Friday, 13 February 2009

കുറച്ചു കൊറിയൻ വിശേഷങ്ങൾ...

മുറിയിൽ നേരിയ വെട്ടം നിറയുന്നതായി തോന്നിയപ്പോൾ, പുതപ്പ്‌ വലിച്ചുമാറ്റി സയിഡ്‌ ടേബിളിലുള്ള ടൈപീസ്സിൽ സമയം നോക്കി.10.30AM.

ശനിയാഴ്ച ആയതിനാൽ അലാറം വെച്ചിരുന്നില്ല. നേരത്തെ എഴുന്നേറ്റിട്ട്‌ വലിയ കാര്യം ഒന്നും ചെയ്യാനില്ലതാനും. മാത്രമല്ല രാവിലത്തേതും ഉച്ചയ്ക്കത്തേതും കൂടി ഒരു നേരം ഭക്ഷണം ഉണ്ടാക്കിയാൽമതി...അത്രയും ലാഭം...

അഞ്ചുദിവസം ജോലിചെയ്ത്‌ ക്ഷീണിച്ചതല്ലയോ,... അതിന്റെ കടവും കുടിശ്ശികയും എല്ലാം തീർക്കുന്നത്‌ വാരാന്ത്യത്തിലാണ്‌. വെള്ളിയാഴ്ച വൈകുന്നേരങ്ങൾ എന്നും പ്രലോഭനങ്ങളുടേതാണ്‌. പ്രലോഭനത്തിൽ ഉൾപ്പെടാതെ ഉണർന്നിരുന്നു പ്രാർത്ഥിക്കുക എന്നല്ലേ? (മർക്കോസ്‌ 14/38-39)പ്രാർത്ഥിക്കുക അല്ലായിരുന്നുവെങ്കിലും രാത്രിമുഴുവൻ ഉണർന്നിരിക്കുകയായിരുന്നു.... കിടന്നുറങ്ങിയപ്പോൾ വെളുപ്പിനെ 2 മണീ....

ഞാൻ കൊറിയയിൽ എത്തിയവിവരം മെയിലിലൂടെയും മെസ്സഞ്ചെറിലൂടെയും ഇവിടെയുള്ള ഒരുവിധം സുഹൃത്തുക്കൾ എല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു. അവരുടെവകയായി ഒരു ഗെറ്റുഗതർ ഉണ്ടായിരുന്നു. D.R.Choi, Y.J.Lee, D.J.Park, S.H.Shim, J.K.Kim തുടങ്ങി പഴയ കൊറിയൻ സുഹൃത്തുകൾ ഒട്ടുമിക്കവരും ഉണ്ടായിരുന്നു. പക്ഷേ Y.H.Jung മാത്രം വന്നിരുന്നില്ല.

ഒരു കൊറിയൻ റെസ്റ്റോറന്റിൽ ആയിരുന്നു ഡിന്നർ പ്ലാൻ ചെയ്തിരുന്നത്‌. ഞങ്ങൾ പ്രവേശിച്ചതും അവിടെ ഉള്ള ജീവനക്കാർ കവാടത്തിൽ വന്ന്, "അന്യേസ്സയോ" എന്നുപറഞ്ഞ്‌ മുട്ടുവളയ്ക്കാതെ നല്ലവണ്ണം കുനിഞ്ഞ്‌ ഞങ്ങളെ എല്ലാവരേയും അഭിവാദ്യം ചെയ്തുതുടങ്ങീ. ഒരു കൊറിയൻ ഒരു ദിവസം കുറഞ്ഞത്‌ നൂറ്‌ പ്രാവശ്യമെങ്കിലും ഇങ്ങനെ കുനിയുന്നുണ്ടായിരിക്കണം. ഇവർക്ക്‌ കുടവയർ ഉണ്ടാകാത്തതിന്റെ ഒരു രഹസ്യം ഇതുതന്നെ ആയിരിക്കാം...

നമ്മൾ അടുത്തെത്തുമ്പോൾ ഇവർ പെട്ടെന്നു തലകുനിക്കുന്നതുകാണുമ്പോൾ, ആടുമാടുകൾ തലകുനിച്ച്‌ ഇടിക്കാൻ വരുന്നമാതിരി വല്ല പ്രയോഗവുമാണോ ഇതെന്ന്, ഇവരുടെ ആചാരരീതികളുമായി യതൊരു പരിചയവും ഇല്ലാത്തവർ ചിലപ്പോൾ ശങ്കിച്ചുപോകാം,... അവർ അറിയാതെ സ്വയരക്ഷയ്ക്കായി, കയ്യ്‌കൾ കൊണ്ട്‌ അവരുടെ ചില മർമ്മസ്ഥാനങ്ങളെ പൊത്തിപ്പിടിച്ചേക്കാം...

റസ്റ്റോറന്റിൽ വളരെ ഉയരം കുറഞ്ഞ മേശകളാണ്‌ ഉണ്ടായിരുന്നത്‌. നിലത്ത്‌ കുഷ്യൻ ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങൾ ചമ്രം പടഞ്ഞ്‌ അതിനരികിൽ ഇരുന്നു. അപ്പോഴേയ്ക്കും കിംചിയും, റാഡിഷും, തീരെ ചെറിയമീൻ പ്രത്യേകതരത്തിൽ തയ്യാറാക്കിയതും,വിവിധയിനം ഇലകളും, സൂപ്പുകളുമായി മേശമുഴുവൻ നിറഞ്ഞു കഴിഞ്ഞിരുന്നു. മേശയുടെ ഒത്തനടുക്ക്‌ ബർണ്ണർ ഉണ്ടായിരുന്നു. തീരെ കനം കുറച്ച്‌ അരിഞ്ഞു വെച്ചിരിക്കുന്ന ബീഫ്‌ ഓരോരുത്തർക്കും ഇഷ്ടാനുസരണം പാകം ചെയ്തെടുക്കാം. പച്ചകുപ്പികളിൽ ലഭിക്കുന്ന "സോജു" എന്ന നിറമില്ലാത്ത മദ്യത്തോടൊപ്പം ഞങ്ങൾ അതുകഴിച്ചു.

വിരലുകൾക്കിടയിൽ ചോപ്‌സ്റ്റിക്ക്‌ പിടിച്ച്‌, അതുകൊണ്ട്‌ വേണം ആഹാരസാധങ്ങൾ എടുത്തുകഴിക്കാൻ. ഇവിടെ വന്ന അന്നുമുതൽക്കുള്ള പല അനുഭവങ്ങളിൽ നിന്നും, ഈ സർക്കസ്സ്‌ വശമാക്കിയില്ല എങ്കിൽ പട്ടിണികിടന്ന് ചാകേണ്ടിവരും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ആദ്യമൊക്കെ ഭക്ഷണസാധനങ്ങൾ ഈ കമ്പുകൾക്കിടയിൽ നിന്നും വഴുതിപോകുമായിരുന്നതിനാൽ, വിശന്ന് വയറ്‌ കത്തിക്കാളുമ്പോഴും നിവർത്തിയില്ലാതെ ഭക്ഷണം അതേപടി ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ട്‌. അതിൽ പിന്നിട്‌ റൂമിലിരുന്ന് നന്നായി അഭ്യസിച്ച്‌ ഈ സർക്കസ്സ്‌ ഞാനും വശമാക്കി. അതിനാൽ മറ്റുള്ളവർക്കൊപ്പം എനിക്കും വലിയ പ്രശ്നങ്ങൾ ഇല്ലാതെ വല്ലതും കഴിക്കാൻ സാധിക്കുന്നു.....

ഞങ്ങൾക്ക്‌ എതിർവശം, അൽപം അകന്ന്, ഒരു മേശയിൽ മൂന്നു യുവതികളും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവർ വിദേശിയായ എന്നെ ഇടയ്ക്കിടയ്ക്ക്‌ ശ്രദിക്കുന്നുണ്ടായിരുന്നു. ചയിനക്കാരുടേയോ, ജപ്പാൻകാരുടേയോ ആകൃതി പ്രകൃതിയോട്‌ സാമ്യമുള്ള അവർ നമ്മുടെ "മനീഷാ കോയിരോളയെ" പോലെ സുന്ദരികളായിരുന്നു...

അവിടെനിന്നും കുടിയും തീനും കഴിഞ്ഞ്‌ പിരിഞ്ഞപ്പോൾ ആരാത്രി അവസാനിച്ചിരുന്നു..
മഞ്ഞിൻ കണങ്ങൾ അപ്പൂപ്പൻ താടിപോലെ വെളിയിൽ എങ്ങും പാറിനടക്കുന്നുണ്ടായിരുന്നു. വഴിവിളക്കുകളുടെ വെട്ടത്തിൽ അവ ഇയ്യാം പാറ്റകളെപ്പോലെ വെട്ടിതിളങ്ങി. മദ്യത്തിന്റെ ലഹരിയിൽ തണുപ്പിനും ഒരു ചെറുസുഖമുള്ളതായി തോന്നി...

ഇവിടെ ഓഫീസ്സിനു വെളിയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാക്ഷയാണ്‌. നീളത്തിലും,ചതുരത്തിലും,വട്ടത്തിലുമുള്ള ഇവരുടെ അക്ഷരങ്ങൾ വായിച്ചെടുക്കാൻ ഉടനെ ഒന്നും പറ്റുമെന്ന് തോന്നുന്നില്ല...എല്ലാം കണ്ടാൽ ഒരുപോലിരിക്കും. അതിനാൽ സ്ഥലങ്ങളുടെ പേരോ, കടകളുടെ പേരോ നോക്കിമനസ്സിലാക്കി എടുക്കാൻ വലിയ പാടുതന്നെയാണ്‌. ആശയവിനിമയത്തിന്‌ ആഗ്യഭാക്ഷയാണ്‌ പലപ്പോഴും പയറ്റുന്നത്‌. അതിന്‌ അതിന്റേതായ പോരായ്മകളും ഉണ്ട്‌.

റൂമിലിരിക്കുമ്പോൾ വല്ലപ്പോഴും ചായ ഇട്ടു കുടിക്കാം എന്നു കരുതി, അതിനു വേണ്ടീ പാലും,തേയിലയും, പഞ്ചസാരയും അന്വേഷിച്ച്‌, കുറച്ചുദിവസംമുമ്പ്‌ അടുത്തുള്ള ഒരു കടയിൽ ചെന്നു. കടമുഴുവൻ അരിച്ചുപെറുക്കിയപ്പോൾ, ഒരു ക്യാൻ പാലും തേയിലയും കണ്ടെത്തി. പക്ഷേ പഞ്ചസ്സാര മാത്രം കണ്ടെത്താനായില്ല. അല്‌പം പഞ്ചാരയില്ലാതെ പിന്നെന്തുരെസം?. .പ്രേമമല്ലാതെ പ്രമേഹം എന്ന അസുഖം ഇതുവരെയും പിടിപെട്ടിട്ടില്ല...അതിനാൽ മധുരം എന്തിനു വർജ്ജിക്കണം?...

