Wednesday, 13 August 2008

മരുവിൽ ഉതിരും സ്വപ്നങ്ങൾ....

ഭൂതലത്തിൽ നിന്നും 818 മീറ്റർ ഉയരത്തിലേയ്ക്ക്‌,ചിലപ്പോൾ അതിലും ഉയരങ്ങളിലേയ്ക്ക്‌, പണിതുയർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ബർജ്ദുബയ്‌., പണിപൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിഗ്‌ ആയിത്തീരും...

ദുബയുടെ കിരീടത്തിൽ പൊൻതൂവലുകളുടെ എണ്ണം കൂടികൊണ്ടേ ഇരിക്കുന്നു....

ദുബായി...അറേബ്യയുടെ പുളകം...

കടലും കരയും,മലയും പുഴയും,മണ്ണും മരവും, കൃത്രിമമായിപടച്ച്‌,...അഞ്ചുനേരം നിസ്ക്കരിച്ച്‌ പടച്ചവനെ കൂട്ടും പിടിച്ച്‌,... മരുപ്പച്ചകളില്ലത്ത ഈ മരുഭൂവിൽ പറുദീസ്സ പടുക്കുവാൻ പണം വാരിവിതറുന്ന ഷേയ്ക്കു മാരുടെ ദേശം...

ഒരു വട്ടത്തിനുള്ളിൽ ലോകത്തെ മുഴുവൻ തീർത്ത്‌,മദ്യവും,മദിരാക്ഷിയും,ഉത്സവങ്ങളും ഒരുക്കിവച്ച്‌ ലോകരെ പ്രലോഭിപ്പിച്ച്‌ മാടിവിളിക്കുന്ന കച്ചവട തന്ത്രം...

അറബി പൊന്നിനായി അറബിക്കടൽ താണ്ടാൻ ഒരുമ്പെടുന്ന ഏതൊരു മലയാളിയുടെയും ആദ്യ ലക്ഷ്യസ്ഥാനം...

ദുബായി.. സ്വപ്നങ്ങളുടെ നാട്‌........ എനിക്ക്‌ ചില ദുഃസ്വപ്നങ്ങളുടേയും.....

നാട്‌ ഓടുമ്പോഴും, അല്ലാതെയും, നെടുകയും കുറുകയും ഓടിക്കൊണ്ടിരിക്കുന്ന ഈ നാടോടി, കുറെക്കാലം ദുബയിലും ഓടി എത്തിയിരുന്നു....
ദുബയിൽ നിന്നും അബുദാബി റൂട്ടിൽ, അൽക്കൂസ്സിൽ അയിരുന്നു എന്റെ ഓഫീസ്സ്‌. താമസ്സം ബർദുബയിൽ ക്രീക്കിന്‌ അരികിൽ, പഴയ ബാങ്ക്‌ ഓഫ്‌ ബറോഡ ബിൽഡിങ്ങിന്റെ അഞ്ചാം നിലയിൽ.ഒരു സ്വകാര്യം ചൊല്ലാൻ തന്റെ തോളൊപ്പം ഉയരത്തിൽ കൂട്ടുകാരാരും ഇല്ല എന്ന്, ഒരിക്കൽ പരിതപിച്ചിരുന്ന ആ വയസ്സൻ കെട്ടിടം, ഇന്ന് തന്റെ തലയ്ക്കുമീതെ ഉയർന്നു പൊങ്ങുന്ന പുതുമക്കാരെ കണ്ട്‌, മുകളിലേയ്ക്ക്‌ കണ്ണും നട്ട്‌ പകച്ചുനിൽക്കുന്നു...ആ കെട്ടിടത്തിലെ എന്റെ റൂമിൽ നിന്നും നോക്കിയാൽ വളരെ ദൂരത്തോളം ബർദുബയിലെ കഴ്ചകൾ കണാമായിരുന്നു....

കടൽ വെള്ളത്തെ ചാലുകീറി കുറെ ദൂരത്തോളം കരയിലൂടെ ഒഴുക്കി ഉണ്ടാക്കിയിരിക്കുന്നതാണ്‌ ക്രീക്ക്‌.ഉല്ലാസ്സ നൗകകളും, പൊന്തിക്കിടക്കുന്ന റെസ്റ്റോറെന്റുകളും അതിൽ എപ്പോഴും കാണാം. കരയിലൂടെ ബസ്സായും,വെള്ളത്തിലൂടെ ബോട്ടായും വിനോദസഞ്ചാരികളേയും കൊണ്ട്‌ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ റൂട്ടും ഇതിലൂടുണ്ട്‌.

