Thursday, 22 October 2009

ഓർമ്മയിൽ ഒരു ശിവരാത്രി

ഇന്നു ദീപാവലി... ദീപങ്ങളുടെ ആവലി...
നിര നിരയായി കത്തിനിൽക്കുന്ന ആ ദീപനാളങ്ങൾ എന്നിലെ ഓർമ്മകളെ പിടിച്ചു വലിക്കുന്നത്‌ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്ന ഒരു ശിവരാത്രി നാളിലേയ്ക്കാണ്‌...

അന്നു ഞാൻ പാനിപ്പറ്റിലായിരുന്നു. ശനിയും ഞായറും, തുടർന്നുവന്ന ശിവരാത്രിയുമായി എനിക്കു മൂന്നുനാലു ദിവസം അവധി കിട്ടി. ഞാനും സഹപ്രവർത്തകനായ KJയും ചേർന്ന് ഹരിദ്വാറിലേയ്ക്ക്‌ ഒരു യാത്ര പ്ലാൻ ചെയ്തു...

ആ സമയത്തു ഞാൻ കർണ്ണാലിൽ ഒരു വാടക വീട്ടിലാണു താമസ്സിച്ചിരുന്നതു. ഞാൻ ഹരിദ്വാറിനു പോകുന്നു എന്നു പറഞ്ഞപ്പോൾ വീട്ടുടമസ്ഥൻ ഒരു ചെറിയ കന്നാസു തന്നിട്ടു, അതിൽ ഗംഗജലം ശേഖരിച്ചു കൊണ്ടുവരാമോ എന്നു ചോദിച്ചു.... ശിവരാത്രിനാളിലും മറ്റും ഗംഗാജലം ശിവലിഗത്തിൽ ധാര ചെയ്യാൻ ഉപയോഗിക്കാറുണ്ട്‌.

ഭഗവാൻ ശിരസ്സിൽ നിന്നും ഒഴുക്കിക്കളയുന്ന ഗംഗജലം, വീണ്ടും അദ്ദേഹത്തിന്റെ മേൽ ചൊരിഞ്ഞാൽ ശിവപ്രീതിക്കുപകരം ശിവകോപമാണുണ്ടാവുക എന്നു ഞാൻ അയാളോടുപറഞ്ഞു... ഒരു നിമിഷം അയാൾക്കും ഒരു ചെറിയ സംശയം ഉണ്ടായി... സാരമില്ല ഞാൻ ഗംഗാജലം കൊണ്ടുവരാം എന്നു പറഞ്ഞപ്പോൾ അയാൾക്ക്‌ സമാധാനമായി.

ഞാനും KJയും, KJയുടെ ഭാര്യയും അവരുടെ നാലുവയസ്സുള്ള "നേഹ" എന്ന പെൺകുട്ടിയുമുണ്ട്‌. ഒരു ടൊയോട്ട ക്വാളിസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. ഡ്രൈവർ ഞങ്ങളുടെ കമ്പനിയുടെ ഡ്രൈവർതന്നെ ആയിരുന്നതിനാലും, എല്ലാവരും പരിചയമുള്ളവർ ആയതിനാലും വളരെ നല്ല ഒരു യാത്ര ആയിരുന്നു അത്‌.

KJയും കുടുംബവും ബംഗാളിൽ നിന്നുള്ള മുസ്ലീമുകൾ ആണ്‌. ശിവരാത്രി നാളിൽ അവരുടെ ഹരിദ്വാറിലേയ്ക്കുള്ള തീർത്ഥയാത്ര സ്വാഭാവികമായും "മൂൽ സിംഗ്‌" എന്ന ഡ്രൈവറിൽ ജിജ്ഞാസ ഉണ്ടാക്കി. അയാൾ അത്‌ എന്നോട്‌ രഹസ്യമായി തിരക്കുകയും ചെയ്തു.