കൗണ്ടറിലുണ്ടായിരുന്ന സെയിൽസ്‌ ഗേളിനേട്‌ അറിയാവുന്ന എല്ലാ ഭാക്ഷയിലൂടെയും, അവസാനം ആഗ്യഭാക്ഷയിലൂടേയും പഞ്ചസ്സാരയുടെ ഉൽപത്തിമുതലുള്ള എല്ലാക്കാര്യങ്ങളും പറഞ്ഞും, കഥകളിരൂപത്തിൽ ആടിയും വിശദീകരിച്ചുകൊടുത്തു. കാര്യങ്ങൾ മനസ്സിലാകഞ്ഞിട്ടോ അതോ എന്റെ നടന വൈഭവത്തിൽ കൗതുകം ഏറിയിട്ടോ എന്നറിയില്ല, അവിടെ ഉള്ള എല്ലാ യുവതികളേയും ആ മഹതി വിളിച്ചുവരുത്തി...അവരെല്ലാവരും എന്റെ ചുറ്റിലും നിന്ന് ഓരൊന്ന് ചോദിച്ച്‌ എന്റെ കഥകളി നടനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവസാനം അവിടെ ഉണ്ടായിരുന്ന ഒരു കപ്പെടുത്ത്‌ അതിൽ കയ്യിലുള്ള പാലും തേയിലയും ഇടുന്നതുപോലേകാട്ടി, ഒരു സ്പൂണെടുത്ത്‌ ഇളക്കിക്കാണിച്ചു. അപ്പോൾ അതിലൊരു യുവതി പണ്ട്‌ ആർക്കമെഡീസ്സ്‌ കാട്ടിയതുപോലെ "യുറേക്ക" എന്നോമറ്റോ വിളിച്ചുപറഞ്ഞുകോണ്ട്‌ ഓടിപ്പോയി, ഒരു പായ്ക്കറ്റ്‌ എടുത്തുകൊണ്ടുവന്നു തന്നു. അവസാനം സാധനങ്ങളുമായി വിജയശ്രീലാളിതനായി, അവരോടെല്ലാം നന്ദി പറഞ്ഞ്‌ ഞാൻ തിരിച്ച്‌ റൂമിലെത്തി.


തൊപ്പിയും, കോട്ടും, ഗ്ലൗസ്സും എല്ലാം ഊരിമാറ്റി.. തണുപ്പിൽ നിന്നും ഒരു ഉന്മേഷം കിട്ടുന്നതിനായി ചെന്നപാടെ നല്ലകടുപ്പത്തിൽ തന്നെ ഒരു ചായ ഇട്ടു. ആവി പറക്കുന്ന ആ ചായ ഊതിക്കുടിച്ചപ്പോൾ അതിന്‌ നല്ല ഉപ്പായിരുന്നു.... തബല വിദ്വാൻ സക്കിർഹുസയിനെപ്പോലെ "വാഹ്‌...." എന്ന് ഞാനും അറിയാതെ പറഞ്ഞു പോയി...

ഇങ്ങനെ എത്രയെത്ര മഹാസംഭവങ്ങൾ എന്റെ ഈ കൊച്ചു ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു... ഇനിയും എന്തെല്ലാം ഗുലുമാലുകൾ സംഭവിക്കാനിരിക്കുന്നു.... സംഭവിച്ചതെല്ലാം നല്ലതിനുവേണ്ടി,സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിനുവേണ്ടീ, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനുവേണ്ടീ.(ഭഗവത്‌ ഗീത) എന്ന് ആശ്വസിക്കാം...

Saturday, 24 January 2009

മഞ്ഞുപെയ്യുമ്പോൾ...

ചെറിയ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും മടങ്ങിയെത്തിയിരിക്കുന്നു. പ്രശസ്തനല്ലാത്തതിനാൽ ആരും അത്‌ ശ്രദ്ധിച്ചിരിക്കില്ല...

യൂറോപ്പിൽ തണുപ്പ്‌ വീശിതുടങ്ങിയ്പ്പോൾ ഞാൻ അവിടെ നിന്നും വിമാനം കയറി. ആ യാത്രയിൽ ദുബയിലും ഒരാഴ്ച്‌ ചിലവിട്ടു. കുറച്ചു ദിനങ്ങൾ അവിടുത്തെ മാളുകളിലെ തിരക്കിനിടയിൽ ഊളിയിട്ടുനടന്നു. പഴയ സുഹൃത്തുക്കളെ ആരേയും അവിടെ കണ്ടുമുട്ടിയില്ല. സത്യത്തിൽ അതിന്‌ ശ്രമിച്ചതുമില്ല.

ജുമേറിയ ബീച്ചിനു സമീപം, സപ്തനക്ഷത്രഹോട്ടലായ "ബർജ്‌ അൽ അറബിനു" മുന്നിലുള്ള ഒരു റോഡിലൂടെ ദുബയുടെ ഭരണാധികാരിയായ "ഷേയ്ക്ക്‌ മുഹമദ്‌" രജിസ്ട്രേഷൻ "നമ്പർ 1" എന്നു രേഖപ്പെടുത്തിയ ഒരു വെളുത്ത കാർ, ട്രാഫിക്ക്‌ നിയമങ്ങൾ എല്ലാം പാലിച്ച്‌ സ്വയം ഡ്രൈവ്‌ചെയ്ത്‌ പോകുന്നത്‌ കാണുവാൻ ഇടയായി. യാതൊര്‌ അകമ്പടിയുമില്ലാതെയുള്ള ദുബയിരാജാവിന്റെ ആ യാത്ര, ജനാധിപത്യരാജ്യത്തെ നമ്മുടെ മന്ത്രിമാർ അനുകരിച്ചിരുന്നുയെങ്കിൽ എത്രനന്നായേനെ...

ദുബയിൽനിന്നും ശനിയാഴ്ച വൈകിട്ടത്തെ എമിരേറ്റ്‌ ഫ്ലൈറ്റിൽ കേരളത്തിലേയ്ക്ക്‌ യാത്രതിരിച്ചു.അതിരാവിലെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി. അപ്പോൾ നേരിയ മഞ്ഞുണ്ടായിരുന്നു. വീട്ടിൽനിന്നും പറഞ്ഞയച്ചിരുന്ന വണ്ടിയിൽ കൊച്ചി ആകെയൊന്നു കറങ്ങി. ഒത്തിരി നാളുകൾക്ക്‌ ശേഷമുള്ള വരവല്ലേ... കണ്ടുമറന്നവ ഒരിക്കൽ കൂടി കാണുവാൻ... വലിയ മാറ്റം ഒന്നും ഉള്ളതായി തോന്നിയില്ല. ഉച്ചവെയിലിൽ വല്ലാതെ വിയർത്തുകുളിച്ചുപോയി. വീടെത്തിയപ്പോൾ സന്ത്യമയങ്ങി തുടങ്ങിയിരുന്നു.

വീടിന്റെ നിറം മങ്ങി തുടങ്ങിയിരിക്കുന്നു...അയൽ വീടുകൾക്കെല്ലാം കണ്ണഞ്ചിപ്പിക്കുന്ന നിറവും.. മുന്നിലുള്ള സപ്പോട്ടമരത്തിൽ നിറയെ കായ്കൾ തിങ്ങി നിൽക്കുന്നു. മുറ്റത്തെ തെങ്ങുകൾക്ക്‌ ഉയരം കൂടിയിരിക്കുന്നു. പിന്നിലെ റബർത്തോട്ടത്തിൽ ഇരുട്ട്‌ പരന്നുകഴിഞ്ഞു.

അമ്മയുടെ മുഖത്ത്‌ ചുളിവുകൾ വീണിരിക്കുന്നു.നരച്ച മുടികളുടെ എണ്ണവും കൂടിയിരിക്കുന്നു.എന്നെ കണ്ടതും നനഞ്ഞ മിഴികളിലും പുഞ്ചിരിയുടെ അലകൾ പരന്നു.

കൂട്ടിൽ കിടന്ന തത്ത എന്നെ മറന്നു പോയിരിക്കുന്നു. എന്നെ കണ്ടതും അത്‌ ഉച്ചത്തിൽ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു തുടങ്ങി. മുറ്റത്ത്‌ നായുടെ കൂട്‌‌ ഒഴിഞ്ഞ്‌ കിടക്കുന്നു."ലോദർ" എന്നു വിളിച്ചിരുന്ന എന്റെ കറുത്തനായ്‌, ഒരു വർഷം മുമ്പ്‌ പാമ്പുകടിയേറ്റ്‌ ചത്തുപോയിരുന്നു. തെക്കുവശത്തെ തൊഴുത്തും ഒഴിഞ്ഞുകിടക്കുന്നു. നോക്കാൻ ആൾ ഇല്ലാതായപ്പോൾ ചുമന്ന ജേഷ്സിപശുവിനെ വിറ്റിരുന്നു. അക്വേറിയത്തിൽ, കറുപ്പും വെളുപ്പുമായി നാല്‌ ഷാർക്കുകൾ ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നെ ഉള്ളൂ. ഒരു വെളുത്ത ഷാർക്കിന്‌ അതിന്റെ ഇണയെ നഷ്ടപ്പെട്ടിരിക്കുന്നു. പിന്നാമ്പുറത്ത്‌ കോഴികളും, ക്വിനികളും, വാത്തകളും, ടർക്കിക്കോഴികളും കൂട്ടിൽ കേറുന്നതിന്‌ തിരക്കുകൂട്ടുന്ന ശബ്ദം. അവയുടെ സുഖവിവരങ്ങൾ നാളെ അന്വേഷിക്കണം.

നന്നേക്ഷീണം ഉണ്ടായിരുന്നതിനാൽ കുളിച്ചിട്ട്‌ നേരത്തെതന്നെ ഉറങ്ങാൻ കിടന്നു. നന്നേ വയികിയെങ്കിലും പിറ്റേന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ശരീരത്തിന്‌ വല്ലാത്തഭാരം, പൊള്ളുന്ന ചൂട്‌, ശബ്ദം തോണ്ടയിൽ കുരുങ്ങിക്കിടക്കുന്നു. ഒച്ച വെളിയിലേയ്ക്ക്‌ വരുന്നില്ല. ആശുപത്രിയിൽ നിന്നും മൂന്നുനേരം വെച്ച്‌ പതിനഞ്ഞു ദിവസത്തേയ്ക്ക്‌ കഴിക്കാനുള്ള ആന്റിബയോട്ടിക്കുകൾ തന്നു. രണ്ടുനേരം ആവിയും കൊള്ളണം. വെക്കേഷന്റെ പകുതിയും അങ്ങനെ തീർന്നു.

ഇടവകപള്ളിയിൽ പെരുന്നാളിനുള്ള കൊടിയേറ്റിയപ്പോഴേയ്ക്കും എനിക്ക്‌ പോകാനുള്ള ദിവസമായി.അങ്ങനെ പെരുന്നാളുകളും, ആഘോഷങ്ങളും കൂടാതെ വീണ്ടും മടക്കയാത്ര...പലതും കണ്ടും കേട്ടും മതിവരാതെ... തിരിച്ച്‌ ഇനി എന്ന്? എന്നൊരുനിശ്ചയവുമില്ലാതെ...


ഈ പ്രാവശ്യം പോകേണ്ടത്‌ വേറെ ഒരു ലോകത്തേയ്ക്കാണ്‌. ലോകത്തിലെ ഇലക്ട്രോണിക്ക്‌ ഉൽപന്നങ്ങളുടെ തലസ്ഥാനമായ സിയോളിലേയ്ക്ക്‌.സ്വന്തം രാജ്യത്തു കൊള്ളുന്നതിലും അധികം ഉൽപന്നങ്ങൾ ഉണ്ടാക്കി ലോകത്ത്‌ വിറ്റഴിക്കുന്ന കഠിനാദ്ധ്വാനികളുടെ നാട്ടിലേയ്ക്ക്‌...

