Friday, 15 August 2008

സ്വതന്ത്ര ചിന്തകൾ

ആഗസ്റ്റ്‌ 15. ഇന്ന് ജിബിന്റെ ജന്മദിനമാണ്‌.സ്കൂളുകൾക്ക്‌ പോലും അവധിയാണ്‌.

അടുത്തുള്ള വായന ശാലയിൽ, കുത്തി നാട്ടിയിരുന്ന കമുകിൻ തൂണിന്റെ തുഞ്ചത്തേയ്ക്ക്‌, ചെറിയ പിണിക്കയറിന്റെ തുമ്പിൽ കെട്ടിയ മൂവർണ്ണ കൊടി, വെളുത്ത വസ്ത്രം ധരിച്ച തടിച്ച മനുഷ്യൻ, വലിച്ചു കയറ്റി. ഉയർന്നു പൊങ്ങിയപോൾ, ചുളിവുകൾ നിവർന്ന് അതിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പൂവുകൾ താഴോട്ടുപതിച്ചു... ഞങ്ങൾ കുട്ടികൾ ആ പൂക്കൾ ഓടിച്ചെന്നെടുത്തു...
എനിക്കു കിട്ടിയ ഇളം മഞ്ഞ ജെമന്തിപൂവ്‌ ഞാൻ ജിബിനുകൊടുത്തു. അവന്റെയല്ലേ ജന്മദിനം...

ആ മുവർണ്ണ കൊടിയെ കാറ്റ്‌ ഇക്കിളിയിട്ട്‌ തുള്ളിക്കുന്നു. ഞാൻ അതൊക്കെ കണ്ണു ചിമ്മാതെ നോക്കിനിന്നു...അപ്പോൾ ആ വെളുത്ത വസ്ത്രം ധരിച്ച തടിച്ചമനുഷ്യൻ എന്തൊക്കയോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുതുടങ്ങി..ചുറ്റിലും ഉള്ള ആളുകൾ അത്‌ കേട്ട്‌ കൈകൾ കൊട്ടി.. ഞാൻ ചെവിയോർത്തു അയാൾ ഒരു പ്രാവശ്യം പോലും ജിബിന്റെ പേർ പറഞ്ഞില്ലല്ലോ...
അവസാനം അവിടെ കൂടിനിന്ന എല്ലാവർക്കും അയാൾ മിഠായി വിതരണം ചെയ്തു.അയാൾ ജിബിന്റെ പപ്പയുടെ കൂട്ടുകാരനാണ്‌....

ആ മിഠായികൾ വായിലിട്ട്‌ ഞുണഞ്ഞുകൊണ്ട്‌ ഞാനും, അയൽവാസികളായ രണ്ടു ക‍ൂട്ടുകാരും, ജിബിനോടൊപ്പം അവന്റെ വീട്ടിലേയ്ക്കു ചെന്നു. അവിടെ ജിബിന്റെ അമ്മ, മേശമേൽ ഒരു കേക്കും അതിൽ നീലയും മഞ്ഞയും ചുവപ്പും ഓറഞ്ചും നിറത്തിലുള്ള ചെറിയ നാല്‌ മെഴുകുതിരികളും നാട്ടി വച്ച്‌, ഞങ്ങളെയും നോക്കി നിൽപ്പുണ്ടായിരുന്നു.

