സുവർണ്ണ നിറമുള്ള പെറോണി ബിയർ, ചിങ്കുതറയിലെ അതിവിശിഷ്ഠമായ ഇളം ചുവന്ന വീഞ്ഞുമായി കുപ്പിഗ്ലാസ്സിൽ ഇണചേരുന്നു. ബിയറിന്റെ ചവർപ്പും വീഞ്ഞിന്റെ പുളിപ്പും ഒന്നുചേർന്ന് പുതിയൊരു സന്തതി ഉടലെടുക്കുന്നു... എനിക്കായി മാത്രം.വെയിൽ നേരിട്ട് പതിക്കാത്ത ചീങ്കുതറയിലെ മലഞ്ചെരുവിലെ മുന്തിരിചെടികളിൽ, കടലിൽ നിന്നും പ്രതിഫലിക്കുന്ന സൂര്യൻ പാകപ്പെടുത്തുന്ന വിശിഷ്ഠമായ ഫലങ്ങൾ വാറ്റിയെടുത്ത വീഞ്ഞിൽ, ആൾക്കഹോളിന്റെ അളവ് പതിനാറ് ശതമാനവും പെറോണി ബിയറിൽ അഞ്ചു ശതമാനവും ഉണ്ട്. പക്ഷേ ആ ലഹരിക്കൊന്നും മനസ്സിനെ മയക്കാനും തളർത്താനും ആവുന്നില്ല...മറിച്ച് അതൊക്കെ പലപ്പോഴും മറവിയെകെടുത്തി ബോധത്തെ ഉണർത്തുകയണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു....
മൂന്നാംവർഷ ഡിഗ്രിക്ലാസ്സിൽ ഒന്ന് തല ചുറ്റിവീണപ്പോൾ അത് തന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല.നിറ മുള്ള സ്വപനങ്ങൾ പിഴുതെറിഞ്ഞ്, വർണ്ണപൂക്കളും ശലഭങ്ങളും ഇല്ലാത്ത, വസന്തം ഇനിയൊരിക്കലും കടന്നുവരാത്ത ഒരു ലോകത്തേയ്ക്ക് അത് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു...
മുഖത്തുപതിച്ച വെള്ളതുള്ളികളുടെ കുളിർമ്മയിൽ കണ്ണു ചിമ്മി തുറന്നപ്പോൾ കൂട്ടുകാർ ആരോ പറഞ്ഞറിഞ്ഞ് അവളും എത്തിയിരുന്നു...അവളുടെ മുഖത്തെ ഉത്കണ്ടയിൽ തനിക്കും അമ്പരപ്പ്തോന്നി...രണ്ടുദിവസമായി കടുത്ത പനിയും തലവെട്ടലും ഉണ്ടായിരുന്നു ഇതും അതിന്റെ തുടർച്ചയാകാം എന്നു പറഞ്ഞെങ്കിലും. അത്ര നിസ്സാരമായി തള്ളിക്കളയരുത് എന്നായി അവൾ.
കോളേജ് ഗേറ്റും കടന്ന്, ചാവറയച്ചന്റെ പള്ളിയേയും അതുകഴിഞ്ഞുള്ള പള്ളിക്കൂടവും പിന്നിട്ട്, കവലയിൽ എത്തി ബെസ്സുകാത്തുനിൽക്കുന്ന കൂട്ടുകാരോട് സൊറപറഞ്ഞ് അൽപനേരം നിൽക്കുമ്പോൾ, കൂട്ടുകാരികളുടെ അകമ്പടിയോടെ അവളും എത്തിച്ചേരും. ഇവിടെ നിന്നും ഇനി വീടുവരെയുള്ള ഒന്നര കിലോമീറ്റർ ദൂരം ഞങ്ങൾ രണ്ടുപേരുടേത് മാത്രമാണ്. സാവധാനമെങ്കിലും, ഉയരമുള്ളതിനാൽ ദീർഘമേറിയ തന്റെ ചുവടുകൾക്ക് ഒപ്പമെത്താൻ, ഫയലുകളും ബുക്കുകളും മറോട് ചേർത്ത്പിടിച്ച് അവൾക്ക് അല്‌പം തിടുക്കത്തിൽ തന്നെ നടക്കേണ്ടിവരും. ടാറിട്ടറോഡിൽനിന്നും ഇറങ്ങി, പച്ചപുതച്ച് കിടക്കുന്ന വയലുകളൂടെ ഇടയിലെ ചെമ്മൺ പാതയിലൂടെ, അസ്തമയസൂര്യന്റെ കിരണങ്ങളും ഇളം ങ്കാറ്റിന്റെ തലോടലും ഏറ്റുവാങ്ങി വീണ്ടും ടാറിട്ടറോഡിൽകയറി വീടെത്താറാകുമ്പോഴേയ്ക്കും വാക്കുകളിലൂടെ കിനാവും പരിഭവങ്ങളും പലവട്ടം പകുത്ത് നൽകിയിരിക്കും. എന്നിട്ടും തീരാതെ അവ വീണ്ടും നാളേയ്ക്കായി ശേഷിച്ചിട്ടുണ്ടാവും...
