Friday 13 February 2009

കുറച്ചു കൊറിയൻ വിശേഷങ്ങൾ...

മുറിയിൽ നേരിയ വെട്ടം നിറയുന്നതായി തോന്നിയപ്പോൾ, പുതപ്പ്‌ വലിച്ചുമാറ്റി സയിഡ്‌ ടേബിളിലുള്ള ടൈപീസ്സിൽ സമയം നോക്കി.10.30AM.

ശനിയാഴ്ച ആയതിനാൽ അലാറം വെച്ചിരുന്നില്ല. നേരത്തെ എഴുന്നേറ്റിട്ട്‌ വലിയ കാര്യം ഒന്നും ചെയ്യാനില്ലതാനും. മാത്രമല്ല രാവിലത്തേതും ഉച്ചയ്ക്കത്തേതും കൂടി ഒരു നേരം ഭക്ഷണം ഉണ്ടാക്കിയാൽമതി...അത്രയും ലാഭം...

അഞ്ചുദിവസം ജോലിചെയ്ത്‌ ക്ഷീണിച്ചതല്ലയോ,... അതിന്റെ കടവും കുടിശ്ശികയും എല്ലാം തീർക്കുന്നത്‌ വാരാന്ത്യത്തിലാണ്‌. വെള്ളിയാഴ്ച വൈകുന്നേരങ്ങൾ എന്നും പ്രലോഭനങ്ങളുടേതാണ്‌. പ്രലോഭനത്തിൽ ഉൾപ്പെടാതെ ഉണർന്നിരുന്നു പ്രാർത്ഥിക്കുക എന്നല്ലേ? (മർക്കോസ്‌ 14/38-39)പ്രാർത്ഥിക്കുക അല്ലായിരുന്നുവെങ്കിലും രാത്രിമുഴുവൻ ഉണർന്നിരിക്കുകയായിരുന്നു.... കിടന്നുറങ്ങിയപ്പോൾ വെളുപ്പിനെ 2 മണീ....

ഞാൻ കൊറിയയിൽ എത്തിയവിവരം മെയിലിലൂടെയും മെസ്സഞ്ചെറിലൂടെയും ഇവിടെയുള്ള ഒരുവിധം സുഹൃത്തുക്കൾ എല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു. അവരുടെവകയായി ഒരു ഗെറ്റുഗതർ ഉണ്ടായിരുന്നു. D.R.Choi, Y.J.Lee, D.J.Park, S.H.Shim, J.K.Kim തുടങ്ങി പഴയ കൊറിയൻ സുഹൃത്തുകൾ ഒട്ടുമിക്കവരും ഉണ്ടായിരുന്നു. പക്ഷേ Y.H.Jung മാത്രം വന്നിരുന്നില്ല.

ഒരു കൊറിയൻ റെസ്റ്റോറന്റിൽ ആയിരുന്നു ഡിന്നർ പ്ലാൻ ചെയ്തിരുന്നത്‌. ഞങ്ങൾ പ്രവേശിച്ചതും അവിടെ ഉള്ള ജീവനക്കാർ കവാടത്തിൽ വന്ന്, "അന്യേസ്സയോ" എന്നുപറഞ്ഞ്‌ മുട്ടുവളയ്ക്കാതെ നല്ലവണ്ണം കുനിഞ്ഞ്‌ ഞങ്ങളെ എല്ലാവരേയും അഭിവാദ്യം ചെയ്തുതുടങ്ങീ. ഒരു കൊറിയൻ ഒരു ദിവസം കുറഞ്ഞത്‌ നൂറ്‌ പ്രാവശ്യമെങ്കിലും ഇങ്ങനെ കുനിയുന്നുണ്ടായിരിക്കണം. ഇവർക്ക്‌ കുടവയർ ഉണ്ടാകാത്തതിന്റെ ഒരു രഹസ്യം ഇതുതന്നെ ആയിരിക്കാം...

നമ്മൾ അടുത്തെത്തുമ്പോൾ ഇവർ പെട്ടെന്നു തലകുനിക്കുന്നതുകാണുമ്പോൾ, ആടുമാടുകൾ തലകുനിച്ച്‌ ഇടിക്കാൻ വരുന്നമാതിരി വല്ല പ്രയോഗവുമാണോ ഇതെന്ന്, ഇവരുടെ ആചാരരീതികളുമായി യതൊരു പരിചയവും ഇല്ലാത്തവർ ചിലപ്പോൾ ശങ്കിച്ചുപോകാം,... അവർ അറിയാതെ സ്വയരക്ഷയ്ക്കായി, കയ്യ്‌കൾ കൊണ്ട്‌ അവരുടെ ചില മർമ്മസ്ഥാനങ്ങളെ പൊത്തിപ്പിടിച്ചേക്കാം...