ജിബിന്റെ അമ്മ തീപ്പെട്ടി ഉരച്ച്‌ മെഴുകുതിരികൾ കത്തിച്ചു. ജിബിൻ അത്‌ ഊതി ഊതി കെടുത്തി.. "ഹാപ്പി ബേർത്തിഡെ ടു യു ജിബിൻ" ജിബിന്റെ അമ്മ പാടിതന്നപോലെ ഞങ്ങൾ ഏറ്റുപാടി...ജിബിനും അമ്മയും ചേർന്ന് കേക്ക്‌ മുറിച്ചു..അതിൽ നിന്നും ഞങ്ങൾക്കെല്ലാവർക്കും തന്നു. സ്പോഞ്ച്പോലെ മയമുള്ള ചൊക്ലെയിറ്റ്കേക്ക്‌... ജിബിന്റെ അമ്മ ഒരു കൂട്‌ പൊട്ടിച്ച്‌, പല നിറത്തിലുള്ള മിഠായികൾ ഞങ്ങളുടെ കൈകളിൽ നിറച്ച്‌ വച്ചുതന്നു...ഞാൻ അതിൽ നിന്നും ചുവന്ന ഒരു മിഠായി എടുത്ത്‌ അതിന്റെ കടലാസഴിച്ച്‌ വായിലിട്ടു. ബാക്കിയുള്ളവ നിക്കറിന്റെ പോക്കറ്റിലിട്ടുകൊണ്ട്‌ വീട്ടിലേയ്ക്ക്‌ ഓടി....
വീട്ടിലെ ടിവിയിൽ അപ്പോൾ സ്കൂൾ അസ്സംമ്പ്ലിക്ക്‌ പാടാറുള്ള ജനഗണമന പാടുന്നുണ്ടായിരുന്നു... മൂവർണ്ണത്തിലുള്ള കൊടികളൂം പല പ്രാവശ്യം കാണിക്കുന്നുമുണ്ട്‌......
ജിബിന്റെ ജന്മദിനം മാത്രമെന്തേ ഇങ്ങനെ ?!!..
അവന്റെ പപ്പയ്ക്ക്‌ വെളിയിൽ എവിടെയോ വലിയ ജോലിയാണ്‌... ഒത്തിരി പണവും കാണും... അതാകും ഇങ്ങനെ ഒക്കെ...

അമ്മ പറഞ്ഞു തന്നിട്ടുണ്ട്‌ ഉണ്ണീശോ തീരെ പാവപ്പെട്ടവനായിരുന്നു എന്നും, പശുക്കളുടെ തൊഴുത്തിലാണ്‌ പിറന്നത്തെന്നും. എന്നിട്ടും ഉണ്ണീശോയുടെ ജന്മദിനത്തിന്‌ എല്ലാവീടുകളിലും നക്ഷത്രങ്ങൾ തൂക്കാറുണ്ടല്ലോ ?..
എന്റെ ജന്മദിനത്തിനാണെങ്കിൽ ഒരു ചെറിയ കേക്കും കുറച്ചു മിഠായും മാത്രം...
ജിബിൻ എത്ര ഭാഗ്യം ഉള്ളവനാ....എല്ലായിടത്തും കൊടികൾ തൂക്കുന്നതു കണ്ടീല്ലേ....
എന്റെ പിതുമ്പുന്ന മനസ്സിൽ നൊമ്പരങ്ങൾ തടവറ തീർത്തുകൊണ്ടിരുന്നു.....
അടുത്ത നിമിക്ഷം അതെല്ലാം അകന്നുമാറി. മനസ്സ്‌ സ്വതന്ത്രമായി......

സാരമില്ല... ജിബിൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്‌...

ഞാൻ ആ ടിവിൽ നോക്കി നിന്ന് പുഞ്ചിരിച്ചു...

6 comments:

നരിക്കുന്നൻ said...

ഒരു വേള ചെറുപ്പത്തിലേക്ക് ഓടിപ്പോയി... ആ ജിബിന്റെ ഒരു ഭാഗ്യം...വളരെ നന്നായിരിക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

ജിബിന്റെ ഓര്‍മ്മകള്‍ നന്നായി

Rare Rose said...

ബാല്യത്തിന്റെ നിഷ്കളങ്കമായ ഓര്‍മ്മകള്‍..:)

പിരിക്കുട്ടി said...

pin....

ente priya kootukkaran madavantem....birthdayum 15 th nu anu.....

High Power Rocketry said...

: )

OAB/ഒഎബി said...

നക്ഷത്രങ്ങള്‍ തിളങ്ങി നില്‍കുന്ന ദിനത്തിലാണ്‍ എന്റെ ഒരു മകന്റെ ജന്മദിനം. ‘ഈ ഉമ്മ വേറെ ഒരു ദിവസോം കണ്ടില്ലെ...‘അന്നേ ദിവസം അവന്‍ സ്കൂളില്‍ മിഠായി കൊടുക്കാന്‍ പറ്റാത്ത പരാതിയാ.
ഇത് നേരെ മറിച്ചും.