ക്രീക്കിന്റെ ഇരുവശങ്ങളും കല്ലുപാകി നടപാതകൾ തീർത്തും,ഈന്തപനകൾ കൊണ്ട്‌ ഉദ്യാനങ്ങൾ ചമച്ചും മോടി പിടിപ്പിച്ചിരിക്കുന്നു.വെയിലിന്‌ ചൂടുകുറഞ്ഞാൽ ആളുകൾ ഉലാത്താൻ എത്തും.പക്ഷികൾക്കും മീനുകൾക്കും തീറ്റ എറിഞ്ഞു കൊടുക്കുന്നവരേയും,ഉദ്യാനങ്ങളിലെ പച്ചപ്പിൽ യോഗ അഭ്യസ്സിക്കുന്നവരേയും കാണാം. മിക്ക സായാഹ്നങ്ങളിലും അവിടങ്ങൾ എന്റെ വിഹാരകേന്ദ്രങ്ങൾ അയിരുന്നു...

ക്രീക്കിന്റെ മറുകരയിൽ, എന്റെ വസതിക്ക്‌ നേരെ എതിർവശം ഗോൾഡ്‌ സൂക്കാണ്‌.ലോകത്തിലുള്ള സകല സ്വർണ്ണ വ്യാപാരികളും, മൊത്തമായും ചില്ലറയായും സ്വർണ്ണക്കച്ചവടം നടത്തുന്ന ചന്ത. അവിടം നിറയെ പല വലുപ്പത്തിലും തൂക്കത്തിലും സ്വർണ്ണാഭരണങ്ങൾ ഞാത്തി ഇട്ടിരിക്കും.
കുടുകുടെ ശബ്ദം ഉണ്ടാക്കി, ക്രീക്കിനെ അക്കരെയിക്കരെ കീറിമുറിച്ച്‌ പായുന്ന കൊച്ചു ബോട്ടിൽ, ഒരു ദിർഹം കൊടുത്ത്‌, മഞ്ഞലോഹത്തിന്റെ തിളക്കം കണ്ട്‌ അന്തം വിട്ടുനിൽക്കുവാൻ... പലപ്പോഴും ഞാനും പോയിട്ടുണ്ട്‌...

ഇവിടെ ബോട്ട്‌ ഓടിക്കുന്നവരും,ടാക്സി ഓടിക്കുന്നവരും ഭൂരിഭാഗവും പാകിസ്ഥാനികൾ അണ്‌.അവർക്ക്‌ ഇന്ത്യക്കാരോട്‌ ഒരു പ്രത്യേക അടുപ്പവും ഉണ്ട്‌.വിദ്വേഷവും പിണക്കവും ഒക്കെ നാട്ടിലെ ഉള്ളൂ. നാട്‌ വിട്ട്‌, മറുനാട്ടിലെത്തിയാൽ അയൽവാസ്സികൾ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയാണ്‌... ബോട്ടുകളിലെല്ലാം അതിന്റെ സ്പോൺസർമാരുടെ പേർ എഴുതിവച്ചിട്ടുണ്ട്‌.ദുബയിലെ നിയമം അനുസ്സരിച്ച്‌, വിദേശികൾക്ക്‌ ഏതിലും പണം മുടക്കി തൊഴിൽ ചെയ്യാം എങ്കിലും, പിച്ചക്കാരുടെ പിച്ചച്ചട്ടിയുടെ മുതൽ ലോക വ്യവസ്സായ വമ്പന്മാരുടെ വ്യവസ്സായ ശാലകളുടെ വരെ, സ്പോൺസ്സർഷിപ്പും ലയിസ്സൻസ്സും ഏതെങ്കിലും ലോക്കൽ അറബിയുടെ പേരിലായിരിക്കണം... മെയ്യനങ്ങാതെ അറബികൾക്ക്‌ കിട്ടുന്ന ഒരു വരുമ്മാനമാർഗ്ഗം കൂടിയാണ്‌ ഈ സ്പോൺസ്സർഷിപ്പ്‌ ഫീസ്സ്‌..

ഗോൾഡ്‌ സൂക്കിൽ നിന്നും അല്‌പം അകലെ ടാക്സി സ്റ്റാന്റിനോട്‌ ചേർന്ന് വലിയ ഒരു മീൻ ചന്തയും പച്ചക്കറിച്ചന്തയും ഉണ്ട്‌... ക്രീക്കിലെ വെള്ളത്തിന്‌ അടിയിലൂടെ തീർത്തിരിക്കുന്ന ടണലിലൂടെ പത്തുമിനിറ്റ്‌ നടന്നും അവിടെ എത്തിച്ചേരാവുന്നതാണ്‌.