രാവിലെ നെടുമ്പാശേരിയിൽ നിന്നും ജറ്റ്‌ എയർവയസിൽ ബോംബെ വഴി ഡെൽഹിക്ക്‌ യാത്രതിരിച്ചു. ഡൽഹിയിലെ പുകമഞ്ഞിൽ വട്ടമിട്ട്‌ വിമാനം നിലത്തിറങ്ങിയപ്പോൾ ഉച്ചയ്ക്ക്‌ രണ്ടു മണി. പിന്നീടുള്ള സമയം എയർപോർട്ടിൽ തന്നെ ചിലവഴിച്ചു. വെളിയിൽ പോയാൽ ഡൽഹിയിലെ ട്രാഫിക്കിൽ കുരുങ്ങി അടുത്ത ഫ്ലയിറ്റിന്റെ സമയത്തിന്‌ ചിലപ്പോൾ എത്തിച്ചേരാൻ ആവില്ല. വൈകുന്നേരം ഏഴുമണിക്ക്‌ ഏഷ്യാന എയർവയസ്സിൽ സീയോളിലേയ്ക്കു പറന്നു. നീണ്ട ഏട്ടുമണിക്കൂറുകൾക്കു ശേഷം ഇന്ത്യൻ സമയം രാവിലെ 4.30ന്‌ സീയോളിൽ വിമാനമിറങ്ങി. അപ്പോൾ അവിടെ രാവിലെ 8 മണി ആയിരുന്നു. ടെമ്പറേച്ചർ മൈനസ്സ്‌ 12 ഡിഗ്രി. എവിടെയും മഞ്ഞു പാറിനടക്കുന്നു. വാരി പൊതിഞ്ഞിരിക്കുന്ന വസ്ത്ര കെട്ടുകൾക്കിടയിൽ കൂടെയും തണുപ്പ്‌ ശരീരത്തെ കുത്തിനോവിക്കുന്നു.


പ്ലേക്കാർഡുകായി "മിസ്റ്റർ ചോ" കവാടത്തിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അയാളോടൊപ്പം കാറിൽ താമസസ്ഥലത്തേയ്ക്കു പുറപ്പെട്ടു.

മങ്ങിയ വെട്ടമേ ഉള്ളൂ. നേരം വെളുക്കുകയല്ല, ഇരുളുകയാണോ എന്നു തോന്നിപോകും. റോഡു നിറയെ മഞ്ഞലയിറ്റിട്ട വാഹനങ്ങൾ മഞ്ഞിലൂടെ തെന്നി നീങ്ങുന്നു. ദൂരെ മലകൾ മഞ്ഞുമൂടി വെളുത്തിരിക്കുന്നു. ഇല കൊഴിഞ്ഞ മരങ്ങളുടെ ചില്ലകളിലും മഞ്ഞ്‌ തൂങ്ങിനിൽക്കുന്നു. മാനം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളുടെ മുകളിലെവിടെയോ സൂര്യൻ ഒളിച്ചിരിക്കുന്നു. കറുത്ത ടാറിട്ട റോഡുകൾക്കും വെളുത്ത നിറം. ഉച്ചാസ വായു വെളുത്ത പുകയായി അന്തരീഷത്തിൽ അലിഞ്ഞുചേരുന്നു.

ഏകദേശം അരമണിക്കൂർ സമയത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ "അക്രോ ടവറിൽ" എത്തിച്ചേർന്നു. അതിന്റെ 24 ആം മത്തെ നിലയിലാണ്‌ എനിക്കായി താമസം ഒരുക്കിയിരിക്കുന്നത്‌. എന്റെ റൂം കാട്ടിത്തന്നിട്ട്‌ അത്‌ തുറക്കുന്നതിനുള്ള പാസ്സ്‌ വേർഡും പറഞ്ഞുതന്നിട്ട്‌ "മിസ്റ്റർ ചോ" യാത്രയായി. ഒരു ദിവസം വിശ്രമിച്ചതിനുശേഷം എനിക്ക്‌ ഓഫീസിൽ പോയാൽ മതി.

റൂം ഹീറ്ററിൽ 23 ഡിഗ്രി സെറ്റ്‌ ചെയ്തിട്ട്‌, ജെന്നൽ കർട്ടനുകൾ നീക്കി ഞാൻ വെളിയിലേയ്ക്കു നോക്കി. വെൺമേഘങ്ങൾ പൊടിഞ്ഞുവീഴുന്നമാതിരി വെളിയിൽ അപ്പോഴും മഞ്ഞ്‌ പെയ്തിറങ്ങുന്നു...നോക്കെത്തും ദൂരത്തെല്ലാം അത്‌ വെൺകൂമ്പാരം തീർക്കുന്നു. ചീട്ടുകൊട്ടാരം പോലെ അനേകം ബിൽഡിങ്ങുകൾ പരന്ന് ഉയർന്നുനിൽക്കുന്നു. മഞ്ഞ്‌ അവയേയും മൂടിനിൽക്കുന്നു...
തണുപ്പിനെ വകവയ്ക്കാതെ നഗരം തിരക്കിൽ മുഴുകുന്നു. നീളൻ കോട്ടുകളും തൊപ്പികളും അണിഞ്ഞ്‌ ആളുകൾ തണുപ്പിനേയും മഞ്ഞിനേയും വെല്ലുവിളിച്ച്‌ ജോലിയിൽ ഏർപ്പെട്ടൂതുടങ്ങി.

ഇവിടെ എനിക്കും വിശ്രമം ഇല്ല... ഉള്ളിലെ ചൂടിൽ ഏതൊരു മഞ്ഞും ഉരുകി ഒലിച്ചുകൊള്ളും...

ഇന്നുമുതൽ ഇവിടുത്തെ രാവുകൾക്കും പകലുകൾക്കും ഞാനും ഒരു സാക്ഷിയായി തീരും... ഇടവേളകളിൽ അതൊക്കെ കുറിക്കാൻ ശ്രമിക്കാം...

Sunday, 2 November 2008

അവിടെ നിന്നും അകന്ന്...

സുവർണ്ണ നിറമുള്ള പെറോണി ബിയർ, ചിങ്കുതറയിലെ അതിവിശിഷ്ഠമായ ഇളം ചുവന്ന വീഞ്ഞുമായി കുപ്പിഗ്ലാസ്സിൽ ഇണചേരുന്നു. ബിയറിന്റെ ചവർപ്പും വീഞ്ഞിന്റെ പുളിപ്പും ഒന്നുചേർന്ന് പുതിയൊരു സന്തതി ഉടലെടുക്കുന്നു... എനിക്കായി മാത്രം.വെയിൽ നേരിട്ട്‌ പതിക്കാത്ത ചീങ്കുതറയിലെ മലഞ്ചെരുവിലെ മുന്തിരിചെടികളിൽ, കടലിൽ നിന്നും പ്രതിഫലിക്കുന്ന സൂര്യൻ പാകപ്പെടുത്തുന്ന വിശിഷ്ഠമായ ഫലങ്ങൾ വാറ്റിയെടുത്ത വീഞ്ഞിൽ, ആൾക്കഹോളിന്റെ അളവ്‌ പതിനാറ്‌ ശതമാനവും പെറോണി ബിയറിൽ അഞ്ചു ശതമാനവും ഉണ്ട്‌. പക്ഷേ ആ ലഹരിക്കൊന്നും മനസ്സിനെ മയക്കാനും തളർത്താനും ആവുന്നില്ല...മറിച്ച്‌ അതൊക്കെ പലപ്പോഴും മറവിയെകെടുത്തി ബോധത്തെ ഉണർത്തുകയണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു....

മൂന്നാംവർഷ ഡിഗ്രിക്ലാസ്സിൽ ഒന്ന്‌ തല ചുറ്റിവീണപ്പോൾ അത്‌ തന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരിക്കും എന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല.നിറ മുള്ള സ്വപനങ്ങൾ പിഴുതെറിഞ്ഞ്‌, വർണ്ണപൂക്കളും ശലഭങ്ങളും ഇല്ലാത്ത, വസന്തം ഇനിയൊരിക്കലും കടന്നുവരാത്ത ഒരു ലോകത്തേയ്ക്ക്‌ അത്‌ വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നു...

മുഖത്തുപതിച്ച വെള്ളതുള്ളികളുടെ കുളിർമ്മയിൽ കണ്ണു ചിമ്മി തുറന്നപ്പോൾ കൂട്ടുകാർ ആരോ പറഞ്ഞറിഞ്ഞ്‌ അവളും എത്തിയിരുന്നു...അവളുടെ മുഖത്തെ ഉത്കണ്ടയിൽ തനിക്കും അമ്പരപ്പ്തോന്നി...രണ്ടുദിവസമായി കടുത്ത പനിയും തലവെട്ടലും ഉണ്ടായിരുന്നു ഇതും അതിന്റെ തുടർച്ചയാകാം എന്നു പറഞ്ഞെങ്കിലും. അത്ര നിസ്സാരമായി തള്ളിക്കളയരുത്‌ എന്നായി അവൾ.

കോളേജ്‌ ഗേറ്റും കടന്ന്‌, ചാവറയച്ചന്റെ പള്ളിയേയും അതുകഴിഞ്ഞുള്ള പള്ളിക്കൂടവും പിന്നിട്ട്‌, കവലയിൽ എത്തി ബെസ്സുകാത്തുനിൽക്കുന്ന കൂട്ടുകാരോട്‌ സൊറപറഞ്ഞ്‌ അൽപനേരം നിൽക്കുമ്പോൾ, കൂട്ടുകാരികളുടെ അകമ്പടിയോടെ അവളും എത്തിച്ചേരും. ഇവിടെ നിന്നും ഇനി വീടുവരെയുള്ള ഒന്നര കിലോമീറ്റർ ദൂരം ഞങ്ങൾ രണ്ടുപേരുടേത്‌ മാത്രമാണ്‌. സാവധാനമെങ്കിലും, ഉയരമുള്ളതിനാൽ ദീർഘമേറിയ തന്റെ ചുവടുകൾക്ക്‌ ഒപ്പമെത്താൻ, ഫയലുകളും ബുക്കുകളും മറോട്‌ ചേർത്ത്പിടിച്ച്‌ അവൾക്ക്‌ അല്‌പം തിടുക്കത്തിൽ തന്നെ നടക്കേണ്ടിവരും. ടാറിട്ടറോഡിൽനിന്നും ഇറങ്ങി, പച്ചപുതച്ച്‌ കിടക്കുന്ന വയലുകളൂടെ ഇടയിലെ ചെമ്മൺ പാതയിലൂടെ, അസ്തമയസൂര്യന്റെ കിരണങ്ങളും ഇളം ങ്കാറ്റിന്റെ തലോടലും ഏറ്റുവാങ്ങി വീണ്ടും ടാറിട്ടറോഡിൽകയറി വീടെത്താറാകുമ്പോഴേയ്ക്കും വാക്കുകളിലൂടെ കിനാവും പരിഭവങ്ങളും പലവട്ടം പകുത്ത്‌ നൽകിയിരിക്കും. എന്നിട്ടും തീരാതെ അവ വീണ്ടും നാളേയ്ക്കായി ശേഷിച്ചിട്ടുണ്ടാവും...

വീട്ടിലെത്തി അമ്മയെ വിവരം ധരിപ്പിച്ച്‌, ഒരു ചെക്കപ്പ്‌ നടത്തുന്നത്‌ എന്തുകൊണ്ടും നല്ലതാണ്‌ എന്നും പറഞ്ഞിട്ടാണ്‌ അവൾ അന്ന് വീട്ടിലേയ്ക്ക്‌ പോയത്‌.അവൾ എന്നും അങ്ങനെ ആയിരുന്നു...തന്റെ കാര്യങ്ങളിൽ തന്നേക്കാൾ ശ്രദ്ധ കാട്ടിയിരുന്നവൾ...ഓർമ്മവെച്ചനാൾ മുതൽ കളിയിലും ചിരിയിലും അവൾ ഒപ്പം ഉണ്ടായിരുന്നു. ഭാഷകൾ ഇല്ലാതെ മനസ്സുകൾ വായിച്ചെടുക്കാവുന്ന അടുപ്പം. തുണയായി നിഴലായി ഒന്നായി ഒടുക്കം വരേയും ഉണ്ടാകുമെന്ന്, തിരിച്ചറിവുകളാകും മുമ്പേ കരുതിയിരുന്നവർ...അനുപൂരകങ്ങൾ അകേണ്ടിയിരുന്നവർ... വീട്ടുകാരും അങ്ങനെ തീർച്ചപ്പെടുത്തിയിരുന്നവർ...

