Sunday 10 August 2008

എന്റെ വല്ല്യം ......

എന്തേ ഇന്ന്, എന്റെ ഈ മുറിയുടെ വാതിൽ ശീലുകൾ വല്ലാതെ ഉലഞ്ഞാടുന്നത്‌?...
ആ വെളുവെളുത്ത ശീലുകൾ എന്നെ എത്തിപ്പിടിക്കാൻ ആയുന്നതു കണ്ടില്ലേ?....
വാത്സല്ല്യം പൂണ്ടു എന്നെ പുണരുവാൻ കരങ്ങൾ നീട്ടുകയാണോ... ആവോ...

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചർ ഞങ്ങൾ കുട്ടികളൊടായി ഒരു ചോദ്യം ഉന്നയിച്ചു.
നിങ്ങളുടെ മനസ്സിനെ എറ്റവും കൂടുതൽ ആകർഷിച്ച വ്യക്തി ആരാണ്‌?.
ഫാന്റം, മാൻഡ്രേയ്ക്ക്‌, കുട്ടികൾ പലപല ഉത്തരങ്ങൾ പറഞ്ഞു തുടങ്ങി. ടീച്ചറുടെ വിരൽ ചൂണ്ടൽ എന്റെ നേരെ ആയപ്പോൾ ഞാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു... എന്റെ വല്ല്യമ്മച്ചി...
ഒരു നിമിക്ഷം എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട്‌ ടീച്ചർ തിരക്കി, ആരാണവർ ?
ഏതൊ പ്രശസ്ത വനിത ആകാം എന്ന് അവരും ഒന്നു ശങ്കിച്ചിരിക്കാം.

എന്റെ മമ്മിയുടെ അമ്മച്ചി... ഞാൻ ഉറച്ചു പറഞ്ഞു.

ഞാൻ വല്ല്യം എന്നു വിളിക്കുന്ന, എന്റെ വല്ല്യമ്മച്ചിയുടെ പേരുപോലും അന്നെനിക്കു ശരിക്കറിയില്ലായിരുന്നു. ചില കുട്ടികൾ അന്നെന്റെ ഉത്തരം കേട്ടുചിരിച്ചു....
മദർ തെരെസാ മുതൽ ഐശ്വര്യാ റായി വരെയുള്ള മഹതികളേയും, മഹാത്മഗാന്ധി മുതൽ അബ്ദുൾ കലാം വരെ യുള്ള മഹാൻ മാരേയും, നെപ്പോളിയൻ, എബ്രഹാം ലിങ്കൻ തുടങ്ങി ഒട്ടനവധി ലോകനേതക്കളേയും ഇന്നെനിക്കറിയാം.....
എങ്കിലും ആരെങ്കിലും ആ പഴയ ചോദ്യം ഇന്നും ആവർത്തിച്ചാൽ,.......
എനിക്കടുത്തറിയാവുന്ന എന്നെ അടുത്തറിയാവുന്ന എന്റെ വല്ല്യംഎന്ന ആ ഉത്തരം മാറ്റിപ്പറയുവാൻ വാൻ എനിക്കാവതില്ല....

വെളുവെളുത്ത മുണ്ട്‌ അടുക്കിട്ടുടുത്ത്‌, വടിവൊത്ത വെൺ ചട്ടയും ഇട്ട്‌,തല നിറയെ ഇടതിങ്ങി നിൽക്കുന്ന വെള്ളി മുടികളുമായി അരുമയോടെ എന്നെ നോക്കി ചിരിക്കുന്ന എന്റെ വല്ല്യം....
ആ ചിരിയിൽ നീണ്ട കാതിലെ സ്വർണ്ണ കുണുക്കുകൾ തുള്ളിച്ചാടും....
പള്ളിപ്പെരുന്നാളിനു വാങ്ങിത്തരുന്ന ഉഴുന്നാടകൾ കാട്ടി ഇതാ വല്ല്യത്തിന്റ്‌ കുണുക്ക്‌ എന്നു പറഞ്ഞു ഞാൻ കളിയാക്കുമായിരുന്നു....