ഞാൻ താമസ്സിക്കുന്ന കെട്ടിടത്തിന്‌ താഴ്‌വശം നിറയെ മാർവാഡികളുടെ തുണിവ്യാപാരശാലകളാണ്‌.ഗുജറാത്തിലെ ഏതൊ തെരുവിൽ വന്നു പെട്ടോ എന്ന് ചിലപ്പോൾ സംശയിച്ചു പോകും...അതിനോട്‌ ചേർന്ന് ഒരു ചെറിയ അമ്പലവും ഉണ്ട്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ ഏതോ മാർവാഡി ഷേയ്ക്കുമാരെ സോപ്പിട്ടു തരപ്പെടുത്തിയതാണ്‌.വിസിറ്റിഗ്‌ വിസ്സായിൽ എത്തി, ജോലി തേടി അലയുന്ന പാവപ്പെട്ട ഇന്ത്യക്കാർ, ഒരുനേരത്തെ ഭക്ഷണത്തിനായി പ്രധാനമായും ആശ്രയിച്ചുപോരുന്നത്‌, സായാഹ്നങ്ങളിൽ ഇവിടെ വിതരണം ചെയ്യുന്ന പ്രസാദത്തെയാണ്‌...വിഷുവിനും ദീപാവലിക്കും മറ്റും ഈ അമ്പലത്തിൽ വൻതിരക്കാണ്‌.

എന്റെ ഓഫീസ്‌ സമയം രാവിലെ 7.30 മുതൽ വൈകിട്ട്‌ 3.30 വരെ അയിരുന്നു. ദുബയിലെ നിയന്ത്രാണാധീതമായ ട്രാഫിക്കിൽനിന്നും രക്ഷനേടുന്നതിനായിരുന്നു സമയം ആവിധം ക്രമപ്പെടുത്തിയിരുന്നത്‌...രാവിലെ 6.45 ആകുമ്പോൾ എല്ലാ പരിപാടികളും പൂർത്തിയാക്കി ഞാൻ കെട്ടിടത്തിന്റെ താഴെ എത്തും.അപ്പോൾ എന്നേയും കാത്ത്‌ കമ്പനിയുടെ കാർ അവിടെ ഉണ്ടാകും.

JT എന്ന മലയാളി ഡ്രൈവറാണ്‌ പതിവായി വണ്ടിയും കൊണ്ടുവരിക.ഞാൻ അങ്കിൾ എന്നാണ്‌ അദ്ദേഹത്തെ വിളിച്ചിരുന്നത്‌. മരുഭൂമിയുടെ പ്രതിഛായ എന്നവണ്ണം തലയിൽ അങ്ങിങ്ങായ്‌ അല്‌പം മുടിമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു.ഇരു നിറത്തോടുകൂടി സാമാന്യം വണ്ണവും ഉയരവുമുള്ള ഒരു സാധു മനുഷ്യൻ...
ഞാൻ കാറിൽ കയറിയാൽ ഉടനെ അദ്ദേഹം വാചാലനാകും...നാട്ടു വിശേഷങ്ങളൂം വീട്ടു വിശേഷങ്ങളും വാതോരാതെ വഴിനീളെ പറഞ്ഞുകൊണ്ടിരിക്കും..ദുബയിലെ ട്രാഫിക്കിനെ മറികടക്കാൻ അതിവിദഗ്തൻ ആയിരുന്നു അദ്ദേഹം.

ബർദുബയിൽ നിന്നും എന്നെ പിക്കപ്പ്‌ ചെയ്ത്‌ വണ്ടിനേരെ കരാമയിൽ എത്തും. അവിടെ പിരിമെഡ്‌ ബിൽഡിഗിൽനിന്നും മറ്റൊരു സഹപ്രവർത്തകനേയും പിക്കപ്പ്‌ ചെയ്യേണ്ടതുണ്ട്‌. ബർദുബയിക്കും കരാമയ്ക്കും ഇടയിൽ മെയിൻ റൂട്ടിൽനിന്നും അല്‌പം അകന്ന് മോടികൂടിയ കെട്ടിടങ്ങൾക്ക്‌ പിന്നിലായി, വധശിക്ഷയെ ഭയന്ന് ഒളിവിൽ കഴിയുന്ന ഒരു പഴയ കെട്ടിടത്തിൽ അയിരുന്നു അങ്കിളിന്റെ താമസം...