അമ്മയുടെ മനഃസമാധാനത്തിനായി പിറ്റേന്ന്‌ കാരിത്താസ്‌ ആശുപത്രിയിൽ പോയി.അമ്മയുടെ ബെന്ധുവായിരുന്ന ഡോക്ടർക്ക്‌ തൃപ്തി പോരാഞ്ഞ്‌ ഒന്നിന്‌ പുറകെ ഒന്നായി ഓരോ ടെസ്റ്റുകൾ മാറിമാറി നടത്തി. ഒടുവിൽ തയിറോയിഡ്‌ ഗ്രന്ധിയിൽ ഒരു ഗ്രോത്ത്‌ ഉണ്ട്‌ എന്ന്‌ കണ്ടെത്തി. ഭയപ്പെടാനൊന്നുമില്ല താസിയാതെ ഒരു ഓപ്പറേഷൻ വേണ്ടിവരും എന്നും പറഞ്ഞ്‌ ഒരാഴചത്തേയ്ക്ക്‌ കഴിക്കേണ്ട മരുന്നുകൾ കുറിച്ചു തന്നപ്പോഴേയ്ക്കും അമ്മയുടെ കണ്ണുകൾ ചുവന്നുതുടങ്ങിയിരുന്നു. തനിക്കപ്പോഴും ഒരു നിസ്സംഗതയായിരുന്നു...

ഉപവാസവും പ്രാർത്ഥനയുമായി അമ്മയും, ചാവറയച്ചന്റെ നവനാൾ നൊവേനയുമായി അവളും തന്നിൽ നടത്തേണ്ട ഓപ്പറേഷന്റെ വ്യാകുലതകൾ ഏറ്റെടുത്തു.സ്ട്രച്ചറിൽ കിടത്തിയ തന്നെ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക്‌ കൊണ്ടുപോയി, വാതിലുകൾ അടച്ചപ്പോൾ നൊടി ഇടകൊണ്ട്‌ അതിനിടവഴി അനേകം ഭാവങ്ങൾ കൂടികലർന്ന് തീവ്രമായ ഒരു മിന്നൊളി അവളുടെ കണ്ണുകളിൽ നിന്നും തന്റെ കണ്ണുകളിൽ വന്നു പതിച്ചു.പച്ചവസ്ത്രം ധരിച്ച്‌ മാസ്കും മുഖത്തണിഞ്ഞ്‌, സ്റ്റീൽ കത്തികൾ കൊണ്ട്‌ ഭിക്ഷഗോരന്മാർ തന്റെ തൊണ്ട തുരന്ന് രോഗഗ്രസ്തമായ ഗ്രന്ധി അറുത്ത്മാറ്റുമ്പോഴും, അവളുടെ ആ നോട്ടം തന്റെ ഉള്ളിൽ കിടന്ന് പിടച്ചുകൊണ്ടിരുന്നതിനാൽ മറ്റൊന്നും താൻ അറിഞ്ഞതില്ല...

ഒരു വട്ടം കൂടി ബയോപ്സി എടുത്തു. റിസൾട്ടിൽ "മെറ്റാസ്റ്റാറ്റിക്‌ പപ്പിലറി കാർസിനോമ" എന്ന് എഴുതിയിരുന്നു.സമീപ കോശങ്ങളിലേയ്ക്കും പടർന്നു തുടങ്ങിയിരുക്കുന്നു..രോഗത്തിന്റെ ഗൗരവം മനസ്സിലായെങ്കിലും പ്രത്യേകിച്ചൊന്നും തോന്നിയില്ല.അവൾ ആ റിസൾട്ട്‌ വാങ്ങി പലവട്ടം വായിച്ചു നോക്കുന്നതു കണ്ടൂ.ഇടയ്ക്കിടയ്ക്ക്‌ തന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ടായിരുന്നു. അമ്മയെ ആകെ ഒരു മൂകത ബാധിച്ചിരുന്നു. വീണ്ടും അഞ്ചുദിവസം റേഡിയോ അയഡിൻ തെറാപ്പി. ജീവിതത്തിനും മരണത്തിനും ഇടയിൽ പിന്നിട്ട ദിനരാത്രങ്ങൾ. അവസാനം ദുർബല ശരീരം ജീവിത തിരത്ത്‌ വന്നടിഞ്ഞു... അതിനാൽ ഇനിയും ജീവിതം തുടരേണ്ടീയിരിക്കുന്നു...ഒരു ഗ്രന്ധിയുടെ സ്രവത്തിനു പകരമായി അന്നു മുതൽ ഗുളികകളും പതിവാക്കി.

ഗുളികകൾ കഴിക്കണം എന്നതൊഴിച്ചാൽ തീർത്തും പൂർവ്വസ്ഥിതി പ്രാപിച്ചിരുന്നു. എങ്കിലും അവൾ തന്നിൽ നിന്നും സാവധാനം അകന്നു മാറുന്നതായി ഒരു തോന്നൽ...തോന്നലല്ല അത്‌ വാസ്തവമാണെന്ന് പിന്നിട്‌ അമ്മയിൽ നിന്നും അറിഞ്ഞു. അത്‌ രോഗത്തെക്കാൾ തന്നെ തളർത്തിക്കളഞ്ഞു. അത്‌ ഏതൊരു കീറിമുറിക്കലിനേക്കാളും നീറ്റുന്നതായിരുന്നു...

ഒരിക്കൽ തഴച്ചുനിന്ന രോഗം ഇനിയും മുളച്ചുകൂടാ എന്നില്ല, അതിനാൽ അവളുടെ വീട്ടുകാരുടെ ആശങ്ക വളരെ ന്യായവുമാണ്‌. ഏകപുത്രിയുടെ ജീവിതം പാതിവഴിയിൽ കരിഞ്ഞുകൊഴിയാൻ സാധ്യതയുള്ള ഒരുവനായി അറിഞ്ഞുകൊണ്ടെന്തിനു ബലിയാക്കണം?.

പിന്നീട്‌ നിശ്ചിതകാലയളവിലായി നടത്തിയ ടെസ്റ്റുകളിലൊന്നിലും രോഗത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താൻ ആയില്ല. രോഗവും തന്നെ ഉപേക്ഷിച്ചുപോയിരിക്കുന്നു...

നല്ല നിലയിൽ ബിരുദം നേടിയിട്ടും തുടർ പഠനത്തിനായി മറുനാട്‌ തേടിപോയത്‌ അവളിൽനിന്നും ആ ഓർമ്മകളിൽനിന്നും ഒളിച്ചോടാൻ വേണ്ടി മാത്രമായിരുന്നു. പിന്നീട്‌ ഉദ്യോഗവും മറുനാടുകളിൽ തന്നെ ലഭിച്ചപ്പോൾ അതും ഒരു അനുഗ്രഹമായി തോന്നി. അകലങ്ങളിൽ നിന്നും അകലങ്ങളിലേയ്ക്കുള്ള ആ പ്രയാണം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ദൂരെ ചക്രവാളങ്ങളിൽ എത്തിപ്പിടിക്കാനുള്ള മോഹം കൊണ്ടല്ല. ജന്മനാട്ടിലെ ഒരോ മണൽത്തരിയും ഒരായിരം ഓർമ്മകളെ ഉണർത്തുമെന്നതിനാൽ, ഇന്ദ്രിയങ്ങളിലൂടെ ഉള്ളിൽ കടന്നുകയറി കുത്തിക്കീറുന്ന ആ നോവിനെ ഒഴിവാക്കാനായി ഒരു വിഫലശ്രമം.

അവിടെ പെയ്യും ഓരോ മഴയും
കുളിർപ്പകരും നനവല്ല,
ഇളക്കിമറിക്കും പ്രളയമാകുന്നു...
അവിടെ തെളിയും ഓരോവെയിലും
ഉഷ്മളമായ ചൂടല്ല,
ഊതിയെരിക്കും കനലാകുന്നു....
അവിടെ വീശും ഓരോതെന്നലും,
സുഖംപകരും തഴുകലല്ല,
പിഴുതെറിയും കൊടുംങ്കാറ്റാകുന്നു...

അതിനാൽ അവിടെ നിന്നും അകന്ന് വെറുതെ ഒരാശ്വാസം തേടിയുള്ള പ്രയാണം തുടരുന്നു...

ശേഷിച്ചജീവിതം ജീവിച്ചു തീർക്കുവാൻ ഒരു ലക്ഷ്യം കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു ഭീരുവല്ലാത്തതിനാൽ സ്വയമതൊടുക്കുവാൻ ഒരുക്കമല്ല.മറുപടികൾ മറുചോദ്യങ്ങളിലേയ്ക്ക്‌ നയിക്കുമെന്നതിനാൽ, ചോദ്യങ്ങൾ അരുത്‌ മറുപടിയും ഇല്ല....

Monday, 13 October 2008

വാൽ

കുപ്പക്കുണ്ടിലെ ശുനകനെ കല്ലെടുത്തോങ്ങുകിൽ
അതുചൊല്ലി മോങ്ങുവാനാളുണ്ടിവിടെ

സിംഹവാലപരിരക്ഷയ്ക്കായും കൂവും കുമാരികൾ
ഗോവധം നിഷിദമെന്നോതിയും പ്രക്ഷോഭങ്ങൾ

തെരുവിലൊരു മർത്യനെ നിർദ്ദയമെരിക്കുകിൽ
ആരുണ്ടിവിടെ കേഴുവാൻ ?

വാലില്ലാനരനുടെ വേദന
ആരുണ്ടത്‌ കാണുവാൻ ?

Wednesday, 24 September 2008

മിഷൻ KK43


മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയൻ ബുദ്ധിമതാൻ വരിഷ്ടൻ
വാതാത്മജൻ വാനരയൂഥ മുഖ്യൻ
ശ്രീരാമദൂതം ശരണം പ്രപദ്യേ....

കാറ്റിലൂടെ വന്നതിനെ നേരിടാൻ, കാറ്റിന്റെ പുത്രൻ മാരുതിയെ തന്നെ കൂട്ടുപിടിച്ചു....

ഈ മന്ത്രം രണ്ടുമാത്ര ദൃഡമായി ഉരുവിട്ടു...
വിറയൽ മാറി ഒരു ചെറിയ ധൈര്യം കയിവന്നപ്പോൾ ഇറുക്കി അടച്ച കണ്ണുകൾ മെല്ലെ തുറന്നു....

നിങ്ങൾക്കൊക്കെ ചിരിക്കാം...ഇണയും തുണയും ഇല്ലാതെ ഒറ്റയ്ക്കു താമസ്സിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വൈഷമ്യം ആര്‌ മനസ്സില്ലാക്കാൻ , അവന്റെ നെഞ്ചിന്റെ പടപടപ്പ്‌, തൊണ്ടയിലൂടെ പുറത്തേയ്ക്കു വരാതെ കുരുങ്ങി കിടക്കുന്ന നിലവിളി ഇതൊക്കെ ആര്‌ കേൾക്കാൻ....

