Wednesday 30 July 2008

മേരി കശ്മീർ കി കുങ്കും......

ഉച്ച സമയത്തെ വിശ്രമവേളയിൽ വെറുതെ മാഗസിന്റെ താളുകൾ മറിച്ചുകൊണ്ടിരുന്നപ്പൊൾ, SM എന്റെ അരികിലേയ്ക്കു വന്നു. ഞങ്ങളുടെ കമ്പനിയിലെ purchase officer ആണ്‌ അദ്ദേഹം. രണ്ടു മാസത്തെ ഒഴിവുകാലം ചിലവിടുന്നതിനായി ഇന്ത്യയ്ക്കു പോകാൻ തയ്യാറെടുക്കുകയാണ്‌ അദ്ദേഹം.

നൂറ്‌കണക്കിന്‌ ആളുകൾ എന്റെ ശ്രമപരമായി ഇതിനോടകം ഇന്ത്യ സന്ദർശിച്ചുണ്ട്‌. തീർച്ചയായും ഇന്ത്യൻ സർക്കർ എനിക്ക്‌ ഇതിനായി എന്തെങ്കിലും പാരിതോഷികം തരേണ്ടതാണ്‌.മടങ്ങി വരുമ്പോൾ നമ്മുടെ നാടിന്റെ പൊതുസ്ഥലങ്ങളിലെ വൃത്തിയില്ലായിമകളെകുറിച്ചും, യാചകരെകുറിച്ചും ചില പരാതികൾ പറയും എന്നതൊഴിച്ചാൽ മിക്കവർക്കും നമ്മുടെ നാടിനെ ഇഷ്ടമാണ്‌.

ഹരിതാഭമാർന്ന നമ്മുടെ കൊച്ചു കേരളത്തിൽ തുടങ്ങി, പ്രേമപ്രതീകമായ താജ്മഹലിനെകുറിച്ചും,ജയപ്പൂരെ എണ്ണമറ്റ കൊട്ടരങ്ങളെക്കുറിച്ചും,മഞ്ഞുമൂടിയ ഹിമാലയസാനുക്കളെക്കുറിച്ചും,കശ്മീരിലെ കുങ്കുമ പാടങ്ങളെക്കുറിച്ചും എനിക്കറിവുള്ളതൊക്കെ പറഞ്ഞുകൊടുത്തു.കശ്മീരിലെ കുങ്കുമപൂവിന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സ്‌ എവിടെയൊ ഒന്നുടക്കി... കുറച്ചു വർഷങ്ങൾ പിന്നിലേയ്ക്ക്‌ അതെന്നെ പിടിച്ചു വലിച്ചു.........

ജോലിസംബന്ധമായി പാനിപ്പറ്റിലെയ്ക്കു സ്ഥലമാറ്റം കിട്ടിയപ്പോൾ, ഒരു പുതിയ്‌ സ്ഥലം കൂടിപരിചയപ്പെടാമല്ലൊ എന്നുമാത്രമെ ഞാൻ കരുതിയിരുന്നുള്ളു. ചെന്ന ഉടനെ ഒരു നല്ല താമസസ്ഥലം കണ്ടെത്താൻ എനിക്കായില്ല. രണഭൂമി ആയിരുന്ന പാനിപ്പറ്റ്‌ ഇന്നു വളരെ തിരക്കേറിയ ഒരു നഗരമാണ്‌. അല്പം തിരക്കൊഴിഞ്ഞ എതെങ്കിലും പ്രദേശത്തു താമസിക്കാൻ ആയിരുന്നു എനിക്കു താല്‌പര്യം.

