച്ചു എന്നെ ഉത്തരം മുട്ടിക്കാതെ ആ വാതിലുകൾ എനിക്കായി തുറക്കപ്പെട്ടു.

പ്രായംചെന്നു ഉയരം കുറഞ്ഞ ഒരു സ്ത്രീ. ആവർ എന്നെ "അന്യേസയോ" എന്നു പറഞ്ഞു കുനിഞ്ഞ്‌ അഭിവാദ്യം ചെയ്തു. ഞാനും എന്റെ തല കാൽമുട്ടുകളിൽ ചെന്നു മുട്ടുന്നവിതം നന്നായി കുനിഞ്ഞു പ്രത്യഭിവാദ്യം ചെയ്തു. ആദ്യത്തെ പരീക്ഷ പാസ്സായ എന്നെ ആ സ്ത്രീ അടുത്ത പരിക്ഷണങ്ങൾക്കായി അകത്തേയ്ക്കു ക്ഷെണിച്ചു. ആ അവസരത്തിൽ ഉചിതമെന്നു തോന്നിയതും ആകെ അറിയവുന്നതുമായ ഒരേ ഒരു വാക്ക്‌ jung എന്ന പേരുമാത്രമായിരുന്നു. ഞാൻ അതു ഒന്നുരണ്ടു വട്ടം ഉരുവിട്ടു.

അതിനു മറുപടിയെന്നോണം ആ സ്ത്രീ വായ്‌ നിറച്ച്‌ യ..യീ..യൂ..യോ എന്നൊക്കെ അവസാനിക്കുന്ന എന്തോക്കയോ പറഞ്ഞു. ഒന്നും മനസ്സിലായില്ല എങ്കിലും അവരുടെ കയ്കളുടെചലനത്തിൽ നിന്നും മുഖത്തെ ഭാവപ്രകടനത്തിൽ നിന്നും എന്നൊട്‌ ഇരിക്കാനാണു പറയുന്നതെന്നു മനസ്സിലായി.

ഞാൻ എന്റെ കയ്യിലെ വസ്തുക്കൾ അരികിലുള്ള മേശമേൽ വച്ചിട്ട്‌ സോഫയിൽ ഇരുന്നു. ആ സ്ത്രീ അപ്പോൾ അകത്തേയ്ക്കുപോയി.

വാച്ചിൽ സമയം കൃത്യം മൂന്നുമണി.

പൊടുന്നനെ മുന്നിലെ വാതിൽ തുറന്നു..വെളിയിൽനിന്നും ഒരു വീൽ ചെയർ കറങ്ങി തിരിഞ്ഞു മുറിക്കുള്ളിലേയ്ക്കു കടന്നു വന്നു. അതിൽ കറുത്ത തൊപ്പിവെച്ച ഒരാൾരൂപവും മടിയിൽ ഒരു പെൺകുട്ടിയും. കുട്ടി അയാളുടെ മടിയിൽ നിന്നും ഊർന്നിറങ്ങി മുറിയിൽ ഓടി നടന്നു തുടങ്ങി... വീൽ ചെയർ എന്റെ അടുക്കലേയ്ക്കു ഉരുണ്ടുവന്നു. ഞാൻ അറിയാതെ എഴുന്നേറ്റു നിന്നു.. കാലുമൂടി നീണ്ട കറുത്ത കോട്ടണിഞ്ഞ രൂപം എന്റെ കരങ്ങളിൽ പിടിച്ചു...അറിയാതെ ഒരു കുളിർ, ഇലക്ട്രിക്കു ഷോക്കുപോലെ ആ കരങ്ങളിലൂടെ എന്റെ ദേഹമാകെ പടർന്നു... തൊപ്പി ഊരിമാറ്റി അയാൾ എന്റെ കരങ്ങൾ ശക്തമായി പിടിച്ചു കുലുക്കി.........Mr.jung

ചിരിച്ചുകൊണ്ടു അയാൾ എന്നെ അടുത്ത ഒരു മുറിയിലേയ്ക്കു ക്ഷെണിച്ചു. വീൽചെയറിലുള്ള സ്വിച്ചുകൾ അമർത്തിയും ലിവർ തിരിച്ചും അയാൾ എനിക്കുമുന്നേ നീങ്ങി. ഉള്ളിൽ പ്രവേശിച്ചതും സെൻസർ ലാമ്പുകൾ തെളിഞ്ഞു. ആ മുറി ഒരു ഓഫീസുപോലെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടറുകളും പ്രോജക്ടറും സ്ക്രീനുമൊക്കെയായി...