ശനിയാഴ്ച രാത്രി 9.30ന്‌ റായി ഊനൊയിൽ "ഹം തും" എന്ന ഹിന്ദി സിനിമ മൊഴിമാറ്റി കാണീക്കുന്നുണ്ട്‌.യൂറോപ്പിലെ പലരാജ്യങ്ങളിലും ഹിന്ദി സിനിമ ഇങ്ങനെ ടിവിയിൽ കാണീക്കാറുണ്ട്‌. ഒരാഴ്ചയായി അതിന്റെ പരസ്യം കാണിക്കാൻ തുടങ്ങീട്ട്‌. അപ്പോൾ മുതൽ എന്നിലെ ദേശസ്നേഹം ഉണർന്നുതുടങ്ങിയതാണ്‌.മൊഴിമാറ്റിയാലെന്താ...നമ്മുടെ സ്വന്തം സെയിഫലിഖാനും, റാണി മുഖർജിയുമല്ലേ അതിൽ അഭിനയിക്കുന്നത്‌...എന്തായാലും അത്‌ കാണൂവാൻതന്നെ ഉറച്ചു.സാധാരണ തെരുവിൽ വായി നോക്കിനടക്കുന്ന ഞാൻ, അന്ന്‌ വൈകിട്ടത്തെ സകല സുശീലങ്ങളും മാറ്റിവയ്ക്കുവാൻ തീരുമാനിച്ചു...

ടിവി കാണൂന്നതിനോട്‌ അത്ര വലിയതാത്പര്യം ഇല്ല, തെരുവിൽ ഗവേഷണം നടത്തിയാൽ പലതും പഠിക്കാൻ പറ്റും. സുഹൃത്തുക്കളെ ഫ്രെഞ്ച്ക്വിസ്സ്‌ എന്നൊക്കെ പറഞ്ഞാൽ... ചുമ്മാ വായിച്ചു പഠിച്ചിട്ടുകാര്യമില്ല,ഇവിടെ വന്ന്‌, നേരിട്ടുകണ്ട്‌, അതിന്റെ എരിവും പുളിയും മനസ്സിലാക്കണം.... നാട്ടിൽ ഷക്കീല പടങ്ങൾ കണ്ട്‌ ശക്തമായ ഒരു അടിത്തറ ഉണ്ടെങ്കിൽകൂടി, ഇവിടുത്തെ നിരത്തുകളിൽ അരങ്ങേറുന്ന പല ലയിവ്‌ ഷോകളും കണ്ടാൽ കോരിത്തരിച്ചുപോകും. ഇവിടെ വന്ന ആദ്യ നാളുകളിൽ ഇതൊക്കെ കണ്ട്‌, കുട്ടിക്കാലത്ത്‌ ടച്ച്‌ പറഞ്ഞ്‌ കളിക്കുമ്പോൾ നിൽക്കുന്നമാതിരി സ്തംഭിച്ച്‌ നിന്നിരുന്ന എന്നെ വഴിപോക്കരിൽ പലരും തട്ടിയും തലോടിയും ജീവൻ പകർന്നു തരുമായിരുന്നു...പിന്നീട്‌ ഇതൊക്ക്‌ സ്ഥിരം കാഴ്ചകൾ ആയപ്പോൾ പഴയ ത്രില്ലൊക്കെ അൽപം കുറഞ്ഞു.. എങ്കിലും,ഓരോ സീനിലും നായികാനായകൻമാർ മാറി വരുന്നതിനാൽ അതീവ ജിജ്ഞാസ അനുദിനം വർദ്ധിക്കുന്നതല്ലാതെ ഒട്ടും കുറയുന്നുമില്ല... ഇല്ലാത്ത കോളുകൾ മൊബയിൽ ഫോണിൽ സംസ്സാരിച്ചുകൊണ്ട്‌, അമ്പലത്തിനു വലം വയ്ക്കുന്നമാതിരി ഇമ്മാതിരി സീനുകൾക്ക്‌ ചുറ്റും വലം വെച്ചും, ഷൂവിന്റെ ലെയിസുകൾ പലപ്രാവശ്യം അഴിച്ചു കെട്ടിയും, കുനിഞ്ഞും നിവർന്നും, അവയൊക്കെ പല അങ്കിളുകളിൽ വീക്ഷിച്ചും, ഇന്നും അവയ്ക്കൊക്കെ ചില പുതിയ മാനങ്ങൾ നൽകിപോരുന്നു....ക്യുനിന്ന്‌ ഇടികൊള്ളാതെ,ടിക്കറ്റ്‌ എടുക്കാതെ,മൂട്ടകടികൊള്ളാതെ, പരിചയക്കാരെ കണൂമ്പോൾ പുറം തിരുഞ്ഞുനിൽക്കത്തെ യതൊരു പണച്ചിലവും ഇല്ലാതെ ആവോളം ആസ്വദിക്കാൻ പറ്റുന്ന ഈവക ഷോകൾ പാഴാക്കാൻ ഞാൻ അത്ര അഹങ്കാരീ ഒന്നും അല്ല..

ആ വക സൗഭാഗ്യങ്ങൾ എല്ലാം തൃണവൽക്കരിച്ച്‌, സ്വരാജ്യ സ്നേഹത്തിനായി ഇന്നത്തെ സന്ധ്യ ഞാൻ സമർപ്പിച്ചു....അമ്പിളി കുട്ടിയും താരക പിള്ളേരും, മാനത്തെ മുറ്റത്ത്‌ കണ്ണാരം പൊത്തികളിക്കുമ്പോൾ, ഈ ഞാൻ എന്ന ചെറുപ്പക്കാരൻ, വാതിലുകൾ കൊട്ടിയടച്ച്‌ പിന്നിലെ ജനാല വലിച്ച്‌ തുറന്ന്‌,സോഫയിൽ ചാഞ്ഞ്‌, കാലുകൾ നിലത്തേയ്ക്കു നീട്ടി, ടിവിയിൽ കണ്ണൂം നട്ട്‌ തപസ്സിരുന്നു...
ഒരു തിയേറ്റർ എഫക്ട്‌ കിട്ടുന്നതിനായി റൂമിലെ ലയിറ്റും ഓഫാക്കി....പിന്നിലെ ജനാലയിൽ കൂടി തണുത്ത കാറ്റ്‌ കടന്നുവരുന്നുണ്ട്‌. ആകെ ഒരു എസി തീയേറ്ററിന്റെ അന്തരീക്ഷം...

നാട്ടിലെ മാതിരീ,പരസ്യങ്ങളുടെ മാലപ്പടക്കങ്ങൾക്ക്‌ ശേഷം ടിവീൽ സിനിമാ തെളിഞ്ഞുവന്നു.സാധാരണ ഹിന്ദി പടങ്ങളിലേപ്പോലതന്നെ, നമ്മുടെ റാണിയും സെയിഫും എയിർപ്പോർട്ടിൽ അമേരിക്കയ്ക്ക്‌ പോകാൻ തിടുക്കം കൂട്ടുന്നു.അവർ വിമാനത്തിൽ കയറി തികച്ചും അവിചാരിതമായി അടൂത്തടുത്ത സീറ്റുകളിൽ തന്നെ വന്നിരിക്കുന്നു,ചിരിക്കുന്നു,ഇണങ്ങുന്നു പിണങ്ങുന്നു,ഇടയ്ക്കിടയ്ക്ക്‌ പാട്ടുപാടി ഡാൻസും കളിക്കുന്നു..സിനിമ അങ്ങനെ നടന്നും ഇരുന്നും പോകുന്നു.....

പെട്ടെന്ന്‌, തലയ്ക്കു മീതെക്കൂടി ഒരു വലിയ കറുത്ത കടവാവൽ ചിറകടിച്ചുകൊണ്ട്‌ എന്റെ കാൽക്കൽ വന്നു വീണ്ണു.കാണുന്നത്‌ ഹൊറർ സിനിമ അല്ല എങ്കിൽകൂടി ഞാൻ ഭയന്നു നിലവിളിച്ചുപോയി...

ഇരുന്ന ഇരുപ്പിൽ തന്നെ ഇരുന്ന് താഴോട്ട്‌ നോക്കുവാൻ ധൈര്യം പോരാഞ്ഞ്‌,മുകളിലേയ്ക്ക്‌ കണ്ണുകൾ ഉയർത്തി,ഘടോപനിഷത്തിലെ ചില കഠോര മന്ത്രങ്ങൾക്കായി പരതി,..... മന്ത്ര തന്ത്രങ്ങൾ ഒന്നും മനസ്സിലേയ്ക്ക്‌ വരുന്നില്ല... എന്റെ മനസ്സിനെ ഏതൊ ഉഗ്ര ശക്തി മായയാൽ ബന്ധിച്ചിരിക്കുന്നു.....തപസ്സിനു ഭംഗം വന്നതോ പോകട്ടെ, എന്നെ പേടിപ്പിച്ചു കളഞ്ഞിലേ...ശനിയാഴ്ച ആയതിനാലും, ഈ കലിയുഗം തരണം ചെയ്യാൻ നിത്യ ബ്രഹ്‌മചാരിയും ചിരംജീവിയുമായ ആജ്ഞനേയനെ തന്നെ ശരണം പ്രാപിക്കുന്നതാണ്‌ ഏറ്റവും അനുയോജ്യമെന്ന് മനസ്സിലാക്കിയതിനാലുമാണ്‌ മേൽപറഞ്ഞ മന്ത്രങ്ങൽ ഉരുവിട്ട്‌ തുടങ്ങിയത്‌.. ........

അപ്പോൾ കൈവരിച്ച ആ ശക്തിയാൽ കാറ്റിലൂടെ പറന്നെത്തിയ നികൃഷ്ഠ ജീവിയെ തൊഴിച്ചെറിയാൻ കാലുകൾ ഇളക്കവെ..എന്നിൽ ഓഫായ ബുദ്ധി വീണ്ടും ഓണായി...ആർഷ്ഭാരത സംസ്ക്കാരം എന്നിൽ ജ്വലിച്ചുയർന്നു. ഏതു നികൃഷ്ഠ ജീവിയാണെങ്കിലും, കാല്‌ക്കൽ വന്ന്‌ ശരണം പ്രാപിച്ചവനെ, തൊഴിച്ചെറിയാൻ എന്റെ സംസ്ക്കാരം അനുവദിക്കുന്നില്ല.....ശത്രുക്കൾക്ക്‌ പോലും അഭയം നൽകുകയും,അഭയം നൽകിയവർക്കായ്‌ സ്വജീവൻ പോലും ബലികഴിക്കുകയും ചെയ്തിട്ടുള്ള മഹത്തായ സംസ്ക്കാരം.

ആർഷഭാരത സംസ്ക്കാരത്തിൽ ഊറ്റം കൊണ്ട്‌, ഞാൻ കരങ്ങൾ ഉയർത്തി അഭയാർത്ഥിയെ ആയുഷ്മാൻ ഭവ എന്ന്‌ അനുഗ്രഹിക്കുന്നതിനായി, മുരിനിവർത്തി തലകുനിച്ച്‌ തുറിച്ചു നോക്കി...ദൈവമേ ഇതെന്ത്‌ ?..ഇരുട്ടിലും ഞാനത്‌ വ്യക്തമായി കണ്ടു.. കടവാവൽ ഒന്നുമല്ല ...അത്‌..ഏതൊ സ്ത്രീയുടെ, ഒരു കറുത്ത കൊങ്കാ കവചം.....എന്റെ തലയിൽ അനേകം ട്യൂബ്‌ ലയിറ്റുകൾ ഫ്യൂസാകുന്നതിനു മുമ്പെന്നമാതിരി മിന്നിമിന്നി കത്തി...

ഞാൻ കണ്ണുകൾ ഇരു കൈകൾ കൊണ്ടും മാറിമാറി തിരുമ്മി വീണ്ടും വീണ്ടും നോക്കി. യാതൊരു മാറ്റവും ഇല്ല.. സാധനം അതുതന്നെ..തിരിഞ്ഞും മറിഞ്ഞും നോക്കി.. അപ്പൊൾ ആ കറുത്ത സാധനത്തിന്റെ ഒരറ്റത്ത്‌ ചെറിയ ഒരു വെളുത്ത ലേബലിൽ 43 എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.

