Thursday, 22 October 2009

ഓർമ്മയിൽ ഒരു ശിവരാത്രി

ഇന്നു ദീപാവലി... ദീപങ്ങളുടെ ആവലി...
നിര നിരയായി കത്തിനിൽക്കുന്ന ആ ദീപനാളങ്ങൾ എന്നിലെ ഓർമ്മകളെ പിടിച്ചു വലിക്കുന്നത്‌ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്ന ഒരു ശിവരാത്രി നാളിലേയ്ക്കാണ്‌...

അന്നു ഞാൻ പാനിപ്പറ്റിലായിരുന്നു. ശനിയും ഞായറും, തുടർന്നുവന്ന ശിവരാത്രിയുമായി എനിക്കു മൂന്നുനാലു ദിവസം അവധി കിട്ടി. ഞാനും സഹപ്രവർത്തകനായ KJയും ചേർന്ന് ഹരിദ്വാറിലേയ്ക്ക്‌ ഒരു യാത്ര പ്ലാൻ ചെയ്തു...

ആ സമയത്തു ഞാൻ കർണ്ണാലിൽ ഒരു വാടക വീട്ടിലാണു താമസ്സിച്ചിരുന്നതു. ഞാൻ ഹരിദ്വാറിനു പോകുന്നു എന്നു പറഞ്ഞപ്പോൾ വീട്ടുടമസ്ഥൻ ഒരു ചെറിയ കന്നാസു തന്നിട്ടു, അതിൽ ഗംഗജലം ശേഖരിച്ചു കൊണ്ടുവരാമോ എന്നു ചോദിച്ചു.... ശിവരാത്രിനാളിലും മറ്റും ഗംഗാജലം ശിവലിഗത്തിൽ ധാര ചെയ്യാൻ ഉപയോഗിക്കാറുണ്ട്‌.

ഭഗവാൻ ശിരസ്സിൽ നിന്നും ഒഴുക്കിക്കളയുന്ന ഗംഗജലം, വീണ്ടും അദ്ദേഹത്തിന്റെ മേൽ ചൊരിഞ്ഞാൽ ശിവപ്രീതിക്കുപകരം ശിവകോപമാണുണ്ടാവുക എന്നു ഞാൻ അയാളോടുപറഞ്ഞു... ഒരു നിമിഷം അയാൾക്കും ഒരു ചെറിയ സംശയം ഉണ്ടായി... സാരമില്ല ഞാൻ ഗംഗാജലം കൊണ്ടുവരാം എന്നു പറഞ്ഞപ്പോൾ അയാൾക്ക്‌ സമാധാനമായി.

ഞാനും KJയും, KJയുടെ ഭാര്യയും അവരുടെ നാലുവയസ്സുള്ള "നേഹ" എന്ന പെൺകുട്ടിയുമുണ്ട്‌. ഒരു ടൊയോട്ട ക്വാളിസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. ഡ്രൈവർ ഞങ്ങളുടെ കമ്പനിയുടെ ഡ്രൈവർതന്നെ ആയിരുന്നതിനാലും, എല്ലാവരും പരിചയമുള്ളവർ ആയതിനാലും വളരെ നല്ല ഒരു യാത്ര ആയിരുന്നു അത്‌.

KJയും കുടുംബവും ബംഗാളിൽ നിന്നുള്ള മുസ്ലീമുകൾ ആണ്‌. ശിവരാത്രി നാളിൽ അവരുടെ ഹരിദ്വാറിലേയ്ക്കുള്ള തീർത്ഥയാത്ര സ്വാഭാവികമായും "മൂൽ സിംഗ്‌" എന്ന ഡ്രൈവറിൽ ജിജ്ഞാസ ഉണ്ടാക്കി. അയാൾ അത്‌ എന്നോട്‌ രഹസ്യമായി തിരക്കുകയും ചെയ്തു.

KJയുടെ മാതാപിതക്കളുടേത്‌ ഒരു മിശ്രവിവാഹമായിരുന്നു. അയാളുടെ പിതാവ്‌ മുസ്ലീമും, അമ്മ ഹിന്ദുവുമായിരുന്നു. ആ സ്ത്രീ മരണം വരെ മതപരിവർത്തനവും, പേരുമാറ്റവും ചെയ്തിരുന്നില്ല. എങ്കിലും അവരുടെ മകൻ സമൂഹത്തിന്റെ മുമ്പിൽ മുസ്ലീമായി മാറുക ആയിരുന്നു. ഏതെങ്കിലും ഒരു മതത്തിന്റെ പിൻബലമില്ലാതെ മനുഷ്യർക്ക്‌ ഇന്ത്യയിൽ നില നിൽപില്ലല്ലോ...

വർഷങ്ങൾക്കുമുൻപ്‌ KJയുടെ അമ്മ ഏതൊരോഗത്താൽ മരണമടഞ്ഞു. ഹൈന്ദവ വിധിപ്രകാരമുള്ള ശേഷക്രിയകൾ ചെയ്യുവാൻ സമൂഹം അവരുടെ മുസ്ലീമായ ഏകമകനെ അനുവദിച്ചില്ല. അതിനാൽ ആ കർമ്മങ്ങൾ എല്ലാം സ്വപുത്രനായ KJയ്ക്കു പകരമായി ചെയ്തതു അയാളുടെ ഒരു ഹിന്ദു സുഹൃത്തായിരുന്നു.

KJയ്ക്ക്‌ ഇസ്ലാം മതത്തോടും ഹിന്ദു മതത്തോടും തുല്യമനോഭാവണ്‌ ഉള്ളതെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളതു. പരിചിതർ ഇല്ലാത്ത ഹൈന്ദവ പുണ്യസ്ഥലങ്ങളിൽ അമ്മയ്ക്കായി പൂജാകർമ്മങ്ങൾ ചെയ്യാൻ അയാൾ പോകാറുണ്ട്‌.

സിക്കുകാരനായ ഡ്രൈവറെയും, ക്രിസ്ത്യാനിയ‍ായ എന്നെയും, കൂടെകൂട്ടിയത്‌, ഈ യാത്രയ്ക്ക്‌ ഒരു പിക്നിക്കിന്റെ സ്വഭാവം നൽകുന്നതിനും, യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നും ഉള്ള ആയാളുടെ ഭാര്യയ്ക്ക്‌ ഇതിൽ അസ്വഭാവികത ഒന്നും തോന്നാതിരിക്കുന്നതിനും കൂടി ആയിരുന്നു...

ഉത്തരപ്രദേശ്‌, ഉത്തരാഞ്ചൽ സംസ്ഥാനങ്ങളിലൂടെ, ഇരുവശത്തും ഇടതൂർന്ന മരങ്ങളുള്ള നീണ്ട പാതയിലൂടെ ഞങ്ങൾ യാത്രചെയ്തു. വഴിയിൽ പലയിടത്തും കരിമ്പിൻ തണ്ടു നിറച്ച ടാക്ടറുകൾ പോകുന്നുണ്ടായിരുന്നു. റൂർക്കീയും, ജ്വാലപൂരും പിന്നിട്ട്‌ അതിരാവിലെ ഞങ്ങൾ ഹരിദ്വാരിലെത്തിചേർന്നു...

ഗംഗാതീരത്തായി നിലകൊള്ളുന്ന, ഭീമമായ പൂർണ്ണകായക ശിവരൂപം ദൂരത്തുനിന്നു തന്നെ ദൃശ്യമായിരുന്നു. ഞങ്ങൾ സമീപത്തുള്ള ഒരു ഹോട്ടലിൽ റൂമെടുത്തു. ബാക്കിയുള്ളവർ എല്ലാവരും വിശ്രമിച്ചു തുടങ്ങിയപ്പോൾ ഞാൻ എന്റെ റൂമിൽ നിന്നും പുറത്തിറങ്ങി, പരിസരം ഒക്കെ ഒന്നു നടന്നു കാണാൻ തീരുമാനിച്ചു.

ശിവരാത്രി നാളുകൾ ആയതിനാൽ എല്ലായിടവും നല്ലതിരക്കായിരുന്നു. ഞാൻ സമീപത്തുള്ള ഒരു കടയിൽ നിന്നും ഒരു കാവി കുർത്ത വാങ്ങി ധരിച്ചു. ഇട്ടിരുന്ന ടിഷർട്ട്‌ ഊരി ഒരു കൂടിൽ പൊതിഞ്ഞെടുത്തു. ഓം നമഃ ശിവായ എന്ന് ഹിന്ദിയിൽ ആലേഖനം ചെയ്ത ഒരു ഷാൾ വാങ്ങി കഴുത്തിൽ ചുറ്റി. രുദ്രാക്ഷത്തിന്റെ രണ്ടു മാലകൾ വാങ്ങി ഇരുകയ്കളിലും അണിഞ്ഞു. അപ്പോഴാണു സമീപത്തുള്ള ഒരു ആലിന്റെ ചുവട്ടിൽ, തലമുഴുവൻ ജഡപിടിച്ച മുടിയുമായി ഒരു സന്യാസിയിരിക്കുന്നതു കണുന്നതു. അയാൾ ദേഹം മുഴുവൻ ഭസ്മം വാരിപൂശിയിട്ടുണ്ട്‌. ആയാളുടെ ചുണ്ടിൽ ചുരുട്ടുപോലെ എന്തൊ കത്തി എരിയുന്നു... അയാൾ ഊതിവിടുന്ന പുക ആ പരിസരമാകെ നിറഞ്ഞു നിൽക്കുന്നു. അയാളുടെ വശങ്ങളിലായി രണ്ടു പത്രങ്ങൾ വെച്ചിട്ടുണ്ടു. ഒന്നിൽ നാണയങ്ങളും നോട്ടുകളും, മറ്റേതിൽ ഭസ്മവും. അതുവഴി കടന്നുപോകുന്ന ആളുകൾ പാത്രത്തിൽ പയിസ ഇടുമ്പോൾ, സന്യാസി അവരെ കരങ്ങൾ ഉയർത്തി അനുഗ്രഹിക്കൂം. എന്നിട്ട്‌ ഒരു പിടി ഭസ്മം വാരിനൽകും. ഞാനും ഒരു രൂപ നണയം ഇട്ടു. കിട്ടിയ ഭസ്മം വാരി നെറ്റിയിലാകെ പൂശി. അദ്വൈദം ആദർശമാക്കിയ ആദിശങ്കരന്റെ നാട്ടിൽ നിന്നും, അതേ പാതയിലൂടെ ഇതാ ഒരു പിൻഗാമി...ഒരു പാവം ചങ്കരൻ..

ഞാൻ തിരിച്ചു ഹോട്ടലിൽ ചെന്നപ്പോൾ എല്ലാവരും തയ്യാറായി, എന്നെയും തിരക്കി നിൽക്കുകയായിരുന്നു. കാക്ഷായ വേഷധാരിയായി, രുദ്രാക്ഷവും അണിഞ്ഞ്‌, ഭസ്മവും പൂശി അവരുടെ മുന്നിൽ ഞാൻ പൊടുന്നനെ പ്രത്യക്ഷ പ്പെട്ടു. എന്റെ പുതിയ അവതാരം കണ്ട്‌ KJയുടെ ഭാര്യ മോഹാത്സ്യപ്പെട്ടുവീണില്ല എന്നെയുള്ളു... അവരുടെ കുട്ടിക്കാകട്ടെ എന്നെ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി.. ആ കൊച്ച്‌ എന്റെ ചുറ്റിനും നടന്ന് നോക്കി... അതു ഞാൻ തന്നെ ആണു എന്ന് ഉറപ്പു വരുത്തി... പിന്നെ ആ കുട്ടി എന്റെ കയില്ല് പിടിച്ച്‌ നടപ്പ്‌ എന്നോടൊപ്പമായി.