KJയുടെ മാതാപിതക്കളുടേത്‌ ഒരു മിശ്രവിവാഹമായിരുന്നു. അയാളുടെ പിതാവ്‌ മുസ്ലീമും, അമ്മ ഹിന്ദുവുമായിരുന്നു. ആ സ്ത്രീ മരണം വരെ മതപരിവർത്തനവും, പേരുമാറ്റവും ചെയ്തിരുന്നില്ല. എങ്കിലും അവരുടെ മകൻ സമൂഹത്തിന്റെ മുമ്പിൽ മുസ്ലീമായി മാറുക ആയിരുന്നു. ഏതെങ്കിലും ഒരു മതത്തിന്റെ പിൻബലമില്ലാതെ മനുഷ്യർക്ക്‌ ഇന്ത്യയിൽ നില നിൽപില്ലല്ലോ...

വർഷങ്ങൾക്കുമുൻപ്‌ KJയുടെ അമ്മ ഏതൊരോഗത്താൽ മരണമടഞ്ഞു. ഹൈന്ദവ വിധിപ്രകാരമുള്ള ശേഷക്രിയകൾ ചെയ്യുവാൻ സമൂഹം അവരുടെ മുസ്ലീമായ ഏകമകനെ അനുവദിച്ചില്ല. അതിനാൽ ആ കർമ്മങ്ങൾ എല്ലാം സ്വപുത്രനായ KJയ്ക്കു പകരമായി ചെയ്തതു അയാളുടെ ഒരു ഹിന്ദു സുഹൃത്തായിരുന്നു.

KJയ്ക്ക്‌ ഇസ്ലാം മതത്തോടും ഹിന്ദു മതത്തോടും തുല്യമനോഭാവണ്‌ ഉള്ളതെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളതു. പരിചിതർ ഇല്ലാത്ത ഹൈന്ദവ പുണ്യസ്ഥലങ്ങളിൽ അമ്മയ്ക്കായി പൂജാകർമ്മങ്ങൾ ചെയ്യാൻ അയാൾ പോകാറുണ്ട്‌.

സിക്കുകാരനായ ഡ്രൈവറെയും, ക്രിസ്ത്യാനിയ‍ായ എന്നെയും, കൂടെകൂട്ടിയത്‌, ഈ യാത്രയ്ക്ക്‌ ഒരു പിക്നിക്കിന്റെ സ്വഭാവം നൽകുന്നതിനും, യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നും ഉള്ള ആയാളുടെ ഭാര്യയ്ക്ക്‌ ഇതിൽ അസ്വഭാവികത ഒന്നും തോന്നാതിരിക്കുന്നതിനും കൂടി ആയിരുന്നു...

ഉത്തരപ്രദേശ്‌, ഉത്തരാഞ്ചൽ സംസ്ഥാനങ്ങളിലൂടെ, ഇരുവശത്തും ഇടതൂർന്ന മരങ്ങളുള്ള നീണ്ട പാതയിലൂടെ ഞങ്ങൾ യാത്രചെയ്തു. വഴിയിൽ പലയിടത്തും കരിമ്പിൻ തണ്ടു നിറച്ച ടാക്ടറുകൾ പോകുന്നുണ്ടായിരുന്നു. റൂർക്കീയും, ജ്വാലപൂരും പിന്നിട്ട്‌ അതിരാവിലെ ഞങ്ങൾ ഹരിദ്വാരിലെത്തിചേർന്നു...

ഗംഗാതീരത്തായി നിലകൊള്ളുന്ന, ഭീമമായ പൂർണ്ണകായക ശിവരൂപം ദൂരത്തുനിന്നു തന്നെ ദൃശ്യമായിരുന്നു. ഞങ്ങൾ സമീപത്തുള്ള ഒരു ഹോട്ടലിൽ റൂമെടുത്തു. ബാക്കിയുള്ളവർ എല്ലാവരും വിശ്രമിച്ചു തുടങ്ങിയപ്പോൾ ഞാൻ എന്റെ റൂമിൽ നിന്നും പുറത്തിറങ്ങി, പരിസരം ഒക്കെ ഒന്നു നടന്നു കാണാൻ തീരുമാനിച്ചു.

