Showing posts with label കുത്തിക്കുറിപ്പുകൾ. Show all posts
Showing posts with label കുത്തിക്കുറിപ്പുകൾ. Show all posts

Thursday, 22 October 2009

ഓർമ്മയിൽ ഒരു ശിവരാത്രി

ഇന്നു ദീപാവലി... ദീപങ്ങളുടെ ആവലി...
നിര നിരയായി കത്തിനിൽക്കുന്ന ആ ദീപനാളങ്ങൾ എന്നിലെ ഓർമ്മകളെ പിടിച്ചു വലിക്കുന്നത്‌ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്ന ഒരു ശിവരാത്രി നാളിലേയ്ക്കാണ്‌...

അന്നു ഞാൻ പാനിപ്പറ്റിലായിരുന്നു. ശനിയും ഞായറും, തുടർന്നുവന്ന ശിവരാത്രിയുമായി എനിക്കു മൂന്നുനാലു ദിവസം അവധി കിട്ടി. ഞാനും സഹപ്രവർത്തകനായ KJയും ചേർന്ന് ഹരിദ്വാറിലേയ്ക്ക്‌ ഒരു യാത്ര പ്ലാൻ ചെയ്തു...

ആ സമയത്തു ഞാൻ കർണ്ണാലിൽ ഒരു വാടക വീട്ടിലാണു താമസ്സിച്ചിരുന്നതു. ഞാൻ ഹരിദ്വാറിനു പോകുന്നു എന്നു പറഞ്ഞപ്പോൾ വീട്ടുടമസ്ഥൻ ഒരു ചെറിയ കന്നാസു തന്നിട്ടു, അതിൽ ഗംഗജലം ശേഖരിച്ചു കൊണ്ടുവരാമോ എന്നു ചോദിച്ചു.... ശിവരാത്രിനാളിലും മറ്റും ഗംഗാജലം ശിവലിഗത്തിൽ ധാര ചെയ്യാൻ ഉപയോഗിക്കാറുണ്ട്‌.

ഭഗവാൻ ശിരസ്സിൽ നിന്നും ഒഴുക്കിക്കളയുന്ന ഗംഗജലം, വീണ്ടും അദ്ദേഹത്തിന്റെ മേൽ ചൊരിഞ്ഞാൽ ശിവപ്രീതിക്കുപകരം ശിവകോപമാണുണ്ടാവുക എന്നു ഞാൻ അയാളോടുപറഞ്ഞു... ഒരു നിമിഷം അയാൾക്കും ഒരു ചെറിയ സംശയം ഉണ്ടായി... സാരമില്ല ഞാൻ ഗംഗാജലം കൊണ്ടുവരാം എന്നു പറഞ്ഞപ്പോൾ അയാൾക്ക്‌ സമാധാനമായി.

ഞാനും KJയും, KJയുടെ ഭാര്യയും അവരുടെ നാലുവയസ്സുള്ള "നേഹ" എന്ന പെൺകുട്ടിയുമുണ്ട്‌. ഒരു ടൊയോട്ട ക്വാളിസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. ഡ്രൈവർ ഞങ്ങളുടെ കമ്പനിയുടെ ഡ്രൈവർതന്നെ ആയിരുന്നതിനാലും, എല്ലാവരും പരിചയമുള്ളവർ ആയതിനാലും വളരെ നല്ല ഒരു യാത്ര ആയിരുന്നു അത്‌.

KJയും കുടുംബവും ബംഗാളിൽ നിന്നുള്ള മുസ്ലീമുകൾ ആണ്‌. ശിവരാത്രി നാളിൽ അവരുടെ ഹരിദ്വാറിലേയ്ക്കുള്ള തീർത്ഥയാത്ര സ്വാഭാവികമായും "മൂൽ സിംഗ്‌" എന്ന ഡ്രൈവറിൽ ജിജ്ഞാസ ഉണ്ടാക്കി. അയാൾ അത്‌ എന്നോട്‌ രഹസ്യമായി തിരക്കുകയും ചെയ്തു.

KJയുടെ മാതാപിതക്കളുടേത്‌ ഒരു മിശ്രവിവാഹമായിരുന്നു. അയാളുടെ പിതാവ്‌ മുസ്ലീമും, അമ്മ ഹിന്ദുവുമായിരുന്നു. ആ സ്ത്രീ മരണം വരെ മതപരിവർത്തനവും, പേരുമാറ്റവും ചെയ്തിരുന്നില്ല. എങ്കിലും അവരുടെ മകൻ സമൂഹത്തിന്റെ മുമ്പിൽ മുസ്ലീമായി മാറുക ആയിരുന്നു. ഏതെങ്കിലും ഒരു മതത്തിന്റെ പിൻബലമില്ലാതെ മനുഷ്യർക്ക്‌ ഇന്ത്യയിൽ നില നിൽപില്ലല്ലോ...

വർഷങ്ങൾക്കുമുൻപ്‌ KJയുടെ അമ്മ ഏതൊരോഗത്താൽ മരണമടഞ്ഞു. ഹൈന്ദവ വിധിപ്രകാരമുള്ള ശേഷക്രിയകൾ ചെയ്യുവാൻ സമൂഹം അവരുടെ മുസ്ലീമായ ഏകമകനെ അനുവദിച്ചില്ല. അതിനാൽ ആ കർമ്മങ്ങൾ എല്ലാം സ്വപുത്രനായ KJയ്ക്കു പകരമായി ചെയ്തതു അയാളുടെ ഒരു ഹിന്ദു സുഹൃത്തായിരുന്നു.

KJയ്ക്ക്‌ ഇസ്ലാം മതത്തോടും ഹിന്ദു മതത്തോടും തുല്യമനോഭാവണ്‌ ഉള്ളതെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളതു. പരിചിതർ ഇല്ലാത്ത ഹൈന്ദവ പുണ്യസ്ഥലങ്ങളിൽ അമ്മയ്ക്കായി പൂജാകർമ്മങ്ങൾ ചെയ്യാൻ അയാൾ പോകാറുണ്ട്‌.

സിക്കുകാരനായ ഡ്രൈവറെയും, ക്രിസ്ത്യാനിയ‍ായ എന്നെയും, കൂടെകൂട്ടിയത്‌, ഈ യാത്രയ്ക്ക്‌ ഒരു പിക്നിക്കിന്റെ സ്വഭാവം നൽകുന്നതിനും, യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നും ഉള്ള ആയാളുടെ ഭാര്യയ്ക്ക്‌ ഇതിൽ അസ്വഭാവികത ഒന്നും തോന്നാതിരിക്കുന്നതിനും കൂടി ആയിരുന്നു...

ഉത്തരപ്രദേശ്‌, ഉത്തരാഞ്ചൽ സംസ്ഥാനങ്ങളിലൂടെ, ഇരുവശത്തും ഇടതൂർന്ന മരങ്ങളുള്ള നീണ്ട പാതയിലൂടെ ഞങ്ങൾ യാത്രചെയ്തു. വഴിയിൽ പലയിടത്തും കരിമ്പിൻ തണ്ടു നിറച്ച ടാക്ടറുകൾ പോകുന്നുണ്ടായിരുന്നു. റൂർക്കീയും, ജ്വാലപൂരും പിന്നിട്ട്‌ അതിരാവിലെ ഞങ്ങൾ ഹരിദ്വാരിലെത്തിചേർന്നു...

ഗംഗാതീരത്തായി നിലകൊള്ളുന്ന, ഭീമമായ പൂർണ്ണകായക ശിവരൂപം ദൂരത്തുനിന്നു തന്നെ ദൃശ്യമായിരുന്നു. ഞങ്ങൾ സമീപത്തുള്ള ഒരു ഹോട്ടലിൽ റൂമെടുത്തു. ബാക്കിയുള്ളവർ എല്ലാവരും വിശ്രമിച്ചു തുടങ്ങിയപ്പോൾ ഞാൻ എന്റെ റൂമിൽ നിന്നും പുറത്തിറങ്ങി, പരിസരം ഒക്കെ ഒന്നു നടന്നു കാണാൻ തീരുമാനിച്ചു.