സമീപം തന്നെ ചോട്ടുവാലയുടെ റെസ്റ്റോറന്റുണ്ടായിരുന്നു. അവിടെ നമ്മുടെ ദോശയും മറ്റും കിട്ടും. ഞങ്ങൾ അതിൽ പ്രവേശിച്ചപ്പോൾ നമ്മുടെ നാട്ടിലെ പോറ്റിഹോട്ടലുകളിലും മറ്റും മേശമേൽ വയ്ക്കുന്ന, കുടവയറും കുടുമയും, നെറ്റിയിൽ നെടുകെ കുറിയും ഒക്കെയുള്ള , ഒരു ഉരുണ്ട മനുഷ്യൻ വാതുക്കൽ ചിരിച്ചു കൊണ്ടു നിൽക്കുന്നുണ്ട്‌. അതു പോലെയുള്ള ആളുകളെ ഒരു ട്രേഡുമാർക്കായി ചോട്ടുവാലായുടെ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും അവർ പ്രദർശിപ്പിക്കാറുണ്ട്‌. പെൺകുട്ടിക്ക്‌ ആ രൂപം നന്നെ ഇഷ്ടപ്പെട്ടു. അയാൾ കയ്യി നീട്ടി കൂട്ടിയെ എടുത്തു.. അംമ്പരപ്പോടെ എങ്കിലും കുട്ടി അയാളുടെ കയ്യിൽ കയറിയിരിപ്പായി. KJ ഒന്നുരണ്ട്‌ ഫോട്ടൊ എടുത്തു. പിന്നീടു ഞങ്ങൾ അകത്തുകയറി ദോശയും ചമന്തിയും ഒക്കെ കഴിച്ചു. ഗംഗയുടെ തീരത്തായതിനാൽ ചായയും കാപ്പിയും ഒക്കെ പുണ്യ ജലത്താൽ ഉണ്ടാക്കിയതായിരിക്കണം. ഭക്ഷണശേഷം വായും മുഖവും എല്ലാം കഴുകി ഞങ്ങൾ ആകെ പുണ്യ പൂർണ്ണരായി അവിടെനിന്നും ഇറങ്ങി...

ഹിമവാന്റെ ഉള്ളം അലിഞ്ഞിറങ്ങി, ഒലിച്ചൊഴുകി വരുന്ന ഈ ഗംഗാ
ജലത്തിനിപ്പോൾ ഐസിനെക്കാൾ തണുപ്പാണ്‌. ഇപ്പോൾ മുങ്ങിക്കുളിച്ചാൽ ഉടലോടെ സ്വർഗ്ഗം പൂകിയെന്നിരിക്കും... അതിനാൽ ആ പുണ്യം തൽക്കാലം വേണ്ട എന്നു തീരുമാനിച്ചു. വയ്കുന്നേരം ആറുമണിക്ക്‌ ആരതിയുണ്ട്‌. അതിനുമുൻപ്‌ എപ്പോഴെങ്കിലും മുങ്ങിക്കുളിക്കാം എന്നു വിചാരിച്ചു. ഇവിടെ വരെ വന്നിട്ട്‌ ഇനി ആ ഒരു കുറവുകൊണ്ട്‌ പാപനാശവും സ്വർഗ്ഗപ്രാപ്തിയും നഷ്ടമാകരുതല്ലോ...

പെട്ടെന്നു ചെറുതായി നൂൽമഴ പെയ്തുതുടങ്ങി. KJഉം കുടുംബവും കുട്ടിയുമായി, ഒരു കടത്തിണ്ണയിൽ കയറിനിന്നു. നനയാൻ ഉള്ള മഴയില്ല. അപ്പോൾ അതുവഴി കുറെപ്പേർ കൂട്ടമായി വന്നു. ഒന്നു രണ്ടു സന്യാസിമാർ ത്രിശൂലവുമായി മുന്നിൽ നടക്കുന്നു. അവർക്കു പിന്നിലായി കുറച്ചുപേർ ചെണ്ടകൊട്ടികൊണ്ടു നടക്കുന്നു. അതിനു പിന്നിലുള്ളവർ "ബം, ബം".."ബം, ബം" എന്നു ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു തുള്ളിതുള്ളി നടക്കുന്നു. കൈലാസനാഥന്റേയും, ഭൂതഗണങ്ങളുടേയും ഘോഷയാത്രയുടെ അനുകരണമായിരുന്നു അത്‌. ഞാനും ഒരു ഭൂതമായി അവരുടെ കൂടെ കുറച്ചു സമയം ആടിയും പാടിയും കറങ്ങിനടന്നു. അപ്പോഴേയ്ക്കും മഴമാറിയിരുന്നു.

ഹരിദ്വാറിൽ നിന്നും അൽപം അകലെയായി മലമുകളിൽ മാനസദേവിയുടെ ക്ഷേത്രമുണ്ട്‌. ഞങ്ങൾ വണ്ടിയിൽ അങ്ങോട്ട്‌ യാത്രതിരിച്ചു. മലയുടെ താഴത്തെത്തിയപ്പോൾ വണ്ടി അവിടെ പാർക്കുചെയ്തു. മലമുകളിലേയ്ക്ക്‌ റോപ്പുവേയ്‌ ഉണ്ട്‌. ഞങ്ങൾ നടന്നു മലകയറാൻ തീരുമാനിച്ചു.

ക്ഷേത്രത്തോടടുത്തപ്പോൾ നീണ്ട ക്യൂ ഉണ്ടായിരുന്നു. ഞങ്ങളും അതിൽ കയറിനിന്നു. മൂന്നു മുഖവും, അഞ്ചു കയ്കളും ഉള്ള ദേവിയെ ദർശനം ചെയ്തു. ആ ക്ഷേത്രത്തിൽ നിന്നും ഒരു ചെപ്പിൽ കുറച്ചു കുങ്കുമം പ്രസാദമായി കിട്ടി. ആ കുങ്കുമം അണിയുന്ന സ്ത്രീകൾ ദീർഘ സുമംഗലികളാകും അത്രെ.

ആ മലമുകളിൽ നിന്നും നോക്കിയാൽ ഹരിദ്വാറും പരിസരപ്രദേശങ്ങളും വളരെ നന്നായി കാണാം. ദൈവ കവാടം എന്നർത്ഥം വരുന്ന ഹരിദ്വാർ ഭക്ത സാഗരമായി അലയടിക്കുന്ന ആ കാഴ്ച മനോഹരമാണ്‌.

മലയിറങ്ങി, അടുത്തുള്ള കടകമ്പോളങ്ങളിൽ എല്ലാം കയറിയിറങ്ങി വയികുന്നേരത്തോടെ ഞങ്ങൾ ഹരിദ്വാറിൽ മടങ്ങിയെത്തി. ഇരുട്ട്‌ ചെറുതായി പരന്നു തുടങ്ങുന്നു. ആരതിക്കുള്ള സമയ ആകുന്നതിനാൽ ഗംഗയുടെ തീരങ്ങളിൽ നല്ല തിരക്കായിരുന്നു. തീരത്തുള്ള പന്തലിൽ നിന്നും പൂജാരികൾ ഇടതടവില്ലാതെ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നു. മൈക്കിലൂടെ അതെ അന്തരീക്ഷത്തിലാകെ പ്രകമ്പനം കൊള്ളുന്നു. ആളുകൾ എല്ലാം, താലത്തിൽ പുഷ്പങ്ങളും, മൺവിളക്കിൽ എണ്ണയൊഴിച്ച്‌ തിരികൊളുത്തിയ ദീപങ്ങളുമായി, ഭക്തിയിൽ ലയിച്ചുനിൽക്കുന്നു. KJയും ഭാര്യയും ഒ‍ാരൊതാലങ്ങൾ ഒരുക്കി കയ്യിൽ പിടിച്ചിട്ടുണ്ട്‌. പടവുകൾ ഇറങ്ങിവേണം അതു നദിയിൽ ഒഴുക്കാൻ. അവരുടെ കുട്ടിയെ എന്റെ പക്കലാക്കി അവർ നദിയുടെ കൽ പടവുകളിലായി പോയി നിലകൊണ്ടു. ഞാൻ ആ കുട്ടിയുമായി അല്‌പം പിന്നിലേയ്ക്കു മാറിനിന്നു. ഞങ്ങൾ കടകളിൽ നിന്നും വാങ്ങിയ പലസാധനങ്ങളും പലപലകൂടുകളിലായി എന്റെ കയ്യിലുണ്ട്‌.

കുട്ടിയുടെ കയ്യിൽ ഒരു ചെറിയപാവ ഉണ്ട്‌. പക്ഷേ അവൾക്ക്‌ അതിൽ ഒട്ടും താൽപര്യമില്ല. ഏന്റെ കയ്യിൽ ഉള്ള ഓരോ പൊതിയിലും എന്താണുള്ളതെന്ന് അവൾക്ക്‌ അറിയണം. എന്റെ കയ്യിൽ നിന്നും ഓരോ പൊതികൾ വാങ്ങി അവൾ നോക്കുകയാണ്‌, എന്നിട്ട്‌, അത്‌ എന്തിനാണ്‌? എന്താണ്‌? എന്നൊക്കെ എന്നോടു ചോദിക്കും.

എന്റെ കയ്യിലിരുന്ന മാനസദേവിയുടെ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ കുങ്കുമച്ചെപ്പുകണ്ടപ്പോൾ അവൾക്ക്‌ വല്ലാത്ത ഒരു കൗതുകം തോന്നി. അവൾക്ക്‌ അതു തുറന്നു കാണണം. തുറന്നുകണ്ടപ്പോൾ അതിലെ കുങ്കുമം എന്തിനെന്നറിയണം. അതു ഭതൃമതികൾ തിരുനെറ്റിയിലും സീമന്തരേഖയിലും അണിയുന്നതാണ്‌ എന്നു ഞാൻ പറഞ്ഞു. അവൾക്ക്‌ അതുടനെ അവളുടെ നെറ്റിയിലും അണിയണം. അവളുടെ നിർബന്ധത്തിനു വഴങ്ങി അതിൽ നിന്നും ഒരു നുള്ളു കുങ്കുമമെടുത്ത്‌ ഞാൻ അവളുടെ നെറ്റിയിൽ ഒരു ചെറിയ പൊട്ടു തൊട്ടുകൊടുത്തു. അതിനിടയിൽ അവളൂടെ കൈ തട്ടി, എന്റെ കയ്യിൽ തുറന്നു പിടിച്ചിരുന്ന ചെപ്പിൽനിന്നും കുങ്കുമം കുറച്ച്‌ അവളുടെ നെറുകയിൽ തൂകി വീണു...

പൊടുന്നനെ ആരതിക്കുള്ള അറിയിപ്പായി..മന്ത്രോഛാരണങ്ങളും, മണിനാദങ്ങളും ഉഛസ്ഥായിൽ ആയി.... പൂക്കൾ താലത്തിൽ നിന്നും ഗംഗയിലേയ്ക്ക്‌ വർഷിക്കപ്പെട്ടു... ഞങ്ങൾക്ക്‌ പിന്നിൽ നിന്നിരുന്ന ആളുകൾ എറിഞ്ഞ പൂക്കളിൽ ചിലവ, ഞങ്ങളുടെ ശിരസ്സിലും വന്നു പതിച്ചു... ദീപങ്ങളും പൂക്കളും ഗംഗയിൽ നിരന്നൊഴുകി.

മുകളിൽ ....അകലങ്ങളിൽ..., ഇരുട്ടിൽ.. കിടാവിളക്കായി ചന്ദ്രനും, ചിരാതുക്കളായി താരങ്ങളും, മറ്റൊരു ഗംഗ ആകാശത്തു തീർത്തു. അപ്പോൾ ഗംഗയിൽ നിന്നും വീശിയടിച്ച കാറ്റിൽ ഞാൻ തണുത്തു വിറച്ചു...

Friday, 4 September 2009

കൊറിയയിൽ നിന്നും ഒരു ഇൻഡ്യാക്കാരൻ...

ചില വാരാന്ത്യങ്ങൾ അറുബോറണു. സമയം കൊല്ലാൻ ഒരു വഴിയും കാണത്തില്ല... പലതിനും ആവർത്തന വിരസത. നെറ്റിൽ, ചാറ്റു റൂമുകളിൽ എല്ലാം പ്രണയത്തിന്റെ ചാറ്റൽ മഴ. ടിവിയിൽ, ചനലുകൾ എല്ലാം മൈക്കിൾ ജാക്സന്റെ മരണം ആഘോഷിക്കുന്നു...

