Saturday 6 September 2008

എന്റെ ഓണകായ്ക്കളം

ഓണം വന്ന് മൂക്കത്ത്‌ കയറി ഇനീയെന്ത്‌ ചെയ്യാനാ?

കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ, ആകെ ഇവിടെ ഉള്ളത്‌ ചെറിയ ഒരു ഫ്ലാറ്റ്‌ ആണ്‌ അതുകൂടി പോയാൽ ഈ ഞാൻ പെരുവഴിയിലാകും.വിഭവസമൃത്തമായ സദ്യ ഒന്നും ഒരുക്കാൻ ആവില്ല എങ്കിലും ഒരു പായസം ഉണ്ടാക്കാൻ പറ്റുമോ എന്ന് ഞാനും ഒന്നുനോക്കട്ടെ.
കച്ചവടോദ്ദേശ്യം ഒന്നു ഇല്ലായെങ്കിൽ കൂടിയും, ഈ ഓണത്തിനിടയിലും രാവിലകളിൽ പുട്ടുതന്നെയാണ്‌ പതിവ്‌. അതിനാകുമ്പോൾ അതിസാമർത്ഥ്യത്തിന്റെ ആവശ്യമില്ലല്ലോ. നാട്ടിൽ നിന്നും കൊണ്ടുവന്ന പുട്ടുകുടവും, അല്‌പം അരിപ്പൊടിയും,പത്തുമിനിട്ടും ഉണ്ടെങ്കിൽ സംഗതി കുശാൽ... അതിന്റെ ആവി ഉയർന്നു തുടങ്ങുമ്പോൾ പരക്കുന്ന ആ മണത്തിൽ, ഞൊടി ഇടകൊണ്ട്‌ നാട്ടിൽ ഒന്ന് ഓടിചെല്ലാനും പറ്റും....


കാട്ട്കോഴിക്കുണ്ടോ ഓണവും ശങ്ക്രാന്തിയും ?
ഓണം എന്നൊക്കെ പറഞ്ഞാൽ ഇവിടെ ഒരുത്തനും ഒരുകുന്തവും മനസ്സിലാകില്ല. മഹാബലിയുടെയും,വാമനന്റേയും കഥകളൊക്കെ പറഞ്ഞ്‌ മനസ്സിലാക്കിവരുംമ്പോൾ നമ്മൾ ഒരു പരുവം ആകും. ചിലപ്പോൾ അത്‌ ഒരു ഓണത്തല്ലിൽ തന്നെ കലാശിച്ചെന്നുമിരിക്കും.

മാവേലി നാടുവാണിടും കാലം, മാനുഷ്യരെല്ലാരും ഒന്നുപോലെ, കള്ളവും ഇല്ല ചതിയുമില്ലാ,എള്ളൊളമില്ലാ പൊളിവചനം എന്നൊക്കെ പറഞ്ഞ്‌ ഫലിപ്പിക്കാൻ പറ്റുമോ ?. എള്ള്‌ കാട്ടികൊടുക്കാൻ ആവില്ലെങ്കിലും, വല്ല കടുകും വെച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം എന്നു വച്ചാൽ തന്നെ, നമ്മുടെ നാടിന്റെ ഇന്നത്തെ സ്ഥിതിവിശേഷം എന്നും കണ്ടുകൊണ്ടിരിക്കുന്ന ഏതവനെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ?