ഒരിക്കൽ ഓഫീസ്സിൽ നിന്നും റൂമിലേയ്ക്ക്‌ മടങ്ങും വഴി, ഞാൻ അങ്കിളിന്റെ വസതി സന്ദർശിക്കാൻ ഇടയായി. മൂന്നുനിലകളുള്ള ജീർണ്ണിച്ച ആ കെട്ടിടത്തിന്റെ ടെറസ്സിൽ ഒരു കോണിലായി ടിൻഷീറ്റുകൾ മേഞ്ഞ്‌ ഒരു മുറി പോലെ തീർത്തിരിക്കുന്നു...വെളിയിൽ മറപ്പുരപോലെ ഒരു ടോയിലറ്റും ഉണ്ട്‌.
അങ്കിൾ എന്നെ ഉള്ളിലേയ്ക്ക്‌ ക്ഷെണിച്ചു.ജനലുകൾ ഒന്നും ഇല്ലാത്ത ഒരു ചെറിയ ഇരുട്ടു മുറി. സദാ സമയം ശീതീകരണ യന്ത്രം പ്രവർത്തിക്കുന്നതിനാൽ ഒരു വല്ലാത്ത ഗന്ധം കെട്ടിനിൽപ്പുണ്ട്‌...ട്രെയിനിലെ ബർത്തുകൾപോലെ നാലുനിലകളുള്ള രണ്ട്‌ കട്ടിലുകൾ ഇരു ഭിത്തികളോടും ചേർത്തിട്ടിരിക്കുന്നു. അവയുടെ ചില നിലകളിലും, താഴെ നിലത്ത്‌ അവയ്ക്ക്‌ അടിയിലുമായി അപ്പോഴും ചില അളുകൾ കിടന്നുറങ്ങുന്നുണ്ട്‌..രാത്രിയിൽ ജോലിചെയ്യുന്നവരാണ്‌ എന്നു തോന്നുന്നു...ഒരു കോണിൽ മേശമേൽ ഗ്യാസ്‌സ്റ്റവും കുറെ പാത്രങ്ങളും, അതിനു കീഴിലായി സിലണ്ടറും വച്ച്‌ അടുക്കള ക്രമീകരിച്ചിരിക്കുന്നു...

ഭീമമായ വാടക താങ്ങാൻ ആവാത്തതിനാൽ, ആ കൊച്ചുമുറിയുടെ നീളവും,വീതിയും,ഉയരവും, പത്തോളം പേർച്ചേർന്ന് പകുത്തെടുത്തിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും,കുളിക്കുന്നതിനും, അലക്കുന്നതിനും, ടോയിലറ്റ്‌ ഉപയോഗിക്കുന്നതിനും, അവർക്കിടയിൽ അതിവിദഗ്തമായി ആസൂത്രണം ചെയ്ത ഒരു സമയക്രമവും ഉണ്ട്‌. ആരെങ്കിലും ഒരാൾ അതിൽ അല്പം വ്യതിയാനം വരുത്തിയാൽ മറ്റെല്ലാവരുടേയും ജോലിയേയും വിശ്രമത്തേയും അത്‌ സാരമായി ബാധിക്കും.

ദുബയുടെ പളപളപ്പും,മിനുമിനുപ്പും പണക്കാർക്ക്‌ വേണ്ടി ഉള്ളതാണ്‌...പാവപ്പെട്ട പ്രവാസ്സികൾക്ക്‌ അതൊക്കെ ദൂരെനിന്നും നോക്കികാണ്ട്‌ കൊതിയൂറാം... തൊട്ടാൽ കൈ പൊള്ളും...
ഇവിടെ ഒരു സാദാരണക്കാരന്റെ ശമ്പളത്തിൽ ജീവിതം തള്ളിനീക്കാൻ ബുദ്ധിമുട്ടാണ്‌.ഉണ്ണാതെയും ഉടുക്കാതെയും ഉറങ്ങാതെയും എന്തെങ്കിലും മിച്ചം വെച്ച്‌, നാട്ടിലെത്തിച്ചാൽ അതിന്‌ അവിടെ അല്‌പം വില കണ്ടേക്കാം. ഓരോ പ്രവാസിയും ഇവിടെ വിയർപ്പൊഴുക്കുന്നത്‌ അതിനുവേണ്ടിയാണ്‌...നാട്ടിൽ നല്ല ഒരു നാളേയ്ക്കുവേണ്ടി....

മുഖത്ത്‌ കറുത്ത കണ്ണടയും, കയ്യ്‌കളിൽ കുത്തിനിറച്ച പെട്ടിയുമായി, നാട്ടിൽ വന്നിറങ്ങുന്ന ഓരോ ഗൾഫ്കാരന്റേയും, ഉൾച്ചിത്രം ഏതാണ്ടിതൊക്കെത്തന്നെയാണ്‌...