റസ്റ്റോറന്റിൽ വളരെ ഉയരം കുറഞ്ഞ മേശകളാണ്‌ ഉണ്ടായിരുന്നത്‌. നിലത്ത്‌ കുഷ്യൻ ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങൾ ചമ്രം പടഞ്ഞ്‌ അതിനരികിൽ ഇരുന്നു. അപ്പോഴേയ്ക്കും കിംചിയും, റാഡിഷും, തീരെ ചെറിയമീൻ പ്രത്യേകതരത്തിൽ തയ്യാറാക്കിയതും,വിവിധയിനം ഇലകളും, സൂപ്പുകളുമായി മേശമുഴുവൻ നിറഞ്ഞു കഴിഞ്ഞിരുന്നു. മേശയുടെ ഒത്തനടുക്ക്‌ ബർണ്ണർ ഉണ്ടായിരുന്നു. തീരെ കനം കുറച്ച്‌ അരിഞ്ഞു വെച്ചിരിക്കുന്ന ബീഫ്‌ ഓരോരുത്തർക്കും ഇഷ്ടാനുസരണം പാകം ചെയ്തെടുക്കാം. പച്ചകുപ്പികളിൽ ലഭിക്കുന്ന "സോജു" എന്ന നിറമില്ലാത്ത മദ്യത്തോടൊപ്പം ഞങ്ങൾ അതുകഴിച്ചു.

വിരലുകൾക്കിടയിൽ ചോപ്‌സ്റ്റിക്ക്‌ പിടിച്ച്‌, അതുകൊണ്ട്‌ വേണം ആഹാരസാധങ്ങൾ എടുത്തുകഴിക്കാൻ. ഇവിടെ വന്ന അന്നുമുതൽക്കുള്ള പല അനുഭവങ്ങളിൽ നിന്നും, ഈ സർക്കസ്സ്‌ വശമാക്കിയില്ല എങ്കിൽ പട്ടിണികിടന്ന് ചാകേണ്ടിവരും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ആദ്യമൊക്കെ ഭക്ഷണസാധനങ്ങൾ ഈ കമ്പുകൾക്കിടയിൽ നിന്നും വഴുതിപോകുമായിരുന്നതിനാൽ, വിശന്ന് വയറ്‌ കത്തിക്കാളുമ്പോഴും നിവർത്തിയില്ലാതെ ഭക്ഷണം അതേപടി ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ട്‌. അതിൽ പിന്നിട്‌ റൂമിലിരുന്ന് നന്നായി അഭ്യസിച്ച്‌ ഈ സർക്കസ്സ്‌ ഞാനും വശമാക്കി. അതിനാൽ മറ്റുള്ളവർക്കൊപ്പം എനിക്കും വലിയ പ്രശ്നങ്ങൾ ഇല്ലാതെ വല്ലതും കഴിക്കാൻ സാധിക്കുന്നു.....

ഞങ്ങൾക്ക്‌ എതിർവശം, അൽപം അകന്ന്, ഒരു മേശയിൽ മൂന്നു യുവതികളും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവർ വിദേശിയായ എന്നെ ഇടയ്ക്കിടയ്ക്ക്‌ ശ്രദിക്കുന്നുണ്ടായിരുന്നു. ചയിനക്കാരുടേയോ, ജപ്പാൻകാരുടേയോ ആകൃതി പ്രകൃതിയോട്‌ സാമ്യമുള്ള അവർ നമ്മുടെ "മനീഷാ കോയിരോളയെ" പോലെ സുന്ദരികളായിരുന്നു...

അവിടെനിന്നും കുടിയും തീനും കഴിഞ്ഞ്‌ പിരിഞ്ഞപ്പോൾ ആരാത്രി അവസാനിച്ചിരുന്നു..
മഞ്ഞിൻ കണങ്ങൾ അപ്പൂപ്പൻ താടിപോലെ വെളിയിൽ എങ്ങും പാറിനടക്കുന്നുണ്ടായിരുന്നു. വഴിവിളക്കുകളുടെ വെട്ടത്തിൽ അവ ഇയ്യാം പാറ്റകളെപ്പോലെ വെട്ടിതിളങ്ങി. മദ്യത്തിന്റെ ലഹരിയിൽ തണുപ്പിനും ഒരു ചെറുസുഖമുള്ളതായി തോന്നി...

