Thursday, 31 July 2008

എന്തിനീ കുത്തിക്കുറിപ്പുകൾ...???

കളകളം ചൊല്ലിയും,തീരത്തുറങ്ങുന്ന ചില്ലകളെ മെല്ലെ കയ്യൈതൊട്ടുണർത്തിയും,
അകലെ നിന്നോടിയെത്തുന്ന ഇളംങ്കാറ്റിനെ നെഞ്ചോടു ചേർത്തു പുൽകിയും,
അതിൻ കവിളിൽ ഉള്ളിന്റെ ഉള്ളിലെ കുളിർ ചുമ്പനമേകിയും,പിന്നീടതിനെ മനസ്സില്ലാമനസ്സോടെ മറ്റൊരു ദിക്കിലേയ്ക്കുള്ള യാത്രാമൊഴി നേർന്നയക്കുകയും ചെയ്യുന്ന ഒരു കൊച്ചരുവി പോലാകണം എന്നെഴുത്തുകൾ എന്ന് എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.
സമയം ഒരു കടുത്ത പാശമായി എന്റെ അനുദിന ജീവിതത്തെ വരിഞ്ഞു മുറുക്കികൊണ്ടേയിരിക്കുന്നു. തിരക്കേറിയ പകൽ ജോലിക്കും, വൈകിയ രാവിലെ നിദ്രയിക്കും ഇടയിലുള്ള ഒരു ഞാണിന്മേൽ കളിയാണു ശരിക്കും എന്റെ ഈ എഴുത്തുകൾ....
ഞാൻ ഏറെ സ്നേഹിക്കുന്ന ഈ പതിവ്രതയെ മറ്റുള്ള സമ്മർദ്ദത്താൽ കയിവിടേണ്ടി വരുമോ എന്നും ഞാൻ ഭയക്കുന്നു....
എഴുതാൻ വേണ്ടി എഴുതുന്ന ശീലം എനിക്കില്ല. വാക്കുകൾക്ക്‌ തൊങ്ങലുകൾ ചാർത്താൻ ശ്രമിച്ചാൽ ചിലപ്പോൾ ഈ രാവു മുഴുവൻ എനിക്കു നഷ്ടമായേക്കാം.
പിന്തിരിഞ്ഞു നോക്കാതെ ഒറ്റ ശ്വാസത്തിൽ എഴുതി തീർക്കുകയാണ്‌ പലപ്പോഴും എന്റെ പതിവ്‌........
ആ കിതപ്പുമാറുമ്പോൾ മനസ്സ്‌ സ്വസ്തമാകും..........
മനസ്സിൽ എന്തെങ്കിലും കൊണ്ടുകയറുമ്പോൾ, ഓർമ്മയുടെ കയത്തിൽ നിന്നും ഗഥകാലങ്ങൾ ഒരോന്നായി നുരപൊന്തിവരുമ്പോൾ, ഇരുണ്ട രാവുകളിൽ ഉറക്കമൊഴിഞ്ഞ്‌ ഞാൻ എഴുതാൻ ഇരിക്കും.......
ഇടനെഞ്ചിൽ ചിന്തകൾ കയറിക്കൂടി ചിക്കിചികയുമ്പോൾ അനുഭവപ്പെടുന്ന വല്ലാത്ത നീറ്റലിൽ എനിക്കുറങ്ങാൻ ആവില്ല......അവയെ പുറന്തള്ളാൻ ഞാൻ അറിയാതെ എഴുതിപ്പോകും........
ആ ആലസത്തിൽ ഞാൻ അറിയാതെ മയങ്ങി പോകും..........അതിനുവേണ്ടിയാണ്‌ എന്റെ ഈ കുത്തി കുറിപ്പുകൾ......

ആത്മ സംതൃപ്തിക്ക്‌ എന്നതിലുപരിയായി, പ്രക്ഷുപ്തമായ മനസ്സിനെ ശാസിച്ചു ശാന്തമാക്കുന്ന ചില പുലമ്പലുകൾ കൂടി ആകാം ഈ കുറിപ്പുകൾ.......
ഒരു ഏകാകിയുടെ നോവലുകളും തേങ്ങലുകളും ഇവിടെ കേട്ടേക്കാം.......
സ്വദേശത്തേയ്ക്കുള്ള അയനത്തിനായി നാൾനോറ്റുകഴിയുന്ന ഒരു പ്രവാസിയുടെ പരിവേതനങ്ങളും, മതൃഭാക്ഷാസംവേദത്തിന്‌ അവസരങ്ങൾ വിരളമായ ഒരു ദേശസ്നേഹിയുടെ ആത്മനൊമ്പരങ്ങളും ഇവിടെ ദർശിക്കാൻ കഴിഞ്ഞേക്കാം............
ഒരു യുവാവിന്റെ സ്വപ്നങ്ങളും,മോഹഭംഗങ്ങളും ഇവിടെ കുറിക്കപ്പെട്ടേക്കാം..........

എല്ലാം കഴിയുമ്പോൾ, പരിമിതികൾ മൂലം നവോഢയെ വേണ്ടുംവിതം ചമച്ചയക്കാൻ ആവാത്തതിലുള്ള ഒരു പിതാവിന്റ്‌ കുറ്റബോധവും എന്നിൽ ഉണ്ടാകാറുണ്ട്‌...........

ഇത്‌ ലഹരിയുടെ ഉന്മാദത്താൽ ഉത്ഘോഷിക്കുന്ന പൊയ്‌വാക്കുകൾ അല്ല.......
പുളിച്ച വീഞ്ഞിന്റെ തികട്ടലുകളായി ഇവയെ അവഗണിക്കുകയുമരുത്‌..................
എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും കിനിയുന്ന ചുടുനിണം തന്നെയാണിത്‌................

ഹായ്‌.. നിർവൃതിയുടെ ഈ നിമിക്ഷങ്ങളിൽ എന്റെ കണ്ണുകൾ പാതി മയങ്ങിക്കഴിഞ്ഞു......
ഇനി കരങ്ങൾക്ക്‌ എഴുതുവാൻ ശക്തിപോര........
പാതിതുറന്ന ജെനൽ പാളികൾക്കിടയിലൂടെ തീരക്കാറ്റ്‌ എന്നെ പുണരാൻ പതുങ്ങി എത്തിക്കഴിഞ്ഞു........
തിരികൾ അണച്ച്‌ ഇനി ഞങ്ങൾ ഉറങ്ങട്ടെ.....
ശുഭരാത്രി......

3 comments:

siva // ശിവ said...

തുടര്‍ന്നും എഴുതൂ...

Rare Rose said...

മനസ്സില്‍ നിന്നും അറിയാതെ പ്രവഹിക്കുന്ന വാക്കുകള്‍ക്ക് അതിന്റേതായ സൌന്ദര്യമുണ്ടായിരിക്കും...കരുതിക്കൂട്ടി എഴുതുന്നതിനേക്കാള്‍ ആത്മാര്‍ത്ഥമായിരിക്കുമത്....അതു കൊണ്ടു മടിച്ചു നില്‍ക്കാതെ ഈ കുറിപ്പുകള്‍ തുടരൂ...

ഓ.ടോ :-
ആ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു മാറ്റിക്കോളൂട്ടോ...അല്ലെങ്കില്‍ കമന്റുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമത്...

Sarija NS said...

മനസ്സിനിണങ്ങുന്നത് പോലെ എഴുതിക്കോളൂ...