വീട്ടിലെത്തി അമ്മയെ വിവരം ധരിപ്പിച്ച്, ഒരു ചെക്കപ്പ് നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നും പറഞ്ഞിട്ടാണ് അവൾ അന്ന് വീട്ടിലേയ്ക്ക് പോയത്.അവൾ എന്നും അങ്ങനെ ആയിരുന്നു...തന്റെ കാര്യങ്ങളിൽ തന്നേക്കാൾ ശ്രദ്ധ കാട്ടിയിരുന്നവൾ...ഓർമ്മവെച്ചനാൾ മുതൽ കളിയിലും ചിരിയിലും അവൾ ഒപ്പം ഉണ്ടായിരുന്നു. ഭാഷകൾ ഇല്ലാതെ മനസ്സുകൾ വായിച്ചെടുക്കാവുന്ന അടുപ്പം. തുണയായി നിഴലായി ഒന്നായി ഒടുക്കം വരേയും ഉണ്ടാകുമെന്ന്, തിരിച്ചറിവുകളാകും മുമ്പേ കരുതിയിരുന്നവർ...അനുപൂരകങ്ങൾ അകേണ്ടിയിരുന്നവർ... വീട്ടുകാരും അങ്ങനെ തീർച്ചപ്പെടുത്തിയിരുന്നവർ...
അമ്മയുടെ മനഃസമാധാനത്തിനായി പിറ്റേന്ന് കാരിത്താസ് ആശുപത്രിയിൽ പോയി.അമ്മയുടെ ബെന്ധുവായിരുന്ന ഡോക്ടർക്ക് തൃപ്തി പോരാഞ്ഞ് ഒന്നിന് പുറകെ ഒന്നായി ഓരോ ടെസ്റ്റുകൾ മാറിമാറി നടത്തി. ഒടുവിൽ തയിറോയിഡ് ഗ്രന്ധിയിൽ ഒരു ഗ്രോത്ത് ഉണ്ട് എന്ന് കണ്ടെത്തി. ഭയപ്പെടാനൊന്നുമില്ല താസിയാതെ ഒരു ഓപ്പറേഷൻ വേണ്ടിവരും എന്നും പറഞ്ഞ് ഒരാഴചത്തേയ്ക്ക് കഴിക്കേണ്ട മരുന്നുകൾ കുറിച്ചു തന്നപ്പോഴേയ്ക്കും അമ്മയുടെ കണ്ണുകൾ ചുവന്നുതുടങ്ങിയിരുന്നു. തനിക്കപ്പോഴും ഒരു നിസ്സംഗതയായിരുന്നു...
ഉപവാസവും പ്രാർത്ഥനയുമായി അമ്മയും, ചാവറയച്ചന്റെ നവനാൾ നൊവേനയുമായി അവളും തന്നിൽ നടത്തേണ്ട ഓപ്പറേഷന്റെ വ്യാകുലതകൾ ഏറ്റെടുത്തു.സ്ട്രച്ചറിൽ കിടത്തിയ തന്നെ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് കൊണ്ടുപോയി, വാതിലുകൾ അടച്ചപ്പോൾ നൊടി ഇടകൊണ്ട് അതിനിടവഴി അനേകം ഭാവങ്ങൾ കൂടികലർന്ന് തീവ്രമായ ഒരു മിന്നൊളി അവളുടെ കണ്ണുകളിൽ നിന്നും തന്റെ കണ്ണുകളിൽ വന്നു പതിച്ചു.പച്ചവസ്ത്രം ധരിച്ച് മാസ്കും മുഖത്തണിഞ്ഞ്, സ്റ്റീൽ കത്തികൾ കൊണ്ട് ഭിക്ഷഗോരന്മാർ തന്റെ തൊണ്ട തുരന്ന് രോഗഗ്രസ്തമായ ഗ്രന്ധി അറുത്ത്മാറ്റുമ്പോഴും, അവളുടെ ആ നോട്ടം തന്റെ ഉള്ളിൽ കിടന്ന് പിടച്ചുകൊണ്ടിരുന്നതിനാൽ മറ്റൊന്നും താൻ അറിഞ്ഞതില്ല...
ഒരു വട്ടം കൂടി ബയോപ്സി എടുത്തു. റിസൾട്ടിൽ "മെറ്റാസ്റ്റാറ്റിക് പപ്പിലറി കാർസിനോമ" എന്ന് എഴുതിയിരുന്നു.സമീപ കോശങ്ങളിലേയ്ക്കും പടർന്നു തുടങ്ങിയിരുക്കുന്നു..രോഗത്തിന്റെ ഗൗരവം മനസ്സിലായെങ്കിലും പ്രത്യേകിച്ചൊന്നും തോന്നിയില്ല.അവൾ ആ റിസൾട്ട് വാങ്ങി പലവട്ടം വായിച്ചു നോക്കുന്നതു കണ്ടൂ.ഇടയ്ക്കിടയ്ക്ക് തന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ടായിരുന്നു. അമ്മയെ ആകെ ഒരു മൂകത ബാധിച്ചിരുന്നു. വീണ്ടും അഞ്ചുദിവസം റേഡിയോ അയഡിൻ തെറാപ്പി. ജീവിതത്തിനും മരണത്തിനും ഇടയിൽ പിന്നിട്ട ദിനരാത്രങ്ങൾ. അവസാനം ദുർബല ശരീരം ജീവിത തിരത്ത് വന്നടിഞ്ഞു... അതിനാൽ ഇനിയും ജീവിതം തുടരേണ്ടീയിരിക്കുന്നു...ഒരു ഗ്രന്ധിയുടെ സ്രവത്തിനു പകരമായി അന്നു മുതൽ ഗുളികകളും പതിവാക്കി.
