Friday, 4 September 2009

കൊറിയയിൽ നിന്നും ഒരു ഇൻഡ്യാക്കാരൻ...

ചില വാരാന്ത്യങ്ങൾ അറുബോറണു. സമയം കൊല്ലാൻ ഒരു വഴിയും കാണത്തില്ല... പലതിനും ആവർത്തന വിരസത. നെറ്റിൽ, ചാറ്റു റൂമുകളിൽ എല്ലാം പ്രണയത്തിന്റെ ചാറ്റൽ മഴ. ടിവിയിൽ, ചനലുകൾ എല്ലാം മൈക്കിൾ ജാക്സന്റെ മരണം ആഘോഷിക്കുന്നു...

വല്ലാതെ മടുത്തപ്പോൾ റൂം പൂട്ടി വെളിയിൽ ഇറങ്ങി. ഗ്രവുണ്ട്‌ ഫ്ലോറിൽ എത്തിയപ്പൊൾ റിസെപ്ഷനിസ്റ്റ്‌ ചിരിച്ചുകൊണ്ട്‌ ഉപചാരം ചെയ്തു. എന്നാൽ അവരൊട്‌ അൽപം കത്തിവയ്ക്കാം എന്നു വെച്ചാൽ നമുക്കു വശമുള്ള ഭാഷയൊന്നും അവർക്കും, അവർക്കു വശമുള്ളതൊന്നും നമുക്കും വശമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ മൊബയിൽ ഫോണിലെ ഡിക്ഷണറിയിൽ ഇഗ്ലീഷ്‌ വാക്കുകൾ ടൈപ്പ്‌ ചെയ്തു, അതു കൊറിയയിലേയ്ക്കു ട്രാൻസിലേറ്റു ചെയ്തു, അത്‌ അവരെ കാണിച്ചുകൊണ്ടാണു ആശയവിനിമയം. ഒന്നിലധികം അർത്ഥമുള്ള വാക്കുകൾ ആണെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നതു അവർക്കു മനസ്സിൽ ആകണം എന്നുമില്ല...ഇങ്ങനെയുള്ള പങ്കപ്പാടുകൾ ഓർത്താൽ പരിചയക്കാരെ കണ്ടാലും വെറുതെ ഒന്നു ചിരിക്കുന്നതിനപ്പുറം സാഹസങ്ങൾ ഒന്നും കാട്ടാറില്ല...

വെറുതെ സമീപത്തുള്ള പാർക്കിനെ ലക്ഷ്യമാക്കിനടന്നു. പാർക്കിലും അതിലേയ്ക്കുള്ള വഴികളിലും എല്ലാം എന്തോക്കെയോ രൂപങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്‌. ഒന്നിനും പ്രത്യേകിച്ച്‌ ആകൃതിയോ പ്രകൃതിയോ ഒന്നും ഇല്ല. നമുക്ക്‌ മനസ്സിലാകാത്ത അധിനൂതന കലാസൃഷ്ഠികൾ വല്ലതും ആയ്‌ഇരിക്കണം. ഇവിടങ്ങളിലെ വഴിയോരങ്ങളിലെല്ലാം ഇതു സാധാരണ കാഴ്ചയാണ്‌. ഏതൊരാളിലും ഒരു കലാകാരൻ ഒളിച്ചിരിപ്പുണ്ടെന്നുള്ള മഹനീയ സന്ദേശമാണോ ഇതുകൊണ്ട്‌ അർത്ഥമാക്കുന്നതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു...

പാർക്കിലെ കല്ലുകൾ പാകിയ വഴികളിലൂടെ അങ്ങനെ നടക്കുമ്പോൾ, കൊറിയക്കാരുടെ ഇടയിൽ വ്യത്യസ്ഥനായ എന്നെ കണ്ടതിനാലാകണം ഒരാൾ എന്നെ സമീപിച്ചു സൗദിയിൽ നിന്നും ഉള്ള ഒരു അറബ്ബിയാണു കക്ഷി. AO എന്നു പേരു പറഞ്ഞു എന്നെ പരിചയപ്പെട്ടു. അറബ്ബി എന്നുവെച്ചാൽ വെള്ളകുപ്പായവും,തല്യിൽ തിരികവെച്ചു തുണിയിട്ട ഒരു രൂപമാണ്‌ എന്നു വിചാരിക്കരുത്‌. അടിപൊളി ടി ഷർട്ടും ജീൻസുമിട്ട ഒരു ചെത്തു യുവാവണൂ നമ്മുടെ അറബ്ബി.