വല്ലാതെ മടുത്തപ്പോൾ റൂം പൂട്ടി വെളിയിൽ ഇറങ്ങി. ഗ്രവുണ്ട്‌ ഫ്ലോറിൽ എത്തിയപ്പൊൾ റിസെപ്ഷനിസ്റ്റ്‌ ചിരിച്ചുകൊണ്ട്‌ ഉപചാരം ചെയ്തു. എന്നാൽ അവരൊട്‌ അൽപം കത്തിവയ്ക്കാം എന്നു വെച്ചാൽ നമുക്കു വശമുള്ള ഭാഷയൊന്നും അവർക്കും, അവർക്കു വശമുള്ളതൊന്നും നമുക്കും വശമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ മൊബയിൽ ഫോണിലെ ഡിക്ഷണറിയിൽ ഇഗ്ലീഷ്‌ വാക്കുകൾ ടൈപ്പ്‌ ചെയ്തു, അതു കൊറിയയിലേയ്ക്കു ട്രാൻസിലേറ്റു ചെയ്തു, അത്‌ അവരെ കാണിച്ചുകൊണ്ടാണു ആശയവിനിമയം. ഒന്നിലധികം അർത്ഥമുള്ള വാക്കുകൾ ആണെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നതു അവർക്കു മനസ്സിൽ ആകണം എന്നുമില്ല...ഇങ്ങനെയുള്ള പങ്കപ്പാടുകൾ ഓർത്താൽ പരിചയക്കാരെ കണ്ടാലും വെറുതെ ഒന്നു ചിരിക്കുന്നതിനപ്പുറം സാഹസങ്ങൾ ഒന്നും കാട്ടാറില്ല...

വെറുതെ സമീപത്തുള്ള പാർക്കിനെ ലക്ഷ്യമാക്കിനടന്നു. പാർക്കിലും അതിലേയ്ക്കുള്ള വഴികളിലും എല്ലാം എന്തോക്കെയോ രൂപങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്‌. ഒന്നിനും പ്രത്യേകിച്ച്‌ ആകൃതിയോ പ്രകൃതിയോ ഒന്നും ഇല്ല. നമുക്ക്‌ മനസ്സിലാകാത്ത അധിനൂതന കലാസൃഷ്ഠികൾ വല്ലതും ആയ്‌ഇരിക്കണം. ഇവിടങ്ങളിലെ വഴിയോരങ്ങളിലെല്ലാം ഇതു സാധാരണ കാഴ്ചയാണ്‌. ഏതൊരാളിലും ഒരു കലാകാരൻ ഒളിച്ചിരിപ്പുണ്ടെന്നുള്ള മഹനീയ സന്ദേശമാണോ ഇതുകൊണ്ട്‌ അർത്ഥമാക്കുന്നതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു...

പാർക്കിലെ കല്ലുകൾ പാകിയ വഴികളിലൂടെ അങ്ങനെ നടക്കുമ്പോൾ, കൊറിയക്കാരുടെ ഇടയിൽ വ്യത്യസ്ഥനായ എന്നെ കണ്ടതിനാലാകണം ഒരാൾ എന്നെ സമീപിച്ചു സൗദിയിൽ നിന്നും ഉള്ള ഒരു അറബ്ബിയാണു കക്ഷി. AO എന്നു പേരു പറഞ്ഞു എന്നെ പരിചയപ്പെട്ടു. അറബ്ബി എന്നുവെച്ചാൽ വെള്ളകുപ്പായവും,തല്യിൽ തിരികവെച്ചു തുണിയിട്ട ഒരു രൂപമാണ്‌ എന്നു വിചാരിക്കരുത്‌. അടിപൊളി ടി ഷർട്ടും ജീൻസുമിട്ട ഒരു ചെത്തു യുവാവണൂ നമ്മുടെ അറബ്ബി.

പറഞ്ഞു വന്നപ്പോൾ ഞങ്ങൾ അയൽ വാസികളാണ്‌. ഞാൻ താമസിക്കുന്ന അമ്പതു നിലകളുള്ള അതേ ബിൽഡിഗിൽ 8ആം മത്തെ ഫ്ലോറിലാണു അയാളുടെ താമസം. ഞാൻ 27അം മത്തെ നിലയിലും. ഇവിടെ ഒരു കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി കുറച്ചു വർഷങ്ങളായി അയാൾ ജോലിചെയ്തുവരുന്നു... അത്യാവശ്യം കൊറിയനോക്കെ അയാൾ പയറ്റും. കുറച്ചു സമയം അതുവഴിയൊക്കെ ചുറ്റി നടന്നിട്ടു ഞങ്ങൾ മടങ്ങിപ്പോയി. വൈകുന്നേരം 7 മണിക്കു റിസപ്ഷനിൽ വീണ്ടും കാണാം എന്നു പറഞ്ഞു... ഇനി ഇവിടെ ഇയാൾ ആകട്ടെ എന്റെ മാർഗദർശ്ശിയെന്നു ഞാൻ തീരുമാനിച്ചു...


കിറുകൃത്യം 7 മണിയായപ്പോൾ ഞാൻ റിസപ്ഷനിൽ എത്തി അപ്പോൾ AOയും അവിടെ എത്തിച്ചേർന്നു. ഞങ്ങൾ റോഡിനടിയിലൂടെയുള്ള പാതയിലൂടെ നടന്നു ഒരു തെരുവിൽ എത്തിചേർന്നു. ബാറുകളും ഹോട്ടലുകളും എല്ലാം വർണ്ണദീപങ്ങൾ കൊണ്ട്‌ അലംങ്കരിച്ചിരിക്കുന്നു. അവയുടെ ഉള്ളിൽ നിന്നും സംഗിതം വെളിയിലേയ്ക്കും പരന്നൊഴുകുന്നു. കസ്റ്റമേഴ്സിനെ ആകർഷിക്കുന്നതിനായി ചില ഹോട്ടലുകൾ മുയലിന്റെയും ജിറാഫിന്റെയും, സ്പയിഡർ മാനിന്റെയും ഒക്കെ വേഷം കെട്ടിച്ച്‌ ചില ആളുകളെ നിർത്തിയിരിക്കുന്നു. അവർ കയ്യിൽ മെനുവുമായി ആളുകളെ ക്യാൻവാസുചെയ്യുന്നു....

നമ്മുടെ അറബ്ബി ആതിരക്കിനിടയിലൂടെയെല്ലാം ഊളിയിട്ട്‌ നടന്ന് എന്നെ ആ തെരുവിന്റെ ഏകദേശം മധ്യത്തിലുള്ള ഒരു ബിൽഡിഗിന്റെ അണ്ടർ ഗ്രവുണ്ടിലേയ്ക്കുതുറക്കുന്ന പടവുകളിൽ എത്തിച്ചു. പടവുകൾ ഇറങ്ങിച്ചെന്നപ്പോൾ അവിടെ ചില ഹോട്ടലുകളും ബാറുകളും ഉണ്ടായിരുന്നു. വെളുത്ത ബോർഡിൽ കറുത്ത അക്ഷരത്തിൽ ഒരു പ്രത്യേക രീതിയിൽ ഇഗ്ലീഷിൽ "സ്ലാഗ്‌" എന്നെഴുതിയ ഒരു ബാറിന്റെ വാതിൽ തള്ളി തുറന്ന് എന്നെ ഉള്ളിലേയ്ക്കു ക്ഷെണിച്ചു.

മങ്ങിയവെളിച്ചത്തിലൂടെ നടക്കുമ്പോൾ ആദ്യം ഒരു തടിച്ചുകൊഴുത്ത കൊറിയൻ യുവാവും, പിന്നീട്‌ അംഗലാവണ്യമുള്ള ഒരു യുവതിയും വന്ന് ഞങ്ങളെ അവിടെ ഒരുക്കി ഇട്ടിരുന്ന മേശയിലേയ്ക്കു ക്ഷെണിച്ചു.ഞങ്ങൾ അവിടെ ഇരുന്നാപ്പോൾ ആ യുവതി ഒരു ട്രേയിൽ ഡ്രയിഫ്രൂഡ്സുകളുമായി ഞങ്ങളുടെ അടുത്തെത്തി. അവർ വലിയ കുഴപ്പമില്ലാതെ ഇഗ്ലീഷിൽ സംസാരിച്ചു തുടങ്ങി.AO എന്നെ അവർക്കു പരിചയപ്പെടൂത്തി. ഇൻഡ്യക്കാരൻ ആണെന്നറിഞ്ഞപ്പോൾ അവർക്ക്‌ അതിയായ സന്തോഷം.

ആ യുവതിയും ആദ്യം കണ്ട യുവാവും സഹോദരങ്ങൾ ആണെന്നും അവരാണു ആ ബാറിന്റെ ഉടമസ്ഥരെന്നും AO എന്നോടു പറഞ്ഞു. യുവാവിനു ഇഗ്ലിഷ്‌ അറിയില്ല അതിനാൽ അയാൾ ഞങ്ങളെ സമീപിച്ചില്ല. രാത്രി 9 മണിവരെ ഇവിടെ Happy Hours ആണ്‌ തിരക്കില്ല. അതിനാൽ 20% വിലയിൽക്കുറവുണ്ട്‌. ഞാൻ ആദ്യമായി ഇവിടെ എത്തുന്നതെന്നതിനാലും ഒരു ഇൻഡ്യക്കാരൻ ആയതിനാലും ആ യുവതി എനിക്കായി അനേകം ഭക്ഷ്യ വസ്തുക്കൾ ഫ്രീയായും ഒന്നിനു രണ്ടെന്നതോതിൽ ബിയറുകളും തന്നു. നാട്ടിൽ ചവറുവിലയുള്ള ഇൻഡ്യക്കാർക്ക്‌ കൊറിയയിൽ ഇത്ര ഡിമാന്റോ എന്നത്‌ എന്ന് വല്ലാതെ അൽഭുതപ്പെടുത്തി. ഞങ്ങൾക്കായി DJ പ്രത്യേക മ്യൂസിക്കുകൾ അവതരിപ്പിച്ചു. പിറ്റേന്നു ഞായറഴ്ചയും അവധി ആയതിനാൽ രാത്രി അവിടെ തന്നെ ചിലവഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ഏകദേശം 9 മണി ആകാറായപ്പോൾ കൂട്ടമായി യുവതിയുവാക്കൾ എത്തിത്തുടങ്ങി. അതിൽ ചില ഇഗ്ലീഷുകാരും ഉണ്ടായിരുന്നത്‌ എന്നെ അത്ഭുതപ്പെടുത്തി. ചിലർ അത്ഭുതത്തോടെ എന്നെയും നോക്കി. Smith എന്ന ഒരു ഇഗ്ലിഷുകാരെൻ വന്നെന്നെ പരിചയപ്പെട്ടു. അയാൾ ഒരിക്കൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്‌. കൂടാതെ അയാൾക്കു ലണ്ടനിൽ ഒരു പഞ്ചാബി ഗേൾഫ്രെൻഡും ഉണ്ടായിരുന്നു. ഇൻഡ്യക്കാരുടെ കുടുംബത്തിന്റെ കെട്ടുറപ്പു മനസ്സിലാക്കിയിരുന്ന അയാൾ ആ പഞ്ചാബി പെണ്ണിനെ കല്യാണം കഴിക്കാൻ അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇഗ്ലിഷുകാരുടെ കുടുംബത്തിന്റെ കെട്ടുറപ്പു നന്നായി അറിവുണ്ടായിരുന്ന അവളുടെ അപ്പൻ സർദാർജി അതിനൊട്ടും സമ്മതിച്ചില്ല. Smith കൊറിയയിൽ ഒരു ടൂറിസ്റ്റായി എത്തിയതായിരുന്നു. ഇഗ്ലീഷ്‌ വിദ്യാഭാസത്തിന്‌ ഇവിടുള്ള വമ്പിച്ച സ്കോപ്പു മനസ്സിലാക്കിയപ്പോൾ ഒരുസ്കൂളിൽ ട്യൂട്ടറായി ചേർന്നു. ഒന്നോരണ്ടോ മണിക്കൂറെ ദിവസം ക്ലാസ്സുള്ളു. ബാക്കിസമയം മുഴുവൻ ഇതൊക്കെതന്നെ പരിപാടി. ഇവിടെക്കാണുന്ന ഒട്ടുമിക്ക ഇഗ്ലിഷുകാരും ഇതുപോലെ ഉള്ളവരാണെന്നു അയാളിൽ നിന്നും അറിയാൻ കഴിഞ്ഞു.