ശിവരാത്രി നാളുകൾ ആയതിനാൽ എല്ലായിടവും നല്ലതിരക്കായിരുന്നു. ഞാൻ സമീപത്തുള്ള ഒരു കടയിൽ നിന്നും ഒരു കാവി കുർത്ത വാങ്ങി ധരിച്ചു. ഇട്ടിരുന്ന ടിഷർട്ട്‌ ഊരി ഒരു കൂടിൽ പൊതിഞ്ഞെടുത്തു. ഓം നമഃ ശിവായ എന്ന് ഹിന്ദിയിൽ ആലേഖനം ചെയ്ത ഒരു ഷാൾ വാങ്ങി കഴുത്തിൽ ചുറ്റി. രുദ്രാക്ഷത്തിന്റെ രണ്ടു മാലകൾ വാങ്ങി ഇരുകയ്കളിലും അണിഞ്ഞു. അപ്പോഴാണു സമീപത്തുള്ള ഒരു ആലിന്റെ ചുവട്ടിൽ, തലമുഴുവൻ ജഡപിടിച്ച മുടിയുമായി ഒരു സന്യാസിയിരിക്കുന്നതു കണുന്നതു. അയാൾ ദേഹം മുഴുവൻ ഭസ്മം വാരിപൂശിയിട്ടുണ്ട്‌. ആയാളുടെ ചുണ്ടിൽ ചുരുട്ടുപോലെ എന്തൊ കത്തി എരിയുന്നു... അയാൾ ഊതിവിടുന്ന പുക ആ പരിസരമാകെ നിറഞ്ഞു നിൽക്കുന്നു. അയാളുടെ വശങ്ങളിലായി രണ്ടു പത്രങ്ങൾ വെച്ചിട്ടുണ്ടു. ഒന്നിൽ നാണയങ്ങളും നോട്ടുകളും, മറ്റേതിൽ ഭസ്മവും. അതുവഴി കടന്നുപോകുന്ന ആളുകൾ പാത്രത്തിൽ പയിസ ഇടുമ്പോൾ, സന്യാസി അവരെ കരങ്ങൾ ഉയർത്തി അനുഗ്രഹിക്കൂം. എന്നിട്ട്‌ ഒരു പിടി ഭസ്മം വാരിനൽകും. ഞാനും ഒരു രൂപ നണയം ഇട്ടു. കിട്ടിയ ഭസ്മം വാരി നെറ്റിയിലാകെ പൂശി. അദ്വൈദം ആദർശമാക്കിയ ആദിശങ്കരന്റെ നാട്ടിൽ നിന്നും, അതേ പാതയിലൂടെ ഇതാ ഒരു പിൻഗാമി...ഒരു പാവം ചങ്കരൻ..

ഞാൻ തിരിച്ചു ഹോട്ടലിൽ ചെന്നപ്പോൾ എല്ലാവരും തയ്യാറായി, എന്നെയും തിരക്കി നിൽക്കുകയായിരുന്നു. കാക്ഷായ വേഷധാരിയായി, രുദ്രാക്ഷവും അണിഞ്ഞ്‌, ഭസ്മവും പൂശി അവരുടെ മുന്നിൽ ഞാൻ പൊടുന്നനെ പ്രത്യക്ഷ പ്പെട്ടു. എന്റെ പുതിയ അവതാരം കണ്ട്‌ KJയുടെ ഭാര്യ മോഹാത്സ്യപ്പെട്ടുവീണില്ല എന്നെയുള്ളു... അവരുടെ കുട്ടിക്കാകട്ടെ എന്നെ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി.. ആ കൊച്ച്‌ എന്റെ ചുറ്റിനും നടന്ന് നോക്കി... അതു ഞാൻ തന്നെ ആണു എന്ന് ഉറപ്പു വരുത്തി... പിന്നെ ആ കുട്ടി എന്റെ കയില്ല് പിടിച്ച്‌ നടപ്പ്‌ എന്നോടൊപ്പമായി.

സമീപം തന്നെ ചോട്ടുവാലയുടെ റെസ്റ്റോറന്റുണ്ടായിരുന്നു. അവിടെ നമ്മുടെ ദോശയും മറ്റും കിട്ടും. ഞങ്ങൾ അതിൽ പ്രവേശിച്ചപ്പോൾ നമ്മുടെ നാട്ടിലെ പോറ്റിഹോട്ടലുകളിലും മറ്റും മേശമേൽ വയ്ക്കുന്ന, കുടവയറും കുടുമയും, നെറ്റിയിൽ നെടുകെ കുറിയും ഒക്കെയുള്ള , ഒരു ഉരുണ്ട മനുഷ്യൻ വാതുക്കൽ ചിരിച്ചു കൊണ്ടു നിൽക്കുന്നുണ്ട്‌. അതു പോലെയുള്ള ആളുകളെ ഒരു ട്രേഡുമാർക്കായി ചോട്ടുവാലായുടെ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും അവർ പ്രദർശിപ്പിക്കാറുണ്ട്‌. പെൺകുട്ടിക്ക്‌ ആ രൂപം നന്നെ ഇഷ്ടപ്പെട്ടു. അയാൾ കയ്യി നീട്ടി കൂട്ടിയെ എടുത്തു.. അംമ്പരപ്പോടെ എങ്കിലും കുട്ടി അയാളുടെ കയ്യിൽ കയറിയിരിപ്പായി. KJ ഒന്നുരണ്ട്‌ ഫോട്ടൊ എടുത്തു. പിന്നീടു ഞങ്ങൾ അകത്തുകയറി ദോശയും ചമന്തിയും ഒക്കെ കഴിച്ചു. ഗംഗയുടെ തീരത്തായതിനാൽ ചായയും കാപ്പിയും ഒക്കെ പുണ്യ ജലത്താൽ ഉണ്ടാക്കിയതായിരിക്കണം. ഭക്ഷണശേഷം വായും മുഖവും എല്ലാം കഴുകി ഞങ്ങൾ ആകെ പുണ്യ പൂർണ്ണരായി അവിടെനിന്നും ഇറങ്ങി...

ഹിമവാന്റെ ഉള്ളം അലിഞ്ഞിറങ്ങി, ഒലിച്ചൊഴുകി വരുന്ന ഈ ഗംഗാ
ജലത്തിനിപ്പോൾ ഐസിനെക്കാൾ തണുപ്പാണ്‌. ഇപ്പോൾ മുങ്ങിക്കുളിച്ചാൽ ഉടലോടെ സ്വർഗ്ഗം പൂകിയെന്നിരിക്കും... അതിനാൽ ആ പുണ്യം തൽക്കാലം വേണ്ട എന്നു തീരുമാനിച്ചു. വയ്കുന്നേരം ആറുമണിക്ക്‌ ആരതിയുണ്ട്‌. അതിനുമുൻപ്‌ എപ്പോഴെങ്കിലും മുങ്ങിക്കുളിക്കാം എന്നു വിചാരിച്ചു. ഇവിടെ വരെ വന്നിട്ട്‌ ഇനി ആ ഒരു കുറവുകൊണ്ട്‌ പാപനാശവും സ്വർഗ്ഗപ്രാപ്തിയും നഷ്ടമാകരുതല്ലോ...

പെട്ടെന്നു ചെറുതായി നൂൽമഴ പെയ്തുതുടങ്ങി. KJഉം കുടുംബവും കുട്ടിയുമായി, ഒരു കടത്തിണ്ണയിൽ കയറിനിന്നു. നനയാൻ ഉള്ള മഴയില്ല. അപ്പോൾ അതുവഴി കുറെപ്പേർ കൂട്ടമായി വന്നു. ഒന്നു രണ്ടു സന്യാസിമാർ ത്രിശൂലവുമായി മുന്നിൽ നടക്കുന്നു. അവർക്കു പിന്നിലായി കുറച്ചുപേർ ചെണ്ടകൊട്ടികൊണ്ടു നടക്കുന്നു. അതിനു പിന്നിലുള്ളവർ "ബം, ബം".."ബം, ബം" എന്നു ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു തുള്ളിതുള്ളി നടക്കുന്നു. കൈലാസനാഥന്റേയും, ഭൂതഗണങ്ങളുടേയും ഘോഷയാത്രയുടെ അനുകരണമായിരുന്നു അത്‌. ഞാനും ഒരു ഭൂതമായി അവരുടെ കൂടെ കുറച്ചു സമയം ആടിയും പാടിയും കറങ്ങിനടന്നു. അപ്പോഴേയ്ക്കും മഴമാറിയിരുന്നു.

ഹരിദ്വാറിൽ നിന്നും അൽപം അകലെയായി മലമുകളിൽ മാനസദേവിയുടെ ക്ഷേത്രമുണ്ട്‌. ഞങ്ങൾ വണ്ടിയിൽ അങ്ങോട്ട്‌ യാത്രതിരിച്ചു. മലയുടെ താഴത്തെത്തിയപ്പോൾ വണ്ടി അവിടെ പാർക്കുചെയ്തു. മലമുകളിലേയ്ക്ക്‌ റോപ്പുവേയ്‌ ഉണ്ട്‌. ഞങ്ങൾ നടന്നു മലകയറാൻ തീരുമാനിച്ചു.

ക്ഷേത്രത്തോടടുത്തപ്പോൾ നീണ്ട ക്യൂ ഉണ്ടായിരുന്നു. ഞങ്ങളും അതിൽ കയറിനിന്നു. മൂന്നു മുഖവും, അഞ്ചു കയ്കളും ഉള്ള ദേവിയെ ദർശനം ചെയ്തു. ആ ക്ഷേത്രത്തിൽ നിന്നും ഒരു ചെപ്പിൽ കുറച്ചു കുങ്കുമം പ്രസാദമായി കിട്ടി. ആ കുങ്കുമം അണിയുന്ന സ്ത്രീകൾ ദീർഘ സുമംഗലികളാകും അത്രെ.