ശിവരാത്രി നാളുകൾ ആയതിനാൽ എല്ലായിടവും നല്ലതിരക്കായിരുന്നു. ഞാൻ സമീപത്തുള്ള ഒരു കടയിൽ നിന്നും ഒരു കാവി കുർത്ത വാങ്ങി ധരിച്ചു. ഇട്ടിരുന്ന ടിഷർട്ട്‌ ഊരി ഒരു കൂടിൽ പൊതിഞ്ഞെടുത്തു. ഓം നമഃ ശിവായ എന്ന് ഹിന്ദിയിൽ ആലേഖനം ചെയ്ത ഒരു ഷാൾ വാങ്ങി കഴുത്തിൽ ചുറ്റി. രുദ്രാക്ഷത്തിന്റെ രണ്ടു മാലകൾ വാങ്ങി ഇരുകയ്കളിലും അണിഞ്ഞു. അപ്പോഴാണു സമീപത്തുള്ള ഒരു ആലിന്റെ ചുവട്ടിൽ, തലമുഴുവൻ ജഡപിടിച്ച മുടിയുമായി ഒരു സന്യാസിയിരിക്കുന്നതു കണുന്നതു. അയാൾ ദേഹം മുഴുവൻ ഭസ്മം വാരിപൂശിയിട്ടുണ്ട്‌. ആയാളുടെ ചുണ്ടിൽ ചുരുട്ടുപോലെ എന്തൊ കത്തി എരിയുന്നു... അയാൾ ഊതിവിടുന്ന പുക ആ പരിസരമാകെ നിറഞ്ഞു നിൽക്കുന്നു. അയാളുടെ വശങ്ങളിലായി രണ്ടു പത്രങ്ങൾ വെച്ചിട്ടുണ്ടു. ഒന്നിൽ നാണയങ്ങളും നോട്ടുകളും, മറ്റേതിൽ ഭസ്മവും. അതുവഴി കടന്നുപോകുന്ന ആളുകൾ പാത്രത്തിൽ പയിസ ഇടുമ്പോൾ, സന്യാസി അവരെ കരങ്ങൾ ഉയർത്തി അനുഗ്രഹിക്കൂം. എന്നിട്ട്‌ ഒരു പിടി ഭസ്മം വാരിനൽകും. ഞാനും ഒരു രൂപ നണയം ഇട്ടു. കിട്ടിയ ഭസ്മം വാരി നെറ്റിയിലാകെ പൂശി. അദ്വൈദം ആദർശമാക്കിയ ആദിശങ്കരന്റെ നാട്ടിൽ നിന്നും, അതേ പാതയിലൂടെ ഇതാ ഒരു പിൻഗാമി...ഒരു പാവം ചങ്കരൻ..

ഞാൻ തിരിച്ചു ഹോട്ടലിൽ ചെന്നപ്പോൾ എല്ലാവരും തയ്യാറായി, എന്നെയും തിരക്കി നിൽക്കുകയായിരുന്നു. കാക്ഷായ വേഷധാരിയായി, രുദ്രാക്ഷവും അണിഞ്ഞ്‌, ഭസ്മവും പൂശി അവരുടെ മുന്നിൽ ഞാൻ പൊടുന്നനെ പ്രത്യക്ഷ പ്പെട്ടു. എന്റെ പുതിയ അവതാരം കണ്ട്‌ KJയുടെ ഭാര്യ മോഹാത്സ്യപ്പെട്ടുവീണില്ല എന്നെയുള്ളു... അവരുടെ കുട്ടിക്കാകട്ടെ എന്നെ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി.. ആ കൊച്ച്‌ എന്റെ ചുറ്റിനും നടന്ന് നോക്കി... അതു ഞാൻ തന്നെ ആണു എന്ന് ഉറപ്പു വരുത്തി... പിന്നെ ആ കുട്ടി എന്റെ കയില്ല് പിടിച്ച്‌ നടപ്പ്‌ എന്നോടൊപ്പമായി.