ഒരു പക്ഷെ അത്‌ ഏതെങ്കിലും രഹസ്യ കോഡാകാം(ജെയിംസ്‌ ബോണ്ട്‌ 007 പോലെയോ,ഡാവിഞ്ചികോഡ്‌ പോലയോ), അതുമല്ലെങ്കിൽ ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രായമാകാം...ഏയ്‌ പ്രായമാകാതിരിക്കട്ടെ...ഞാൻ എന്റെ യുവ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. . (ക്ഷമിക്കുക ഈ വക കര്യങ്ങളിൽ എന്റെ പരിജ്ഞാനം വളരെ പരിതാപകരമാണ്‌)...43 എന്നു ചെറുതായി രേഖപ്പെടുത്തിയ, കറുകറുത്ത കടവാവലിനെ അനുസ്മരിപ്പിക്കുന്ന, ആ കൊങ്കാ കവചം... (ഇനി അങ്ങോട്ട്‌ KK 43 )... എന്റെ മസ്തിഷ്കത്തിൽ സംശയത്തിന്റെ അനേകം കടവാവലുകളെ ഒന്നിച്ചു പറത്തിവിട്ടു....


പണ്ട്‌ വിശ്വാമിത്രനെ പരീക്ഷിക്കാൻ മേനക വന്നതുപോലെ, ഈ ചെറുപ്പക്കാരന്റെ മനമിളക്കാൻ ഏതെങ്കിലും അപ്സര കന്യക വന്നതാകുമോ?.. ഇവിടെ അനുദിനം അരങ്ങേറുന്ന പല കാഴ്ചകളൂം കണ്ട്‌ സുദൃഡചിത്തനായ എന്റെ മുന്നിൽ, കേവലം ഒരു കാബറെ ആടി തിമർത്ത്‌ പ്രലോഭിപ്പിക്കാൻ ആവില്ല എന്നുള്ള യാതാർത്ഥ്യം മനസ്സിലാക്കി, കാൽക്കൽ വീണ്‌, എന്നെ അങ്ങ്‌ സ്വീകരിച്ച്‌ പട്ടമഹഷി ആക്കണം എന്ന്‌ അപേക്ഷിക്കൻ എത്തിയതാകുമോ? പക്ഷേ KK 43 അല്ലാതെ മറ്റൊന്നും എന്റെ ദൃഷ്ഠിക്ക്‌ ഗോചരമാകുന്നില്ല..മിസ്റ്റർ ഇന്ത്യ,മൈ ഡിയർ കുട്ടിച്ചാത്തൻ എന്നി സിനിമകളിലെ പോലെ ചെരിപ്പും, കണ്ണടയും മാത്രം ദൃശ്യമാക്കിയിട്ട്‌, ബാക്കി ശരീര ഭാഗം മുഴുവൻ ആ മായാ മോഹിനി, ഇനി അദൃശ്യമാക്കിയത്‌ ആണെങ്കിലോ ?

ഞാൻ എന്റെ കാൽക്കൽ വിലയം പ്രാപിച്ചുകിടക്കുന്ന ഒരു രൂപവതിയെ മൻസ്സിൽ മെനഞ്ഞ്‌, അവളുടെ അഗോപാഗങ്ങളിൽ എന്റെ വിരലുകൾ കൊണ്ട്‌ തപ്പി നോക്കി...ഇല്ല എവിടെയും തടയുന്നില്ല....അപ്പോൾ ഒന്നു തീർച്ച... ശരീരം ഇവിടെ ഇല്ല.....

ഇനി ശിവ പുരാണങ്ങളിലെ പോലെ, പാർവ്വതിയിൽ പരമേശ്വരന്‌ അഭിലാക്ഷം ഉണ്ടാക്കുന്നതിനായി, പാർവ്വതി സാമീപ്യം ഉണ്ടാകുന്ന വേളകളിൽ, കാമദേവൻ തൊടുത്ത അമ്പുകൾ പോലെ ഒന്നാകുമോ ഇതും ?. കാമദേവന്‌ അഞ്ച്‌ ശരങ്ങൾ അല്ലാതെ ആറാമതായി ഒരു KK 43 കൂടി ഉള്ളതായി അറിവില്ല. കൊച്ചുകുട്ടികൾ പോലും AK 47 വച്ച്‌ കളിക്കുന്ന ഈ കാലത്ത്‌, കാമദേവന്‌ എന്താ ആയുധങ്ങൾ പരിഷ്ക്കരിച്ചുകൂടേ?....എങ്കിൽ മുക്കണ്ണൻ അന്നു കാണിച്ചതുപോലെ, ചുട്ട്‌ ഭസ്മം ആക്കീട്ടു തന്നെ കാര്യം...ഇതുവരെ ഉള്ള എന്റെ ഏകാന്ത തപസ്സുകൊണ്ടു സംഭരിച്ച സർവ്വ ഊർജ്ജവും സംവഹിച്ച്‌ ഞാൻ ചാടി എഴുന്നേറ്റ്‌ റൂമിലെ ലയിറ്റിട്ടു...എത്ര മുക്കിയാലും, നമുക്കു തുറക്കാൻ മുക്കണ്ണില്ല എന്ന യാതാർത്ഥ്യം മനസ്സിലാക്കിയപ്പോൾ വീണ്ടും സമചിത്തത കൈവന്നു...

ആ KK 43 അപ്പോഴും, വെളുത്ത ടൈൽസ്‌ തറയിൽ ഉയർന്നുവന്ന കറുത്ത ചെറുമലകൾ പോലെ യാതൊരു സ്ഥാനഭ്രംശവും സംഭവിക്കാതെ അവിടെതന്നെ കിടക്കുന്നു...വിശ്വസ്സിച്ചാലും, അതിൽ കരസ്പർശനം ചെയ്ത്‌ ഞാൻ ഇതുവരെയും പങ്കിലനായിട്ടില്ല...

വെറുതെ ആലോചിച്ചു നിന്നിട്ട്‌ കാര്യമില്ല, ഇതിന്റെ ഉറവിടം കണ്ടെത്തിയിട്ടുതന്നെ ബാക്കികാര്യം...എന്നിലെ ഷെർലോക്‌ ഹോംസ്‌ ഉണരുകയായി...CBIഡയറിക്കുറിപ്പുകൾ റെഫർ ചെയ്തുകൊണ്ട്‌, ഞാൻ റൂമിന്‌ നെടുകയും കുറുകയും രണ്ടുപ്രാവശ്യം നടന്നു .തുറന്നീട്ട ജനാലയിലൂടെ ആയിരിക്കണം ഇത്‌ ഉള്ളിൽ കടന്നുവന്നത്‌. കന്ന്‌ പുൽതൊട്ടിലിലൂടെ തല ഇടുന്നമാതിരി, ജനാലയിലൂടെ തല വെളിയിലേയ്ക്കിട്ട്‌ ഞാൻ തലങ്ങും വിലങ്ങും നോക്കി.വെളിയിൽ അപ്പോഴും ആവശ്യത്തിന്‌ കാഴ്ചയ്ക്കുള്ള വെട്ടം ഉണ്ട്‌.. അങ്ങിങ്ങായി ഇളകുന്ന ചില കുറ്റിചെടികൾ അല്ലാതെ മറ്റൊന്നും കാണുവാനില്ല.ഫലം വളരെ നൈരാശ്യാജനകം..അവിടെ ഒരു സ്ത്രീയും വിവസ്ത്രയായി നിൽക്കുന്നുണ്ടായിരുന്നില്ല...

ഇനി എന്തു ചെയ്യും...പരീക്ഷാ ഹാളിൽ, ചോദ്യക്കടലാസ്സിൽ എത്ര ചൂഴ്‌ന്ന്‌ നോക്കിയിട്ടും ഉത്തരങ്ങൾ ഒന്നും പിടികിട്ടാത്ത വിദ്യാർത്ഥിയെ പോലെ, അവസാനം ഞാനും തല ചൊറിഞ്ഞുകൊണ്ട്‌ മുകളിലേയ്ക്ക്‌ നോക്കി,...

അപ്പോൾ അവിടെ അതാ വീണ്ടും ചില ബിക്കിനികളും പാന്റീസുകളും എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട്‌, ഞങ്ങളും വരട്ടയോ നിന്റെകൂടെ എന്ന്‌ ചോദിച്ച്‌ ഞാന്നുകിടക്കുന്നു... അതു ശരി, മുകളിൽ അയയിൽ ഉണങ്ങാൻ ഇട്ടിരുന്ന സാധനം കാറ്റിൽ വെറുതെ പറന്നു വന്നതാണ്‌...ഒരു ചെറുപ്പക്കാരന്റെ അമിത പ്രതീക്ഷകൾ ഇവിടെ തകർന്നടിയുകയായിരുന്നു.....മനസ്സ്‌ തേടികൊണ്ടിരുന്ന, പ്രണയത്തിന്റെ ചപലതകൾ എന്ന് സന്ദേഹിച്ച ആ KK സന്ദേശം ഇവിടെ ചീന്തപ്പെടുക ആയിരുന്നു...(മേഘസന്ദേശവും,മയൂഖസന്ദേശവും പോലെ, ഒരു പ്രണയ സന്ദേശം എഴുതി നേരിട്ടുതരാനുള്ള അതീവ ലജ്ജകാരണം, ഉടയാടയിൽ ഒളിപ്പിച്ച ആ സന്ദേശം വലിച്ചെറിഞ്ഞിട്ട്‌, ഒളിഞ്ഞുനിൽക്കുന്ന അർദ്ധനഗ്നയായ ഒരു കാമിനിയെ ആണ്‌ പ്രതീക്ഷിച്ചത്‌)

ഈ KK43യുടെ ഉടമസ്തയെ എനിക്കറിയാം... എന്റെ റൂമിന്റെ നേരെമുകളിൽ താമസ്സിക്കുന്ന 'ഇവ' എന്ന ഇരുപത്തിമൂന്നുകാരി ജെർമ്മൻ സുന്ദരിയാണ്‌ നായിക...നീലക്കണ്ണും സ്വർണ്ണമുടിയുമുള്ള അതിസുന്ദരി.... ഒരു മാസം വെക്കേഷൻ ചിലവഴിക്കാനായി എത്തിയതാണ്‌ ആ സുന്ദരിക്കുട്ടി..ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ ..? അല്ലെങ്കിലും ഒരു യുവതി അയൽപക്കത്ത്‌ താമസ്സിക്കുമ്പോൾ, അവളെ ചുറ്റിപറ്റിയുള്ള എല്ലാ ഡേറ്റാകളും കളക്റ്റ്‌ ചെയ്ത്‌ അപ്റ്റുഡേറ്റ്‌ ചെയ്യേണ്ടത്‌ നമ്മുടെ കർത്തവ്യമല്ലേ...പ്രത്യേകിച്ച്‌ അവൾ ഒരു സുന്ദരി കൂടി ആകുമ്പോൾ...

അവൾ അല്‌പ വസ്ത്ര ധാരിയായി, പതിവായി ബീച്ചിൽ വെയിലുകൊള്ളാൻ പോകുന്നത്‌, എന്റെ ഈ റൂമിന്റെ മുന്നിലൂടെയാണ്‌.കണ്ടു കണ്ടില്ല എന്ന മട്ടിൽ ഞാൻ എന്നും ഇതൊക്കെ കണ്ണെടുക്കാതെ നോക്കിനിൽക്കാറുള്ളതല്ലേ... ഒന്നു ചിരിക്കുക, വിഷ്‌ ചെയ്യുക അതിനപ്പുറം യാതൊന്നും അവളുടെ ഭാഗത്തുനിന്നും ഇല്ലായിരുന്നു.