അടുത്തതായി പരിചയപ്പെട്ടത്‌ Fisher എന്ന ഒരു ഇഗ്ലിഷുകാരനെയാണ്‌. അയാളും ഇഗ്ലീഷ്‌ ട്യൂട്ടറായി ജോലിചെയ്യുന്നു. ഇഗ്ലണ്ടിൽ വല്ല മീൻപിടുത്തക്കാരനോ മീൻവില്‌പനക്കാരനോ ആയിരിക്കാം ഒരു പക്ഷേ അയാൾ. ABCD എന്നു കൂട്ടി വായിക്കാൻ അറിയുന്നവർക്കെല്ലാം ഇവിടെ ഒത്തിരി സ്കോപ്പുണ്ടെന്നാതോന്നുന്നത്‌. മ്യൂസിക്കിന്റെ താളത്തിനൊപ്പിച്ച്‌ ആ മാതൃകാ അദ്ധ്യാപകരെല്ലാം കൊറിയൻ യുവതികളോടൊപ്പം ചുവടുവെച്ചുതുടങ്ങി. അവരുടെ ക്ഷെണം സ്വീകരിച്ച്‌ ഞങ്ങളും ചിലപ്പോഴൊക്കെ അവർക്കൊപ്പം ചേർന്നു...

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടമായി വന്നവരെല്ലാം അങ്ങനെ തന്നെ തിരിച്ചുപോയി. ബാറിൽ ഞങ്ങൾ വളരെകുറച്ചുപേർ മാത്രമായി. ഉടമസ്ഥയായ യുവതി മൂന്നു ബിയറുമായി ഞങ്ങളുടെ സമ‍ീപം വന്നിരുന്നു. ഇൻഡ്യയെക്കുറിച്ച്‌ അവർക്കറിവുള്ളതെല്ലാം എന്നോടു പറഞ്ഞു. ഇൻഡ്യ സന്ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

ഹിന്ദിസിനിമകൾ അവർ കണ്ടിട്ടുണ്ട്‌. ഇൻഡ്യൻ സ്ത്രികൾ എല്ലാം വളരെ സുന്ദരികൾ ആണെന്നും വളരെ മനോഹരമായി ആഭരണവും വസ്ത്രവും ധരിക്കുന്നവരാരെന്നുമാണ്‌ അവരുടെ നിഗമനം. അങ്ങനെയല്ല കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ചു തിന്ന് എക്സർസെയ്സ്‌ ഒന്നും ചെയ്യാതെ ചക്കക്കുരു പരുവത്തിൽ നരികൾ പോലായ നാരികളാണു ഇൻഡ്യയിൽ അധികമെന്ന് ഞാൻ തിരുത്തി പറഞ്ഞതുമില്ല. ഇൻഡ്യൻ സംഗീതത്തിന്റേയും ഡാൻസിന്റേയും ആരാധികയാണ്‌ അവരെന്ന് എന്നോടുപറഞ്ഞു... അങ്ങനെ യൊക്കെ പറഞ്ഞുപറഞ്ഞു അവർ എന്റെ ഓട്ടോഗ്രാഫും ഫോൺനമ്പരും ഒക്കെവാങ്ങി. താമസ്സിയാതെ ഒരു ഇൻഡ്യൻ സിഡി അവൾ തരപ്പെടുത്തി കൊണ്ടുവരുമെന്നും അതിലെ പാട്ടുകൾക്കൊപ്പം എന്നോടൊപ്പം നൃത്തം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും എന്നെ അറിയിച്ചു. ഇൻഡ്യൻ യുവാക്കളെല്ലാം ഹൃദിക്ക്‌ രോഷനെ പോലെ ഡാൻസ്‌ ചെയ്യുന്നവരാണെന്ന് ഇവർ കരുതിയിട്ടുണ്ടാകും. മാതൃരാജ്യത്തിന്റെ യശ്ശസ്സുയർത്തി പിടിക്കേണ്ടത്‌ എന്റെ കടമ ആയതിനാൽ ഞാനതെല്ലം സമ്മതിച്ചു.

പിന്നിടുള്ള ചർച്ചയിൽ അവർ അടൂത്തയിട കണ്ട സ്ലം ഡോഗ്‌ മില്യനർ എന്ന സിനിമയെക്കുറിച്ചും പരാമർശിച്ചു.അതിൽ കാണിക്കുന്ന ചേരികളെക്കുറിച്ചും കുട്ടികളുടെ ദാരിദ്ര്യത്തെക്കുറിച്ചും അവർ അത്ഭുതപ്പെട്ടൂ. ടോംസ്വയർ, ഹക്കിൾബെറി തുടങ്ങിയ പല ഇഗ്ലിഷ്‌ കുട്ടി കഥാ പാത്രങ്ങൾ ഇതിലും ദരിദ്രയമായ അവസ്ഥയിൽ ജീവിച്ചിരുന്നതായി കഥകളിൽ വിവരിക്കുന്നുണ്ടെന്നും, സിനിമയെ വെറും സിനിമയായി കാണണമെന്നും, അതിലെ ദാരിദ്ര്യവും എന്തിനേറെ ബോംബയിലെ ചേരികൾ പോലും കഥകാരന്റെ ഭാവനയിൽ ഉടലെടുത്തവയാണെന്നും, അതിനാലണു മികച്ച സിനിമയെന്ന നിലയിൽ അതിന്‌ ഓസ്ക്കാർ കിട്ടിയതെന്നു വരെ ഞാൻ പറഞ്ഞു വെച്ചു.

ഇൻഡ്യയുടെ ഇക്കോണമി വാണം വിട്ടതുപോലെ മുകളിലേയ്ക്കുയരുകയാണെന്നും, ചന്ദ്രയാനം കഴിഞ്ഞ്‌, ഇൻഡ്യയിപ്പോൾ ചൊവ്വയിൽ കോളണികൾ സൃഷ്ഠിക്കാനുള്ള ശ്രമത്തിലാണെന്നും ഞാൻ അവരോടു പറഞ്ഞു. AO ഇതെല്ലാം കേട്ട്‌ വാപൊളിച്ചിരിപ്പുണ്ടായിരുന്നു. ഒരു ഇൻഡ്യക്കാരെന്റെ സുഹൃത്തെന്ന നിലയിൽ അയാൾ രോമാഞ്ചം കൊള്ളുന്നത്‌ എനിക്ക്‌ അറിയാൻ കഴിഞ്ഞു.....

ഇങ്ങനെ അന്യനാടുകളിൽ ഇൻഡ്യയുടെ ബ്രാൻഡ്‌ അംബാസിഡറായി വിഹരിക്കുന്ന എനിക്ക്‌, കുറഞ്ഞപക്ഷം കപിൽ ദേവിനും മോഹൻലാലിനും കൊടുത്തതുപോലെ ഒരു കേണൽ പദവി എങ്കിലും ഇൻഡ്യാഗവൺമെന്റിനു തന്നുകൂടെ???...

Friday, 24 July 2009

മഴക്കാലം

മുകളിൽ മുഖം കറുപ്പിച്ചു നിൽക്കുന്നു മാനം
താഴെ ചെളി തെറിപ്പിച്ചും തെറിപറഞ്ഞും ഭൂമി
അതിനു നടുവിലായി പകച്ചു നിൽക്കുന്നു മർത്യർ

ഒടുവിലാമാനം മനം പൊട്ടിക്കരയുന്നു
ആ കണ്ണീർ ഇടനെഞ്ചിലായ്‌ യേറ്റുവാങ്ങുന്നു ഭൂമി
മർത്യനോ തുടരുന്നു ആ പകയൊട്ടും കുറയാതെ

വറുതിയാൽ വിണ്ടയാ മണ്ണിന്റെ പിണക്കം
ഒരു കൊച്ചു മഴയിൽ ഒലിച്ചുപോയി
മനുജന്റെ മനസ്സിലെ ചെളിയൊട്ടു നീക്കുവാൻ
ഇനിയെത്ര മഴക്കാലം വന്നുപോണം ?

Friday, 3 July 2009

പുതുജീവിതം

ഇപ്പോൾ ഈ കൊച്ച്‌ ഉപദ്വീപിലാകെ ജനങ്ങൾ ആകുലചിത്തരാണ്‌. ചില അനിഷ്ഠ സംഭവങ്ങൾ ദക്ഷിണകൊറിയക്കാരുടെ സ്വയിര്യ ജീവിതത്തിൽ ദുഃസ്വപ്നങ്ങൾ സൃഷ്ഠിച്ചുകൊണ്ടിരിക്കുന്നു.

ജനസമ്മതനായിരുന്ന അവരുടെ മുൻപ്രസിഡന്റിനെതിരെ, രാഷ്ട്രിയ വൈര്യം മൂലം പുതിയ പ്രസിഡന്റ്‌ പല ഇൻവെസ്റ്റിഗേഷനും ഉത്തരവിട്ടിരുന്നു. അതിന്റെ പിരിമുറുക്കം താങ്ങാനാവാതെ ആ ദുർബലഹൃദയൻ ആത്മഹത്യചെയ്തു. സാധാരണക്കാരുടെ തോഴനും നിരപരാധിയെന്ന് അവർ കരുതുന്നതുമായ മുൻപ്രസിഡന്റിന്റെ അത്മാവ്‌ അവരുടെ ഓരോ ഹൃത്തിലും മുട്ടിവിളിച്ച്‌ തന്റെ നിരപരാധിത്വം ഏറ്റുപറയുന്നു.

ഇങ്ങനെ പ്രക്ഷുബ്ദമായിരുന്ന ദക്ഷിണകൊറിയയിക്ക്‌ വീണ്ടും ഒരു ആഘാതമെന്നോണം, ഉത്തരകൊറിയ ഒന്നിനുപുറകെ ഒന്നായി മിസ്സയിലുകൾ ഉതിർത്തു വെല്ലുവിളികൾ ഉയർത്തുന്നു. അവർ ആണവ പരിക്ഷണം നടത്തിയെന്നും അമേരിക്കയിൽ പതിക്കാൻ ശേഷിയുള്ള ദീർഘദൂര മിസ്സയിലുകൾ സ്വായത്തമാക്കിയെന്നും അവകാശപ്പെടുന്നു...

ഇവിടെ ഇപ്പോൾ ഒരോ കൊറിയക്കാരനും ഏതുനിമിഷവും ഒരു യുദ്ധം പ്രതിക്ഷിക്കുന്നു. കൊറിയയിലെ പ്രായപൂർത്തിയായ എല്ലായുവാക്കൾക്കും സൈനീകപരിശീലനം നിർബന്ധമാണ്‌. അതിനാൽ അടിയന്തിരഘട്ടങ്ങളിൽ ഏതു പൗരനേയും രാജ്യസേവനത്തിനായി തിരിച്ചുവിളിക്കാം . അവരെല്ലാം ഗവണ്‍മന്റിന്റെ ഒരു ഉത്തരവിനായി കാതോർത്തിരിക്കുന്നു...

ഇങ്ങനെ ആകെ കലുഷിതമായിരിക്കുന്ന ഒരു ദിവസം രണ്ടും കൽപിച്ചു Mr. Jung നെ ഒന്നു പോയികാണാൻ തന്നെ ഞാൻ തീരുമാനിച്ചു. അയാളുടെ ഇമെയിലിൽ ഞാൻ ഇവിടെ എത്തിയ വിവരവും ഒരു സന്ദർശനം ആഗ്രഹിക്കുന്നു എന്നും പറഞ്ഞു ഒരു മെയിൽ ഇട്ടു. താമസിയാതെ അയാളുടെ അഡ്രസ്സും റൂട്ടു മാപ്പും സഹിതം മറുപടി വന്നു. പിറ്റേന്നു വൈകുന്നേരം 3 മണിക്കു ഞാൻ അയാളുടെ വീട്ടിൽ എത്തും എന്നും പറഞ്ഞു തിരിച്ച്‌ വീണ്ടും ഒരു മെയിൽ കൂടി ചെയ്തു.

അയാളെ ഞാൻ എങ്ങനെ അഭിമുഖീകരിക്കും എന്നും എന്തു പറഞ്ഞു അശ്വസിപ്പിക്കണം എന്നും ഒക്കെ ഒരു നിമിഷം ചിന്തിച്ചിരുന്നു പോയി. നിരാശ തുളുമ്പുന്ന കണ്ണുകളും ചലനമറ്റുകിടക്കുന്ന ശരീരവുമായി എന്റെ മനസ്സിൽ അയാളുടെ ഒരു അവ്യക്ത ചിത്രം രൂപപ്പെട്ടു വന്നു...