ഗുളികകൾ കഴിക്കണം എന്നതൊഴിച്ചാൽ തീർത്തും പൂർവ്വസ്ഥിതി പ്രാപിച്ചിരുന്നു. എങ്കിലും അവൾ തന്നിൽ നിന്നും സാവധാനം അകന്നു മാറുന്നതായി ഒരു തോന്നൽ...തോന്നലല്ല അത് വാസ്തവമാണെന്ന് പിന്നിട് അമ്മയിൽ നിന്നും അറിഞ്ഞു. അത് രോഗത്തെക്കാൾ തന്നെ തളർത്തിക്കളഞ്ഞു. അത് ഏതൊരു കീറിമുറിക്കലിനേക്കാളും നീറ്റുന്നതായിരുന്നു...
ഒരിക്കൽ തഴച്ചുനിന്ന രോഗം ഇനിയും മുളച്ചുകൂടാ എന്നില്ല, അതിനാൽ അവളുടെ വീട്ടുകാരുടെ ആശങ്ക വളരെ ന്യായവുമാണ്. ഏകപുത്രിയുടെ ജീവിതം പാതിവഴിയിൽ കരിഞ്ഞുകൊഴിയാൻ സാധ്യതയുള്ള ഒരുവനായി അറിഞ്ഞുകൊണ്ടെന്തിനു ബലിയാക്കണം?.
പിന്നീട് നിശ്ചിതകാലയളവിലായി നടത്തിയ ടെസ്റ്റുകളിലൊന്നിലും രോഗത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താൻ ആയില്ല. രോഗവും തന്നെ ഉപേക്ഷിച്ചുപോയിരിക്കുന്നു...
നല്ല നിലയിൽ ബിരുദം നേടിയിട്ടും തുടർ പഠനത്തിനായി മറുനാട് തേടിപോയത് അവളിൽനിന്നും ആ ഓർമ്മകളിൽനിന്നും ഒളിച്ചോടാൻ വേണ്ടി മാത്രമായിരുന്നു. പിന്നീട് ഉദ്യോഗവും മറുനാടുകളിൽ തന്നെ ലഭിച്ചപ്പോൾ അതും ഒരു അനുഗ്രഹമായി തോന്നി. അകലങ്ങളിൽ നിന്നും അകലങ്ങളിലേയ്ക്കുള്ള ആ പ്രയാണം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ദൂരെ ചക്രവാളങ്ങളിൽ എത്തിപ്പിടിക്കാനുള്ള മോഹം കൊണ്ടല്ല. ജന്മനാട്ടിലെ ഒരോ മണൽത്തരിയും ഒരായിരം ഓർമ്മകളെ ഉണർത്തുമെന്നതിനാൽ, ഇന്ദ്രിയങ്ങളിലൂടെ ഉള്ളിൽ കടന്നുകയറി കുത്തിക്കീറുന്ന ആ നോവിനെ ഒഴിവാക്കാനായി ഒരു വിഫലശ്രമം.
അവിടെ പെയ്യും ഓരോ മഴയും
കുളിർപ്പകരും നനവല്ല,
ഇളക്കിമറിക്കും പ്രളയമാകുന്നു...
അവിടെ തെളിയും ഓരോവെയിലും
ഉഷ്മളമായ ചൂടല്ല,
ഊതിയെരിക്കും കനലാകുന്നു....
അവിടെ വീശും ഓരോതെന്നലും,
സുഖംപകരും തഴുകലല്ല,
പിഴുതെറിയും കൊടുംങ്കാറ്റാകുന്നു...
അതിനാൽ അവിടെ നിന്നും അകന്ന് വെറുതെ ഒരാശ്വാസം തേടിയുള്ള പ്രയാണം തുടരുന്നു...
ശേഷിച്ചജീവിതം ജീവിച്ചു തീർക്കുവാൻ ഒരു ലക്ഷ്യം കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു ഭീരുവല്ലാത്തതിനാൽ സ്വയമതൊടുക്കുവാൻ ഒരുക്കമല്ല.മറുപടികൾ മറുചോദ്യങ്ങളിലേയ്ക്ക് നയിക്കുമെന്നതിനാൽ, ചോദ്യങ്ങൾ അരുത് മറുപടിയും ഇല്ല....