പറഞ്ഞു വന്നപ്പോൾ ഞങ്ങൾ അയൽ വാസികളാണ്‌. ഞാൻ താമസിക്കുന്ന അമ്പതു നിലകളുള്ള അതേ ബിൽഡിഗിൽ 8ആം മത്തെ ഫ്ലോറിലാണു അയാളുടെ താമസം. ഞാൻ 27അം മത്തെ നിലയിലും. ഇവിടെ ഒരു കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി കുറച്ചു വർഷങ്ങളായി അയാൾ ജോലിചെയ്തുവരുന്നു... അത്യാവശ്യം കൊറിയനോക്കെ അയാൾ പയറ്റും. കുറച്ചു സമയം അതുവഴിയൊക്കെ ചുറ്റി നടന്നിട്ടു ഞങ്ങൾ മടങ്ങിപ്പോയി. വൈകുന്നേരം 7 മണിക്കു റിസപ്ഷനിൽ വീണ്ടും കാണാം എന്നു പറഞ്ഞു... ഇനി ഇവിടെ ഇയാൾ ആകട്ടെ എന്റെ മാർഗദർശ്ശിയെന്നു ഞാൻ തീരുമാനിച്ചു...


കിറുകൃത്യം 7 മണിയായപ്പോൾ ഞാൻ റിസപ്ഷനിൽ എത്തി അപ്പോൾ AOയും അവിടെ എത്തിച്ചേർന്നു. ഞങ്ങൾ റോഡിനടിയിലൂടെയുള്ള പാതയിലൂടെ നടന്നു ഒരു തെരുവിൽ എത്തിചേർന്നു. ബാറുകളും ഹോട്ടലുകളും എല്ലാം വർണ്ണദീപങ്ങൾ കൊണ്ട്‌ അലംങ്കരിച്ചിരിക്കുന്നു. അവയുടെ ഉള്ളിൽ നിന്നും സംഗിതം വെളിയിലേയ്ക്കും പരന്നൊഴുകുന്നു. കസ്റ്റമേഴ്സിനെ ആകർഷിക്കുന്നതിനായി ചില ഹോട്ടലുകൾ മുയലിന്റെയും ജിറാഫിന്റെയും, സ്പയിഡർ മാനിന്റെയും ഒക്കെ വേഷം കെട്ടിച്ച്‌ ചില ആളുകളെ നിർത്തിയിരിക്കുന്നു. അവർ കയ്യിൽ മെനുവുമായി ആളുകളെ ക്യാൻവാസുചെയ്യുന്നു....

നമ്മുടെ അറബ്ബി ആതിരക്കിനിടയിലൂടെയെല്ലാം ഊളിയിട്ട്‌ നടന്ന് എന്നെ ആ തെരുവിന്റെ ഏകദേശം മധ്യത്തിലുള്ള ഒരു ബിൽഡിഗിന്റെ അണ്ടർ ഗ്രവുണ്ടിലേയ്ക്കുതുറക്കുന്ന പടവുകളിൽ എത്തിച്ചു. പടവുകൾ ഇറങ്ങിച്ചെന്നപ്പോൾ അവിടെ ചില ഹോട്ടലുകളും ബാറുകളും ഉണ്ടായിരുന്നു. വെളുത്ത ബോർഡിൽ കറുത്ത അക്ഷരത്തിൽ ഒരു പ്രത്യേക രീതിയിൽ ഇഗ്ലീഷിൽ "സ്ലാഗ്‌" എന്നെഴുതിയ ഒരു ബാറിന്റെ വാതിൽ തള്ളി തുറന്ന് എന്നെ ഉള്ളിലേയ്ക്കു ക്ഷെണിച്ചു.