ആ മലമുകളിൽ നിന്നും നോക്കിയാൽ ഹരിദ്വാറും പരിസരപ്രദേശങ്ങളും വളരെ നന്നായി കാണാം. ദൈവ കവാടം എന്നർത്ഥം വരുന്ന ഹരിദ്വാർ ഭക്ത സാഗരമായി അലയടിക്കുന്ന ആ കാഴ്ച മനോഹരമാണ്‌.

മലയിറങ്ങി, അടുത്തുള്ള കടകമ്പോളങ്ങളിൽ എല്ലാം കയറിയിറങ്ങി വയികുന്നേരത്തോടെ ഞങ്ങൾ ഹരിദ്വാറിൽ മടങ്ങിയെത്തി. ഇരുട്ട്‌ ചെറുതായി പരന്നു തുടങ്ങുന്നു. ആരതിക്കുള്ള സമയ ആകുന്നതിനാൽ ഗംഗയുടെ തീരങ്ങളിൽ നല്ല തിരക്കായിരുന്നു. തീരത്തുള്ള പന്തലിൽ നിന്നും പൂജാരികൾ ഇടതടവില്ലാതെ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നു. മൈക്കിലൂടെ അതെ അന്തരീക്ഷത്തിലാകെ പ്രകമ്പനം കൊള്ളുന്നു. ആളുകൾ എല്ലാം, താലത്തിൽ പുഷ്പങ്ങളും, മൺവിളക്കിൽ എണ്ണയൊഴിച്ച്‌ തിരികൊളുത്തിയ ദീപങ്ങളുമായി, ഭക്തിയിൽ ലയിച്ചുനിൽക്കുന്നു. KJയും ഭാര്യയും ഒ‍ാരൊതാലങ്ങൾ ഒരുക്കി കയ്യിൽ പിടിച്ചിട്ടുണ്ട്‌. പടവുകൾ ഇറങ്ങിവേണം അതു നദിയിൽ ഒഴുക്കാൻ. അവരുടെ കുട്ടിയെ എന്റെ പക്കലാക്കി അവർ നദിയുടെ കൽ പടവുകളിലായി പോയി നിലകൊണ്ടു. ഞാൻ ആ കുട്ടിയുമായി അല്‌പം പിന്നിലേയ്ക്കു മാറിനിന്നു. ഞങ്ങൾ കടകളിൽ നിന്നും വാങ്ങിയ പലസാധനങ്ങളും പലപലകൂടുകളിലായി എന്റെ കയ്യിലുണ്ട്‌.

കുട്ടിയുടെ കയ്യിൽ ഒരു ചെറിയപാവ ഉണ്ട്‌. പക്ഷേ അവൾക്ക്‌ അതിൽ ഒട്ടും താൽപര്യമില്ല. ഏന്റെ കയ്യിൽ ഉള്ള ഓരോ പൊതിയിലും എന്താണുള്ളതെന്ന് അവൾക്ക്‌ അറിയണം. എന്റെ കയ്യിൽ നിന്നും ഓരോ പൊതികൾ വാങ്ങി അവൾ നോക്കുകയാണ്‌, എന്നിട്ട്‌, അത്‌ എന്തിനാണ്‌? എന്താണ്‌? എന്നൊക്കെ എന്നോടു ചോദിക്കും.

എന്റെ കയ്യിലിരുന്ന മാനസദേവിയുടെ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ കുങ്കുമച്ചെപ്പുകണ്ടപ്പോൾ അവൾക്ക്‌ വല്ലാത്ത ഒരു കൗതുകം തോന്നി. അവൾക്ക്‌ അതു തുറന്നു കാണണം. തുറന്നുകണ്ടപ്പോൾ അതിലെ കുങ്കുമം എന്തിനെന്നറിയണം. അതു ഭതൃമതികൾ തിരുനെറ്റിയിലും സീമന്തരേഖയിലും അണിയുന്നതാണ്‌ എന്നു ഞാൻ പറഞ്ഞു. അവൾക്ക്‌ അതുടനെ അവളുടെ നെറ്റിയിലും അണിയണം. അവളുടെ നിർബന്ധത്തിനു വഴങ്ങി അതിൽ നിന്നും ഒരു നുള്ളു കുങ്കുമമെടുത്ത്‌ ഞാൻ അവളുടെ നെറ്റിയിൽ ഒരു ചെറിയ പൊട്ടു തൊട്ടുകൊടുത്തു. അതിനിടയിൽ അവളൂടെ കൈ തട്ടി, എന്റെ കയ്യിൽ തുറന്നു പിടിച്ചിരുന്ന ചെപ്പിൽനിന്നും കുങ്കുമം കുറച്ച്‌ അവളുടെ നെറുകയിൽ തൂകി വീണു...

പൊടുന്നനെ ആരതിക്കുള്ള അറിയിപ്പായി..മന്ത്രോഛാരണങ്ങളും, മണിനാദങ്ങളും ഉഛസ്ഥായിൽ ആയി.... പൂക്കൾ താലത്തിൽ നിന്നും ഗംഗയിലേയ്ക്ക്‌ വർഷിക്കപ്പെട്ടു... ഞങ്ങൾക്ക്‌ പിന്നിൽ നിന്നിരുന്ന ആളുകൾ എറിഞ്ഞ പൂക്കളിൽ ചിലവ, ഞങ്ങളുടെ ശിരസ്സിലും വന്നു പതിച്ചു... ദീപങ്ങളും പൂക്കളും ഗംഗയിൽ നിരന്നൊഴുകി.

മുകളിൽ ....അകലങ്ങളിൽ..., ഇരുട്ടിൽ.. കിടാവിളക്കായി ചന്ദ്രനും, ചിരാതുക്കളായി താരങ്ങളും, മറ്റൊരു ഗംഗ ആകാശത്തു തീർത്തു. അപ്പോൾ ഗംഗയിൽ നിന്നും വീശിയടിച്ച കാറ്റിൽ ഞാൻ തണുത്തു വിറച്ചു...

Friday, 4 September 2009

കൊറിയയിൽ നിന്നും ഒരു ഇൻഡ്യാക്കാരൻ...

ചില വാരാന്ത്യങ്ങൾ അറുബോറണു. സമയം കൊല്ലാൻ ഒരു വഴിയും കാണത്തില്ല... പലതിനും ആവർത്തന വിരസത. നെറ്റിൽ, ചാറ്റു റൂമുകളിൽ എല്ലാം പ്രണയത്തിന്റെ ചാറ്റൽ മഴ. ടിവിയിൽ, ചനലുകൾ എല്ലാം മൈക്കിൾ ജാക്സന്റെ മരണം ആഘോഷിക്കുന്നു...

വല്ലാതെ മടുത്തപ്പോൾ റൂം പൂട്ടി വെളിയിൽ ഇറങ്ങി. ഗ്രവുണ്ട്‌ ഫ്ലോറിൽ എത്തിയപ്പൊൾ റിസെപ്ഷനിസ്റ്റ്‌ ചിരിച്ചുകൊണ്ട്‌ ഉപചാരം ചെയ്തു. എന്നാൽ അവരൊട്‌ അൽപം കത്തിവയ്ക്കാം എന്നു വെച്ചാൽ നമുക്കു വശമുള്ള ഭാഷയൊന്നും അവർക്കും, അവർക്കു വശമുള്ളതൊന്നും നമുക്കും വശമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ മൊബയിൽ ഫോണിലെ ഡിക്ഷണറിയിൽ ഇഗ്ലീഷ്‌ വാക്കുകൾ ടൈപ്പ്‌ ചെയ്തു, അതു കൊറിയയിലേയ്ക്കു ട്രാൻസിലേറ്റു ചെയ്തു, അത്‌ അവരെ കാണിച്ചുകൊണ്ടാണു ആശയവിനിമയം. ഒന്നിലധികം അർത്ഥമുള്ള വാക്കുകൾ ആണെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നതു അവർക്കു മനസ്സിൽ ആകണം എന്നുമില്ല...ഇങ്ങനെയുള്ള പങ്കപ്പാടുകൾ ഓർത്താൽ പരിചയക്കാരെ കണ്ടാലും വെറുതെ ഒന്നു ചിരിക്കുന്നതിനപ്പുറം സാഹസങ്ങൾ ഒന്നും കാട്ടാറില്ല...

വെറുതെ സമീപത്തുള്ള പാർക്കിനെ ലക്ഷ്യമാക്കിനടന്നു. പാർക്കിലും അതിലേയ്ക്കുള്ള വഴികളിലും എല്ലാം എന്തോക്കെയോ രൂപങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്‌. ഒന്നിനും പ്രത്യേകിച്ച്‌ ആകൃതിയോ പ്രകൃതിയോ ഒന്നും ഇല്ല. നമുക്ക്‌ മനസ്സിലാകാത്ത അധിനൂതന കലാസൃഷ്ഠികൾ വല്ലതും ആയ്‌ഇരിക്കണം. ഇവിടങ്ങളിലെ വഴിയോരങ്ങളിലെല്ലാം ഇതു സാധാരണ കാഴ്ചയാണ്‌. ഏതൊരാളിലും ഒരു കലാകാരൻ ഒളിച്ചിരിപ്പുണ്ടെന്നുള്ള മഹനീയ സന്ദേശമാണോ ഇതുകൊണ്ട്‌ അർത്ഥമാക്കുന്നതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു...