സമീപം തന്നെ ചോട്ടുവാലയുടെ റെസ്റ്റോറന്റുണ്ടായിരുന്നു. അവിടെ നമ്മുടെ ദോശയും മറ്റും കിട്ടും. ഞങ്ങൾ അതിൽ പ്രവേശിച്ചപ്പോൾ നമ്മുടെ നാട്ടിലെ പോറ്റിഹോട്ടലുകളിലും മറ്റും മേശമേൽ വയ്ക്കുന്ന, കുടവയറും കുടുമയും, നെറ്റിയിൽ നെടുകെ കുറിയും ഒക്കെയുള്ള , ഒരു ഉരുണ്ട മനുഷ്യൻ വാതുക്കൽ ചിരിച്ചു കൊണ്ടു നിൽക്കുന്നുണ്ട്‌. അതു പോലെയുള്ള ആളുകളെ ഒരു ട്രേഡുമാർക്കായി ചോട്ടുവാലായുടെ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും അവർ പ്രദർശിപ്പിക്കാറുണ്ട്‌. പെൺകുട്ടിക്ക്‌ ആ രൂപം നന്നെ ഇഷ്ടപ്പെട്ടു. അയാൾ കയ്യി നീട്ടി കൂട്ടിയെ എടുത്തു.. അംമ്പരപ്പോടെ എങ്കിലും കുട്ടി അയാളുടെ കയ്യിൽ കയറിയിരിപ്പായി. KJ ഒന്നുരണ്ട്‌ ഫോട്ടൊ എടുത്തു. പിന്നീടു ഞങ്ങൾ അകത്തുകയറി ദോശയും ചമന്തിയും ഒക്കെ കഴിച്ചു. ഗംഗയുടെ തീരത്തായതിനാൽ ചായയും കാപ്പിയും ഒക്കെ പുണ്യ ജലത്താൽ ഉണ്ടാക്കിയതായിരിക്കണം. ഭക്ഷണശേഷം വായും മുഖവും എല്ലാം കഴുകി ഞങ്ങൾ ആകെ പുണ്യ പൂർണ്ണരായി അവിടെനിന്നും ഇറങ്ങി...

ഹിമവാന്റെ ഉള്ളം അലിഞ്ഞിറങ്ങി, ഒലിച്ചൊഴുകി വരുന്ന ഈ ഗംഗാ
ജലത്തിനിപ്പോൾ ഐസിനെക്കാൾ തണുപ്പാണ്‌. ഇപ്പോൾ മുങ്ങിക്കുളിച്ചാൽ ഉടലോടെ സ്വർഗ്ഗം പൂകിയെന്നിരിക്കും... അതിനാൽ ആ പുണ്യം തൽക്കാലം വേണ്ട എന്നു തീരുമാനിച്ചു. വയ്കുന്നേരം ആറുമണിക്ക്‌ ആരതിയുണ്ട്‌. അതിനുമുൻപ്‌ എപ്പോഴെങ്കിലും മുങ്ങിക്കുളിക്കാം എന്നു വിചാരിച്ചു. ഇവിടെ വരെ വന്നിട്ട്‌ ഇനി ആ ഒരു കുറവുകൊണ്ട്‌ പാപനാശവും സ്വർഗ്ഗപ്രാപ്തിയും നഷ്ടമാകരുതല്ലോ...

പെട്ടെന്നു ചെറുതായി നൂൽമഴ പെയ്തുതുടങ്ങി. KJഉം കുടുംബവും കുട്ടിയുമായി, ഒരു കടത്തിണ്ണയിൽ കയറിനിന്നു. നനയാൻ ഉള്ള മഴയില്ല. അപ്പോൾ അതുവഴി കുറെപ്പേർ കൂട്ടമായി വന്നു. ഒന്നു രണ്ടു സന്യാസിമാർ ത്രിശൂലവുമായി മുന്നിൽ നടക്കുന്നു. അവർക്കു പിന്നിലായി കുറച്ചുപേർ ചെണ്ടകൊട്ടികൊണ്ടു നടക്കുന്നു. അതിനു പിന്നിലുള്ളവർ "ബം, ബം".."ബം, ബം" എന്നു ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു തുള്ളിതുള്ളി നടക്കുന്നു. കൈലാസനാഥന്റേയും, ഭൂതഗണങ്ങളുടേയും ഘോഷയാത്രയുടെ അനുകരണമായിരുന്നു അത്‌. ഞാനും ഒരു ഭൂതമായി അവരുടെ കൂടെ കുറച്ചു സമയം ആടിയും പാടിയും കറങ്ങിനടന്നു. അപ്പോഴേയ്ക്കും മഴമാറിയിരുന്നു.

ഹരിദ്വാറിൽ നിന്നും അൽപം അകലെയായി മലമുകളിൽ മാനസദേവിയുടെ ക്ഷേത്രമുണ്ട്‌. ഞങ്ങൾ വണ്ടിയിൽ അങ്ങോട്ട്‌ യാത്രതിരിച്ചു. മലയുടെ താഴത്തെത്തിയപ്പോൾ വണ്ടി അവിടെ പാർക്കുചെയ്തു. മലമുകളിലേയ്ക്ക്‌ റോപ്പുവേയ്‌ ഉണ്ട്‌. ഞങ്ങൾ നടന്നു മലകയറാൻ തീരുമാനിച്ചു.