കരാമയിൽ നിന്നും ഏകദേശം7 മണിയോടുകൂടി, മറ്റേ സഹപ്രവർത്തകനേയും പിക്കപ്പ്‌ ചെയ്ത്‌ വണ്ടി ഷെയ്ക്‌ സായദ്‌ റോഡിലേയ്ക്കു കടക്കും. ദുബയിൽ നിന്നും അബുദബിക്കുള്ള നേർവഴി പാതയാണ്‌ ഷേയ്ക്ക്‌ സായദ്‌ റോഡ്‌. ദൂരത്തോളം നേർ ദിശയിൽ ഉള്ളതാണെങ്കിലും പൊടിയും പുകയും ചേർന്നുണ്ടാക്കുന്ന മൂടൽ ദൂരക്കാഴ്ച്ചകൾ അവ്യക്തമാക്കുന്നു. എങ്കിലും ഇടതുവശത്തായി പരസ്പരം മുഖം നോക്കിനിൽക്കുന്ന ട്വീൻ ടവറുകളും, വലത്‌ വശത്ത്‌ ക്രൗൺ പ്ലാസയ്ക്കും പിന്നിലായി, അകലെ കടലിനോട്‌ ചേർന്ന് നങ്കൂരമിട്ട്‌ കിടക്കുന്ന പായ്ക്കപ്പൽ പോലെ, സപ്ത നക്ഷത്ര ഹോട്ടലായ ബർജ്‌ അൽ അറബും ദൂരെ നിന്നേ കാണാനാകും.
വാഹനങ്ങളുടെ നീണ്ട നിരയിൽ ഞുഴഞ്ഞ്‌ കയറിയും, വെട്ടിച്ചും, ഓവർ ടേയ്ക്ക്‌ ചെയ്തും, ഫ്ലൈ ഓവറുകൾ താണ്ടിയും അങ്കിൾ ഞങ്ങളെ 7.20 അകുമ്പഴേയ്ക്കും ഓഫീസ്സിൽ എത്തിച്ചിരിക്കും. അതാണ്‌ പതിവ്‌....

അന്നേദിവസം...സമയം രാവിലെ 6.30

ദുബയിൽ ഒട്ടാകെ പൊടുന്നനെ വൈദ്യുതിനിലച്ചു.
ശീതീകരിണികളും ലിഫ്റ്റുകളും പണിമുടക്കി. ടെലിഫോണുകൾ നിശബ്ദമായി.. ട്രാഫിക്ക്‌ സിഗ്നലുകൾ അണഞ്ഞു. നിരത്തിലാകെ വഹനങ്ങളുടെ ബഹളമായി... നാഴികകൾ ഇടവിട്ട്‌ മുഴങ്ങേണ്ടിയിരുന്ന ബാങ്കുവിളികൾ ഉയർന്നുകേട്ടില്ല...ഷോപ്പിഗ്‌ കോപ്ലക്സുകളും,വൻ കെട്ടിടങ്ങളും വേവുപാത്രങ്ങളായി... മണൽക്കാറ്റിൽ നിവസ്സികൾ അകെ ഉരുകി ഒലിച്ചു....പാതിരാത്രിവരേയും വൈദ്യുതി വന്നില്ല.
കൊത്തളങ്ങളിൽ നിന്നും ഷെയ്ക്കുമർ തഴെ മണ്ണിലേയ്ക്ക്‌ ഇറങ്ങിവന്നു....ഒട്ടകങ്ങളെപ്പോലെ അവർ മരുപ്പച്ചകൾ തേടി അലഞ്ഞു....

എന്റെ മുറിയിലാകെ ഇരുട്ടായിരുന്നു. ഒരു മെഴുകുതിരിയുടെ തരി പോലും കയ്യ്‌വശം ഉണ്ടായിരുന്നില്ല.ദുബയിൽ ഇങ്ങനെ വൈദ്യുതി തകരാറിലാകുന്നത്‌ എന്റെ അറിവിൽ അദ്യമായിരുന്നു.
ദിനകൃത്യങ്ങൾ ഒരു വിതം പൂർത്തീകരിച്ച്‌, എണ്ണമറ്റ പടികൾ എല്ലാം തപ്പിയും തടഞ്ഞും ഓടി ഇറങ്ങി,വിയർപ്പിൽ കുതിർന്ന്, കിണച്ച്‌, ഒരു വിതത്തിൽ ഞാൻ എന്റെ വസതിക്ക്‌ താഴെ എത്തിച്ചേർന്നു. അപ്പോഴും അങ്കിൾ വണ്ടിയും ആയി എത്തിയിരുന്നില്ല...

7മണി അയിട്ടും അങ്കിളിനെ കണുന്നില്ല. മൊബയിൽ ഫൊണെടുത്ത്‌ ഒരു വിഫല ശ്രമം നടത്തിനോക്കി. എത്തിസലാത്തിന്റെ ടവറുകളും പ്രവർത്തന രഹിതമായതിനാൽ ആകണം, ഫോണിൽ സിഗ്നൽ ഒന്നും കണ്ടില്ല... ഒരു പക്ഷേ വൈദ്യുതി നിലച്ചതിനാൽ, അങ്കിളും തയ്യാറാകാൻ വൈകിയിരിക്കാം....