പാർക്കിലെ കല്ലുകൾ പാകിയ വഴികളിലൂടെ അങ്ങനെ നടക്കുമ്പോൾ, കൊറിയക്കാരുടെ ഇടയിൽ വ്യത്യസ്ഥനായ എന്നെ കണ്ടതിനാലാകണം ഒരാൾ എന്നെ സമീപിച്ചു സൗദിയിൽ നിന്നും ഉള്ള ഒരു അറബ്ബിയാണു കക്ഷി. AO എന്നു പേരു പറഞ്ഞു എന്നെ പരിചയപ്പെട്ടു. അറബ്ബി എന്നുവെച്ചാൽ വെള്ളകുപ്പായവും,തല്യിൽ തിരികവെച്ചു തുണിയിട്ട ഒരു രൂപമാണ്‌ എന്നു വിചാരിക്കരുത്‌. അടിപൊളി ടി ഷർട്ടും ജീൻസുമിട്ട ഒരു ചെത്തു യുവാവണൂ നമ്മുടെ അറബ്ബി.

പറഞ്ഞു വന്നപ്പോൾ ഞങ്ങൾ അയൽ വാസികളാണ്‌. ഞാൻ താമസിക്കുന്ന അമ്പതു നിലകളുള്ള അതേ ബിൽഡിഗിൽ 8ആം മത്തെ ഫ്ലോറിലാണു അയാളുടെ താമസം. ഞാൻ 27അം മത്തെ നിലയിലും. ഇവിടെ ഒരു കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി കുറച്ചു വർഷങ്ങളായി അയാൾ ജോലിചെയ്തുവരുന്നു... അത്യാവശ്യം കൊറിയനോക്കെ അയാൾ പയറ്റും. കുറച്ചു സമയം അതുവഴിയൊക്കെ ചുറ്റി നടന്നിട്ടു ഞങ്ങൾ മടങ്ങിപ്പോയി. വൈകുന്നേരം 7 മണിക്കു റിസപ്ഷനിൽ വീണ്ടും കാണാം എന്നു പറഞ്ഞു... ഇനി ഇവിടെ ഇയാൾ ആകട്ടെ എന്റെ മാർഗദർശ്ശിയെന്നു ഞാൻ തീരുമാനിച്ചു...


കിറുകൃത്യം 7 മണിയായപ്പോൾ ഞാൻ റിസപ്ഷനിൽ എത്തി അപ്പോൾ AOയും അവിടെ എത്തിച്ചേർന്നു. ഞങ്ങൾ റോഡിനടിയിലൂടെയുള്ള പാതയിലൂടെ നടന്നു ഒരു തെരുവിൽ എത്തിചേർന്നു. ബാറുകളും ഹോട്ടലുകളും എല്ലാം വർണ്ണദീപങ്ങൾ കൊണ്ട്‌ അലംങ്കരിച്ചിരിക്കുന്നു. അവയുടെ ഉള്ളിൽ നിന്നും സംഗിതം വെളിയിലേയ്ക്കും പരന്നൊഴുകുന്നു. കസ്റ്റമേഴ്സിനെ ആകർഷിക്കുന്നതിനായി ചില ഹോട്ടലുകൾ മുയലിന്റെയും ജിറാഫിന്റെയും, സ്പയിഡർ മാനിന്റെയും ഒക്കെ വേഷം കെട്ടിച്ച്‌ ചില ആളുകളെ നിർത്തിയിരിക്കുന്നു. അവർ കയ്യിൽ മെനുവുമായി ആളുകളെ ക്യാൻവാസുചെയ്യുന്നു....

നമ്മുടെ അറബ്ബി ആതിരക്കിനിടയിലൂടെയെല്ലാം ഊളിയിട്ട്‌ നടന്ന് എന്നെ ആ തെരുവിന്റെ ഏകദേശം മധ്യത്തിലുള്ള ഒരു ബിൽഡിഗിന്റെ അണ്ടർ ഗ്രവുണ്ടിലേയ്ക്കുതുറക്കുന്ന പടവുകളിൽ എത്തിച്ചു. പടവുകൾ ഇറങ്ങിച്ചെന്നപ്പോൾ അവിടെ ചില ഹോട്ടലുകളും ബാറുകളും ഉണ്ടായിരുന്നു. വെളുത്ത ബോർഡിൽ കറുത്ത അക്ഷരത്തിൽ ഒരു പ്രത്യേക രീതിയിൽ ഇഗ്ലീഷിൽ "സ്ലാഗ്‌" എന്നെഴുതിയ ഒരു ബാറിന്റെ വാതിൽ തള്ളി തുറന്ന് എന്നെ ഉള്ളിലേയ്ക്കു ക്ഷെണിച്ചു.

മങ്ങിയവെളിച്ചത്തിലൂടെ നടക്കുമ്പോൾ ആദ്യം ഒരു തടിച്ചുകൊഴുത്ത കൊറിയൻ യുവാവും, പിന്നീട്‌ അംഗലാവണ്യമുള്ള ഒരു യുവതിയും വന്ന് ഞങ്ങളെ അവിടെ ഒരുക്കി ഇട്ടിരുന്ന മേശയിലേയ്ക്കു ക്ഷെണിച്ചു.ഞങ്ങൾ അവിടെ ഇരുന്നാപ്പോൾ ആ യുവതി ഒരു ട്രേയിൽ ഡ്രയിഫ്രൂഡ്സുകളുമായി ഞങ്ങളുടെ അടുത്തെത്തി. അവർ വലിയ കുഴപ്പമില്ലാതെ ഇഗ്ലീഷിൽ സംസാരിച്ചു തുടങ്ങി.AO എന്നെ അവർക്കു പരിചയപ്പെടൂത്തി. ഇൻഡ്യക്കാരൻ ആണെന്നറിഞ്ഞപ്പോൾ അവർക്ക്‌ അതിയായ സന്തോഷം.

ആ യുവതിയും ആദ്യം കണ്ട യുവാവും സഹോദരങ്ങൾ ആണെന്നും അവരാണു ആ ബാറിന്റെ ഉടമസ്ഥരെന്നും AO എന്നോടു പറഞ്ഞു. യുവാവിനു ഇഗ്ലിഷ്‌ അറിയില്ല അതിനാൽ അയാൾ ഞങ്ങളെ സമീപിച്ചില്ല. രാത്രി 9 മണിവരെ ഇവിടെ Happy Hours ആണ്‌ തിരക്കില്ല. അതിനാൽ 20% വിലയിൽക്കുറവുണ്ട്‌. ഞാൻ ആദ്യമായി ഇവിടെ എത്തുന്നതെന്നതിനാലും ഒരു ഇൻഡ്യക്കാരൻ ആയതിനാലും ആ യുവതി എനിക്കായി അനേകം ഭക്ഷ്യ വസ്തുക്കൾ ഫ്രീയായും ഒന്നിനു രണ്ടെന്നതോതിൽ ബിയറുകളും തന്നു. നാട്ടിൽ ചവറുവിലയുള്ള ഇൻഡ്യക്കാർക്ക്‌ കൊറിയയിൽ ഇത്ര ഡിമാന്റോ എന്നത്‌ എന്ന് വല്ലാതെ അൽഭുതപ്പെടുത്തി. ഞങ്ങൾക്കായി DJ പ്രത്യേക മ്യൂസിക്കുകൾ അവതരിപ്പിച്ചു. പിറ്റേന്നു ഞായറഴ്ചയും അവധി ആയതിനാൽ രാത്രി അവിടെ തന്നെ ചിലവഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ഏകദേശം 9 മണി ആകാറായപ്പോൾ കൂട്ടമായി യുവതിയുവാക്കൾ എത്തിത്തുടങ്ങി. അതിൽ ചില ഇഗ്ലീഷുകാരും ഉണ്ടായിരുന്നത്‌ എന്നെ അത്ഭുതപ്പെടുത്തി. ചിലർ അത്ഭുതത്തോടെ എന്നെയും നോക്കി. Smith എന്ന ഒരു ഇഗ്ലിഷുകാരെൻ വന്നെന്നെ പരിചയപ്പെട്ടു. അയാൾ ഒരിക്കൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്‌. കൂടാതെ അയാൾക്കു ലണ്ടനിൽ ഒരു പഞ്ചാബി ഗേൾഫ്രെൻഡും ഉണ്ടായിരുന്നു. ഇൻഡ്യക്കാരുടെ കുടുംബത്തിന്റെ കെട്ടുറപ്പു മനസ്സിലാക്കിയിരുന്ന അയാൾ ആ പഞ്ചാബി പെണ്ണിനെ കല്യാണം കഴിക്കാൻ അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇഗ്ലിഷുകാരുടെ കുടുംബത്തിന്റെ കെട്ടുറപ്പു നന്നായി അറിവുണ്ടായിരുന്ന അവളുടെ അപ്പൻ സർദാർജി അതിനൊട്ടും സമ്മതിച്ചില്ല. Smith കൊറിയയിൽ ഒരു ടൂറിസ്റ്റായി എത്തിയതായിരുന്നു. ഇഗ്ലീഷ്‌ വിദ്യാഭാസത്തിന്‌ ഇവിടുള്ള വമ്പിച്ച സ്കോപ്പു മനസ്സിലാക്കിയപ്പോൾ ഒരുസ്കൂളിൽ ട്യൂട്ടറായി ചേർന്നു. ഒന്നോരണ്ടോ മണിക്കൂറെ ദിവസം ക്ലാസ്സുള്ളു. ബാക്കിസമയം മുഴുവൻ ഇതൊക്കെതന്നെ പരിപാടി. ഇവിടെക്കാണുന്ന ഒട്ടുമിക്ക ഇഗ്ലിഷുകാരും ഇതുപോലെ ഉള്ളവരാണെന്നു അയാളിൽ നിന്നും അറിയാൻ കഴിഞ്ഞു.