അതിനാൽ ഓണവും ആഘോഷങ്ങളും എന്നിൽ തന്നെ തുടങ്ങി ഒടുങ്ങുന്നു...
എന്റെ ഈ ഓണംകേറാമൂലയിലേയ്ക്ക്‌ മാവേലി കയറിവരത്തില്ലാ എന്ന് അറിയാമെങ്കിലും, പൂക്കളം തീർത്ത്‌ അതിനുചുറ്റും കയ്കൊട്ടിക്കളി നടത്തണം എന്നൊക്കെ എനിക്കും ആഗ്രഹം ഇല്ലാതില്ല... എന്തു ചെയ്യാം, ഇവിടെ ഇപ്പോൾ സീസ്സൺ അല്ലാത്തതിനാൽ പൂക്കൾ ഒക്കെ കായ്കൾ ആയിക്കഴിഞ്ഞു. മനസ്സിൽ കരുതിയിരുന്ന പൂവുകൾ ആണെങ്കിൽ വല്ലാതെ വാടിയും പോയി.... ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്നല്ലേ, അതിനാൽ ഞാനും ഇട്ടു രണ്ട്‌ കായ്ക്കളം. അതിന്റെ ഫോട്ടോ താഴെ ഉണ്ട്‌. (ആരും ദയവായി മാവേലിയെ ഇതൊക്കെ കാണിച്ച്‌ ഞെട്ടിക്കരുത്‌...പാവം ഒരു ദുർബല ഹൃദയനല്ലേ...അല്ലെങ്കിൽ ആ കുരുട്ട്‌ വാമനന്‌ ചവിട്ടാൻ പാകത്തിന്‌ തലവച്ചു കൊടുക്കുമോ? അതോടെ ആകെ നാശകോശമായിതീർന്നില്ലേ കേരളം. ) ഓണം വന്നാൽ എന്താ ഉണ്ണി പിറന്നാൽ എന്താ, ഈ ഉള്ളവന്റെ കാര്യം എന്നും ഇങ്ങനെ ഒക്കെത്തന്നെ....

നാട്ടിൽ ഒരു ഓണം കൂടിയിട്ട്‌ വർഷങ്ങൾ പലതായി...
അടിക്കടി വരുന്ന ഹർത്താൽ മഹോത്സവങ്ങൾ,വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന തിരുവോണത്തിന്റെ പ്രാമുഖ്യം കുറച്ചിട്ടുണ്ടാകുമോ ആവോ?നാക്കിലയിൽ തന്നെ ആണുവോ ഇന്നും നാട്ടിൽ ഓണം ഉണ്ണുന്നത്‌ ?അതോ ആധുനീവൽക്കരണത്തിന്റെ ഭാഗമായി പേപ്പെർപ്ലെയിറ്റുകളിലാക്കിയോ ? മുറ്റത്ത്‌ കുട്ടികൾക്കായി ഇന്നും ഊഞ്ഞാൽ കെട്ടാറുണ്ടോ ? അതൊ അമ്യൂസ്‌മന്റ്‌ പാർക്കിലെ ജയിന്റ്‌ വീലിനോടാണോ കുട്ടികൾക്ക്‌ താൽപര്യം ?.ഓണം ശരിക്കും ഇന്ന് കേരളത്തിൽ ഉണ്ടോ?...അതോ ടിവി ചാനലുകാരും, വമ്പിച്ച ഡിസ്ക്കൗണ്ട്‌ വിളമ്പരം ചെയ്യുന്ന വ്യാപാരികളും മാത്രമേ അത്‌ ആഘോഷിക്കാറുള്ളോ ?...

ആയുസ്സിനിയും നീട്ടികിട്ടിയാൽ ഒരു തിരുവോണമെങ്കിലും നാട്ടിൽ ആക്കണം എന്നുണ്ട്‌...നഷ്ടപ്പെട്ടു എങ്കിലും കുട്ടിക്കാലത്തെ ആ ഓണക്കാലം, അവിടെ പോയി കണ്ടും കേട്ടും മണത്തും രുചിച്ചും, ഒരിക്കൽക്കൂടി അതൊക്കെ അനുഭവിച്ചറിയാൻ ശ്രമിക്കണം.... തൊടിയിൽ നിറഞ്ഞു നിൽക്കുന്ന തുമ്പപൂവും മുക്കൂറ്റിപൂവും, അവയ്ക്കിടയിലൂടെ പാറിനടക്കുന്ന ഓണത്തുമ്പികളും, കൊയ്ത്തുകഴിഞ്ഞ്‌ തറഞ്ഞുകിടക്കുന്ന പാടത്ത്‌ കൂട്ടുകാരോടൊത്ത്‌ കളിച്ചിരുന്ന നാടൻ പന്തുകളിയും, തവണവച്ച്‌ മാറിമാറി ഉള്ള കശുമാംകൊമ്പിലെ ഊഞ്ഞാലാട്ടവും, നിക്കറിന്റെ കീശയിൽ നിന്നും ഇടയ്ക്കിടയ്ക്ക്‌ എടുത്ത്‌ കൊറിക്കുന്ന അമ്മവറുത്ത ഉപ്പേരിയും,ആർത്തും കൂവിയും വേഗത്തിൽ കടന്നു പോകുന്ന പത്തുദിവസത്തെ ആ ഓണാവധിയും, പുത്തൻ മണമുള്ള ഓണക്കോടിയും...എല്ലാം ഇന്നും മനസ്സിൽ തന്നെ ഉണ്ട്‌....