ഞാൻ അതുവഴിവന്ന ഒരു ടാക്സിക്ക്‌ കൈയ്‌ കാട്ടി. അതിൽ കയറി അങ്കിളിന്റെ വാസസഥലത്തേയ്ക്കു പുറപ്പെട്ടു. അങ്കിൾ വണ്ടിയുമായി പോകൂന്നുണ്ടോ എന്ന്, വഴിയിൽ ഉടനീളം ടാക്സിയിൽ ഇരുന്നും ഞാൻ വെളിയിലേയ്ക്കു നോക്കികൊണ്ടേയിരുന്നു. ഞങ്ങളുടെ കമ്പനിവണ്ടികളിൽ എല്ലാം കമ്പനിയുടെ എമ്പ്ലം പതിപ്പിച്ചിട്ടുണ്ട്‌, അതിനാൽ വണ്ടികൾ തിരിച്ചറിയാൻ എളുപ്പമാണ്‌...

ടാക്സിയിൽനിന്നും ഇറങ്ങി,അങ്കിൾ താമസ്സിക്കുന്ന ആ പഴകിയ കെട്ടിടത്തിന്റെ പടവുകൾ ഓടിക്കയറി, ഞാൻ അങ്കിളിന്റെ റൂമിന്റെ മുന്നിലെത്തി. അവിടെ അങ്കിളിന്റെ സഹവാസികളിൽ ചിലരും ചില അയൽവാസികളും തിങ്ങി നിൽപ്പുണ്ടായിരുന്നു. അവരുടെ ഇടയിലൂടെ ഞാൻ ഉള്ളിലേയ്ക്കൊന്ന് എത്തിനോക്കി.

അറിയതെ ഒരു വിറയൽ എന്റെ ശരീരത്തെ നടുക്കിക്കളഞ്ഞു... ഞാൻ ഒന്നുകൂടെ കണ്ണുകൾ മിഴിച്ചുനോക്കി.... അതേ അങ്കിളുതന്നെ... മുറിയുടെ ഒത്തനടുവിൽ, മുകളിലെ ഫാനിന്റെ നീണ്ടകാലിൽ, ഉടുതുണികൊണ്ട്‌ കുരുക്കിട്ട്‌ തൂങ്ങിനിൽക്കുന്ന വിറങ്ങലിച്ച ശരീരം... കയ്യിലേയും കാലിലേയും ഞെരമ്പുകൾ വലിഞ്ഞു മുറുകി പിടച്ചു നിൽക്കുന്നു.... ആ മുഖത്തേയ്ക്ക്‌ ഒന്നു നോക്കുവാൻ എനിക്കു ധൈര്യം ഉണ്ടായില്ല....

തൊട്ട്‌ അടുത്തുതന്നെ കസ്സേരയിൽ.., കറുത്ത മക്ഷിയിൽ കുനുകുനാന്ന് എന്തൊക്കെയോ എഴുതിയ ഒരു വെള്ള കടലാസ്സും, ഒരു ഇൻഷുറൻസ്സ്‌ പൊളിസ്സിയും, ABN Ambro ബാങ്കിന്റെ ഒരു ക്രെഡിറ്റ്‌ കാർഡും അതിനെല്ലാം മുകളിലായി സാംസങ്ങിന്റെ ഒരു മൊബയിൽ ഫോണും വച്ചിരുന്നു....

അങ്കിൾ പറഞ്ഞ്‌ പറഞ്ഞ്‌, ഉള്ളിൽ പതിഞ്ഞ ആ മുഖങ്ങൾ എന്റെ മുമ്പിൽ ഓടിയെത്തി...
നേഴ്സ്സിഗിന്‌ രണ്ടാം വർഷം പഠിക്കുന്ന മകൾ, എഞ്ചിനീയറിഗിന്‌ ഒന്നാം വർഷം പഠിക്കുന്ന മകൻ. മക്കളുടെ ഭാവിയെക്കുറിച്ചും പെരുകുന്ന കടക്കെണിയെ ക്കുറിച്ചും ആകുലയായിക്കഴിയുന്ന ഭാര്യ...
എങ്ങനെ എങ്കിലും ദുബയിൽ വന്നുപെട്ടാൽ, പണം വാരികൂട്ടാം എന്ന പ്രതീക്ഷയിൽ വലിയ ഒരു തുക പലരിൽ നിന്നും കടം വാങ്ങിയാണ്‌ അങ്കിൾ ഈ നാട്ടിൽ വന്നെത്തിയത്‌. മക്കളുടെ പഠനത്തിനായി വീണ്ടും കടങ്ങൾ വാങ്ങേണ്ടി വന്നു...പാതി പണി തീർന്ന വീടും ജപ്തിയുടെ ഭീക്ഷണിയിൽ തന്നെ....
ഈ മരുവിലെ തുശ്ചമായ ശമ്പളവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കൊണ്ട്‌, ഒരു ജന്മം മുഴുവൻ ഇനി പണീ എടുത്താലും കടങ്ങൾ വീട്ടുവാൻ ആവില്ല എന്ന് അദ്ദേഹത്തിന്‌ ബോധ്യമായിക്കഴിഞ്ഞിരുന്നു....