ഇവിടെ ഓഫീസ്സിനു വെളിയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാക്ഷയാണ്‌. നീളത്തിലും,ചതുരത്തിലും,വട്ടത്തിലുമുള്ള ഇവരുടെ അക്ഷരങ്ങൾ വായിച്ചെടുക്കാൻ ഉടനെ ഒന്നും പറ്റുമെന്ന് തോന്നുന്നില്ല...എല്ലാം കണ്ടാൽ ഒരുപോലിരിക്കും. അതിനാൽ സ്ഥലങ്ങളുടെ പേരോ, കടകളുടെ പേരോ നോക്കിമനസ്സിലാക്കി എടുക്കാൻ വലിയ പാടുതന്നെയാണ്‌. ആശയവിനിമയത്തിന്‌ ആഗ്യഭാക്ഷയാണ്‌ പലപ്പോഴും പയറ്റുന്നത്‌. അതിന്‌ അതിന്റേതായ പോരായ്മകളും ഉണ്ട്‌.

റൂമിലിരിക്കുമ്പോൾ വല്ലപ്പോഴും ചായ ഇട്ടു കുടിക്കാം എന്നു കരുതി, അതിനു വേണ്ടീ പാലും,തേയിലയും, പഞ്ചസാരയും അന്വേഷിച്ച്‌, കുറച്ചുദിവസംമുമ്പ്‌ അടുത്തുള്ള ഒരു കടയിൽ ചെന്നു. കടമുഴുവൻ അരിച്ചുപെറുക്കിയപ്പോൾ, ഒരു ക്യാൻ പാലും തേയിലയും കണ്ടെത്തി. പക്ഷേ പഞ്ചസ്സാര മാത്രം കണ്ടെത്താനായില്ല. അല്‌പം പഞ്ചാരയില്ലാതെ പിന്നെന്തുരെസം?. .പ്രേമമല്ലാതെ പ്രമേഹം എന്ന അസുഖം ഇതുവരെയും പിടിപെട്ടിട്ടില്ല...അതിനാൽ മധുരം എന്തിനു വർജ്ജിക്കണം?...

കൗണ്ടറിലുണ്ടായിരുന്ന സെയിൽസ്‌ ഗേളിനേട്‌ അറിയാവുന്ന എല്ലാ ഭാക്ഷയിലൂടെയും, അവസാനം ആഗ്യഭാക്ഷയിലൂടേയും പഞ്ചസ്സാരയുടെ ഉൽപത്തിമുതലുള്ള എല്ലാക്കാര്യങ്ങളും പറഞ്ഞും, കഥകളിരൂപത്തിൽ ആടിയും വിശദീകരിച്ചുകൊടുത്തു. കാര്യങ്ങൾ മനസ്സിലാകഞ്ഞിട്ടോ അതോ എന്റെ നടന വൈഭവത്തിൽ കൗതുകം ഏറിയിട്ടോ എന്നറിയില്ല, അവിടെ ഉള്ള എല്ലാ യുവതികളേയും ആ മഹതി വിളിച്ചുവരുത്തി...അവരെല്ലാവരും എന്റെ ചുറ്റിലും നിന്ന് ഓരൊന്ന് ചോദിച്ച്‌ എന്റെ കഥകളി നടനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവസാനം അവിടെ ഉണ്ടായിരുന്ന ഒരു കപ്പെടുത്ത്‌ അതിൽ കയ്യിലുള്ള പാലും തേയിലയും ഇടുന്നതുപോലേകാട്ടി, ഒരു സ്പൂണെടുത്ത്‌ ഇളക്കിക്കാണിച്ചു. അപ്പോൾ അതിലൊരു യുവതി പണ്ട്‌ ആർക്കമെഡീസ്സ്‌ കാട്ടിയതുപോലെ "യുറേക്ക" എന്നോമറ്റോ വിളിച്ചുപറഞ്ഞുകോണ്ട്‌ ഓടിപ്പോയി, ഒരു പായ്ക്കറ്റ്‌ എടുത്തുകൊണ്ടുവന്നു തന്നു. അവസാനം സാധനങ്ങളുമായി വിജയശ്രീലാളിതനായി, അവരോടെല്ലാം നന്ദി പറഞ്ഞ്‌ ഞാൻ തിരിച്ച്‌ റൂമിലെത്തി.