വെബ്‌ ഡിസയിനിഗും, ഗ്രാഫിക്ക്‌ അഡ്വർടൈസിഗു ഒക്കെയായി അയാൾക്കു നല്ല ഒരു ബിസിനസ്സ്‌ ഉണ്ട്‌. സോളിൽ ഒരു വലിയ ഓഫീസും ഒത്തിരി സ്ടാഫും ഉണ്ട്‌. എല്ലാത്തിന്റെയും മേൽനോട്ടം അയാൾ ഒറ്റയ്ക്കുനടത്തുന്നു.

ആയാൾ മോളെയും അമ്മയെയും എന്നെ പരിചയപ്പെടുത്തി. ഞാൻ പായ്ക്കറ്റു തുറന്നു അതിലെ പാവ ആ കുട്ടിക്കു കൊടുത്തു. അവൾക്ക്‌ അതു ഇഷ്ടപ്പെട്ടു എന്നു ആ കുഞ്ഞിക്കണ്ണിലെ തിളക്കത്തിൽ നിന്നും ചിരിയിൽ നിന്നും മനസ്സിലായി.

അയാളുടെ ഓഫീസ്‌ അഞ്ചുമണീവരെ ഉണ്ടായിരുന്നു എങ്കിലും ഞാൻ മൂന്നുമണിക്ക്‌ എത്തും എന്നറിയ്ച്ചതിനാൽ നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി ഡേ കെയറിൽ നിന്നും മോളെയും കൂട്ടി എത്തിയതാണ്‌. ജീവിതത്തിന്റെ തിരക്കിൽ വൈകല്യങ്ങൾ മറന്ന് അയാളും അകപ്പെട്ടുപോയിരിക്കുന്നു.... ഈ മനുഷ്യൻ കുറെക്കാലം തകർന്നു തളർന്നു കിടപ്പായിരുന്നു എന്നു വിശ്വസിക്കാൻ പ്രയാസം...

കാലുകൾ ഇല്ല എന്ന പോരായ്മ യന്ത്രസഹായത്താൽ മറ്റാരെയും പിന്നിട്ട്‌ മുന്നേറുവാനുള്ള പ്ലെസ്‌ പോയിന്റാക്കി അയാൾ മാറ്റിയിരിക്കുന്നു. വിധിയെ പഴിച്ചു ചുരുണ്ടുകൂടിക്കിടന്നു ജീവിതം പാഴാക്കാതെ, ചാരകൂമ്പാരത്തിൽ നിന്നും ഉയർന്നു പൊങ്ങി പറക്കുന്ന ഫീനക്സ്‌ പക്ഷിയെപ്പോലെ അയാളും ഒരു പുതു ജന്മം വീണ്ടെടുത്തിരിക്കുന്നു...

ഏകദേശം ഒരുമണിക്കൂർ പലപല കാര്യങ്ങൾ പറഞ്ഞിരുന്നതിനുശേഷം ഞാൻ യാത്രപറഞ്ഞിറങ്ങി. പെൺകുട്ടി പാവയുടെ അതേരീതിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ്‌ ശരിക്കും മറ്റൊരു പാവപോലെ ആയി മ‍ാറിയിരുന്നു. അവൾ വൃദ്ധയുടെ കയ്പിടിച്ച്‌ വാതുക്കൽ വന്നു നിന്ന് എനിക്കു ടാറ്റാതന്നു...

" വേണ്ട " എന്നു പറഞ്ഞു വെങ്കിലും എന്നെ റെയിൽവെസ്റ്റേഷൻ വരെ അയാൾ കൊണ്ടുവന്നു വിട്ടു. വീൽചെയറിൽ സ്പീടിൽ നീങ്ങുന്ന അയാൾക്കൊപ്പമെത്താൻ, രണ്ടുകാലുകൾ മാത്രമുള്ള ഞാൻ നന്നേ പാടുപെട്ടു...