എല്ലാത്തിൽ നിന്നും... എല്ലാവരിൽ നിന്നുമുള്ള... ഒരു ഒളിച്ചോട്ടമായിരുന്നു അത്‌...

ആരോ വിവരം അറിയിച്ചതിനാലാവണം, സൈറൺ മുഴക്കികൊണ്ട്‌ ഒരു ആബുലൻസ്സും ഒരു പൊലീസ്സ്‌ വണ്ടിയും താഴെ വന്നെത്തി... ഒരു സ്‌ട്ക്ച്ചർ കയ്കളിൽ ഏന്തി, ചുവന്ന വസ്ത്രം ധരിച്ച രണ്ട്‌ ആളുകളും, അവരോടൊപ്പം പച്ച വസ്ത്രം ധരിച്ച മൂന്ന് പൊലീസുകരും, പടികൾ കയറിവന്നു.

പോലീസ്സുകാർ അങ്കിളിന്റെ സഹവാസ്സികളിൽ ചിലരോട്‌ എന്തൊക്കയോ ചോദിച്ച്‌ എഴുതിയെടുത്തു.തൂങ്ങി നിൽക്കുന്ന മൃതദ്ദേഹത്തിന്റെ ചുറ്റിലും നിന്ന് ഒന്നുരണ്ട്‌ ഫോട്ടോകൾ എടുത്തു...അടുത്ത്‌ കസ്സേരയിൽ ഉണ്ടായിരുന്ന വസ്തുക്കൾ ഒരു പ്ലാസ്റ്റിക്ക്‌ കവറിനുള്ളിലാക്കി...,ഫാനിൽ നിന്നും കുരുക്കറുത്ത്‌ മൃതദ്ദേഹം സ്ട്രക്ച്ചറിൽ കിടത്തി..., ഒരു വെളുത്ത തുണികൊണ്ട്‌ അതുമൂടി...ചുവന്ന വസ്ത്രധാരികളായ ആ രണ്ടുപേർ ചേർന്ന് അത്‌ കൈകളിൽ ഏന്തി...

അവരെല്ലരും പടികൾ ഇറങ്ങി താഴോട്ടു പോയി...വീണ്ടും സയറൺ മുഴക്കി വാഹനങ്ങൾ അകന്നു പോയി...

അവിടെ കൂടിയിരുന്ന പ്രവാസ്സികളുടെ കണ്ണുകൾ ചുവന്നിരുന്നു...കണ്ഠങ്ങൾ ഇടറിയിരുന്നു... അവർ പരസ്പരം എന്തൊക്കയോ പിറുപിറുത്തുകൊണ്ടേയിരുന്നു...

പ്രവാസ്സികളൂടെ നെടുവീർപ്പുകൾ മുകളിലേയ്ക്കുയർന്നു....

അത്‌ മേഘങ്ങളിൽ തട്ടി ഘനീഭവിച്ച്‌ മഞ്ഞും മഴയും ആയി...

പുകയും പൊടിയുമായി കുഴഞ്ഞ്‌... ചുവന്ന കണ്ണീർത്തുള്ളികളായി താഴോട്ടു പതിച്ചു....

അതിൽ ദുബായി നഗരമാകെ മങ്ങിപ്പോയി...

രണ്ടു ദിവസത്തിനു ശേഷം, അങ്കിളിന്റെ മൃതദ്ദേഹം പോസ്റ്റുമാർട്ടവും, മറ്റു ഫോർമാലിറ്റികളും പൂർത്തിയാക്കി, വളരെ മനോഹരമായി പായ്ക്കു ചെയ്ത്‌, നാട്ടിലെ വിലാസത്തിൽ അയ്ക്കപ്പെട്ടു....

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉറ്റവർക്കും ഉടയവർക്കുമായി... ഒരു ഗൾഫുകാരന്റെ...സമ്മാനം.....

ഇന്നും ഗൾഫുനാടുകളിൽ, അപ്രതീക്ഷിതമായി മഞ്ഞും മഴയും ഉണ്ടാകാറുണ്ട്‌......

പുകയും പൊടിയും, മാനം മുട്ടിനിൽക്കുന്ന മണിമേടകളെ മറയ്ക്കാറുമുണ്ട്‌......

11 comments:

മായാവതി said...

all d best

Rare Rose said...