സ്റ്റേഷന്റെ അടുത്തുള്ള E Mart ഇൽ നിന്നും ഒരു കേയ്സ്‌ സ്റ്റോബറിയും, കുരുവില്ലാത്ത മന്തരീന എന്ന ഓറഞ്ചും, അയാളുടെ മോൾക്കു കൊറിയൻ ട്രഡീഷണൽ വസ്ത്രം ധരിച്ച ഒരു പാവയും വാങ്ങിച്ചു. ഏകദേശം 2.30 അയപ്പോൾ ഞാൻ അയാളുടെ വീടിനടുത്തുള്ള റെയിൽവെസ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെനിന്നും അയാൾ അയച്ചുതന്നിരുന്ന റൂട്ടുമാപ്പിലെ ഓരോ ലാൻഡു മാർക്കുകളും പിന്നിട്ട്‌ ലാർഡ്സ്‌ എന്ന ബിൽഡിഗിൽ എത്തിചേർന്നു. അതിന്റെ ഗ്രൗണ്ട്‌ ഫ്ലൊറിൽ ഫാമിലി മാർട്ടിന്റെ ഒരു ഷോറും ഉണ്ടായിരുന്നു. ആതുകണ്ടപ്പോൾ ബിൽഡിഗ്‌ അതുതന്നെ എന്ന് എനിക്കു തീർച്ചയായി.

രണ്ടാം നിലയിൽ 202 റൂമിന്റെ മുൻപിൽ എത്തി ഡോർബെല്ലടിച്ചു. എന്റെ മുഖം അവരുടെ അകത്തെ ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞിട്ടുണ്ടാവണം, ഞാൻ വരുന്ന വിവരം Jung മുൻപേ അറിയിച്ചതിനാൽ ആകണം.. ഭാഗ്യം.. കൊറിയയിൽ ആരും ഒന്നും ചോദിച്ചു എന്നെ ഉത്തരം മുട്ടിക്കാതെ ആ വാതിലുകൾ എനിക്കായി തുറക്കപ്പെട്ടു.

പ്രായംചെന്നു ഉയരം കുറഞ്ഞ ഒരു സ്ത്രീ. ആവർ എന്നെ "അന്യേസയോ" എന്നു പറഞ്ഞു കുനിഞ്ഞ്‌ അഭിവാദ്യം ചെയ്തു. ഞാനും എന്റെ തല കാൽമുട്ടുകളിൽ ചെന്നു മുട്ടുന്നവിതം നന്നായി കുനിഞ്ഞു പ്രത്യഭിവാദ്യം ചെയ്തു. ആദ്യത്തെ പരീക്ഷ പാസ്സായ എന്നെ ആ സ്ത്രീ അടുത്ത പരിക്ഷണങ്ങൾക്കായി അകത്തേയ്ക്കു ക്ഷെണിച്ചു. ആ അവസരത്തിൽ ഉചിതമെന്നു തോന്നിയതും ആകെ അറിയവുന്നതുമായ ഒരേ ഒരു വാക്ക്‌ jung എന്ന പേരുമാത്രമായിരുന്നു. ഞാൻ അതു ഒന്നുരണ്ടു വട്ടം ഉരുവിട്ടു.

അതിനു മറുപടിയെന്നോണം ആ സ്ത്രീ വായ്‌ നിറച്ച്‌ യ..യീ..യൂ..യോ എന്നൊക്കെ അവസാനിക്കുന്ന എന്തോക്കയോ പറഞ്ഞു. ഒന്നും മനസ്സിലായില്ല എങ്കിലും അവരുടെ കയ്കളുടെചലനത്തിൽ നിന്നും മുഖത്തെ ഭാവപ്രകടനത്തിൽ നിന്നും എന്നൊട്‌ ഇരിക്കാനാണു പറയുന്നതെന്നു മനസ്സിലായി.

ഞാൻ എന്റെ കയ്യിലെ വസ്തുക്കൾ അരികിലുള്ള മേശമേൽ വച്ചിട്ട്‌ സോഫയിൽ ഇരുന്നു. ആ സ്ത്രീ അപ്പോൾ അകത്തേയ്ക്കുപോയി.

വാച്ചിൽ സമയം കൃത്യം മൂന്നുമണി.

പൊടുന്നനെ മുന്നിലെ വാതിൽ തുറന്നു..വെളിയിൽനിന്നും ഒരു വീൽ ചെയർ കറങ്ങി തിരിഞ്ഞു മുറിക്കുള്ളിലേയ്ക്കു കടന്നു വന്നു. അതിൽ കറുത്ത തൊപ്പിവെച്ച ഒരാൾരൂപവും മടിയിൽ ഒരു പെൺകുട്ടിയും. കുട്ടി അയാളുടെ മടിയിൽ നിന്നും ഊർന്നിറങ്ങി മുറിയിൽ ഓടി നടന്നു തുടങ്ങി... വീൽ ചെയർ എന്റെ അടുക്കലേയ്ക്കു ഉരുണ്ടുവന്നു. ഞാൻ അറിയാതെ എഴുന്നേറ്റു നിന്നു.. കാലുമൂടി നീണ്ട കറുത്ത കോട്ടണിഞ്ഞ രൂപം എന്റെ കരങ്ങളിൽ പിടിച്ചു...അറിയാതെ ഒരു കുളിർ, ഇലക്ട്രിക്കു ഷോക്കുപോലെ ആ കരങ്ങളിലൂടെ എന്റെ ദേഹമാകെ പടർന്നു... തൊപ്പി ഊരിമാറ്റി അയാൾ എന്റെ കരങ്ങൾ ശക്തമായി പിടിച്ചു കുലുക്കി.........Mr.jung

ചിരിച്ചുകൊണ്ടു അയാൾ എന്നെ അടുത്ത ഒരു മുറിയിലേയ്ക്കു ക്ഷെണിച്ചു. വീൽചെയറിലുള്ള സ്വിച്ചുകൾ അമർത്തിയും ലിവർ തിരിച്ചും അയാൾ എനിക്കുമുന്നേ നീങ്ങി. ഉള്ളിൽ പ്രവേശിച്ചതും സെൻസർ ലാമ്പുകൾ തെളിഞ്ഞു. ആ മുറി ഒരു ഓഫീസുപോലെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടറുകളും പ്രോജക്ടറും സ്ക്രീനുമൊക്കെയായി...

വെബ്‌ ഡിസയിനിഗും, ഗ്രാഫിക്ക്‌ അഡ്വർടൈസിഗു ഒക്കെയായി അയാൾക്കു നല്ല ഒരു ബിസിനസ്സ്‌ ഉണ്ട്‌. സോളിൽ ഒരു വലിയ ഓഫീസും ഒത്തിരി സ്ടാഫും ഉണ്ട്‌. എല്ലാത്തിന്റെയും മേൽനോട്ടം അയാൾ ഒറ്റയ്ക്കുനടത്തുന്നു.

ആയാൾ മോളെയും അമ്മയെയും എന്നെ പരിചയപ്പെടുത്തി. ഞാൻ പായ്ക്കറ്റു തുറന്നു അതിലെ പാവ ആ കുട്ടിക്കു കൊടുത്തു. അവൾക്ക്‌ അതു ഇഷ്ടപ്പെട്ടു എന്നു ആ കുഞ്ഞിക്കണ്ണിലെ തിളക്കത്തിൽ നിന്നും ചിരിയിൽ നിന്നും മനസ്സിലായി.

അയാളുടെ ഓഫീസ്‌ അഞ്ചുമണീവരെ ഉണ്ടായിരുന്നു എങ്കിലും ഞാൻ മൂന്നുമണിക്ക്‌ എത്തും എന്നറിയ്ച്ചതിനാൽ നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി ഡേ കെയറിൽ നിന്നും മോളെയും കൂട്ടി എത്തിയതാണ്‌. ജീവിതത്തിന്റെ തിരക്കിൽ വൈകല്യങ്ങൾ മറന്ന് അയാളും അകപ്പെട്ടുപോയിരിക്കുന്നു.... ഈ മനുഷ്യൻ കുറെക്കാലം തകർന്നു തളർന്നു കിടപ്പായിരുന്നു എന്നു വിശ്വസിക്കാൻ പ്രയാസം...

കാലുകൾ ഇല്ല എന്ന പോരായ്മ യന്ത്രസഹായത്താൽ മറ്റാരെയും പിന്നിട്ട്‌ മുന്നേറുവാനുള്ള പ്ലെസ്‌ പോയിന്റാക്കി അയാൾ മാറ്റിയിരിക്കുന്നു. വിധിയെ പഴിച്ചു ചുരുണ്ടുകൂടിക്കിടന്നു ജീവിതം പാഴാക്കാതെ, ചാരകൂമ്പാരത്തിൽ നിന്നും ഉയർന്നു പൊങ്ങി പറക്കുന്ന ഫീനക്സ്‌ പക്ഷിയെപ്പോലെ അയാളും ഒരു പുതു ജന്മം വീണ്ടെടുത്തിരിക്കുന്നു...

ഏകദേശം ഒരുമണിക്കൂർ പലപല കാര്യങ്ങൾ പറഞ്ഞിരുന്നതിനുശേഷം ഞാൻ യാത്രപറഞ്ഞിറങ്ങി. പെൺകുട്ടി പാവയുടെ അതേരീതിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ്‌ ശരിക്കും മറ്റൊരു പാവപോലെ ആയി മ‍ാറിയിരുന്നു. അവൾ വൃദ്ധയുടെ കയ്പിടിച്ച്‌ വാതുക്കൽ വന്നു നിന്ന് എനിക്കു ടാറ്റാതന്നു...

" വേണ്ട " എന്നു പറഞ്ഞു വെങ്കിലും എന്നെ റെയിൽവെസ്റ്റേഷൻ വരെ അയാൾ കൊണ്ടുവന്നു വിട്ടു. വീൽചെയറിൽ സ്പീടിൽ നീങ്ങുന്ന അയാൾക്കൊപ്പമെത്താൻ, രണ്ടുകാലുകൾ മാത്രമുള്ള ഞാൻ നന്നേ പാടുപെട്ടു...

Friday, 22 May 2009

മഞ്ഞ്‌ ഉരുകി തുടങ്ങി..

മഞ്ഞ്‌ ഉരുകി തുടങ്ങി...ദൂരെ സൈബീരിയയിൽ നിന്നും വീശികൊണ്ടിരുന്ന മരവിപ്പിക്കുന്ന കാറ്റ്‌ വഴിമാറി പോയിരിക്കുന്നു...

അകലെ മാമലകൾ മുഷിഞ്ഞ വെൺകുപ്പായം ഊരിമാറ്റി പച്ച ചേലകൾ എടുത്തു ചുറ്റുന്നു.... വഴിയോരങ്ങളിൽ തണുത്തു വിറങ്ങലിച്ചുനിന്നിരുന്ന മരങ്ങളിൽ പ്രതീക്ഷയുടെ പച്ചപ്പ്‌ നാമ്പിട്ടുതുടങ്ങി.

നഗ്നമായി കിടന്നിരുന്ന ഭൂമി കണ്‌ഠാഭരണങ്ങളും പൂക്കളും ചൂടി, ആരെയും മോഹിപ്പിക്കുവാൻ വീണ്ടും ചമഞ്ഞൊരുങ്ങുന്നു... സൂര്യൻ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും അവളുടെമേൽ തന്റെ ആധിപത്യം സ്ഥാപിക്കുന്നു...