പാനിപ്പറ്റിൽ നിന്നും ഏകദേശം 25 കിലോമീറ്ററോളം ദൂരെ മാറി,ഘോറൊണ്ടാ എന്നസ്ഥലത്ത്‌ ഹൈവയോടുചേർന്ന്, കത്തൂരിയാ ഹൊട്ടലിൽ ഞാൻ ഒരു മുറി വടകയ്ക്ക്‌ എടുത്തു...മാസവാടക അല്‌പം കൂടുതൽ ആയിരുന്നു എങ്കിലും, ഒരു വീട്‌ തരമാകുന്നതുവരെ അവിടെ താമസ്സിക്കാൻ ഞാൻ തീരുമാനിച്ചു. ദൽഹിയിൽ നിന്നും ഛണ്ടിഗഡിന്‌ പോകുന്ന ലക്ഷ്വറിബസ്സുകളുടെ ഇടത്താവളം കൂടി ആയിരുന്നു ആ ഹോട്ടൽ. ബസ്സുവരുന്ന സമയം ഒഴിച്ചാൽ പൊതുവെ ശാന്തമായിരുന്നു അവിടം.

അന്നും,ഇന്നും,എന്നും അല്‌പം കറങ്ങി നടക്കുന്ന സ്വഭാവം എനിക്കുണ്ട്‌. അങ്ങനെ ഉള്ള അലച്ചിലിനിടയിൽ പതിവായി ഞാൻ ഒരു പെൺകുട്ടിയെ കാണാൻ ഇടയായി.അടുത്തുള്ള കൃഷ്ണഷേത്രത്തിലും, പരിസ്സരങ്ങളിലുള്ള ഷോപ്പിഗ്‌ സെന്ററുകളിലും, കൂട്ടുകാരൊത്ത്‌ ചുറ്റിത്തിരിഞ്ഞതിനുശേഷം, അവൾ ഒറ്റയ്ക്കു വീട്ടിലേയ്ക്ക്‌ മടങ്ങും വഴിയാണ്‌, ഞങ്ങൾ സാധാരണ കാണാറ്‌. ആദ്യം ഒക്കെ വെറും പുഞ്ചിരി മാത്രമെ ഉണ്ടായിരുന്നുള്ളൂ .

പരിസ്സരങ്ങളിലുള്ള വെജിറ്റേറിയൻ ഹോട്ടലുകളേയും,തിയേറ്ററുകളേയും,ചില സാധങ്ങൾ കിട്ടുന്ന കടകളേയും കുറിച്ച്‌ അനാവശ്യമായ പല ചോദ്യങ്ങളും ഉന്നയിച്ച്‌...ഞാൻ അവളുമായി സംസ്സാരിക്കാൻ അവസ്സരങ്ങൾ തരപ്പെടുത്തിപോന്നു...പതുക്കെ പതുക്കെ അത്‌ ഒരു നല്ല സൗഹൃതമായി വളർന്നുകൊണ്ടേയിരുന്നു.

നീണ്ടു സുന്ദരിയയിരുന്ന അവളുടെ കണ്ണുകൾക്ക്‌ ഒരു പ്രത്യേക ആകർഷണീയത ഉണ്ടായിരുന്നു.അവളുടെ കവിളുകൾക്ക്‌ കശ്മീരി കുങ്കുമത്തിന്റെ നിറമായിരുന്നു.

അവൾ കാശ്മീരി ബ്രാഹ്മണ സമുദായത്തിൽ പെട്ടതാണെന്നും, അവളുടെ പിതാവ്‌ അവിടങ്ങളിൽ എല്ലാവർക്കും ആദരണീയനായ ഒരു സംസ്കൃതാദ്ധ്യാപകൻ ആണെന്നും എനിക്ക്‌ താമസ്സിയാതെ മനസ്സിലാക്കാൻ കഴിഞ്ഞു.... .കൂടാതെ അവരുടെ കുടുംബവകയായി പലതരത്തിലുള്ള വ്യാപാരങ്ങളും പരവതാനികൾ ഉണ്ടാക്കുന്ന മില്ലുകളും ഉണ്ടായിരുന്നു. ചുരുക്കത്തിൽ അവൾ (US) സമ്പന്നയും കുലീനയും ആയിരുന്നു.