മരുഭൂമിയിലെ മദിപ്പിക്കുന്ന സ്വപ്നങ്ങളില്‍ ആകൃഷ്ടരായി ഒടുവില്‍ എവിടെയും എത്താതെ ഇങ്ങനെയെത്രയെത്ര മുഖങ്ങള്‍ ല്ലേ....:(

പിരിക്കുട്ടി said...

no comments da...

ninakkavare anewshichu oru cheriya help cheythoode?

SreeDeviNair.ശ്രീരാഗം said...

PIN.

ദേവദൂതന്മാര്‍
ഇന്നും ജനിച്ചുകൊണ്ടേ-
യിരിക്കുന്നൂ..
മരണമില്ലാത്തസ്നേഹവും..

സസ്നേഹം,
ചേച്ചി..

OAB/ഒഎബി said...

മരുഭൂമിയിലെ തത്രപ്പാടിനിടയില്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ പലറ്ക്കും ഉണ്ട്.
പത്ത് കിട്ടുമല്ലൊ എന്ന് കരുതി പതിനഞ്ച്
മുന്നേക്കൂട്ടി ചിലവാക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.
എന്തിനാ അങ്കിള്‍മാരെ നിങ്ങള്‍ ഞങ്ങളെ ഇങ്ങനെ
നൊമ്പരപ്പെടുത്തുന്നത്.

അരുണ്‍ രാജ R. D said...

കൊത്തളങ്ങളിൽ നിന്നും ഷെയ്ക്കുമർ തഴെ മണ്ണിലേയ്ക്ക്‌ ഇറങ്ങിവന്നു....ഒട്ടകങ്ങളെപ്പോലെ അവർ മരുപ്പച്ചകൾ തേടി അലഞ്ഞു....മനോഹരമായ പ്രയോഗം..
ഹൃദയത്തെ പിടിച്ചു കുലുക്കിക്കളഞ്ഞു..അഭിനന്ദനങ്ങള്‍...

അപരിചിത said...

ഗള്‍ഫ്‌ നാടുകളില്‍ പോയി ജീവിതം ഒന്നു കരകയറ്റണം എന്ന മോഹവുമായി വരുന്നവര്‍ എത്ര പേര്‍ എന്തു കൊണ്ടു അവര്‍ക്കു അവരുടേ പ്രതീക്ഷകള്‍ക്കൊത്തു ഒന്നും നേടാന്‍ കഴിയാത്തതു?
ഒരു ഗൾഫുകാരന്റെ...സമ്മാനം!!!

a LIFE thru words,rite?hw many unheard stories still happening there...?the silent moan for some helping hand...can u hear that somewhere?

:(

Anonymous said...

കുറേ നാള്‍ മുന്‍പ് ഒരു വെബ് സൈറ്റിലെ ഒരു ആര്‍ട്ടിക്കിളിനു വേണ്ടി ഗള്‍ഫ് ജീവിതത്തിന്‍റെ ചില അനുഭവങ്ങള്‍ ശേഖരിച്ചിരുന്നു.
അന്ന് മനസില്‍ നീറ്റലായിരുന്നു
അണയാതെ കിടന്ന ഏതോ ഒരു കനല്‍ വീണ്ടും പുകയുന്നു.
നമുക്ക് നേരിട്ടറിയാവുന്ന പലരുമുണ്ട്
പളപളപ്പന്‍ കുപ്പായവും അത്തറും പൂശിവരുന്ന ഗള്‍ഫ് സങ്കല്‍പ്പത്തെ നിരാശപ്പെടുത്താതിരിക്കാനായി
മുണ്ട് മുറുക്കി ഉടുക്കുന്നവര്‍
വിശപ്പിനെ തമാശയാക്കുന്നവര്‍
കൂട്ടുകാരാ
വെറുതെ സഹതപിക്കാനല്ലാതെ എന്തുചെയ്യാമെന്നു കൈമലര്‍ത്തുന്നവരാണധികവും
അങ്ങനെയല്ലാത്തവരുമുണ്ട്
അയല്‍ക്കാരനെ സ്വന്തക്കാരായി കരുതുന്ന അത്തരക്കാര്‍ക്കൊപ്പം കൂടിക്കൂടേ

എഴുത്ത് ലളിതമാണ്
തീര്‍ച്ചയായും
വായന തുടരുന്നതാണ്

joice samuel said...

നന്‍മകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!

രസികന്‍ said...

വായിച്ചപ്പോള്‍ മനസ്സു നീറുന്നു

നല്ലശൈലി ഇനിയും തുടരുക

ആശംസകൾ

ajeeshmathew karukayil said...

നന്‍മകള്‍ നേരുന്നു......
നല്ലശൈലി ,ഇനിയും തുടരുക