നിരത്തുകളിൽ ജനസമുദ്രം അലയടിക്കുന്നു. തുളച്ചു കയറുന്ന തണുപ്പു മാറിയതോടെ, സവോളയുടെ തൊലിമാതിരി ഒന്നിനുമേൽ ഒന്നായി എടുത്തണിഞ്ഞിരുന്ന ഉടയാടകൾ ഉരിഞ്ഞുമാറ്റി മനുഷ്യർ നഗ്നരായിതുടങ്ങി... സർക്കസ്‌ കൂടാരത്തിലെ പൊയ്ക്കാൽ വിദഗ്തരെപ്പോലെ, ഷോപ്പിഗ്‌ മാളുകളിൽ എങ്ങും സുന്ദരിമാർ ഹൈഹീലുകളിലേറീ വേച്ചുവേച്ചു നടക്കുന്നു...എങ്ങും എത്താത്ത, തികയാത്ത അവരുടെ വസ്ത്രങ്ങൾ ഉള്ളിലെ നിമ്‌നോന്നതങ്ങൾ വിളിച്ചു കാട്ടുന്നു.......ബഹുവർണ്ണങ്ങളിലുള്ള അവരുടെ മുടി കാറ്റിൽ പാറികളിക്കുന്നു...രക്തപാനം കഴിഞ്ഞ യക്ഷികളുടേതുമാതിരി അവരുടെ ചുണ്ടുകൾ വല്ലാതെ ചുവന്നിരുന്നു...നഖങ്ങൾ വല്ലാതെ നീണ്ടും...

ഐസ്ക്രീം പാർലറുകളൂം, ക്ഫേത്തെറിയകളും കമിതാക്കളെകൊണ്ടു നിറഞ്ഞുതുടങ്ങി. അവരുടെ പ്രണയലീലകൾ ആസ്വാദകരെയും കുളിർച്ചൂടിക്കുന്നു... തിരക്കേറിയ പകലുകളും, നീളുന്ന രാവുകളുമായി നഗരങ്ങൾ കാത്തിരിക്കുന്നു...ആരോരുമറിയാതെ അവിടെ ചില ജീവിതങ്ങൾ തളിർത്തു പൂക്കുന്നു....മറ്റുചിലവ കൊഴിഞ്ഞു മറയുന്നു...

ഇന്നലെ Mr.Choie യുടെ വക ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു. വൈകുന്നേരം 7 മണിക്കു Yoido സ്റ്റേഷന്റെ ടിക്കറ്റുകൗണ്ടറിനുമുന്നിൽ എത്തിച്ചേരണം എന്നു പറഞ്ഞിരുന്നു. അവിടെനിന്നും അയാൾ എന്നെ അടുത്തുള്ള GANGA എന്ന ഇന്ത്യൻ റെസ്റ്റോറന്റിലേയ്ക്കു കൂട്ടികൊണ്ടുപോയി. ചിത്രങ്ങൾകൊണ്ടും, കൗതുകവസ്തുക്കൾകൊണ്ടും റസ്റ്റോറന്റിന്റെ ഉൾവശം നന്നായി അലങ്കരിച്ചിരുന്നു. ഇന്ത്യൻ രുചികൾ നുണയാൻ എത്തിയിരുന്ന ആളുകളുടെ തിരക്കുകാരണം ഞങ്ങൾക്ക്‌ 10മിനിറ്റു വെയിറ്റിംഗ്‌ റൂമിൽ ഇരിക്കേണ്ടിവന്നു.

തന്തൂരിചിക്കൻ,ബട്ടർനാൺ,സമോസ തുടങ്ങിയ വിഭവങ്ങൾ ആസ്വദിക്കുന്നതിനിടയിൽ ഞങ്ങളുടെ സംസ്സാരത്തിൽ പഴയസുഹൃത്ത്‌ Jong ഇന്റെ കാര്യവും കടന്നു വന്നു.

ഒരുവർഷം മുൻപു നടന്ന കാറപകടത്തിൽ അയാൾക്കു ഭാര്യ നഷ്ടപ്പെട്ടിരുന്നു..ഇപ്പോൾ അയാൾ ആകട്ടെ അരയ്ക്കു താഴോട്ടു തളർന്നു കിടപ്പിലും.. വളരെ നാളത്തെ പ്രണയത്തിനു ശേഷം, അനേകം പ്രതീക്ഷകളോടെ പൂവണിഞ്ഞതായിരുന്നു അവരുടെ വിവാഹ ജീവിതം. അയാളും, 2വയസ്സുള്ള അയാളുടെ മോളും, അയാളുടെ വൃദ്ധയായ മാതാവിന്റെ പരിചരണയിലാണു കഴിഞ്ഞു പോകുന്നതു...

വളരെ ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു അയാൾ. ഇന്ത്യയിൽ നിന്നും ചിലവസ്തുക്കൾ കൊറിയയിൽ കൊണ്ടുപോയി വിൽക്കുന്നതിനെക്കുറിച്ചും അതുപോലെ കൊറിയൻ വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനെക്കുറിച്ചും അയാൾ ഞാനുമായി പലപ്പോഴും സംസ്സാരിച്ചിരുന്നു. ഒരിക്കൽ ഭാവിയെക്കൂറിച്ചു അനേകം കണക്കുകൂട്ടലുകൾ നടത്തുകയും സ്വപ്നങ്ങൾ നെയ്യുകയും ചെയ്തിരുന്ന ഒരു ചെറുപ്പക്കാരൻ...ഇന്നു യൗവ്വനം മുഴുവൻ, നിരാലംമ്പനായി പടുകിഴവനെപ്പോലെ ശയ്യയിൽ തന്നെ കഴിച്ചുകൂട്ടുന്നു...

ഒരു വേളയെങ്കിലും അയാളെ സന്ദർശിക്കണമെന്നെനിക്കുണ്ടു. അത്‌ ആശ്വാസത്തെക്കാൾ ഉപരി വീണ്ടും അയാളെ അലോരസപ്പെടുത്തുമോ എന്നു ഞാൻ ഭയക്കുന്നു...ഞാൻ ഇവിടെ എത്തിച്ചേർന്നവിവരം അയാൾക്ക്‌ ഇപ്പോഴും അറിവതില്ല.

റസ്റ്റൊറന്റിൽ നിന്നും വെളിയിലിറങ്ങിയപ്പോൾ തണുത്ത കടൽ കാറ്റു വീശുന്നുണ്ടായിരുന്നു. Mr.Choie എന്നെ റെയിൽവെ സ്റ്റേഷൻവരെ കൊണ്ടുവന്നുവിട്ടു. വലിയ ഒരു മൂളലോടെ ട്രെയിൻ വന്നു നിന്നു. അത്‌ എന്നെയും കൊണ്ടു ആ ദീപിൽനിന്നും, പാലത്തിലുടനീളം പ്രകമ്പനം സൃഷ്ടിച്ചും, തഴെ കടൽ വെള്ളത്തിൽ പുളഞ്ഞു പായുന്ന ഏതൊ ജലസത്വം മാതിരി പ്രതിബിമ്പം തിർത്തും, ശരവേഗത്തിൽ പാഞ്ഞുപോയി...

ഉയരമുള്ള കെട്ടിടത്തിന്റെ ഉയരത്തിലുള്ള, അടച്ചിട്ട എന്റെ മുറിയിൽ ഇരുന്നാൽ, വിസ്തൃതമായ ജനാലയിലൂടെ പുറത്തെ തുറന്ന ലോകം എനിക്കു കാണാം. ഒരു വിമാനത്തിൽ നിന്നും തഴേയ്ക്കു നോക്കുന്നമാതിരി ചെറുതെങ്ങിലും താഴത്തെ കഴ്ചകൾ വളരെ വ്യക്തമായി തന്നെ കാണാം. റോഡിലുടനീളം കളിപ്പാട്ടങ്ങൾ പോലെ കാറുകൾ നിരങ്ങി നീങ്ങുന്നു. മിന്നാമിന്നികൾ പോലെ ഇരുട്ടിൽ അവയുടെ ലയിറ്റുകൾ മിന്നിതെളിയുന്നു.

രാത്രിമഴയിൽ പെയ്തു കുതിർന്ന മണ്ണിൽ നിന്നും ഇയ്യാം പാറ്റകൾ ഉയർന്നു പൊങ്ങുന്നു. മുകളിൽ ഉയരങ്ങളിൽ നക്ഷത്ര വിളക്കുകളുടെ വെളിച്ചം കണ്ട്‌ കൊതിയോടെ പറന്നുയർന്നു, അവയിൽ എത്തിപ്പിടിക്കാനാവത്ത നിരാശയിൽ, ചിറകറ്റ്‌ മണ്ണിൽ തകർന്നടിയുന്നു...
ഒരു രാത്രി മാത്രം ആയുസ്സുള്ള ജീവിതം...ഒരു വേളകൊണ്ടു തകരുന്ന സ്വപ്നങ്ങളും...

Friday, 13 February 2009

കുറച്ചു കൊറിയൻ വിശേഷങ്ങൾ...

മുറിയിൽ നേരിയ വെട്ടം നിറയുന്നതായി തോന്നിയപ്പോൾ, പുതപ്പ്‌ വലിച്ചുമാറ്റി സയിഡ്‌ ടേബിളിലുള്ള ടൈപീസ്സിൽ സമയം നോക്കി.10.30AM.

ശനിയാഴ്ച ആയതിനാൽ അലാറം വെച്ചിരുന്നില്ല. നേരത്തെ എഴുന്നേറ്റിട്ട്‌ വലിയ കാര്യം ഒന്നും ചെയ്യാനില്ലതാനും. മാത്രമല്ല രാവിലത്തേതും ഉച്ചയ്ക്കത്തേതും കൂടി ഒരു നേരം ഭക്ഷണം ഉണ്ടാക്കിയാൽമതി...അത്രയും ലാഭം...

അഞ്ചുദിവസം ജോലിചെയ്ത്‌ ക്ഷീണിച്ചതല്ലയോ,... അതിന്റെ കടവും കുടിശ്ശികയും എല്ലാം തീർക്കുന്നത്‌ വാരാന്ത്യത്തിലാണ്‌. വെള്ളിയാഴ്ച വൈകുന്നേരങ്ങൾ എന്നും പ്രലോഭനങ്ങളുടേതാണ്‌. പ്രലോഭനത്തിൽ ഉൾപ്പെടാതെ ഉണർന്നിരുന്നു പ്രാർത്ഥിക്കുക എന്നല്ലേ? (മർക്കോസ്‌ 14/38-39)പ്രാർത്ഥിക്കുക അല്ലായിരുന്നുവെങ്കിലും രാത്രിമുഴുവൻ ഉണർന്നിരിക്കുകയായിരുന്നു.... കിടന്നുറങ്ങിയപ്പോൾ വെളുപ്പിനെ 2 മണീ....

ഞാൻ കൊറിയയിൽ എത്തിയവിവരം മെയിലിലൂടെയും മെസ്സഞ്ചെറിലൂടെയും ഇവിടെയുള്ള ഒരുവിധം സുഹൃത്തുക്കൾ എല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു. അവരുടെവകയായി ഒരു ഗെറ്റുഗതർ ഉണ്ടായിരുന്നു. D.R.Choi, Y.J.Lee, D.J.Park, S.H.Shim, J.K.Kim തുടങ്ങി പഴയ കൊറിയൻ സുഹൃത്തുകൾ ഒട്ടുമിക്കവരും ഉണ്ടായിരുന്നു. പക്ഷേ Y.H.Jung മാത്രം വന്നിരുന്നില്ല.

ഒരു കൊറിയൻ റെസ്റ്റോറന്റിൽ ആയിരുന്നു ഡിന്നർ പ്ലാൻ ചെയ്തിരുന്നത്‌. ഞങ്ങൾ പ്രവേശിച്ചതും അവിടെ ഉള്ള ജീവനക്കാർ കവാടത്തിൽ വന്ന്, "അന്യേസ്സയോ" എന്നുപറഞ്ഞ്‌ മുട്ടുവളയ്ക്കാതെ നല്ലവണ്ണം കുനിഞ്ഞ്‌ ഞങ്ങളെ എല്ലാവരേയും അഭിവാദ്യം ചെയ്തുതുടങ്ങീ. ഒരു കൊറിയൻ ഒരു ദിവസം കുറഞ്ഞത്‌ നൂറ്‌ പ്രാവശ്യമെങ്കിലും ഇങ്ങനെ കുനിയുന്നുണ്ടായിരിക്കണം. ഇവർക്ക്‌ കുടവയർ ഉണ്ടാകാത്തതിന്റെ ഒരു രഹസ്യം ഇതുതന്നെ ആയിരിക്കാം...