ക്ഷേത്രത്തോടടുത്തപ്പോൾ നീണ്ട ക്യൂ ഉണ്ടായിരുന്നു. ഞങ്ങളും അതിൽ കയറിനിന്നു. മൂന്നു മുഖവും, അഞ്ചു കയ്കളും ഉള്ള ദേവിയെ ദർശനം ചെയ്തു. ആ ക്ഷേത്രത്തിൽ നിന്നും ഒരു ചെപ്പിൽ കുറച്ചു കുങ്കുമം പ്രസാദമായി കിട്ടി. ആ കുങ്കുമം അണിയുന്ന സ്ത്രീകൾ ദീർഘ സുമംഗലികളാകും അത്രെ.

ആ മലമുകളിൽ നിന്നും നോക്കിയാൽ ഹരിദ്വാറും പരിസരപ്രദേശങ്ങളും വളരെ നന്നായി കാണാം. ദൈവ കവാടം എന്നർത്ഥം വരുന്ന ഹരിദ്വാർ ഭക്ത സാഗരമായി അലയടിക്കുന്ന ആ കാഴ്ച മനോഹരമാണ്‌.

മലയിറങ്ങി, അടുത്തുള്ള കടകമ്പോളങ്ങളിൽ എല്ലാം കയറിയിറങ്ങി വയികുന്നേരത്തോടെ ഞങ്ങൾ ഹരിദ്വാറിൽ മടങ്ങിയെത്തി. ഇരുട്ട്‌ ചെറുതായി പരന്നു തുടങ്ങുന്നു. ആരതിക്കുള്ള സമയ ആകുന്നതിനാൽ ഗംഗയുടെ തീരങ്ങളിൽ നല്ല തിരക്കായിരുന്നു. തീരത്തുള്ള പന്തലിൽ നിന്നും പൂജാരികൾ ഇടതടവില്ലാതെ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നു. മൈക്കിലൂടെ അതെ അന്തരീക്ഷത്തിലാകെ പ്രകമ്പനം കൊള്ളുന്നു. ആളുകൾ എല്ലാം, താലത്തിൽ പുഷ്പങ്ങളും, മൺവിളക്കിൽ എണ്ണയൊഴിച്ച്‌ തിരികൊളുത്തിയ ദീപങ്ങളുമായി, ഭക്തിയിൽ ലയിച്ചുനിൽക്കുന്നു. KJയും ഭാര്യയും ഒ‍ാരൊതാലങ്ങൾ ഒരുക്കി കയ്യിൽ പിടിച്ചിട്ടുണ്ട്‌. പടവുകൾ ഇറങ്ങിവേണം അതു നദിയിൽ ഒഴുക്കാൻ. അവരുടെ കുട്ടിയെ എന്റെ പക്കലാക്കി അവർ നദിയുടെ കൽ പടവുകളിലായി പോയി നിലകൊണ്ടു. ഞാൻ ആ കുട്ടിയുമായി അല്‌പം പിന്നിലേയ്ക്കു മാറിനിന്നു. ഞങ്ങൾ കടകളിൽ നിന്നും വാങ്ങിയ പലസാധനങ്ങളും പലപലകൂടുകളിലായി എന്റെ കയ്യിലുണ്ട്‌.

കുട്ടിയുടെ കയ്യിൽ ഒരു ചെറിയപാവ ഉണ്ട്‌. പക്ഷേ അവൾക്ക്‌ അതിൽ ഒട്ടും താൽപര്യമില്ല. ഏന്റെ കയ്യിൽ ഉള്ള ഓരോ പൊതിയിലും എന്താണുള്ളതെന്ന് അവൾക്ക്‌ അറിയണം. എന്റെ കയ്യിൽ നിന്നും ഓരോ പൊതികൾ വാങ്ങി അവൾ നോക്കുകയാണ്‌, എന്നിട്ട്‌, അത്‌ എന്തിനാണ്‌? എന്താണ്‌? എന്നൊക്കെ എന്നോടു ചോദിക്കും.