മലയാളികളായ നാം എവിടെ ആയിരുന്നാലും, എന്നും നാലുനേരം മൂക്കറ്റം ഉണ്ട്‌ കഴിയുന്നവരാണെങ്കിലും... സമത്വത്തിന്റേയും,സത്യത്തിന്റേയും, ആ വലിയ ഓണസന്ദേശം ഉള്ളിലേറ്റി, ഐശ്വര്യത്തിന്റെ പൂക്കളം മനസ്സിൽതീർത്ത്‌... ഒരു പിടിയെങ്കിലും തിരുവോണസദ്യയായി ഉണ്ട്‌ സംതൃപ്തരാകാം ....പൊയ്പ്പോയ കാലത്തിന്റെ സുകൃതികൾ അനുസ്മരിക്കാം...ഇനിയും ഒരിക്കൽ അത്‌ മടങ്ങി എത്തുമെന്ന് ആശിക്കാം,... സ്വപ്നങ്ങൾ കാണാം.........നമുക്കും ആ ഉത്സവത്തിൽ പങ്കു ചേരാം.... സന്തുഷ്ടനായി മാവേലി പോയിവരട്ടെ അടുത്ത ഓണത്തിനായി....

എല്ലാവർക്കും പൊന്നോണത്തിന്റെ ആശംസകൾ.....

എന്റെ ഓണക്കായ്ക്കളം

15 comments:

PIN said...

സമത്വത്തിന്റേയും,സത്യത്തിന്റേയും, ആ വലിയ ഓണസന്ദേശം ഉള്ളിലേറ്റി, ഐശ്വര്യത്തിന്റെ പൂക്കളം മനസ്സിൽതീർത്ത്‌... ഒരു പിടിയെങ്കിലും തിരുവോണ സദ്യായിഉണ്ട്‌ ....നമുക്കും ആ ഉത്സവത്തിൽ പങ്കു ചേരാം....

ജിജ സുബ്രഹ്മണ്യൻ said...

നാട്ടിലും ഓണപ്പൂക്കളം ഇടുമ്പോള്‍ ഇലകളും കായ്ക്കളും എന്തിനേറേ ഉപ്പു പൊടി വരെ ഇട്ടു കണ്ടിട്ടുണ്ട്.അപ്പോള്‍ ഇതൊരു തെറ്റല്ല.ആവേലിയെ കുറിച്ചും പൊന്നോണത്തെ കുറിച്ചും നമുക്കുള്ള സങ്കല്‍പം ആണു പ്രധാനം.മാവേലി കാണിച്ചു തന്ന പോലെ ഓണത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കുക

കായ്ക്കളം നന്നായി കേട്ടോ..ഓണാശംസകള്‍ !!

പിരിക്കുട്ടി said...

kollallo...

kaaykkalam...

sadyede post idam too

pinne pookalangal purake varunnundu

smitha adharsh said...

ഹ്മം..ഇതു ഇഷ്ടായി..

അപരിചിത said...

കൊള്ളാലോ ആ അത്തപൂക്കളം പോലെ ഇരികുന്ന fruitകളം
നല്ല post
ഓണം സദ്യ ഉണ്ണാന്‍ i m waiting
എവിടെ ആണെങ്കിലും നല്ല ഒരു ഓണം ആകട്ടേ എന്നു ആശംസിക്കുന്നു
ഓണത്തിന്റെ അന്നു രാവിലെയും പുട്ടു ആകുമോ?


wish u a very happy ONAM...PIN


:)

ശ്രീ said...

മറുനാട്ടിലാകുമ്പോൾ അതും പൂക്കൾ കിട്ടാനില്ലെങ്കിൽ കായ്ക്കളവും ആകാം ട്ടോ. മാവേലിയ്ക്ക് അതൊക്കെ പറഞ്ഞാൽ മനസ്സിലാകുമെന്നേ...