മങ്ങിയവെളിച്ചത്തിലൂടെ നടക്കുമ്പോൾ ആദ്യം ഒരു തടിച്ചുകൊഴുത്ത കൊറിയൻ യുവാവും, പിന്നീട്‌ അംഗലാവണ്യമുള്ള ഒരു യുവതിയും വന്ന് ഞങ്ങളെ അവിടെ ഒരുക്കി ഇട്ടിരുന്ന മേശയിലേയ്ക്കു ക്ഷെണിച്ചു.ഞങ്ങൾ അവിടെ ഇരുന്നാപ്പോൾ ആ യുവതി ഒരു ട്രേയിൽ ഡ്രയിഫ്രൂഡ്സുകളുമായി ഞങ്ങളുടെ അടുത്തെത്തി. അവർ വലിയ കുഴപ്പമില്ലാതെ ഇഗ്ലീഷിൽ സംസാരിച്ചു തുടങ്ങി.AO എന്നെ അവർക്കു പരിചയപ്പെടൂത്തി. ഇൻഡ്യക്കാരൻ ആണെന്നറിഞ്ഞപ്പോൾ അവർക്ക്‌ അതിയായ സന്തോഷം.

ആ യുവതിയും ആദ്യം കണ്ട യുവാവും സഹോദരങ്ങൾ ആണെന്നും അവരാണു ആ ബാറിന്റെ ഉടമസ്ഥരെന്നും AO എന്നോടു പറഞ്ഞു. യുവാവിനു ഇഗ്ലിഷ്‌ അറിയില്ല അതിനാൽ അയാൾ ഞങ്ങളെ സമീപിച്ചില്ല. രാത്രി 9 മണിവരെ ഇവിടെ Happy Hours ആണ്‌ തിരക്കില്ല. അതിനാൽ 20% വിലയിൽക്കുറവുണ്ട്‌. ഞാൻ ആദ്യമായി ഇവിടെ എത്തുന്നതെന്നതിനാലും ഒരു ഇൻഡ്യക്കാരൻ ആയതിനാലും ആ യുവതി എനിക്കായി അനേകം ഭക്ഷ്യ വസ്തുക്കൾ ഫ്രീയായും ഒന്നിനു രണ്ടെന്നതോതിൽ ബിയറുകളും തന്നു. നാട്ടിൽ ചവറുവിലയുള്ള ഇൻഡ്യക്കാർക്ക്‌ കൊറിയയിൽ ഇത്ര ഡിമാന്റോ എന്നത്‌ എന്ന് വല്ലാതെ അൽഭുതപ്പെടുത്തി. ഞങ്ങൾക്കായി DJ പ്രത്യേക മ്യൂസിക്കുകൾ അവതരിപ്പിച്ചു. പിറ്റേന്നു ഞായറഴ്ചയും അവധി ആയതിനാൽ രാത്രി അവിടെ തന്നെ ചിലവഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ഏകദേശം 9 മണി ആകാറായപ്പോൾ കൂട്ടമായി യുവതിയുവാക്കൾ എത്തിത്തുടങ്ങി. അതിൽ ചില ഇഗ്ലീഷുകാരും ഉണ്ടായിരുന്നത്‌ എന്നെ അത്ഭുതപ്പെടുത്തി. ചിലർ അത്ഭുതത്തോടെ എന്നെയും നോക്കി. Smith എന്ന ഒരു ഇഗ്ലിഷുകാരെൻ വന്നെന്നെ പരിചയപ്പെട്ടു. അയാൾ ഒരിക്കൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്‌. കൂടാതെ അയാൾക്കു ലണ്ടനിൽ ഒരു പഞ്ചാബി ഗേൾഫ്രെൻഡും ഉണ്ടായിരുന്നു. ഇൻഡ്യക്കാരുടെ കുടുംബത്തിന്റെ കെട്ടുറപ്പു മനസ്സിലാക്കിയിരുന്ന അയാൾ ആ പഞ്ചാബി പെണ്ണിനെ കല്യാണം കഴിക്കാൻ അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇഗ്ലിഷുകാരുടെ കുടുംബത്തിന്റെ കെട്ടുറപ്പു നന്നായി അറിവുണ്ടായിരുന്ന അവളുടെ അപ്പൻ സർദാർജി അതിനൊട്ടും സമ്മതിച്ചില്ല. Smith കൊറിയയിൽ ഒരു ടൂറിസ്റ്റായി എത്തിയതായിരുന്നു. ഇഗ്ലീഷ്‌ വിദ്യാഭാസത്തിന്‌ ഇവിടുള്ള വമ്പിച്ച സ്കോപ്പു മനസ്സിലാക്കിയപ്പോൾ ഒരുസ്കൂളിൽ ട്യൂട്ടറായി ചേർന്നു. ഒന്നോരണ്ടോ മണിക്കൂറെ ദിവസം ക്ലാസ്സുള്ളു. ബാക്കിസമയം മുഴുവൻ ഇതൊക്കെതന്നെ പരിപാടി. ഇവിടെക്കാണുന്ന ഒട്ടുമിക്ക ഇഗ്ലിഷുകാരും ഇതുപോലെ ഉള്ളവരാണെന്നു അയാളിൽ നിന്നും അറിയാൻ കഴിഞ്ഞു.