പരദേശിയായ എനിക്കു ലോക്കൽ അളുകളുമായി വലിയ പരിചയവും ഉണ്ടായിരുന്നില്ല. ആയതിനാൽ താമസ്സിക്കാൻ നല്ല ഒരു വീട്‌ എനിക്ക്‌ കണ്ടെത്താനും ആയില്ല. എന്റെ അവസ്ഥ മനസ്സിലാക്കിയ അവൾ എനിക്കായി അവളുടെ ഒരു അകന്ന ബെന്ധുവിന്റെ വീടു വാടകയ്ക്കു തരപ്പെടുത്തി തന്നു.അവർ വീടു ബ്രാഹ്മണർക്കല്ലാതെ മറ്റുള്ള സമുദയക്കർക്കു നൽകാൻ തയ്യാറല്ലായിരുന്നു.. അവളു ടെ നിർബന്ധത്തിനു വഴങ്ങി അവസാനം എനിക്കുതരുകയാണുണ്ടായത്‌.


കേരളത്തിലെ കത്തോലിക്കരായ ഞങ്ങളും ഒരുകാലത്ത്‌; ബ്രാഹ്മണ്യരായിരുന്ന നമ്പൂതിരികുലത്തിൽ പെട്ടവരായിരുന്നു എന്നും, അതിനാൽ അബ്രാമണനാണ്‌ വസ്സിക്കുന്നതെന്ന വിഷമം വേണ്ട എന്നും, വീട്ടുടമസ്ഥരെ ധരിപ്പിച്ചുകൊള്ളു എന്ന് ഞാൻ അവളോടു പറഞ്ഞു.
എങ്കിൽ പൂണൂൽ എവിടെ എന്നായി അവൾ...
പൂണൂൽ ഞാൻ മാറത്തല്ല, മറിച്ചു മാറിനുള്ളിലാണു ധരിക്കാറ്‌ എന്ന് മറുപടി നൽകി.

തന്നെയുമല്ല അതിഥി ദേവഹഃ ഭവോ എന്നല്ലേ,

അതിനാൽ നിന്റെ ദേശത്ത്‌ അതിഥിയായി എത്തിയിരിക്കുന്ന എന്നെ നീ ദേവനായി കാണണം എന്നുകൂടി ഞാൻ പറഞ്ഞു.
ശരി, അങ്ങനെ തന്നെ ആയിക്കൊള്ളാം... ..ചിരിച്ചുകൊണ്ട്‌ അവൾ തലയാട്ടി...

അംഗരാജാവായിരുന്ന കർണ്ണന്റെ പേരിലുള്ള കർണ്ണാൽ എന്ന ദേശത്തായിരുന്നു എന്റെ വാടക വീട്‌. ധാനശീലനായ കർണ്ണാന്റെ ദേശം.... കർണ്ണൻ ഒരു വൃദ്ധബ്രാമണന്‌ തന്റെ പല്ല് ധാനം കൊടുക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന, ഒരു പ്രതിമയും ഈ നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്‌.

ഞാൻ താമസ്സിച്ചിരുന്ന വീടിനും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. കർണ്ണാലിൽ സെക്ടർ 8 ൽ 108 ആയിരുന്നു എന്റെ വീട്‌. 108 വളരെ പ്രത്യേകത ഉള്ള ഒരു സംഖ്യ അണ്‌.
രുദ്രാക്ഷ മാലകളിലെ കുരുക്കളുടെ എണ്ണവും 108 അണ്‌.
ശ്രീകൃഷ്ണൻ വൃന്ദാവനത്തിൽ 108 ഗോപസ്ത്രീകളോടൊത്താണ്‌ നൃത്തമാടിയിരുന്നത്‌. പിന്നിട്‌ കൃഷ്ണൻ വിവാഹം ചെയ്തത്‌ 16,108 സ്ത്രീകളെ ആണ്‌..നടരാജനായ ശിവൻ 108 പൊസിഷനുകളിലാണ്‌ നൃത്തം ചെയ്തത്‌.

ബുദ്ധവിഹാരങ്ങൾക്ക്‌ 108 പടികളാണുള്ളത്‌.ശരീരത്തിൽ 108 മർമ്മങ്ങളുണ്ട്‌.ഭൂമിയുടെ വലിപ്പത്തിന്റെ 108 മടങ്ങാണ്‌ സൂര്യന്റെ വലിപ്പം. അതുപോലെ തന്നെ സൂര്യന്റെ വലിപ്പതിന്റെ 108 മടങ്ങാണ്‌ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം.ഇന്ത്യയിൽ അത്യാഹിത നമ്പർ 108 ആണ്‌....