അടുത്തതായി പരിചയപ്പെട്ടത്‌ Fisher എന്ന ഒരു ഇഗ്ലിഷുകാരനെയാണ്‌. അയാളും ഇഗ്ലീഷ്‌ ട്യൂട്ടറായി ജോലിചെയ്യുന്നു. ഇഗ്ലണ്ടിൽ വല്ല മീൻപിടുത്തക്കാരനോ മീൻവില്‌പനക്കാരനോ ആയിരിക്കാം ഒരു പക്ഷേ അയാൾ. ABCD എന്നു കൂട്ടി വായിക്കാൻ അറിയുന്നവർക്കെല്ലാം ഇവിടെ ഒത്തിരി സ്കോപ്പുണ്ടെന്നാതോന്നുന്നത്‌. മ്യൂസിക്കിന്റെ താളത്തിനൊപ്പിച്ച്‌ ആ മാതൃകാ അദ്ധ്യാപകരെല്ലാം കൊറിയൻ യുവതികളോടൊപ്പം ചുവടുവെച്ചുതുടങ്ങി. അവരുടെ ക്ഷെണം സ്വീകരിച്ച്‌ ഞങ്ങളും ചിലപ്പോഴൊക്കെ അവർക്കൊപ്പം ചേർന്നു...

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടമായി വന്നവരെല്ലാം അങ്ങനെ തന്നെ തിരിച്ചുപോയി. ബാറിൽ ഞങ്ങൾ വളരെകുറച്ചുപേർ മാത്രമായി. ഉടമസ്ഥയായ യുവതി മൂന്നു ബിയറുമായി ഞങ്ങളുടെ സമ‍ീപം വന്നിരുന്നു. ഇൻഡ്യയെക്കുറിച്ച്‌ അവർക്കറിവുള്ളതെല്ലാം എന്നോടു പറഞ്ഞു. ഇൻഡ്യ സന്ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

ഹിന്ദിസിനിമകൾ അവർ കണ്ടിട്ടുണ്ട്‌. ഇൻഡ്യൻ സ്ത്രികൾ എല്ലാം വളരെ സുന്ദരികൾ ആണെന്നും വളരെ മനോഹരമായി ആഭരണവും വസ്ത്രവും ധരിക്കുന്നവരാരെന്നുമാണ്‌ അവരുടെ നിഗമനം. അങ്ങനെയല്ല കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ചു തിന്ന് എക്സർസെയ്സ്‌ ഒന്നും ചെയ്യാതെ ചക്കക്കുരു പരുവത്തിൽ നരികൾ പോലായ നാരികളാണു ഇൻഡ്യയിൽ അധികമെന്ന് ഞാൻ തിരുത്തി പറഞ്ഞതുമില്ല. ഇൻഡ്യൻ സംഗീതത്തിന്റേയും ഡാൻസിന്റേയും ആരാധികയാണ്‌ അവരെന്ന് എന്നോടുപറഞ്ഞു... അങ്ങനെ യൊക്കെ പറഞ്ഞുപറഞ്ഞു അവർ എന്റെ ഓട്ടോഗ്രാഫും ഫോൺനമ്പരും ഒക്കെവാങ്ങി. താമസ്സിയാതെ ഒരു ഇൻഡ്യൻ സിഡി അവൾ തരപ്പെടുത്തി കൊണ്ടുവരുമെന്നും അതിലെ പാട്ടുകൾക്കൊപ്പം എന്നോടൊപ്പം നൃത്തം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും എന്നെ അറിയിച്ചു. ഇൻഡ്യൻ യുവാക്കളെല്ലാം ഹൃദിക്ക്‌ രോഷനെ പോലെ ഡാൻസ്‌ ചെയ്യുന്നവരാണെന്ന് ഇവർ കരുതിയിട്ടുണ്ടാകും. മാതൃരാജ്യത്തിന്റെ യശ്ശസ്സുയർത്തി പിടിക്കേണ്ടത്‌ എന്റെ കടമ ആയതിനാൽ ഞാനതെല്ലം സമ്മതിച്ചു.

പിന്നിടുള്ള ചർച്ചയിൽ അവർ അടൂത്തയിട കണ്ട സ്ലം ഡോഗ്‌ മില്യനർ എന്ന സിനിമയെക്കുറിച്ചും പരാമർശിച്ചു.അതിൽ കാണിക്കുന്ന ചേരികളെക്കുറിച്ചും കുട്ടികളുടെ ദാരിദ്ര്യത്തെക്കുറിച്ചും അവർ അത്ഭുതപ്പെട്ടൂ. ടോംസ്വയർ, ഹക്കിൾബെറി തുടങ്ങിയ പല ഇഗ്ലിഷ്‌ കുട്ടി കഥാ പാത്രങ്ങൾ ഇതിലും ദരിദ്രയമായ അവസ്ഥയിൽ ജീവിച്ചിരുന്നതായി കഥകളിൽ വിവരിക്കുന്നുണ്ടെന്നും, സിനിമയെ വെറും സിനിമയായി കാണണമെന്നും, അതിലെ ദാരിദ്ര്യവും എന്തിനേറെ ബോംബയിലെ ചേരികൾ പോലും കഥകാരന്റെ ഭാവനയിൽ ഉടലെടുത്തവയാണെന്നും, അതിനാലണു മികച്ച സിനിമയെന്ന നിലയിൽ അതിന്‌ ഓസ്ക്കാർ കിട്ടിയതെന്നു വരെ ഞാൻ പറഞ്ഞു വെച്ചു.

ഇൻഡ്യയുടെ ഇക്കോണമി വാണം വിട്ടതുപോലെ മുകളിലേയ്ക്കുയരുകയാണെന്നും, ചന്ദ്രയാനം കഴിഞ്ഞ്‌, ഇൻഡ്യയിപ്പോൾ ചൊവ്വയിൽ കോളണികൾ സൃഷ്ഠിക്കാനുള്ള ശ്രമത്തിലാണെന്നും ഞാൻ അവരോടു പറഞ്ഞു. AO ഇതെല്ലാം കേട്ട്‌ വാപൊളിച്ചിരിപ്പുണ്ടായിരുന്നു. ഒരു ഇൻഡ്യക്കാരെന്റെ സുഹൃത്തെന്ന നിലയിൽ അയാൾ രോമാഞ്ചം കൊള്ളുന്നത്‌ എനിക്ക്‌ അറിയാൻ കഴിഞ്ഞു.....

ഇങ്ങനെ അന്യനാടുകളിൽ ഇൻഡ്യയുടെ ബ്രാൻഡ്‌ അംബാസിഡറായി വിഹരിക്കുന്ന എനിക്ക്‌, കുറഞ്ഞപക്ഷം കപിൽ ദേവിനും മോഹൻലാലിനും കൊടുത്തതുപോലെ ഒരു കേണൽ പദവി എങ്കിലും ഇൻഡ്യാഗവൺമെന്റിനു തന്നുകൂടെ???...

Friday, 3 July 2009

പുതുജീവിതം

ഇപ്പോൾ ഈ കൊച്ച്‌ ഉപദ്വീപിലാകെ ജനങ്ങൾ ആകുലചിത്തരാണ്‌. ചില അനിഷ്ഠ സംഭവങ്ങൾ ദക്ഷിണകൊറിയക്കാരുടെ സ്വയിര്യ ജീവിതത്തിൽ ദുഃസ്വപ്നങ്ങൾ സൃഷ്ഠിച്ചുകൊണ്ടിരിക്കുന്നു.

ജനസമ്മതനായിരുന്ന അവരുടെ മുൻപ്രസിഡന്റിനെതിരെ, രാഷ്ട്രിയ വൈര്യം മൂലം പുതിയ പ്രസിഡന്റ്‌ പല ഇൻവെസ്റ്റിഗേഷനും ഉത്തരവിട്ടിരുന്നു. അതിന്റെ പിരിമുറുക്കം താങ്ങാനാവാതെ ആ ദുർബലഹൃദയൻ ആത്മഹത്യചെയ്തു. സാധാരണക്കാരുടെ തോഴനും നിരപരാധിയെന്ന് അവർ കരുതുന്നതുമായ മുൻപ്രസിഡന്റിന്റെ അത്മാവ്‌ അവരുടെ ഓരോ ഹൃത്തിലും മുട്ടിവിളിച്ച്‌ തന്റെ നിരപരാധിത്വം ഏറ്റുപറയുന്നു.