നല്ല പ്രായത്തിൽ വൈധവ്യം ഏറ്റുവാങ്ങേണ്ടി വന്നവളാണ്‌ എന്റെ വല്ല്യം...
ഏഴുവയസ്സിനു തഴെയായി ഓരൊ വയസ്സിനിളപ്പമുള്ള അഞ്ചിളം കുഞ്ഞുങ്ങളെ, അവരുടെ കയികളിൽ വിട്ടിട്ട്‌ വിടചൊല്ലി പോയതാണ്‌ എന്റെ വല്ല്യപ്പച്ചൻ....

ഒന്നോർത്തു നോക്കു........
എഴുപതോളം വർഷങ്ങൾക്ക്‌ മുമ്പ്‌, ആവശ്യത്തിനും അത്യാവശ്യത്തിനും യാതൊന്നും ലഭ്യമല്ലാതിരുന്ന ഒരു കുഗ്രാമത്തിൽ....
വൈദുതിയും വണ്ടിയും എത്തിയിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ.......
ദുഖങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി,
ചിരിച്ചും കരഞ്ഞും ചുറ്റിലും ഇഴഞ്ഞും കളിച്ചുരുണ്ടും നടക്കുന്ന പിഞ്ചിളം കുഞ്ഞുങ്ങളുമായി,
ആരോരും തുണയില്ലാതെ, ഒറ്റയ്ക്കൊരു യുവതി....

പിന്നീടുള്ള അവരുടെ ജീവിതം ഒരു പോരാട്ടമായിരുന്നു....
ആറേക്കറോളം വരുന്ന പുരയിടത്തിൽ പലതും നട്ടും, വളം ഇട്ടും വിയർപ്പൊഴിച്ചും അവ വളർത്തിയും, വിളവെടുത്ത്‌ വിറ്റും.... എത്ര മാത്രം ക്ലേശങ്ങൾ അവർ സഹിച്ചിരിക്കണം......

യാതൊന്നും കിട്ടാത്ത വറുതിയിൽ, ഇടനെഞ്ച്‌ കൊക്കിനാൽ കൊത്തിപിളർന്ന്, ആ ചുടു ചോര..., പശിയാൽ വാ പിളർന്നുകരയുന്ന സ്വന്തം കുഞ്ഞുങ്ങളുടെ തൊള്ളയിലേയ്ക്ക്‌ ഇറ്റിറ്റു വീഴ്ത്തുന്ന പെലിക്കൺ പക്ഷിയെപ്പോലെ....
അവരും എന്റെ അമ്മ ഉൾപ്പെടെയുള്ള അവരുടെ കുഞ്ഞുങ്ങളെ പറക്കമുറ്റിക്കാൻ, സ്വന്തം ചൂടും ചോരയും നൽകി പെടാപ്പാട്‌ പ്പെട്ടിരിക്കണം......

സൗകര്യങ്ങൾ ഏറെ വളർന്ന ഈ കാലഘട്ടത്തിലും, അതു പോലൊരു വെല്ലുവിളി, യാതൊരു പരാതിയും പറയാതെ ഏറ്റുവാങ്ങുവാനുള്ള ആ ചങ്കൂറ്റം..... ഇന്ന് ഏതെങ്കിലും യുവതിക്ക്‌ കണുമോ ?!!..

ഇതാ ഒന്നു കണ്ണടച്ചു തുറന്നാൽ എന്റെ വല്ല്യം എന്റെ അടുക്കൽ ഓടി എത്തുകയായി....