അങ്ങനെ പലതരത്തിൽ പ്രത്യേകതകൾ നിറഞ്ഞ ആ 108ആം നമ്പർ വീട്ടിൽ ഒരു അവതാര പുരുഷനായി ഞാൻ വാണുപോന്നു...


ഒഴിവു ദിനങ്ങൾ ഞങ്ങൾ ഒന്നിച്ചു ചിലവഴിക്കുകയും ഞാൻ അവളുടെ വീട്ടിലെ ഒരു സ്ഥിര സന്ദർശകനായി മാറുകയും ചെയ്തിരുന്നു. അവളുടെ പിതാവിൽ നിന്നും എനിക്കു വളരെക്കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. അവളുടെ വീട്ടിലെ അംഗങ്ങളെല്ലാരുമായി നല്ല ഒരു ബന്ധം സ്ഥാപിക്കാൻ എനിക്കായി. അവർ മൂലം എനിക്കു ചുറ്റുവട്ടങ്ങളിൽ നല്ല സുഹൃത്തുബന്ധങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. അങ്ങനെ പരദേശിയായിരുന്ന എന്നെ ദേവതുല്യനായ ഒരു അഥിതിയായി അവർ കരുതിപോന്നു.

US നല്ല ഒരു നർത്തകിയും ചിത്രകാരിയും അയിരുന്നു. അവളുടെ കൊലുന്നനെയുള്ള ശരീര ഘടനയിൽ നിന്നും, നീണ്ടു മെലിഞ്ഞ വിരലുകളിൽ നിന്നും, ഞാൻ അത്‌ നേരത്തെ ഊഹിച്ചിരുന്നു... അവളുടെ വീടിന്റെ ചുവരുകളിൽ അവൾ വരച്ച ചിത്രങ്ങൾ തൂക്കിയിട്ടിരുന്നു. കൂടുതലും പ്രേമാർത്ഥരായ രാധകൃഷ്ണന്മാരുടേതായിരുന്നു.

ഒരിക്കൽ ഞാൻ അവളുടെ വീട്ടിൽ ചെന്നപ്പോൾ,
കേരൾ കാ രാജ ആഹയാ...... സബ്‌ലോക്‌ ഉഡ്‌ കെ സലാം കരോ.... എന്ന് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അവളുടെ കൂട്ടുകാരോടായി അവൾ വിളിച്ചുകൂവി....

ഹെ, കശ്മീർ കി കുങ്കും.... പ്രണാം ഹം ലേലിയാ...എന്ന് കൈകൾ ഉയർത്തികൊണ്ട്‌ ഞാൻ പറഞ്ഞു.
അതിൽ പിന്നെ ഞാൻ US നെ കശ്മീർ കി കുങ്കും എന്നും അവൾ എന്നെ കേരൾ കാ രാജാ എന്നും വിളിച്ചു പോന്നു.

സമീപ പ്രദേശങ്ങളിലുള്ള പുരാണ പ്രസിദ്ധങ്ങളായ സ്ഥലങ്ങൾ ദർശിക്കുവാൻ ഞാൻ പ്രത്യേക താൽപര്യം കാട്ടിയിരുന്നു. കുരുക്ഷേത്ര,അംബാല,യമുനാനഗർ തുടങ്ങി പലപല സ്ഥലങ്ങളിൽ ഞങ്ങൾ യാത്ര ചെയിതു.US ന്റെ അയൽ വാസിയും അകന്ന ഒരു ബന്‌ധുവും അയിരുന്ന HS എന്ന യുവാവും ഞങ്ങൾക്കു കൂട്ടായി ഉണ്ടായിരുന്നു. സുമുഖനും സുന്ദരനുമായിരുന്ന അയാൾ വളരെ സൗമ്യ പ്രകൃതക്കാരനായിരുന്നു.. അയാളുടെ കാറിലയിരുന്നു ഞങ്ങളുടെ യാത്ര.