ഇങ്ങനെ പ്രക്ഷുബ്ദമായിരുന്ന ദക്ഷിണകൊറിയയിക്ക്‌ വീണ്ടും ഒരു ആഘാതമെന്നോണം, ഉത്തരകൊറിയ ഒന്നിനുപുറകെ ഒന്നായി മിസ്സയിലുകൾ ഉതിർത്തു വെല്ലുവിളികൾ ഉയർത്തുന്നു. അവർ ആണവ പരിക്ഷണം നടത്തിയെന്നും അമേരിക്കയിൽ പതിക്കാൻ ശേഷിയുള്ള ദീർഘദൂര മിസ്സയിലുകൾ സ്വായത്തമാക്കിയെന്നും അവകാശപ്പെടുന്നു...

ഇവിടെ ഇപ്പോൾ ഒരോ കൊറിയക്കാരനും ഏതുനിമിഷവും ഒരു യുദ്ധം പ്രതിക്ഷിക്കുന്നു. കൊറിയയിലെ പ്രായപൂർത്തിയായ എല്ലായുവാക്കൾക്കും സൈനീകപരിശീലനം നിർബന്ധമാണ്‌. അതിനാൽ അടിയന്തിരഘട്ടങ്ങളിൽ ഏതു പൗരനേയും രാജ്യസേവനത്തിനായി തിരിച്ചുവിളിക്കാം . അവരെല്ലാം ഗവണ്‍മന്റിന്റെ ഒരു ഉത്തരവിനായി കാതോർത്തിരിക്കുന്നു...

ഇങ്ങനെ ആകെ കലുഷിതമായിരിക്കുന്ന ഒരു ദിവസം രണ്ടും കൽപിച്ചു Mr. Jung നെ ഒന്നു പോയികാണാൻ തന്നെ ഞാൻ തീരുമാനിച്ചു. അയാളുടെ ഇമെയിലിൽ ഞാൻ ഇവിടെ എത്തിയ വിവരവും ഒരു സന്ദർശനം ആഗ്രഹിക്കുന്നു എന്നും പറഞ്ഞു ഒരു മെയിൽ ഇട്ടു. താമസിയാതെ അയാളുടെ അഡ്രസ്സും റൂട്ടു മാപ്പും സഹിതം മറുപടി വന്നു. പിറ്റേന്നു വൈകുന്നേരം 3 മണിക്കു ഞാൻ അയാളുടെ വീട്ടിൽ എത്തും എന്നും പറഞ്ഞു തിരിച്ച്‌ വീണ്ടും ഒരു മെയിൽ കൂടി ചെയ്തു.

അയാളെ ഞാൻ എങ്ങനെ അഭിമുഖീകരിക്കും എന്നും എന്തു പറഞ്ഞു അശ്വസിപ്പിക്കണം എന്നും ഒക്കെ ഒരു നിമിഷം ചിന്തിച്ചിരുന്നു പോയി. നിരാശ തുളുമ്പുന്ന കണ്ണുകളും ചലനമറ്റുകിടക്കുന്ന ശരീരവുമായി എന്റെ മനസ്സിൽ അയാളുടെ ഒരു അവ്യക്ത ചിത്രം രൂപപ്പെട്ടു വന്നു...

സ്റ്റേഷന്റെ അടുത്തുള്ള E Mart ഇൽ നിന്നും ഒരു കേയ്സ്‌ സ്റ്റോബറിയും, കുരുവില്ലാത്ത മന്തരീന എന്ന ഓറഞ്ചും, അയാളുടെ മോൾക്കു കൊറിയൻ ട്രഡീഷണൽ വസ്ത്രം ധരിച്ച ഒരു പാവയും വാങ്ങിച്ചു. ഏകദേശം 2.30 അയപ്പോൾ ഞാൻ അയാളുടെ വീടിനടുത്തുള്ള റെയിൽവെസ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെനിന്നും അയാൾ അയച്ചുതന്നിരുന്ന റൂട്ടുമാപ്പിലെ ഓരോ ലാൻഡു മാർക്കുകളും പിന്നിട്ട്‌ ലാർഡ്സ്‌ എന്ന ബിൽഡിഗിൽ എത്തിചേർന്നു. അതിന്റെ ഗ്രൗണ്ട്‌ ഫ്ലൊറിൽ ഫാമിലി മാർട്ടിന്റെ ഒരു ഷോറും ഉണ്ടായിരുന്നു. ആതുകണ്ടപ്പോൾ ബിൽഡിഗ്‌ അതുതന്നെ എന്ന് എനിക്കു തീർച്ചയായി.

രണ്ടാം നിലയിൽ 202 റൂമിന്റെ മുൻപിൽ എത്തി ഡോർബെല്ലടിച്ചു. എന്റെ മുഖം അവരുടെ അകത്തെ ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞിട്ടുണ്ടാവണം, ഞാൻ വരുന്ന വിവരം Jung മുൻപേ അറിയിച്ചതിനാൽ ആകണം.. ഭാഗ്യം.. കൊറിയയിൽ ആരും ഒന്നും ചോദിച്ചു എന്നെ ഉത്തരം മുട്ടിക്കാതെ ആ വാതിലുകൾ എനിക്കായി തുറക്കപ്പെട്ടു.

പ്രായംചെന്നു ഉയരം കുറഞ്ഞ ഒരു സ്ത്രീ. ആവർ എന്നെ "അന്യേസയോ" എന്നു പറഞ്ഞു കുനിഞ്ഞ്‌ അഭിവാദ്യം ചെയ്തു. ഞാനും എന്റെ തല കാൽമുട്ടുകളിൽ ചെന്നു മുട്ടുന്നവിതം നന്നായി കുനിഞ്ഞു പ്രത്യഭിവാദ്യം ചെയ്തു. ആദ്യത്തെ പരീക്ഷ പാസ്സായ എന്നെ ആ സ്ത്രീ അടുത്ത പരിക്ഷണങ്ങൾക്കായി അകത്തേയ്ക്കു ക്ഷെണിച്ചു. ആ അവസരത്തിൽ ഉചിതമെന്നു തോന്നിയതും ആകെ അറിയവുന്നതുമായ ഒരേ ഒരു വാക്ക്‌ jung എന്ന പേരുമാത്രമായിരുന്നു. ഞാൻ അതു ഒന്നുരണ്ടു വട്ടം ഉരുവിട്ടു.

അതിനു മറുപടിയെന്നോണം ആ സ്ത്രീ വായ്‌ നിറച്ച്‌ യ..യീ..യൂ..യോ എന്നൊക്കെ അവസാനിക്കുന്ന എന്തോക്കയോ പറഞ്ഞു. ഒന്നും മനസ്സിലായില്ല എങ്കിലും അവരുടെ കയ്കളുടെചലനത്തിൽ നിന്നും മുഖത്തെ ഭാവപ്രകടനത്തിൽ നിന്നും എന്നൊട്‌ ഇരിക്കാനാണു പറയുന്നതെന്നു മനസ്സിലായി.

ഞാൻ എന്റെ കയ്യിലെ വസ്തുക്കൾ അരികിലുള്ള മേശമേൽ വച്ചിട്ട്‌ സോഫയിൽ ഇരുന്നു. ആ സ്ത്രീ അപ്പോൾ അകത്തേയ്ക്കുപോയി.

വാച്ചിൽ സമയം കൃത്യം മൂന്നുമണി.

പൊടുന്നനെ മുന്നിലെ വാതിൽ തുറന്നു..വെളിയിൽനിന്നും ഒരു വീൽ ചെയർ കറങ്ങി തിരിഞ്ഞു മുറിക്കുള്ളിലേയ്ക്കു കടന്നു വന്നു. അതിൽ കറുത്ത തൊപ്പിവെച്ച ഒരാൾരൂപവും മടിയിൽ ഒരു പെൺകുട്ടിയും. കുട്ടി അയാളുടെ മടിയിൽ നിന്നും ഊർന്നിറങ്ങി മുറിയിൽ ഓടി നടന്നു തുടങ്ങി... വീൽ ചെയർ എന്റെ അടുക്കലേയ്ക്കു ഉരുണ്ടുവന്നു. ഞാൻ അറിയാതെ എഴുന്നേറ്റു നിന്നു.. കാലുമൂടി നീണ്ട കറുത്ത കോട്ടണിഞ്ഞ രൂപം എന്റെ കരങ്ങളിൽ പിടിച്ചു...അറിയാതെ ഒരു കുളിർ, ഇലക്ട്രിക്കു ഷോക്കുപോലെ ആ കരങ്ങളിലൂടെ എന്റെ ദേഹമാകെ പടർന്നു... തൊപ്പി ഊരിമാറ്റി അയാൾ എന്റെ കരങ്ങൾ ശക്തമായി പിടിച്ചു കുലുക്കി.........Mr.jung

ചിരിച്ചുകൊണ്ടു അയാൾ എന്നെ അടുത്ത ഒരു മുറിയിലേയ്ക്കു ക്ഷെണിച്ചു. വീൽചെയറിലുള്ള സ്വിച്ചുകൾ അമർത്തിയും ലിവർ തിരിച്ചും അയാൾ എനിക്കുമുന്നേ നീങ്ങി. ഉള്ളിൽ പ്രവേശിച്ചതും സെൻസർ ലാമ്പുകൾ തെളിഞ്ഞു. ആ മുറി ഒരു ഓഫീസുപോലെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടറുകളും പ്രോജക്ടറും സ്ക്രീനുമൊക്കെയായി...