നമ്മൾ അടുത്തെത്തുമ്പോൾ ഇവർ പെട്ടെന്നു തലകുനിക്കുന്നതുകാണുമ്പോൾ, ആടുമാടുകൾ തലകുനിച്ച്‌ ഇടിക്കാൻ വരുന്നമാതിരി വല്ല പ്രയോഗവുമാണോ ഇതെന്ന്, ഇവരുടെ ആചാരരീതികളുമായി യതൊരു പരിചയവും ഇല്ലാത്തവർ ചിലപ്പോൾ ശങ്കിച്ചുപോകാം,... അവർ അറിയാതെ സ്വയരക്ഷയ്ക്കായി, കയ്യ്‌കൾ കൊണ്ട്‌ അവരുടെ ചില മർമ്മസ്ഥാനങ്ങളെ പൊത്തിപ്പിടിച്ചേക്കാം...

റസ്റ്റോറന്റിൽ വളരെ ഉയരം കുറഞ്ഞ മേശകളാണ്‌ ഉണ്ടായിരുന്നത്‌. നിലത്ത്‌ കുഷ്യൻ ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങൾ ചമ്രം പടഞ്ഞ്‌ അതിനരികിൽ ഇരുന്നു. അപ്പോഴേയ്ക്കും കിംചിയും, റാഡിഷും, തീരെ ചെറിയമീൻ പ്രത്യേകതരത്തിൽ തയ്യാറാക്കിയതും,വിവിധയിനം ഇലകളും, സൂപ്പുകളുമായി മേശമുഴുവൻ നിറഞ്ഞു കഴിഞ്ഞിരുന്നു. മേശയുടെ ഒത്തനടുക്ക്‌ ബർണ്ണർ ഉണ്ടായിരുന്നു. തീരെ കനം കുറച്ച്‌ അരിഞ്ഞു വെച്ചിരിക്കുന്ന ബീഫ്‌ ഓരോരുത്തർക്കും ഇഷ്ടാനുസരണം പാകം ചെയ്തെടുക്കാം. പച്ചകുപ്പികളിൽ ലഭിക്കുന്ന "സോജു" എന്ന നിറമില്ലാത്ത മദ്യത്തോടൊപ്പം ഞങ്ങൾ അതുകഴിച്ചു.

വിരലുകൾക്കിടയിൽ ചോപ്‌സ്റ്റിക്ക്‌ പിടിച്ച്‌, അതുകൊണ്ട്‌ വേണം ആഹാരസാധങ്ങൾ എടുത്തുകഴിക്കാൻ. ഇവിടെ വന്ന അന്നുമുതൽക്കുള്ള പല അനുഭവങ്ങളിൽ നിന്നും, ഈ സർക്കസ്സ്‌ വശമാക്കിയില്ല എങ്കിൽ പട്ടിണികിടന്ന് ചാകേണ്ടിവരും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ആദ്യമൊക്കെ ഭക്ഷണസാധനങ്ങൾ ഈ കമ്പുകൾക്കിടയിൽ നിന്നും വഴുതിപോകുമായിരുന്നതിനാൽ, വിശന്ന് വയറ്‌ കത്തിക്കാളുമ്പോഴും നിവർത്തിയില്ലാതെ ഭക്ഷണം അതേപടി ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ട്‌. അതിൽ പിന്നിട്‌ റൂമിലിരുന്ന് നന്നായി അഭ്യസിച്ച്‌ ഈ സർക്കസ്സ്‌ ഞാനും വശമാക്കി. അതിനാൽ മറ്റുള്ളവർക്കൊപ്പം എനിക്കും വലിയ പ്രശ്നങ്ങൾ ഇല്ലാതെ വല്ലതും കഴിക്കാൻ സാധിക്കുന്നു.....

ഞങ്ങൾക്ക്‌ എതിർവശം, അൽപം അകന്ന്, ഒരു മേശയിൽ മൂന്നു യുവതികളും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവർ വിദേശിയായ എന്നെ ഇടയ്ക്കിടയ്ക്ക്‌ ശ്രദിക്കുന്നുണ്ടായിരുന്നു. ചയിനക്കാരുടേയോ, ജപ്പാൻകാരുടേയോ ആകൃതി പ്രകൃതിയോട്‌ സാമ്യമുള്ള അവർ നമ്മുടെ "മനീഷാ കോയിരോളയെ" പോലെ സുന്ദരികളായിരുന്നു...

അവിടെനിന്നും കുടിയും തീനും കഴിഞ്ഞ്‌ പിരിഞ്ഞപ്പോൾ ആരാത്രി അവസാനിച്ചിരുന്നു..
മഞ്ഞിൻ കണങ്ങൾ അപ്പൂപ്പൻ താടിപോലെ വെളിയിൽ എങ്ങും പാറിനടക്കുന്നുണ്ടായിരുന്നു. വഴിവിളക്കുകളുടെ വെട്ടത്തിൽ അവ ഇയ്യാം പാറ്റകളെപ്പോലെ വെട്ടിതിളങ്ങി. മദ്യത്തിന്റെ ലഹരിയിൽ തണുപ്പിനും ഒരു ചെറുസുഖമുള്ളതായി തോന്നി...

ഇവിടെ ഓഫീസ്സിനു വെളിയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാക്ഷയാണ്‌. നീളത്തിലും,ചതുരത്തിലും,വട്ടത്തിലുമുള്ള ഇവരുടെ അക്ഷരങ്ങൾ വായിച്ചെടുക്കാൻ ഉടനെ ഒന്നും പറ്റുമെന്ന് തോന്നുന്നില്ല...എല്ലാം കണ്ടാൽ ഒരുപോലിരിക്കും. അതിനാൽ സ്ഥലങ്ങളുടെ പേരോ, കടകളുടെ പേരോ നോക്കിമനസ്സിലാക്കി എടുക്കാൻ വലിയ പാടുതന്നെയാണ്‌. ആശയവിനിമയത്തിന്‌ ആഗ്യഭാക്ഷയാണ്‌ പലപ്പോഴും പയറ്റുന്നത്‌. അതിന്‌ അതിന്റേതായ പോരായ്മകളും ഉണ്ട്‌.

റൂമിലിരിക്കുമ്പോൾ വല്ലപ്പോഴും ചായ ഇട്ടു കുടിക്കാം എന്നു കരുതി, അതിനു വേണ്ടീ പാലും,തേയിലയും, പഞ്ചസാരയും അന്വേഷിച്ച്‌, കുറച്ചുദിവസംമുമ്പ്‌ അടുത്തുള്ള ഒരു കടയിൽ ചെന്നു. കടമുഴുവൻ അരിച്ചുപെറുക്കിയപ്പോൾ, ഒരു ക്യാൻ പാലും തേയിലയും കണ്ടെത്തി. പക്ഷേ പഞ്ചസ്സാര മാത്രം കണ്ടെത്താനായില്ല. അല്‌പം പഞ്ചാരയില്ലാതെ പിന്നെന്തുരെസം?. .പ്രേമമല്ലാതെ പ്രമേഹം എന്ന അസുഖം ഇതുവരെയും പിടിപെട്ടിട്ടില്ല...അതിനാൽ മധുരം എന്തിനു വർജ്ജിക്കണം?...

കൗണ്ടറിലുണ്ടായിരുന്ന സെയിൽസ്‌ ഗേളിനേട്‌ അറിയാവുന്ന എല്ലാ ഭാക്ഷയിലൂടെയും, അവസാനം ആഗ്യഭാക്ഷയിലൂടേയും പഞ്ചസ്സാരയുടെ ഉൽപത്തിമുതലുള്ള എല്ലാക്കാര്യങ്ങളും പറഞ്ഞും, കഥകളിരൂപത്തിൽ ആടിയും വിശദീകരിച്ചുകൊടുത്തു. കാര്യങ്ങൾ മനസ്സിലാകഞ്ഞിട്ടോ അതോ എന്റെ നടന വൈഭവത്തിൽ കൗതുകം ഏറിയിട്ടോ എന്നറിയില്ല, അവിടെ ഉള്ള എല്ലാ യുവതികളേയും ആ മഹതി വിളിച്ചുവരുത്തി...അവരെല്ലാവരും എന്റെ ചുറ്റിലും നിന്ന് ഓരൊന്ന് ചോദിച്ച്‌ എന്റെ കഥകളി നടനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവസാനം അവിടെ ഉണ്ടായിരുന്ന ഒരു കപ്പെടുത്ത്‌ അതിൽ കയ്യിലുള്ള പാലും തേയിലയും ഇടുന്നതുപോലേകാട്ടി, ഒരു സ്പൂണെടുത്ത്‌ ഇളക്കിക്കാണിച്ചു. അപ്പോൾ അതിലൊരു യുവതി പണ്ട്‌ ആർക്കമെഡീസ്സ്‌ കാട്ടിയതുപോലെ "യുറേക്ക" എന്നോമറ്റോ വിളിച്ചുപറഞ്ഞുകോണ്ട്‌ ഓടിപ്പോയി, ഒരു പായ്ക്കറ്റ്‌ എടുത്തുകൊണ്ടുവന്നു തന്നു. അവസാനം സാധനങ്ങളുമായി വിജയശ്രീലാളിതനായി, അവരോടെല്ലാം നന്ദി പറഞ്ഞ്‌ ഞാൻ തിരിച്ച്‌ റൂമിലെത്തി.


തൊപ്പിയും, കോട്ടും, ഗ്ലൗസ്സും എല്ലാം ഊരിമാറ്റി.. തണുപ്പിൽ നിന്നും ഒരു ഉന്മേഷം കിട്ടുന്നതിനായി ചെന്നപാടെ നല്ലകടുപ്പത്തിൽ തന്നെ ഒരു ചായ ഇട്ടു. ആവി പറക്കുന്ന ആ ചായ ഊതിക്കുടിച്ചപ്പോൾ അതിന്‌ നല്ല ഉപ്പായിരുന്നു.... തബല വിദ്വാൻ സക്കിർഹുസയിനെപ്പോലെ "വാഹ്‌...." എന്ന് ഞാനും അറിയാതെ പറഞ്ഞു പോയി...

ഇങ്ങനെ എത്രയെത്ര മഹാസംഭവങ്ങൾ എന്റെ ഈ കൊച്ചു ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു... ഇനിയും എന്തെല്ലാം ഗുലുമാലുകൾ സംഭവിക്കാനിരിക്കുന്നു.... സംഭവിച്ചതെല്ലാം നല്ലതിനുവേണ്ടി,സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിനുവേണ്ടീ, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനുവേണ്ടീ.(ഭഗവത്‌ ഗീത) എന്ന് ആശ്വസിക്കാം...

Saturday, 24 January 2009

മഞ്ഞുപെയ്യുമ്പോൾ...

ചെറിയ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും മടങ്ങിയെത്തിയിരിക്കുന്നു. പ്രശസ്തനല്ലാത്തതിനാൽ ആരും അത്‌ ശ്രദ്ധിച്ചിരിക്കില്ല...

യൂറോപ്പിൽ തണുപ്പ്‌ വീശിതുടങ്ങിയ്പ്പോൾ ഞാൻ അവിടെ നിന്നും വിമാനം കയറി. ആ യാത്രയിൽ ദുബയിലും ഒരാഴ്ച്‌ ചിലവിട്ടു. കുറച്ചു ദിനങ്ങൾ അവിടുത്തെ മാളുകളിലെ തിരക്കിനിടയിൽ ഊളിയിട്ടുനടന്നു. പഴയ സുഹൃത്തുക്കളെ ആരേയും അവിടെ കണ്ടുമുട്ടിയില്ല. സത്യത്തിൽ അതിന്‌ ശ്രമിച്ചതുമില്ല.

ജുമേറിയ ബീച്ചിനു സമീപം, സപ്തനക്ഷത്രഹോട്ടലായ "ബർജ്‌ അൽ അറബിനു" മുന്നിലുള്ള ഒരു റോഡിലൂടെ ദുബയുടെ ഭരണാധികാരിയായ "ഷേയ്ക്ക്‌ മുഹമദ്‌" രജിസ്ട്രേഷൻ "നമ്പർ 1" എന്നു രേഖപ്പെടുത്തിയ ഒരു വെളുത്ത കാർ, ട്രാഫിക്ക്‌ നിയമങ്ങൾ എല്ലാം പാലിച്ച്‌ സ്വയം ഡ്രൈവ്‌ചെയ്ത്‌ പോകുന്നത്‌ കാണുവാൻ ഇടയായി. യാതൊര്‌ അകമ്പടിയുമില്ലാതെയുള്ള ദുബയിരാജാവിന്റെ ആ യാത്ര, ജനാധിപത്യരാജ്യത്തെ നമ്മുടെ മന്ത്രിമാർ അനുകരിച്ചിരുന്നുയെങ്കിൽ എത്രനന്നായേനെ...