എനിക്ക്‌ ഒ‍ാരൊ സ്ഥലങ്ങളുടേയും പ്രാമുഖ്യം വിശദീകരിച്ചു തരുന്നതിൽ US ഉത്സുക ആയിരുന്നു.

അവളുടെ വാക്കുകളിലൂടെ, അവൾ ചൂണ്ടി കാണിച്ചിരുന്ന ഓരോ സ്ഥലങ്ങൾക്കും പിന്നിലുള്ള ചിത്രങ്ങൾ എനിക്ക്‌ കാണാനായി. പതറി നിൽക്കുന്ന പാർത്ഥന്‌ ഗീതമോതുന്ന കൃഷ്ണനനേയും, ചിതറിക്കിടക്കുന്ന ശവക്കൂമ്പാരത്തിൽ സ്വപുത്രൻമാരെ പേർ ചൊല്ലിവിളിച്ച്‌ പരതുന്ന ഗാന്ധാരിയേയും എനിക്ക്‌ വ്യക്തമായി കണാൻ കഴിഞ്ഞു...

അങ്ങനെ പാനിപ്പറ്റിലെ എന്റെ ഉദ്ദ്യോഗം ജോലി എന്നതിലുപരി, ഒരു തീർത്ഥാടനം ആയി മാറിക്കഴിഞ്ഞിരുന്നു....

സ്വപ്നതുല്യമായിരുന്ന ആ ദിനങ്ങൾ, അതിശൈത്യവും കൊടും വേനലുമായി, എന്റെ യുവ മനസ്സിൽ പല വർണ്ണങ്ങളും വാരിവിതറി കടന്നുപോയി. പതുക്കെ ഞാനും ആ നാടിന്റെ ഭാഗമായി മാറി.. അപ്പോഴേയിക്കും കമ്പനി എനിക്കായി വളരെ ദൂരത്തേയ്ക്കു ഒരു സ്ഥലമാറ്റം ഒരുക്കികഴിഞ്ഞിരുന്നു.

തീർത്ഥാടകന്‌ തീർച്ചയായും ഒരുന്നാൾ മടങ്ങി പോയേ മതിയാകു.....സ്ഥിരതയില്ലാത്ത ഒരു സഞ്ചാരം ആണലോ ഈ ജീവിതം തന്നേയും......ഉലകം തോറും പാറി നടക്കേണ്ട ദേശ്ശാടനകിളി.........

എനിക്കു പോകേണ്ട ദിവസം എത്തി.

തലേന്നു വൈകിട്ട്‌ US ന്റെ വീട്ടിൽ എനിക്കായി അത്താഴം ഒരുക്കിയിരുന്നു. കഴിക്കാൻ അവുന്നതിൽ കൂടുതൽ വിഭവങ്ങൾ ഉണ്ടായിരുന്നു.. പലതും US എനിക്കായി പ്രത്യേകം ഉണ്ടാക്കിയവ....അത്‌ അവളുടെ അമ്മ എടുത്തുപറയുകയും ചെയ്തു...രാത്രി വളരെ നേരം ഞങ്ങൾ എല്ലാവരും സംസ്സാരിച്ചിരുന്നു... പിറ്റേന്ന് അതിരാവിലെ HS എന്നെ എന്റെ താമസസ്ഥലത്തുനിന്നും ന്യൂ ദില്ലി എയിർ പോർട്ടു വരെ കൊണ്ടുചെന്നാക്കാം എന്നേറ്റു. ആ സ്നേഹസമ്പന്നരായ വീട്ടുകാർ ഓരോരുത്തരോടും പ്രത്യേകം നന്ദി പറഞ്ഞു, ഞാൻ പടി ഇറങ്ങി.