വെബ്‌ ഡിസയിനിഗും, ഗ്രാഫിക്ക്‌ അഡ്വർടൈസിഗു ഒക്കെയായി അയാൾക്കു നല്ല ഒരു ബിസിനസ്സ്‌ ഉണ്ട്‌. സോളിൽ ഒരു വലിയ ഓഫീസും ഒത്തിരി സ്ടാഫും ഉണ്ട്‌. എല്ലാത്തിന്റെയും മേൽനോട്ടം അയാൾ ഒറ്റയ്ക്കുനടത്തുന്നു.

ആയാൾ മോളെയും അമ്മയെയും എന്നെ പരിചയപ്പെടുത്തി. ഞാൻ പായ്ക്കറ്റു തുറന്നു അതിലെ പാവ ആ കുട്ടിക്കു കൊടുത്തു. അവൾക്ക്‌ അതു ഇഷ്ടപ്പെട്ടു എന്നു ആ കുഞ്ഞിക്കണ്ണിലെ തിളക്കത്തിൽ നിന്നും ചിരിയിൽ നിന്നും മനസ്സിലായി.

അയാളുടെ ഓഫീസ്‌ അഞ്ചുമണീവരെ ഉണ്ടായിരുന്നു എങ്കിലും ഞാൻ മൂന്നുമണിക്ക്‌ എത്തും എന്നറിയ്ച്ചതിനാൽ നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി ഡേ കെയറിൽ നിന്നും മോളെയും കൂട്ടി എത്തിയതാണ്‌. ജീവിതത്തിന്റെ തിരക്കിൽ വൈകല്യങ്ങൾ മറന്ന് അയാളും അകപ്പെട്ടുപോയിരിക്കുന്നു.... ഈ മനുഷ്യൻ കുറെക്കാലം തകർന്നു തളർന്നു കിടപ്പായിരുന്നു എന്നു വിശ്വസിക്കാൻ പ്രയാസം...

കാലുകൾ ഇല്ല എന്ന പോരായ്മ യന്ത്രസഹായത്താൽ മറ്റാരെയും പിന്നിട്ട്‌ മുന്നേറുവാനുള്ള പ്ലെസ്‌ പോയിന്റാക്കി അയാൾ മാറ്റിയിരിക്കുന്നു. വിധിയെ പഴിച്ചു ചുരുണ്ടുകൂടിക്കിടന്നു ജീവിതം പാഴാക്കാതെ, ചാരകൂമ്പാരത്തിൽ നിന്നും ഉയർന്നു പൊങ്ങി പറക്കുന്ന ഫീനക്സ്‌ പക്ഷിയെപ്പോലെ അയാളും ഒരു പുതു ജന്മം വീണ്ടെടുത്തിരിക്കുന്നു...

ഏകദേശം ഒരുമണിക്കൂർ പലപല കാര്യങ്ങൾ പറഞ്ഞിരുന്നതിനുശേഷം ഞാൻ യാത്രപറഞ്ഞിറങ്ങി. പെൺകുട്ടി പാവയുടെ അതേരീതിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ്‌ ശരിക്കും മറ്റൊരു പാവപോലെ ആയി മ‍ാറിയിരുന്നു. അവൾ വൃദ്ധയുടെ കയ്പിടിച്ച്‌ വാതുക്കൽ വന്നു നിന്ന് എനിക്കു ടാറ്റാതന്നു...

" വേണ്ട " എന്നു പറഞ്ഞു വെങ്കിലും എന്നെ റെയിൽവെസ്റ്റേഷൻ വരെ അയാൾ കൊണ്ടുവന്നു വിട്ടു. വീൽചെയറിൽ സ്പീടിൽ നീങ്ങുന്ന അയാൾക്കൊപ്പമെത്താൻ, രണ്ടുകാലുകൾ മാത്രമുള്ള ഞാൻ നന്നേ പാടുപെട്ടു...

Friday, 22 May 2009

മഞ്ഞ്‌ ഉരുകി തുടങ്ങി..

മഞ്ഞ്‌ ഉരുകി തുടങ്ങി...ദൂരെ സൈബീരിയയിൽ നിന്നും വീശികൊണ്ടിരുന്ന മരവിപ്പിക്കുന്ന കാറ്റ്‌ വഴിമാറി പോയിരിക്കുന്നു...

അകലെ മാമലകൾ മുഷിഞ്ഞ വെൺകുപ്പായം ഊരിമാറ്റി പച്ച ചേലകൾ എടുത്തു ചുറ്റുന്നു.... വഴിയോരങ്ങളിൽ തണുത്തു വിറങ്ങലിച്ചുനിന്നിരുന്ന മരങ്ങളിൽ പ്രതീക്ഷയുടെ പച്ചപ്പ്‌ നാമ്പിട്ടുതുടങ്ങി.

നഗ്നമായി കിടന്നിരുന്ന ഭൂമി കണ്‌ഠാഭരണങ്ങളും പൂക്കളും ചൂടി, ആരെയും മോഹിപ്പിക്കുവാൻ വീണ്ടും ചമഞ്ഞൊരുങ്ങുന്നു... സൂര്യൻ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും അവളുടെമേൽ തന്റെ ആധിപത്യം സ്ഥാപിക്കുന്നു...

നിരത്തുകളിൽ ജനസമുദ്രം അലയടിക്കുന്നു. തുളച്ചു കയറുന്ന തണുപ്പു മാറിയതോടെ, സവോളയുടെ തൊലിമാതിരി ഒന്നിനുമേൽ ഒന്നായി എടുത്തണിഞ്ഞിരുന്ന ഉടയാടകൾ ഉരിഞ്ഞുമാറ്റി മനുഷ്യർ നഗ്നരായിതുടങ്ങി... സർക്കസ്‌ കൂടാരത്തിലെ പൊയ്ക്കാൽ വിദഗ്തരെപ്പോലെ, ഷോപ്പിഗ്‌ മാളുകളിൽ എങ്ങും സുന്ദരിമാർ ഹൈഹീലുകളിലേറീ വേച്ചുവേച്ചു നടക്കുന്നു...എങ്ങും എത്താത്ത, തികയാത്ത അവരുടെ വസ്ത്രങ്ങൾ ഉള്ളിലെ നിമ്‌നോന്നതങ്ങൾ വിളിച്ചു കാട്ടുന്നു.......ബഹുവർണ്ണങ്ങളിലുള്ള അവരുടെ മുടി കാറ്റിൽ പാറികളിക്കുന്നു...രക്തപാനം കഴിഞ്ഞ യക്ഷികളുടേതുമാതിരി അവരുടെ ചുണ്ടുകൾ വല്ലാതെ ചുവന്നിരുന്നു...നഖങ്ങൾ വല്ലാതെ നീണ്ടും...

ഐസ്ക്രീം പാർലറുകളൂം, ക്ഫേത്തെറിയകളും കമിതാക്കളെകൊണ്ടു നിറഞ്ഞുതുടങ്ങി. അവരുടെ പ്രണയലീലകൾ ആസ്വാദകരെയും കുളിർച്ചൂടിക്കുന്നു... തിരക്കേറിയ പകലുകളും, നീളുന്ന രാവുകളുമായി നഗരങ്ങൾ കാത്തിരിക്കുന്നു...ആരോരുമറിയാതെ അവിടെ ചില ജീവിതങ്ങൾ തളിർത്തു പൂക്കുന്നു....മറ്റുചിലവ കൊഴിഞ്ഞു മറയുന്നു...

ഇന്നലെ Mr.Choie യുടെ വക ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു. വൈകുന്നേരം 7 മണിക്കു Yoido സ്റ്റേഷന്റെ ടിക്കറ്റുകൗണ്ടറിനുമുന്നിൽ എത്തിച്ചേരണം എന്നു പറഞ്ഞിരുന്നു. അവിടെനിന്നും അയാൾ എന്നെ അടുത്തുള്ള GANGA എന്ന ഇന്ത്യൻ റെസ്റ്റോറന്റിലേയ്ക്കു കൂട്ടികൊണ്ടുപോയി. ചിത്രങ്ങൾകൊണ്ടും, കൗതുകവസ്തുക്കൾകൊണ്ടും റസ്റ്റോറന്റിന്റെ ഉൾവശം നന്നായി അലങ്കരിച്ചിരുന്നു. ഇന്ത്യൻ രുചികൾ നുണയാൻ എത്തിയിരുന്ന ആളുകളുടെ തിരക്കുകാരണം ഞങ്ങൾക്ക്‌ 10മിനിറ്റു വെയിറ്റിംഗ്‌ റൂമിൽ ഇരിക്കേണ്ടിവന്നു.