ദുബയിൽനിന്നും ശനിയാഴ്ച വൈകിട്ടത്തെ എമിരേറ്റ്‌ ഫ്ലൈറ്റിൽ കേരളത്തിലേയ്ക്ക്‌ യാത്രതിരിച്ചു.അതിരാവിലെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി. അപ്പോൾ നേരിയ മഞ്ഞുണ്ടായിരുന്നു. വീട്ടിൽനിന്നും പറഞ്ഞയച്ചിരുന്ന വണ്ടിയിൽ കൊച്ചി ആകെയൊന്നു കറങ്ങി. ഒത്തിരി നാളുകൾക്ക്‌ ശേഷമുള്ള വരവല്ലേ... കണ്ടുമറന്നവ ഒരിക്കൽ കൂടി കാണുവാൻ... വലിയ മാറ്റം ഒന്നും ഉള്ളതായി തോന്നിയില്ല. ഉച്ചവെയിലിൽ വല്ലാതെ വിയർത്തുകുളിച്ചുപോയി. വീടെത്തിയപ്പോൾ സന്ത്യമയങ്ങി തുടങ്ങിയിരുന്നു.

വീടിന്റെ നിറം മങ്ങി തുടങ്ങിയിരിക്കുന്നു...അയൽ വീടുകൾക്കെല്ലാം കണ്ണഞ്ചിപ്പിക്കുന്ന നിറവും.. മുന്നിലുള്ള സപ്പോട്ടമരത്തിൽ നിറയെ കായ്കൾ തിങ്ങി നിൽക്കുന്നു. മുറ്റത്തെ തെങ്ങുകൾക്ക്‌ ഉയരം കൂടിയിരിക്കുന്നു. പിന്നിലെ റബർത്തോട്ടത്തിൽ ഇരുട്ട്‌ പരന്നുകഴിഞ്ഞു.

അമ്മയുടെ മുഖത്ത്‌ ചുളിവുകൾ വീണിരിക്കുന്നു.നരച്ച മുടികളുടെ എണ്ണവും കൂടിയിരിക്കുന്നു.എന്നെ കണ്ടതും നനഞ്ഞ മിഴികളിലും പുഞ്ചിരിയുടെ അലകൾ പരന്നു.

കൂട്ടിൽ കിടന്ന തത്ത എന്നെ മറന്നു പോയിരിക്കുന്നു. എന്നെ കണ്ടതും അത്‌ ഉച്ചത്തിൽ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു തുടങ്ങി. മുറ്റത്ത്‌ നായുടെ കൂട്‌‌ ഒഴിഞ്ഞ്‌ കിടക്കുന്നു."ലോദർ" എന്നു വിളിച്ചിരുന്ന എന്റെ കറുത്തനായ്‌, ഒരു വർഷം മുമ്പ്‌ പാമ്പുകടിയേറ്റ്‌ ചത്തുപോയിരുന്നു. തെക്കുവശത്തെ തൊഴുത്തും ഒഴിഞ്ഞുകിടക്കുന്നു. നോക്കാൻ ആൾ ഇല്ലാതായപ്പോൾ ചുമന്ന ജേഷ്സിപശുവിനെ വിറ്റിരുന്നു. അക്വേറിയത്തിൽ, കറുപ്പും വെളുപ്പുമായി നാല്‌ ഷാർക്കുകൾ ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നെ ഉള്ളൂ. ഒരു വെളുത്ത ഷാർക്കിന്‌ അതിന്റെ ഇണയെ നഷ്ടപ്പെട്ടിരിക്കുന്നു. പിന്നാമ്പുറത്ത്‌ കോഴികളും, ക്വിനികളും, വാത്തകളും, ടർക്കിക്കോഴികളും കൂട്ടിൽ കേറുന്നതിന്‌ തിരക്കുകൂട്ടുന്ന ശബ്ദം. അവയുടെ സുഖവിവരങ്ങൾ നാളെ അന്വേഷിക്കണം.

നന്നേക്ഷീണം ഉണ്ടായിരുന്നതിനാൽ കുളിച്ചിട്ട്‌ നേരത്തെതന്നെ ഉറങ്ങാൻ കിടന്നു. നന്നേ വയികിയെങ്കിലും പിറ്റേന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ശരീരത്തിന്‌ വല്ലാത്തഭാരം, പൊള്ളുന്ന ചൂട്‌, ശബ്ദം തോണ്ടയിൽ കുരുങ്ങിക്കിടക്കുന്നു. ഒച്ച വെളിയിലേയ്ക്ക്‌ വരുന്നില്ല. ആശുപത്രിയിൽ നിന്നും മൂന്നുനേരം വെച്ച്‌ പതിനഞ്ഞു ദിവസത്തേയ്ക്ക്‌ കഴിക്കാനുള്ള ആന്റിബയോട്ടിക്കുകൾ തന്നു. രണ്ടുനേരം ആവിയും കൊള്ളണം. വെക്കേഷന്റെ പകുതിയും അങ്ങനെ തീർന്നു.

ഇടവകപള്ളിയിൽ പെരുന്നാളിനുള്ള കൊടിയേറ്റിയപ്പോഴേയ്ക്കും എനിക്ക്‌ പോകാനുള്ള ദിവസമായി.അങ്ങനെ പെരുന്നാളുകളും, ആഘോഷങ്ങളും കൂടാതെ വീണ്ടും മടക്കയാത്ര...പലതും കണ്ടും കേട്ടും മതിവരാതെ... തിരിച്ച്‌ ഇനി എന്ന്? എന്നൊരുനിശ്ചയവുമില്ലാതെ...


ഈ പ്രാവശ്യം പോകേണ്ടത്‌ വേറെ ഒരു ലോകത്തേയ്ക്കാണ്‌. ലോകത്തിലെ ഇലക്ട്രോണിക്ക്‌ ഉൽപന്നങ്ങളുടെ തലസ്ഥാനമായ സിയോളിലേയ്ക്ക്‌.സ്വന്തം രാജ്യത്തു കൊള്ളുന്നതിലും അധികം ഉൽപന്നങ്ങൾ ഉണ്ടാക്കി ലോകത്ത്‌ വിറ്റഴിക്കുന്ന കഠിനാദ്ധ്വാനികളുടെ നാട്ടിലേയ്ക്ക്‌...

രാവിലെ നെടുമ്പാശേരിയിൽ നിന്നും ജറ്റ്‌ എയർവയസിൽ ബോംബെ വഴി ഡെൽഹിക്ക്‌ യാത്രതിരിച്ചു. ഡൽഹിയിലെ പുകമഞ്ഞിൽ വട്ടമിട്ട്‌ വിമാനം നിലത്തിറങ്ങിയപ്പോൾ ഉച്ചയ്ക്ക്‌ രണ്ടു മണി. പിന്നീടുള്ള സമയം എയർപോർട്ടിൽ തന്നെ ചിലവഴിച്ചു. വെളിയിൽ പോയാൽ ഡൽഹിയിലെ ട്രാഫിക്കിൽ കുരുങ്ങി അടുത്ത ഫ്ലയിറ്റിന്റെ സമയത്തിന്‌ ചിലപ്പോൾ എത്തിച്ചേരാൻ ആവില്ല. വൈകുന്നേരം ഏഴുമണിക്ക്‌ ഏഷ്യാന എയർവയസ്സിൽ സീയോളിലേയ്ക്കു പറന്നു. നീണ്ട ഏട്ടുമണിക്കൂറുകൾക്കു ശേഷം ഇന്ത്യൻ സമയം രാവിലെ 4.30ന്‌ സീയോളിൽ വിമാനമിറങ്ങി. അപ്പോൾ അവിടെ രാവിലെ 8 മണി ആയിരുന്നു. ടെമ്പറേച്ചർ മൈനസ്സ്‌ 12 ഡിഗ്രി. എവിടെയും മഞ്ഞു പാറിനടക്കുന്നു. വാരി പൊതിഞ്ഞിരിക്കുന്ന വസ്ത്ര കെട്ടുകൾക്കിടയിൽ കൂടെയും തണുപ്പ്‌ ശരീരത്തെ കുത്തിനോവിക്കുന്നു.


പ്ലേക്കാർഡുകായി "മിസ്റ്റർ ചോ" കവാടത്തിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അയാളോടൊപ്പം കാറിൽ താമസസ്ഥലത്തേയ്ക്കു പുറപ്പെട്ടു.

മങ്ങിയ വെട്ടമേ ഉള്ളൂ. നേരം വെളുക്കുകയല്ല, ഇരുളുകയാണോ എന്നു തോന്നിപോകും. റോഡു നിറയെ മഞ്ഞലയിറ്റിട്ട വാഹനങ്ങൾ മഞ്ഞിലൂടെ തെന്നി നീങ്ങുന്നു. ദൂരെ മലകൾ മഞ്ഞുമൂടി വെളുത്തിരിക്കുന്നു. ഇല കൊഴിഞ്ഞ മരങ്ങളുടെ ചില്ലകളിലും മഞ്ഞ്‌ തൂങ്ങിനിൽക്കുന്നു. മാനം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളുടെ മുകളിലെവിടെയോ സൂര്യൻ ഒളിച്ചിരിക്കുന്നു. കറുത്ത ടാറിട്ട റോഡുകൾക്കും വെളുത്ത നിറം. ഉച്ചാസ വായു വെളുത്ത പുകയായി അന്തരീഷത്തിൽ അലിഞ്ഞുചേരുന്നു.

ഏകദേശം അരമണിക്കൂർ സമയത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ "അക്രോ ടവറിൽ" എത്തിച്ചേർന്നു. അതിന്റെ 24 ആം മത്തെ നിലയിലാണ്‌ എനിക്കായി താമസം ഒരുക്കിയിരിക്കുന്നത്‌. എന്റെ റൂം കാട്ടിത്തന്നിട്ട്‌ അത്‌ തുറക്കുന്നതിനുള്ള പാസ്സ്‌ വേർഡും പറഞ്ഞുതന്നിട്ട്‌ "മിസ്റ്റർ ചോ" യാത്രയായി. ഒരു ദിവസം വിശ്രമിച്ചതിനുശേഷം എനിക്ക്‌ ഓഫീസിൽ പോയാൽ മതി.

റൂം ഹീറ്ററിൽ 23 ഡിഗ്രി സെറ്റ്‌ ചെയ്തിട്ട്‌, ജെന്നൽ കർട്ടനുകൾ നീക്കി ഞാൻ വെളിയിലേയ്ക്കു നോക്കി. വെൺമേഘങ്ങൾ പൊടിഞ്ഞുവീഴുന്നമാതിരി വെളിയിൽ അപ്പോഴും മഞ്ഞ്‌ പെയ്തിറങ്ങുന്നു...നോക്കെത്തും ദൂരത്തെല്ലാം അത്‌ വെൺകൂമ്പാരം തീർക്കുന്നു. ചീട്ടുകൊട്ടാരം പോലെ അനേകം ബിൽഡിങ്ങുകൾ പരന്ന് ഉയർന്നുനിൽക്കുന്നു. മഞ്ഞ്‌ അവയേയും മൂടിനിൽക്കുന്നു...
തണുപ്പിനെ വകവയ്ക്കാതെ നഗരം തിരക്കിൽ മുഴുകുന്നു. നീളൻ കോട്ടുകളും തൊപ്പികളും അണിഞ്ഞ്‌ ആളുകൾ തണുപ്പിനേയും മഞ്ഞിനേയും വെല്ലുവിളിച്ച്‌ ജോലിയിൽ ഏർപ്പെട്ടൂതുടങ്ങി.

ഇവിടെ എനിക്കും വിശ്രമം ഇല്ല... ഉള്ളിലെ ചൂടിൽ ഏതൊരു മഞ്ഞും ഉരുകി ഒലിച്ചുകൊള്ളും...

ഇന്നുമുതൽ ഇവിടുത്തെ രാവുകൾക്കും പകലുകൾക്കും ഞാനും ഒരു സാക്ഷിയായി തീരും... ഇടവേളകളിൽ അതൊക്കെ കുറിക്കാൻ ശ്രമിക്കാം...