ജിവി/JiVi said...

എന്റെ അയല്‍ വീടിനെ ഓര്‍മ്മവന്നു. പൂക്കളോടൊപ്പം അവിടെയുള്ള പഴവര്‍ഗ്ഗങ്ങളൊക്കെയും പൂക്കളത്തില്‍ നിരത്തും. ഞങ്ങളതിനെ കളിയാക്കിയിട്ടേ ഉള്ളൂ. പക്ഷെ പിന്‍ കായ്ക്കളം അഭിനന്ദനമര്‍ഹിക്കുന്നു.

മനസ്സില്‍ കരുതിയ പൂക്കളൊക്കെ വാടിയെന്നോ.. അതെന്തുപറ്റി പിന്‍?

siva // ശിവ said...

ഈ ഓണ കായ്ക്കളം സോ നൈസ്...

Lathika subhash said...

പൂക്കളില്ലെങ്കില്‍
പൂക്കളത്തിനു
പകരം
കായ്ക്കളം!
കൊള്ളാം!
ഓണാശംസകള്‍!!!

വര്‍ക്കേഴ്സ് ഫോറം said...

ഓണാശംസകള്‍
QW_ER_TY

GURU - ഗുരു said...

കായ് കളം കലക്കി.ഓണത്തപ്പന് വിശക്കുമ്പൊഴ് കഴിക്കാം നന്നായി

PIN said...

കാന്താരികുട്ടി- നന്ദി...അതെ ഓണത്തിന്റെ സന്ദേശമാണ്‌ പ്രധാനം.

പിരിക്കുട്ടി- നന്ദി...ഓണവിശേഷങ്ങൾ എല്ലാം പോസ്റ്റുകളായി പോരട്ടെ...

സ്മിത ആദർഷ്‌ - നന്ദി...

ഡ്രീമി ഐയ്സ്‌- നന്ദി...ഉണ്ടാക്കാൻ എളുപ്പം ആയതിനാൽ ആണ്‌ പുട്ട്‌ ഉണ്ടാക്കുന്നത്‌. ഓണം എന്നോ വിഷു എന്നോ എന്നൊന്നുമില്ല..

ശ്രീ- നന്ദി.. അതെ മാവേലിക്ക്‌ അതൊക്കെ മൻസ്സിലാക്കാൻ പറ്റും. വാമനനോട്‌ കാരുണ്യം കാട്ടിയ അദ്ദേഹം, ഒരു മൂന്ന് ഏക്കർ പൂന്തോട്ടം എനിക്കായ്‌ പതിച്ചൂതരാൻ കൽപിച്ചാൽ മതിയായിരുന്നു.

ഹരീഷ്‌- നന്ദി...

ജിവി- നന്ദി. ഗതികെട്ടാൽ പിൻ കായ്ക്കളം ഇടും.

ശിവ- നന്ദി...

ലതി- നന്ദി..

വർക്കേഴ്സ്‌ ഫോറം- നന്ദി..

ഗുരു- നന്ദി...അതെ.. അങ്ങനെ നോക്കുമ്പോൾ പൂക്കളത്തേക്കാൾ നല്ലത്‌ ഇതുതന്നെ ആണ്‌ അല്ലേ?

എല്ലാ സുഹൃത്തുക്കൾക്കും.... തിരുവോണാശംസകൾ....

മയൂര said...

ക്രിയേറ്റീവ്...ഓണക്കായ്ക്കളം ഇഷ്ടമായി.:)

ഓണാശംസകൾ!

Bindhu Unny said...

എന്തായാ‍ലും പ്ലാസ്റ്റിക് പൂക്കളേക്കാള്‍ നല്ലത് ഈ കായ്ക്കളം തന്നെയാ. ക്രിയേറ്റിവിറ്റിക്ക് അഭിനന്ദനങ്ങള്‍ :-)

Sarija NS said...

കായ്ക്കളത്തെക്കാള്‍ മനോഹരമായി തോന്നിയത് പൂവില്ലെങ്കിലും പൂക്കളം വേണമെന്ന് നിര്‍ബന്ധം പിടിച്ച ആ മനസ്സാണ്. ഈ മനസ്സ് മാറാതിരിക്കട്ടെ...