അടുത്തതായി പരിചയപ്പെട്ടത്‌ Fisher എന്ന ഒരു ഇഗ്ലിഷുകാരനെയാണ്‌. അയാളും ഇഗ്ലീഷ്‌ ട്യൂട്ടറായി ജോലിചെയ്യുന്നു. ഇഗ്ലണ്ടിൽ വല്ല മീൻപിടുത്തക്കാരനോ മീൻവില്‌പനക്കാരനോ ആയിരിക്കാം ഒരു പക്ഷേ അയാൾ. ABCD എന്നു കൂട്ടി വായിക്കാൻ അറിയുന്നവർക്കെല്ലാം ഇവിടെ ഒത്തിരി സ്കോപ്പുണ്ടെന്നാതോന്നുന്നത്‌. മ്യൂസിക്കിന്റെ താളത്തിനൊപ്പിച്ച്‌ ആ മാതൃകാ അദ്ധ്യാപകരെല്ലാം കൊറിയൻ യുവതികളോടൊപ്പം ചുവടുവെച്ചുതുടങ്ങി. അവരുടെ ക്ഷെണം സ്വീകരിച്ച്‌ ഞങ്ങളും ചിലപ്പോഴൊക്കെ അവർക്കൊപ്പം ചേർന്നു...

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടമായി വന്നവരെല്ലാം അങ്ങനെ തന്നെ തിരിച്ചുപോയി. ബാറിൽ ഞങ്ങൾ വളരെകുറച്ചുപേർ മാത്രമായി. ഉടമസ്ഥയായ യുവതി മൂന്നു ബിയറുമായി ഞങ്ങളുടെ സമ‍ീപം വന്നിരുന്നു. ഇൻഡ്യയെക്കുറിച്ച്‌ അവർക്കറിവുള്ളതെല്ലാം എന്നോടു പറഞ്ഞു. ഇൻഡ്യ സന്ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