എന്റെ കയ്യിലിരുന്ന മാനസദേവിയുടെ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ കുങ്കുമച്ചെപ്പുകണ്ടപ്പോൾ അവൾക്ക്‌ വല്ലാത്ത ഒരു കൗതുകം തോന്നി. അവൾക്ക്‌ അതു തുറന്നു കാണണം. തുറന്നുകണ്ടപ്പോൾ അതിലെ കുങ്കുമം എന്തിനെന്നറിയണം. അതു ഭതൃമതികൾ തിരുനെറ്റിയിലും സീമന്തരേഖയിലും അണിയുന്നതാണ്‌ എന്നു ഞാൻ പറഞ്ഞു. അവൾക്ക്‌ അതുടനെ അവളുടെ നെറ്റിയിലും അണിയണം. അവളുടെ നിർബന്ധത്തിനു വഴങ്ങി അതിൽ നിന്നും ഒരു നുള്ളു കുങ്കുമമെടുത്ത്‌ ഞാൻ അവളുടെ നെറ്റിയിൽ ഒരു ചെറിയ പൊട്ടു തൊട്ടുകൊടുത്തു. അതിനിടയിൽ അവളൂടെ കൈ തട്ടി, എന്റെ കയ്യിൽ തുറന്നു പിടിച്ചിരുന്ന ചെപ്പിൽനിന്നും കുങ്കുമം കുറച്ച്‌ അവളുടെ നെറുകയിൽ തൂകി വീണു...

പൊടുന്നനെ ആരതിക്കുള്ള അറിയിപ്പായി..മന്ത്രോഛാരണങ്ങളും, മണിനാദങ്ങളും ഉഛസ്ഥായിൽ ആയി.... പൂക്കൾ താലത്തിൽ നിന്നും ഗംഗയിലേയ്ക്ക്‌ വർഷിക്കപ്പെട്ടു... ഞങ്ങൾക്ക്‌ പിന്നിൽ നിന്നിരുന്ന ആളുകൾ എറിഞ്ഞ പൂക്കളിൽ ചിലവ, ഞങ്ങളുടെ ശിരസ്സിലും വന്നു പതിച്ചു... ദീപങ്ങളും പൂക്കളും ഗംഗയിൽ നിരന്നൊഴുകി.

മുകളിൽ ....അകലങ്ങളിൽ..., ഇരുട്ടിൽ.. കിടാവിളക്കായി ചന്ദ്രനും, ചിരാതുക്കളായി താരങ്ങളും, മറ്റൊരു ഗംഗ ആകാശത്തു തീർത്തു. അപ്പോൾ ഗംഗയിൽ നിന്നും വീശിയടിച്ച കാറ്റിൽ ഞാൻ തണുത്തു വിറച്ചു...

6 comments:

കണ്ണനുണ്ണി said...

സാഹിത്യം നന്നായി ചേര്‍ത്തിരിക്കുന്നു യാത്രാ വിവരണം പോലെ ആണെങ്കിലും..
അവസാന വരി മനോഹരം

ജിവി/JiVi said...

മനോഹരമായ കുറിപ്പ്. ഒപ്പം വിദ്വേഷങ്ങള്‍ ഇല്ലാതാക്കുന്ന എന്നാല്‍ അതിനായി അസ്വഭാവിക പരിശ്രമങ്ങളില്ലാത്ത കുറിപ്പ്. ആ നിലക്ക് സാമൂഹ്യപ്രതിബദ്ധത നിറവേറ്റുന്ന കുറിപ്പ്

OAB/ഒഎബി said...

അപ്പൊ ഇത് യാത്രാ വിവരണമല്ലെ കണ്ണനുണ്ണീ?
അവസാനം എനിക്കൊന്നും മനസ്സിലായില്ല എന്നങ്ങ് പറഞ്ഞൂട. എന്നാലും ഒരു കൺഫ്യൂ...

കുക്കു.. said...

കുത്തിക്കുറിപ്പ് കൊള്ളാം...
:)

പിരിക്കുട്ടി said...

hmmmm
nice one pin??
whre r u??
no posts???

ശ്രീ said...

നന്നായി എഴുതിയിരിയ്ക്കുന്നു