ഒരിക്കൽ ഞാൻ എന്തെല്ലാമോ പച്ചകറികളും കിഴങ്ങുകളും വെട്ടിയരിഞ്ഞ്‌, നാട്ടിൽ നിന്നും കൊണ്ടുവന്ന ചില മസ്സാലകളും കുടഞ്ഞിട്ട്‌, പാചക പരീക്ഷണം നടത്തുകയായിരുന്നു. അപ്പോൾ വാതിലിൽ മുട്ടികൊണ്ട്‌ അവൾ ചോദിച്ചു... നീ എന്താണ്‌ ഇത്ര സ്വദുള്ള ഭക്ഷണം ഉണ്ടാക്കുന്നത്‌.?..ഹായ്‌..എന്തൊരു നല്ല മണം... എന്നു പറഞ്ഞുകൊണ്ട്‌ അവൾ മൂക്കിലേയ്ക്കു വായൂ ആഞ്ഞു വലിച്ചുകയറ്റി...

എന്തു പറയണം, ഞാൻ ഒന്നാലോചിച്ചു... വാസ്തവത്തിൽ എനിക്കുപോലും അത്‌ എന്താണെന്ന് നിശ്ചയമില്ലായിരുന്നു... രണ്ടും കല്‌പിച്ച്‌ "സാമ്പ്‌ ആർ" എന്നു ഞാൻ പറഞ്ഞു...സത്യത്തിൽ അതിന്‌ .. 'സാമ്പ്‌ അഞ്ച്‌' എന്നോ, 'സാമ്പ്‌ ഏഴെന്നോ' ഉള്ള പേരുകൾ ആയിരുനൂ കൂടുതൽ അനുയോജ്യം...കാരണം അതിൽ എന്തൊക്കയോ ചേരുവകൾ ഒന്നുങ്കിൽ കുറവ്‌ അല്ലെങ്കിൽ കൂടുതലായിരുന്നു...

എന്നെ എന്തായാലും പുകഴ്ത്തി പറഞ്ഞതല്ലേ, ഇനി അവളുടെ കൊതിയും കിട്ടണ്ട എന്നുകരുതി, അതിൽനിന്നും ഒരു പാത്രത്തിൽ അല്‌പം പകർന്ന് ഞാൻ അവൾക്ക്‌ നൽകി.അവൾ അത്‌ എന്തൊ വിശിഷ്ഠ വസ്തുപോലെ എഴുന്നള്ളിച്ച്‌ അവളുടെ റൂമിലേയ്ക്കു കൊണ്ടുപോയി...

പിറ്റേന്ന് പാത്രം മടക്കിതന്നപ്പോൾ, അവളുടെ നാട്ടിലെ വളരെ പ്രത്യേകതയുള്ള സാധനമാണ്‌ എന്നു പറഞ്ഞ്‌ വെളുത്ത്‌ ഫോർമാജിയോ പോലെ ഉള്ള എന്തോ ഒന്ന് അതിൽ വച്ച്‌ തന്നു.അവളു പോയപ്പോൾ ഞാൻ അതു പരിശോധിച്ചു. മുട്ടനാടിന്റെ മുശുക്ക്‌ മണവും, അമേദ്യത്തിന്റെ ദുർഗന്ധവും കലർന്ന ഒരു വസ്തു. ദൈവമെ ഇത്‌ ഞാൻ എങ്ങനെ വിഴുങ്ങും...ഞാൻ അത്‌ നേരെ ക്ലോസെറ്റിൽ നിക്ഷേപിച്ചിട്ട്‌ ഫ്ലെഷ്ചെയ്തു...പിന്നീട്‌ ഞാൻ മസ്സാല ഉപയോഗിച്ചുള്ള പാചകപരീക്ഷണങ്ങൾ തൽക്കാലത്തേയ്ക്ക്‌ നിർത്തി വച്ചു...

എന്റെ അയൽവാസിയും സുന്ദരിയുമായ ആ ജെർമ്മൻകാരിയുടെ നെഞ്ചിനോടു ചേർന്ന് കിടന്ന്,അവളുടെ ഹൃദയ രഹസ്യങ്ങൾ എല്ലാം മനസ്സിലാക്കിയ ആ KK43 ആണ്‌ ഈ രാത്രിയിൽ അവളെയും ഉപേക്ഷിച്ച്‌ ഒരു ചെറുപ്പക്കാരന്റെ മുറിയിലേയ്ക്ക്‌ ഒളിച്ചോടി വന്നിരിക്കുന്നത്‌...അന്യയുടെ വസ്തു ആഗ്രഹിക്കുന്നതും കൈവശം വയ്ക്കുന്നതും തെറ്റാണെന്നും, അത്‌ എത്രയും വേഗം ഉടമസ്ഥയെ തിരികെ ഏല്‌പിക്കണം എന്നും, എന്റെ മനസാക്ഷി മന്ത്രിച്ചുകൊണ്ടേയിരുന്നു....തന്നെയുമല്ല നാളെ ഈ KK43 കാണാത്തതിന്റെ പേരിൽ അവൾ ഉടുതുണിയില്ലാതെ ഇതുവഴി പോയാൽ അതും മോശമല്ലേ....എന്റെ ഉത്തരവാദിത്തങ്ങൾ ഏറുകയാണ്‌..

എങ്ങനെ ഞാൻ അവളെ ഇത്‌ തിരിച്ചേല്‌പിക്കും..??..ഈ KK43 ഉം തൂക്കി പിടിച്ചുകൊണ്ട്‌ അവളുടെ റൂമിലേയ്ക്ക്‌ ഈ പാതിരാത്രിയിൽ മാർച്ചു ചെയ്തുചെന്നാൽ...ഒരു മാന്യനെന്ന് അവൾ തെറ്റിധരിച്ചിരിക്കുന്ന എന്നെ...അവൾ ശരിയായി തന്നെ ധരിച്ചാലോ..?.. മനസ്സാ വാചാ കർമ്മാണാ ഞാൻ നിരപരാധിയാണെങ്കിലും സാഹചര്യവും, തൊണ്ടി വസ്തുവും എന്നെ കുറ്റക്കാരനായി വിധിക്കില്ലേ.?..കുളിക്കടവിൽ ഒളിച്ചിരുന്ന് പണ്ട്‌ കള്ളക്കണ്ണൻ ഗോപസ്ത്രീകളുടെ വേണ്ടാത്തതൊക്കെ അടിച്ചുമാറ്റിയതുപോലെ, ഈ ഞാനും ചെയ്തതാണെന്നല്ലേ അവളും വിചാരിക്കൂ....അപ്പോൾ നേരിട്ട്‌ കൊണ്ടുചെന്ന് കൊടുക്കുന്നത്‌ ബുദ്ധിയല്ല....

ഇനി ഏതെങ്കിലും കമ്പിൽ തൂക്കി ഈ സാധനം പൂർവ്വസ്ഥാനത്ത്‌ മുകളിലുള്ള അയയിൽ എത്തിക്കാം എന്നുവച്ചാൽ, ആരെങ്കിലും കണ്ടാൽ.., മറിച്ചല്ലേ അവര്‌ വിചാരിക്കൂ..അവർ ബഹളം വെച്ച്‌ ആളെ കൂട്ടിയാൽ ഈ KK43യുടെ പേരിൽ ഞാൻ അഴികൾ എണ്ണേണ്ടിയും വന്നേക്കാം....

എന്തായാലും ഈ രാവിൽ KK43 എന്റെ റൂമിൽ അന്തി ഉറങ്ങട്ടെ...പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക്‌ ഞാൻ ഉണർന്നു..(അതിന്‌ ഉറങ്ങിയതെവിടെ?..ഈ ശുഷ്കാന്തി മറ്റൊന്നിലും ഇതിനു മുമ്പ്‌ കാണിച്ചതായി ഓർമ്മയില്ല.) അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന റബറിന്റെ കയ്യുറകൾ സിങ്കിന്റെ താഴെയുള്ള കാബിനിൽനിന്നും ഞാൻ എടുത്തു. ഓപ്പറേഷൻ തീയേറ്ററിലേയ്ക്കുപോകുന്ന സർജന്റെ സൂഷ്മതയോടെ അത്‌ കൈകളിൽ എടുത്തണിഞ്ഞു...എന്റെ വിരലടയാളമ്പോലും അതിൽ പതിയരുത്‌... ഞാൻ മൂലം ആ യുവതിയുടെ കന്യകാത്വത്തിന്‌ കളങ്കം വരുവാനും പാടില്ലല്ലോ... തറയിൽ നിന്നും ആ KK43, ഗ്ലൗസ്സ്‌ അണിഞ്ഞ കൈകളിലെടുത്ത്‌, വാതിൽ തുറന്ന് ഞാൻ വെളിയിൽ ഇറങ്ങി...ചുറ്റുപാടുകൾ വീക്ഷിച്ചു. ആരും ഇല്ല എന്നുറപ്പുവരുത്തി....എന്റെ ജനാലയുടെ മുകളിലുള്ള, അവളുടെ റൂമിന്റെ വരാന്തയിൽ നീളത്തിൽ കെട്ടിയിരിക്കുന്ന അയയെ ലക്ഷ്യമാക്കി കയ്യിലുള്ള KK43 വലിച്ചെറിഞ്ഞു...അത്‌ അയയിൽ തങ്ങാതെ അവളുടെ റൂമിന്റെ വരാന്തയിൽ ചെന്നു പതിച്ചു.. സാരമില്ല...അത്‌ അവളുടെ കണ്ണിൽ പെട്ടുകൊള്ളും.യാതൊരു സംശയത്തിനും ഇടയില്ല...അയയിൽ നിന്നും താഴെ വീണതാണ്‌ എന്നു വിചാരിച്ചുകൊള്ളും...ആശ്വാസമായി.. മിഷൻ സക്സസസ്‌.. ഞാൻ തിരികെ റൂമിൽ വന്നുകയറി...കയ്യുറ ഊരിമാറ്റി...ടാപ്പ്‌ തുറന്ന് കൈകൾകഴുകി...ആ കന്യകയുടെ യാതൊന്നിലും എനിക്ക്‌ പങ്കില്ല... എന്റെ കൈകളും പരിശുദ്ധം...

രാവിലെ നന്നായി വെയിൽ തെളിഞ്ഞപ്പോൾ അവൾ ആ കറുത്ത KK43യും അതേ നിറത്തിലുള്ള ഒരു പാന്റീസും ധരിച്ചുകൊണ്ട്‌ എന്റെ റൂമിന്റെ മുന്നിലൂടെ ബീച്ചിലേയ്ക്ക്‌ നടന്നു പോയി...അവൾ എന്നെ നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു...ആ KK43 ആകട്ടെ എന്തൊക്കയോ ഓർത്ത്‌ കുലുങ്ങികുലുങ്ങി ചിരിച്ചു...

ആവൾക്ക്‌ അറിയില്ലല്ലോ, അവളുടെ വെളുത്ത നെഞ്ചോട്‌ ചേർന്നിരിക്കുന്ന ആ കൊച്ചു കറുമ്പി, കഴിഞ്ഞ രാത്രി എന്റെ മുറിയിലാണ്‌ അന്തി ഉറങ്ങിയിരുന്നത്‌ എന്ന്...
ഒരാഴ്ച കൂടിക്കഴിയുമ്പോൾ അവൾ റൂം ഒഴിഞ്ഞ്‌ അവളുടെ നാട്ടിലേയ്ക്കുപോകും...ആ 43 എന്ന സംഖ്യ ഒരു നിഗൂഡ സമസ്യയായി തന്നെ തുടരും...

Wednesday, 10 September 2008

ആത്മവാടിയിലെ പനിനീർപൂവ്‌



നീ എനിക്കാരെന്ന് ഓർമ്മയില്ലേ ?


നിന്നെ ഞാൻ കാമിച്ചതറിവതില്ലേ ?