മനസ്സിൽ എന്തൊക്കയോ തിങ്ങി വിങ്ങി നില്‌പുണ്ടായിരുന്നു.വാക്കിലൂടെ ഒന്നും പുറത്തേയ്ക്കു വരുന്നുമില്ല...ഇരുട്ടിലൂടെ ഒന്നുരണ്ട്‌ ചുവടുകൾ മുന്നിലേയ്ക്ക്‌ നടന്നിട്ട്‌... ഞാൻ ഒന്നു തിരിഞ്ഞു നോക്കി.....US പടിക്കൽതന്നെ നില്‌പുണ്ട്‌.... അവളുടെ മനോഹരമായ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.... അവളുടെ നോട്ടം വെളിയിലെ ഇരുട്ടിനേയും കടന്ന് എന്റെ കണ്ണിൽ വന്നു തറച്ചു... അത്‌ എന്റെ കണ്ണിനേയും ഈറനാക്കി....

ഉറങ്ങാതെ ഉറങ്ങി ആ രാവ്‌ കടന്നുപോയി.പിറ്റേന്ന് അതിരാവിലെ HS വണ്ടിയുമായി എന്റെ താമസ സ്ഥലത്തെത്തി. ഞാൻ എന്റെ യാത്രാ സാമഗരികളുമായി വണ്ടിയിൽ ചെന്നുകയറി.ചെന്നപാടെ HS എനിക്കൊരു കവർ തന്നു. US എനിക്കു തരുവാൻ ഏല്‌പിച്ചതാണ്‌ എന്നു പറഞ്ഞു.യാത്രയ്ക്കിടെ ഞാൻ ആ കവർ തുറന്നു.
അതിനുള്ളിലെ വെള്ള കടലാസ്സിൽ പെൻസ്സിൽകൊണ്ടു വരച്ച അതിമനോഹരമായ ഒരു മുരളീകൃഷ്ണന്റെ ചിത്രം....

അതിന്റെ തലപ്പത്തായി കേരൾ കാ രജാ കൊ എന്നും,

ചുവടറ്റത്തായി പ്യാർ സെ കശ്മീർ കി കുങ്കും എന്നും എഴുതിയിരുന്നു.


ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി.

ആ കൃഷ്ണന്റെ മുഖത്തിന്‌ എന്നോടു സാദൃശ്യം!!!

ഒന്നെനിക്കുറപ്പായിരുന്നു അവൾ അത്‌ എന്നെ നോക്കി വരച്ചതായിരുന്നില്ല....അവളുടെ ഉള്ളിൽ പതിഞ്ഞ കൃഷ്ണ മുഖമായിരുന്നു അത്‌...

ഇന്നും ഒരു നിധിയായി ഞാൻ ആ ചിത്രം സൂക്ഷിക്കുന്നു.....ഇന്നും അതിൽ നോക്കുമ്പോൾ മനസ്സിന്റെ ഏതോ ചെറു നോവിന്റെ താഴ്വരകളിൽ കുങ്കുമപൂവുകൾ വിടരുന്നു....


നോക്കു... നേരം വല്ലാതെ വൈകിയിരിക്കുന്നു....അരഗ്ലാസ്‌ വയിൻ മാത്രമേ ഞാൻ ഇതുവരേയും കുടിച്ചിട്ടുള്ളു.....മറ്റേതൊ ലഹരിയിൽ ഞാൻ മുഴുകിപോയതിനാൽ ആവാം.....

3 comments:

siva // ശിവ said...

ഹായ് കേരൾ കാ രജാ...

ഹ ഹ.....അരഗ്ലാസ്‌ വയിൻ മാത്രമേ ഇതുവരേയും കുടിച്ചിട്ടുള്ളു.....

നല്ല ഓര്‍മ്മകള്‍....

Sarija NS said...

നന്നായിരിക്കുന്നു :-) . കുറച്ചൂടി മനോഹരമാക്കാമായിരുന്നില്ലെ? ധൃതി വേണ്ടാ എഴുതാന്‍ ട്ടൊ, മെല്ല കഥ പറഞ്ഞു പോയാല്‍മതി.

smitha adharsh said...

കാശ്മീരി കുങ്കുമിനെ നേരില്‍ കാണാന്‍ കഴിഞ്ഞു .
മനോഹരമായ വരികള്‍..