തൊപ്പിയും, കോട്ടും, ഗ്ലൗസ്സും എല്ലാം ഊരിമാറ്റി.. തണുപ്പിൽ നിന്നും ഒരു ഉന്മേഷം കിട്ടുന്നതിനായി ചെന്നപാടെ നല്ലകടുപ്പത്തിൽ തന്നെ ഒരു ചായ ഇട്ടു. ആവി പറക്കുന്ന ആ ചായ ഊതിക്കുടിച്ചപ്പോൾ അതിന്‌ നല്ല ഉപ്പായിരുന്നു.... തബല വിദ്വാൻ സക്കിർഹുസയിനെപ്പോലെ "വാഹ്‌...." എന്ന് ഞാനും അറിയാതെ പറഞ്ഞു പോയി...

ഇങ്ങനെ എത്രയെത്ര മഹാസംഭവങ്ങൾ എന്റെ ഈ കൊച്ചു ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു... ഇനിയും എന്തെല്ലാം ഗുലുമാലുകൾ സംഭവിക്കാനിരിക്കുന്നു.... സംഭവിച്ചതെല്ലാം നല്ലതിനുവേണ്ടി,സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിനുവേണ്ടീ, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനുവേണ്ടീ.(ഭഗവത്‌ ഗീത) എന്ന് ആശ്വസിക്കാം...

13 comments:

ചാണക്യന്‍ said...

കൊറിയന്‍ വിശേഷങ്ങള്‍ വായിക്കുന്നുണ്ട്...
ആശംസകള്‍....

Anonymous said...

പ്രേമമല്ലാതെ പ്രമേഹം എന്ന അസുഖം ഇതുവരെയും പിടിപെട്ടിട്ടില്ല...!!!


പഞ്ചസാര ഉടനെ കിട്ടട്ടേ...
നല്ല എഴുത്ത്‌ ...

sErEnE

ശ്രീ said...

എഴുത്ത് കൊള്ളാം

ബിനോയ്//HariNav said...

പഞ്ചസാരയില്ലെങ്കിലെന്താ എഴുത്തില്‍ മധുരം വേണ്ടുവോളമുണ്ട്. തടി കേടാകാതെ കൊറിയയില്‍‌നിന്നും കയിച്ചിലാകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. :)

അപരിചിത said...

ayae appo ethrayum kathakali kanichittum athu uppayirunno?


kashtam kashtam valare kashtam !!
:P

avarute peru kollam alle....

kim shim lee park jung !!!

പ്രേമമല്ലാതെ പ്രമേഹം എന്ന അസുഖം ഇതുവരെയും പിടിപെട്ടിട്ടില്ല...അതിനാൽ മധുരം എന്തിനു വർജ്ജിക്കണം?...
ini premahathinte kuravum kuutiyae ullu...sighhhhh

hehehe...vayichu chirichu ketto...simple oru kaaryam pakse nalla resam und vaayikkan....

poratte engane oro episode aayi varatte thangalude jeevithathile kochu kochu sambavangal !!

:D

ജിവി/JiVi said...

രസമുള്ള കൊറിയന്‍ വിശേഷങ്ങള്‍. തുടരുക.

Rare Rose said...

കൊറിയന്‍ വിശേഷങ്ങള്‍ രസിപ്പിച്ചു ട്ടോ...കഥകളി വേഷം മൊത്തം ആടിയിട്ടും സക്കീര്‍ ഹുസൈന്‍ ആവേണ്ടി വന്നൂ ല്ലേ..;)
ഇനിയും തുടരൂ ട്ടോ ബാക്കി വിശേഷങ്ങളും കൂടി....

ഞാന്‍ ആചാര്യന്‍ said...

PIN-ne...

the man to walk with said...

madhurathinu uppanu ruchi

പകല്‍കിനാവന്‍ | daYdreaMer said...

അല്പം പഞ്ചാര (പഞ്ചസാര എന്ന് പറഞ്ഞാല്‍ ശരി ആവൂല്ല..) ഇല്ലാതെ എന്ത് ജീവിതം.. !!

Typist | എഴുത്തുകാരി said...

അപ്പോള്‍ അവര്‍ക്കു് ചുളുവില്‍ കഥകളിയും കാണാന്‍ പറ്റി അല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹാപ്പി കൊറിയന്‍ ഡേയ്സ്

പിരിക്കുട്ടി said...

hahaha
appol avarkku english onnum ariyille?
pin???]
nalla rasam undu ketto
baakki koodi ezhuthu