സ്വപ്നങ്ങളത്രയും വിതറിയിട്ട്‌
ദുഃഖങ്ങളത്രയും ഒഴുക്കിവിട്ട്‌
തീർത്തയെന്നാത്മവാടിയിലെ
മോഹങ്ങളിതളിട്ട പൂവാണു നീ
എൻചോരനിറമുള്ള പനിനീർപൂവ്‌..


എന്നിലെ ശോക ഭാവങ്ങളത്രയും

നിന്നിലോ ശോഭമാം ദളങ്ങളായ്‌
എന്നുള്ളിൽ ഉറയുമീ കണ്ണീർക്കണങ്ങളോ
നിന്നുള്ളിൽ ഊറുന്ന തേൻകണങ്ങൾ
എന്നിലായിയമരുന്ന ക്രോധങ്ങളല്ലയോ
നിൻ തണ്ടിലെ മുൾ കൂർപ്പുകൾ



വെയിലിൽ ഞാൻനിന്ന് തണലേകിടാം
നിനവിൽ നിനക്കൊരു തുണയായിടാം
കാറ്റത്തും മഴയത്തും ചേർന്നുനിന്ന്
അലയാതെ ഉലയാതെ താങ്ങായിടാം
എന്നിലെ ഞാനായി പുനർജനിച്ച-
നിനക്കായ്‌ ഈജന്മം കാഴ്ചവയ്ക്കാം


നിൻമുഖം വാടുകിൽ,
തകരുമീ ഉള്ളവും.....
നിൻമണം തീരുകിൽ,
നിലയ്ക്കുമീ ശ്വാസവും...
നിന്നിതൾ കൊഴിയുകിൽ,
അടരുമീ ജീവനും......

Saturday, 6 September 2008

എന്റെ ഓണകായ്ക്കളം

ഓണം വന്ന് മൂക്കത്ത്‌ കയറി ഇനീയെന്ത്‌ ചെയ്യാനാ?

കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ, ആകെ ഇവിടെ ഉള്ളത്‌ ചെറിയ ഒരു ഫ്ലാറ്റ്‌ ആണ്‌ അതുകൂടി പോയാൽ ഈ ഞാൻ പെരുവഴിയിലാകും.വിഭവസമൃത്തമായ സദ്യ ഒന്നും ഒരുക്കാൻ ആവില്ല എങ്കിലും ഒരു പായസം ഉണ്ടാക്കാൻ പറ്റുമോ എന്ന് ഞാനും ഒന്നുനോക്കട്ടെ.
കച്ചവടോദ്ദേശ്യം ഒന്നു ഇല്ലായെങ്കിൽ കൂടിയും, ഈ ഓണത്തിനിടയിലും രാവിലകളിൽ പുട്ടുതന്നെയാണ്‌ പതിവ്‌. അതിനാകുമ്പോൾ അതിസാമർത്ഥ്യത്തിന്റെ ആവശ്യമില്ലല്ലോ. നാട്ടിൽ നിന്നും കൊണ്ടുവന്ന പുട്ടുകുടവും, അല്‌പം അരിപ്പൊടിയും,പത്തുമിനിട്ടും ഉണ്ടെങ്കിൽ സംഗതി കുശാൽ... അതിന്റെ ആവി ഉയർന്നു തുടങ്ങുമ്പോൾ പരക്കുന്ന ആ മണത്തിൽ, ഞൊടി ഇടകൊണ്ട്‌ നാട്ടിൽ ഒന്ന് ഓടിചെല്ലാനും പറ്റും....


കാട്ട്കോഴിക്കുണ്ടോ ഓണവും ശങ്ക്രാന്തിയും ?
ഓണം എന്നൊക്കെ പറഞ്ഞാൽ ഇവിടെ ഒരുത്തനും ഒരുകുന്തവും മനസ്സിലാകില്ല. മഹാബലിയുടെയും,വാമനന്റേയും കഥകളൊക്കെ പറഞ്ഞ്‌ മനസ്സിലാക്കിവരുംമ്പോൾ നമ്മൾ ഒരു പരുവം ആകും. ചിലപ്പോൾ അത്‌ ഒരു ഓണത്തല്ലിൽ തന്നെ കലാശിച്ചെന്നുമിരിക്കും.

മാവേലി നാടുവാണിടും കാലം, മാനുഷ്യരെല്ലാരും ഒന്നുപോലെ, കള്ളവും ഇല്ല ചതിയുമില്ലാ,എള്ളൊളമില്ലാ പൊളിവചനം എന്നൊക്കെ പറഞ്ഞ്‌ ഫലിപ്പിക്കാൻ പറ്റുമോ ?. എള്ള്‌ കാട്ടികൊടുക്കാൻ ആവില്ലെങ്കിലും, വല്ല കടുകും വെച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം എന്നു വച്ചാൽ തന്നെ, നമ്മുടെ നാടിന്റെ ഇന്നത്തെ സ്ഥിതിവിശേഷം എന്നും കണ്ടുകൊണ്ടിരിക്കുന്ന ഏതവനെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ?

അതിനാൽ ഓണവും ആഘോഷങ്ങളും എന്നിൽ തന്നെ തുടങ്ങി ഒടുങ്ങുന്നു...
എന്റെ ഈ ഓണംകേറാമൂലയിലേയ്ക്ക്‌ മാവേലി കയറിവരത്തില്ലാ എന്ന് അറിയാമെങ്കിലും, പൂക്കളം തീർത്ത്‌ അതിനുചുറ്റും കയ്കൊട്ടിക്കളി നടത്തണം എന്നൊക്കെ എനിക്കും ആഗ്രഹം ഇല്ലാതില്ല... എന്തു ചെയ്യാം, ഇവിടെ ഇപ്പോൾ സീസ്സൺ അല്ലാത്തതിനാൽ പൂക്കൾ ഒക്കെ കായ്കൾ ആയിക്കഴിഞ്ഞു. മനസ്സിൽ കരുതിയിരുന്ന പൂവുകൾ ആണെങ്കിൽ വല്ലാതെ വാടിയും പോയി.... ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്നല്ലേ, അതിനാൽ ഞാനും ഇട്ടു രണ്ട്‌ കായ്ക്കളം. അതിന്റെ ഫോട്ടോ താഴെ ഉണ്ട്‌. (ആരും ദയവായി മാവേലിയെ ഇതൊക്കെ കാണിച്ച്‌ ഞെട്ടിക്കരുത്‌...പാവം ഒരു ദുർബല ഹൃദയനല്ലേ...അല്ലെങ്കിൽ ആ കുരുട്ട്‌ വാമനന്‌ ചവിട്ടാൻ പാകത്തിന്‌ തലവച്ചു കൊടുക്കുമോ? അതോടെ ആകെ നാശകോശമായിതീർന്നില്ലേ കേരളം. ) ഓണം വന്നാൽ എന്താ ഉണ്ണി പിറന്നാൽ എന്താ, ഈ ഉള്ളവന്റെ കാര്യം എന്നും ഇങ്ങനെ ഒക്കെത്തന്നെ....

നാട്ടിൽ ഒരു ഓണം കൂടിയിട്ട്‌ വർഷങ്ങൾ പലതായി...
അടിക്കടി വരുന്ന ഹർത്താൽ മഹോത്സവങ്ങൾ,വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന തിരുവോണത്തിന്റെ പ്രാമുഖ്യം കുറച്ചിട്ടുണ്ടാകുമോ ആവോ?നാക്കിലയിൽ തന്നെ ആണുവോ ഇന്നും നാട്ടിൽ ഓണം ഉണ്ണുന്നത്‌ ?അതോ ആധുനീവൽക്കരണത്തിന്റെ ഭാഗമായി പേപ്പെർപ്ലെയിറ്റുകളിലാക്കിയോ ? മുറ്റത്ത്‌ കുട്ടികൾക്കായി ഇന്നും ഊഞ്ഞാൽ കെട്ടാറുണ്ടോ ? അതൊ അമ്യൂസ്‌മന്റ്‌ പാർക്കിലെ ജയിന്റ്‌ വീലിനോടാണോ കുട്ടികൾക്ക്‌ താൽപര്യം ?.ഓണം ശരിക്കും ഇന്ന് കേരളത്തിൽ ഉണ്ടോ?...അതോ ടിവി ചാനലുകാരും, വമ്പിച്ച ഡിസ്ക്കൗണ്ട്‌ വിളമ്പരം ചെയ്യുന്ന വ്യാപാരികളും മാത്രമേ അത്‌ ആഘോഷിക്കാറുള്ളോ ?...

ആയുസ്സിനിയും നീട്ടികിട്ടിയാൽ ഒരു തിരുവോണമെങ്കിലും നാട്ടിൽ ആക്കണം എന്നുണ്ട്‌...നഷ്ടപ്പെട്ടു എങ്കിലും കുട്ടിക്കാലത്തെ ആ ഓണക്കാലം, അവിടെ പോയി കണ്ടും കേട്ടും മണത്തും രുചിച്ചും, ഒരിക്കൽക്കൂടി അതൊക്കെ അനുഭവിച്ചറിയാൻ ശ്രമിക്കണം.... തൊടിയിൽ നിറഞ്ഞു നിൽക്കുന്ന തുമ്പപൂവും മുക്കൂറ്റിപൂവും, അവയ്ക്കിടയിലൂടെ പാറിനടക്കുന്ന ഓണത്തുമ്പികളും, കൊയ്ത്തുകഴിഞ്ഞ്‌ തറഞ്ഞുകിടക്കുന്ന പാടത്ത്‌ കൂട്ടുകാരോടൊത്ത്‌ കളിച്ചിരുന്ന നാടൻ പന്തുകളിയും, തവണവച്ച്‌ മാറിമാറി ഉള്ള കശുമാംകൊമ്പിലെ ഊഞ്ഞാലാട്ടവും, നിക്കറിന്റെ കീശയിൽ നിന്നും ഇടയ്ക്കിടയ്ക്ക്‌ എടുത്ത്‌ കൊറിക്കുന്ന അമ്മവറുത്ത ഉപ്പേരിയും,ആർത്തും കൂവിയും വേഗത്തിൽ കടന്നു പോകുന്ന പത്തുദിവസത്തെ ആ ഓണാവധിയും, പുത്തൻ മണമുള്ള ഓണക്കോടിയും...എല്ലാം ഇന്നും മനസ്സിൽ തന്നെ ഉണ്ട്‌....

മലയാളികളായ നാം എവിടെ ആയിരുന്നാലും, എന്നും നാലുനേരം മൂക്കറ്റം ഉണ്ട്‌ കഴിയുന്നവരാണെങ്കിലും... സമത്വത്തിന്റേയും,സത്യത്തിന്റേയും, ആ വലിയ ഓണസന്ദേശം ഉള്ളിലേറ്റി, ഐശ്വര്യത്തിന്റെ പൂക്കളം മനസ്സിൽതീർത്ത്‌... ഒരു പിടിയെങ്കിലും തിരുവോണസദ്യയായി ഉണ്ട്‌ സംതൃപ്തരാകാം ....പൊയ്പ്പോയ കാലത്തിന്റെ സുകൃതികൾ അനുസ്മരിക്കാം...ഇനിയും ഒരിക്കൽ അത്‌ മടങ്ങി എത്തുമെന്ന് ആശിക്കാം,... സ്വപ്നങ്ങൾ കാണാം.........നമുക്കും ആ ഉത്സവത്തിൽ പങ്കു ചേരാം.... സന്തുഷ്ടനായി മാവേലി പോയിവരട്ടെ അടുത്ത ഓണത്തിനായി....

എല്ലാവർക്കും പൊന്നോണത്തിന്റെ ആശംസകൾ.....

എന്റെ ഓണക്കായ്ക്കളം