ഹിന്ദിസിനിമകൾ അവർ കണ്ടിട്ടുണ്ട്‌. ഇൻഡ്യൻ സ്ത്രികൾ എല്ലാം വളരെ സുന്ദരികൾ ആണെന്നും വളരെ മനോഹരമായി ആഭരണവും വസ്ത്രവും ധരിക്കുന്നവരാരെന്നുമാണ്‌ അവരുടെ നിഗമനം. അങ്ങനെയല്ല കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ചു തിന്ന് എക്സർസെയ്സ്‌ ഒന്നും ചെയ്യാതെ ചക്കക്കുരു പരുവത്തിൽ നരികൾ പോലായ നാരികളാണു ഇൻഡ്യയിൽ അധികമെന്ന് ഞാൻ തിരുത്തി പറഞ്ഞതുമില്ല. ഇൻഡ്യൻ സംഗീതത്തിന്റേയും ഡാൻസിന്റേയും ആരാധികയാണ്‌ അവരെന്ന് എന്നോടുപറഞ്ഞു... അങ്ങനെ യൊക്കെ പറഞ്ഞുപറഞ്ഞു അവർ എന്റെ ഓട്ടോഗ്രാഫും ഫോൺനമ്പരും ഒക്കെവാങ്ങി. താമസ്സിയാതെ ഒരു ഇൻഡ്യൻ സിഡി അവൾ തരപ്പെടുത്തി കൊണ്ടുവരുമെന്നും അതിലെ പാട്ടുകൾക്കൊപ്പം എന്നോടൊപ്പം നൃത്തം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും എന്നെ അറിയിച്ചു. ഇൻഡ്യൻ യുവാക്കളെല്ലാം ഹൃദിക്ക്‌ രോഷനെ പോലെ ഡാൻസ്‌ ചെയ്യുന്നവരാണെന്ന് ഇവർ കരുതിയിട്ടുണ്ടാകും. മാതൃരാജ്യത്തിന്റെ യശ്ശസ്സുയർത്തി പിടിക്കേണ്ടത്‌ എന്റെ കടമ ആയതിനാൽ ഞാനതെല്ലം സമ്മതിച്ചു.

പിന്നിടുള്ള ചർച്ചയിൽ അവർ അടൂത്തയിട കണ്ട സ്ലം ഡോഗ്‌ മില്യനർ എന്ന സിനിമയെക്കുറിച്ചും പരാമർശിച്ചു.അതിൽ കാണിക്കുന്ന ചേരികളെക്കുറിച്ചും കുട്ടികളുടെ ദാരിദ്ര്യത്തെക്കുറിച്ചും അവർ അത്ഭുതപ്പെട്ടൂ. ടോംസ്വയർ, ഹക്കിൾബെറി തുടങ്ങിയ പല ഇഗ്ലിഷ്‌ കുട്ടി കഥാ പാത്രങ്ങൾ ഇതിലും ദരിദ്രയമായ അവസ്ഥയിൽ ജീവിച്ചിരുന്നതായി കഥകളിൽ വിവരിക്കുന്നുണ്ടെന്നും, സിനിമയെ വെറും സിനിമയായി കാണണമെന്നും, അതിലെ ദാരിദ്ര്യവും എന്തിനേറെ ബോംബയിലെ ചേരികൾ പോലും കഥകാരന്റെ ഭാവനയിൽ ഉടലെടുത്തവയാണെന്നും, അതിനാലണു മികച്ച സിനിമയെന്ന നിലയിൽ അതിന്‌ ഓസ്ക്കാർ കിട്ടിയതെന്നു വരെ ഞാൻ പറഞ്ഞു വെച്ചു.

ഇൻഡ്യയുടെ ഇക്കോണമി വാണം വിട്ടതുപോലെ മുകളിലേയ്ക്കുയരുകയാണെന്നും, ചന്ദ്രയാനം കഴിഞ്ഞ്‌, ഇൻഡ്യയിപ്പോൾ ചൊവ്വയിൽ കോളണികൾ സൃഷ്ഠിക്കാനുള്ള ശ്രമത്തിലാണെന്നും ഞാൻ അവരോടു പറഞ്ഞു. AO ഇതെല്ലാം കേട്ട്‌ വാപൊളിച്ചിരിപ്പുണ്ടായിരുന്നു. ഒരു ഇൻഡ്യക്കാരെന്റെ സുഹൃത്തെന്ന നിലയിൽ അയാൾ രോമാഞ്ചം കൊള്ളുന്നത്‌ എനിക്ക്‌ അറിയാൻ കഴിഞ്ഞു.....

ഇങ്ങനെ അന്യനാടുകളിൽ ഇൻഡ്യയുടെ ബ്രാൻഡ്‌ അംബാസിഡറായി വിഹരിക്കുന്ന എനിക്ക്‌, കുറഞ്ഞപക്ഷം കപിൽ ദേവിനും മോഹൻലാലിനും കൊടുത്തതുപോലെ ഒരു കേണൽ പദവി എങ്കിലും ഇൻഡ്യാഗവൺമെന്റിനു തന്നുകൂടെ???...