വാരാന്ത്യങ്ങളിൽ വാത്സല്ല്യത്തിന്റെ പലഹരപൊതികളുമായി എന്നെ കാണാൻ എത്തുന്ന എന്റെ വല്ല്യം......
അപ്പന്റേയും അമ്മയുടേയും ശാസനകളെ തടുത്ത്‌, വാരി എടുത്തെൻ കവിൾത്തടങ്ങളിൽ തെരുതെരെ ഉമ്മ തരുമായിരുന്ന എന്റെ വല്ല്യം......
സ്കൂളിലേയ്ക്കു പോകുമ്പോൾ ബസ്സിൽ കൂലിയായി കൊടുക്കുവാൻ,സൊരുക്കൂട്ടി വെച്ച നാണയ തുട്ടുകൾ കിഴികളാക്കി എന്റെ കയ്യിൽ വെച്ചുതരുമായിരുന്ന എന്റെ വല്ല്യം....
അതിരാവിലെ ഉണർന്ന്, ഇരുട്ടിനേയും തണുപ്പിനേയും വകഞ്ഞു മാറ്റി, പതിവായി പള്ളിയിൽ പോയി, ക്രൂശിതനായ കർത്താവിന്റെ മുമ്പാകെ മുട്ടിന്മേൽ നിന്ന്,മക്കളുടേയും കൊച്ചുമക്കളുടേയും പുണ്യത്തിനായി കരളുരുക്കി പ്രാർത്തിക്കുന്ന എന്റെ വല്ല്യം.......

പഠിച്ചുദ്ദ്യോഗംകിട്ടി ഞാൻ ദൂരേയ്ക്കു പോയപ്പോൾ, എന്നേയും കാത്തിരുന്ന് കാത്തിരുന്ന് ക്ഷമകെട്ടപ്പോൾ....
മണ്ണാവേണ്ടത്‌ മണ്ണിൽ തന്നെ വെടിഞ്ഞിട്ട്‌.....
വിണ്ണിന്റെ ഉയരങ്ങളിലൂടെ....
എന്നെയും തേടി....
ഇതാ ഇവിടെ എത്തിയിരിക്കുകയാണ്‌ എന്റെ വല്ല്യം.....

ദിനം തുടങ്ങേണ്ടതും, ഒടുങ്ങേണ്ടതും ഈശ്വരചിന്തയിലാവണം എന്ന് പറഞ്ഞ്‌ നീയല്ലേ എന്നേ പ്രാർത്ഥനകൾ ഉരുവിട്ടു പഠിപ്പിച്ചത്‌....
ഇതാ കണ്ണുകൾ പൂട്ടി ആ പാട്ട്‌ ഞാൻ പാടാൻ പോകുന്നു........

ഞാൻ ഉറങ്ങാൻ പോകും മുമ്പായി-
നാഥാ നിനക്കേകുന്നിതാ നന്ദി നന്നായി-

വല്ല്യം.... ഇനി നീ എന്റെ മൂർദ്ധാവിൽചുമ്പിച്ചെന്നെ ഉറക്കിയാലും.......

6 comments:

siva // ശിവ said...

ഹലോ പിന്‍,

താങ്കള്‍ പറഞ്ഞതു തന്നെയാണ് ഏറ്റവും ശരിയായിട്ടുള്ള കാര്യം....

അല്ലാതെ ചരിത്രം പറയുന്ന മഹാന്മാര്‍ക്ക് എങ്ങനെയാ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാ‍ന്‍ കഴിയുക....

നമ്മെ എറ്റവും സ്വാധീനിക്കേണ്ടത് നമുക്ക് പ്രിയപ്പെട്ട നമ്മുടെ സ്വന്തം ആയവര്‍ തന്നെയായിരിക്കണം....

PIN said...

Hi Siva,
Thank you for your comments.
As a new comer, I need your full support and more guidance.
Thank you…..

Typist | എഴുത്തുകാരി said...

വല്യമ്മച്ചി, കൊച്ചുമോനെ കാണാന്‍ വന്നതാവും.
അനുഗ്രഹിക്കാനും.

ചാണക്യന്‍ said...

നല്ല പോസ്റ്റ്,
അഭിനന്ദനങ്ങള്‍,
വീണ്ടും എഴുതുക...

Sarija NS said...

നന്നായിരിക്കുന്നു. ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച്ചകളെ മനസ്സിലാക്കാനും അത് കുറിച്ചിടാനും നിനക്കു കഴിയുന്നു. അഭിനന്ദനങ്ങള്‍. ശൈലിയും മാറിയിട്ടുണ്ട് :)

പിരിക്കുട്ടി said...

pin nte"vallyam"
enteyum vallyam ayathu pole ....
athente kannil neer thulli varuthy.....
"enikkum undayirunnenkil ingane oru vallyam "