തന്തൂരിചിക്കൻ,ബട്ടർനാൺ,സമോസ തുടങ്ങിയ വിഭവങ്ങൾ ആസ്വദിക്കുന്നതിനിടയിൽ ഞങ്ങളുടെ സംസ്സാരത്തിൽ പഴയസുഹൃത്ത്‌ Jong ഇന്റെ കാര്യവും കടന്നു വന്നു.

ഒരുവർഷം മുൻപു നടന്ന കാറപകടത്തിൽ അയാൾക്കു ഭാര്യ നഷ്ടപ്പെട്ടിരുന്നു..ഇപ്പോൾ അയാൾ ആകട്ടെ അരയ്ക്കു താഴോട്ടു തളർന്നു കിടപ്പിലും.. വളരെ നാളത്തെ പ്രണയത്തിനു ശേഷം, അനേകം പ്രതീക്ഷകളോടെ പൂവണിഞ്ഞതായിരുന്നു അവരുടെ വിവാഹ ജീവിതം. അയാളും, 2വയസ്സുള്ള അയാളുടെ മോളും, അയാളുടെ വൃദ്ധയായ മാതാവിന്റെ പരിചരണയിലാണു കഴിഞ്ഞു പോകുന്നതു...

വളരെ ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു അയാൾ. ഇന്ത്യയിൽ നിന്നും ചിലവസ്തുക്കൾ കൊറിയയിൽ കൊണ്ടുപോയി വിൽക്കുന്നതിനെക്കുറിച്ചും അതുപോലെ കൊറിയൻ വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനെക്കുറിച്ചും അയാൾ ഞാനുമായി പലപ്പോഴും സംസ്സാരിച്ചിരുന്നു. ഒരിക്കൽ ഭാവിയെക്കൂറിച്ചു അനേകം കണക്കുകൂട്ടലുകൾ നടത്തുകയും സ്വപ്നങ്ങൾ നെയ്യുകയും ചെയ്തിരുന്ന ഒരു ചെറുപ്പക്കാരൻ...ഇന്നു യൗവ്വനം മുഴുവൻ, നിരാലംമ്പനായി പടുകിഴവനെപ്പോലെ ശയ്യയിൽ തന്നെ കഴിച്ചുകൂട്ടുന്നു...

ഒരു വേളയെങ്കിലും അയാളെ സന്ദർശിക്കണമെന്നെനിക്കുണ്ടു. അത്‌ ആശ്വാസത്തെക്കാൾ ഉപരി വീണ്ടും അയാളെ അലോരസപ്പെടുത്തുമോ എന്നു ഞാൻ ഭയക്കുന്നു...ഞാൻ ഇവിടെ എത്തിച്ചേർന്നവിവരം അയാൾക്ക്‌ ഇപ്പോഴും അറിവതില്ല.

റസ്റ്റൊറന്റിൽ നിന്നും വെളിയിലിറങ്ങിയപ്പോൾ തണുത്ത കടൽ കാറ്റു വീശുന്നുണ്ടായിരുന്നു. Mr.Choie എന്നെ റെയിൽവെ സ്റ്റേഷൻവരെ കൊണ്ടുവന്നുവിട്ടു. വലിയ ഒരു മൂളലോടെ ട്രെയിൻ വന്നു നിന്നു. അത്‌ എന്നെയും കൊണ്ടു ആ ദീപിൽനിന്നും, പാലത്തിലുടനീളം പ്രകമ്പനം സൃഷ്ടിച്ചും, തഴെ കടൽ വെള്ളത്തിൽ പുളഞ്ഞു പായുന്ന ഏതൊ ജലസത്വം മാതിരി പ്രതിബിമ്പം തിർത്തും, ശരവേഗത്തിൽ പാഞ്ഞുപോയി...

ഉയരമുള്ള കെട്ടിടത്തിന്റെ ഉയരത്തിലുള്ള, അടച്ചിട്ട എന്റെ മുറിയിൽ ഇരുന്നാൽ, വിസ്തൃതമായ ജനാലയിലൂടെ പുറത്തെ തുറന്ന ലോകം എനിക്കു കാണാം. ഒരു വിമാനത്തിൽ നിന്നും തഴേയ്ക്കു നോക്കുന്നമാതിരി ചെറുതെങ്ങിലും താഴത്തെ കഴ്ചകൾ വളരെ വ്യക്തമായി തന്നെ കാണാം. റോഡിലുടനീളം കളിപ്പാട്ടങ്ങൾ പോലെ കാറുകൾ നിരങ്ങി നീങ്ങുന്നു. മിന്നാമിന്നികൾ പോലെ ഇരുട്ടിൽ അവയുടെ ലയിറ്റുകൾ മിന്നിതെളിയുന്നു.

രാത്രിമഴയിൽ പെയ്തു കുതിർന്ന മണ്ണിൽ നിന്നും ഇയ്യാം പാറ്റകൾ ഉയർന്നു പൊങ്ങുന്നു. മുകളിൽ ഉയരങ്ങളിൽ നക്ഷത്ര വിളക്കുകളുടെ വെളിച്ചം കണ്ട്‌ കൊതിയോടെ പറന്നുയർന്നു, അവയിൽ എത്തിപ്പിടിക്കാനാവത്ത നിരാശയിൽ, ചിറകറ്റ്‌ മണ്ണിൽ തകർന്നടിയുന്നു...
ഒരു രാത്രി മാത്രം ആയുസ്സുള്ള ജീവിതം...ഒരു വേളകൊണ്ടു തകരുന്ന സ്വപ്നങ്ങളും...

Friday, 13 February 2009

കുറച്ചു കൊറിയൻ വിശേഷങ്ങൾ...

മുറിയിൽ നേരിയ വെട്ടം നിറയുന്നതായി തോന്നിയപ്പോൾ, പുതപ്പ്‌ വലിച്ചുമാറ്റി സയിഡ്‌ ടേബിളിലുള്ള ടൈപീസ്സിൽ സമയം നോക്കി.10.30AM.

ശനിയാഴ്ച ആയതിനാൽ അലാറം വെച്ചിരുന്നില്ല. നേരത്തെ എഴുന്നേറ്റിട്ട്‌ വലിയ കാര്യം ഒന്നും ചെയ്യാനില്ലതാനും. മാത്രമല്ല രാവിലത്തേതും ഉച്ചയ്ക്കത്തേതും കൂടി ഒരു നേരം ഭക്ഷണം ഉണ്ടാക്കിയാൽമതി...അത്രയും ലാഭം...

അഞ്ചുദിവസം ജോലിചെയ്ത്‌ ക്ഷീണിച്ചതല്ലയോ,... അതിന്റെ കടവും കുടിശ്ശികയും എല്ലാം തീർക്കുന്നത്‌ വാരാന്ത്യത്തിലാണ്‌. വെള്ളിയാഴ്ച വൈകുന്നേരങ്ങൾ എന്നും പ്രലോഭനങ്ങളുടേതാണ്‌. പ്രലോഭനത്തിൽ ഉൾപ്പെടാതെ ഉണർന്നിരുന്നു പ്രാർത്ഥിക്കുക എന്നല്ലേ? (മർക്കോസ്‌ 14/38-39)പ്രാർത്ഥിക്കുക അല്ലായിരുന്നുവെങ്കിലും രാത്രിമുഴുവൻ ഉണർന്നിരിക്കുകയായിരുന്നു.... കിടന്നുറങ്ങിയപ്പോൾ വെളുപ്പിനെ 2 മണീ....

ഞാൻ കൊറിയയിൽ എത്തിയവിവരം മെയിലിലൂടെയും മെസ്സഞ്ചെറിലൂടെയും ഇവിടെയുള്ള ഒരുവിധം സുഹൃത്തുക്കൾ എല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു. അവരുടെവകയായി ഒരു ഗെറ്റുഗതർ ഉണ്ടായിരുന്നു. D.R.Choi, Y.J.Lee, D.J.Park, S.H.Shim, J.K.Kim തുടങ്ങി പഴയ കൊറിയൻ സുഹൃത്തുകൾ ഒട്ടുമിക്കവരും ഉണ്ടായിരുന്നു. പക്ഷേ Y.H.Jung മാത്രം വന്നിരുന്നില്ല.

ഒരു കൊറിയൻ റെസ്റ്റോറന്റിൽ ആയിരുന്നു ഡിന്നർ പ്ലാൻ ചെയ്തിരുന്നത്‌. ഞങ്ങൾ പ്രവേശിച്ചതും അവിടെ ഉള്ള ജീവനക്കാർ കവാടത്തിൽ വന്ന്, "അന്യേസ്സയോ" എന്നുപറഞ്ഞ്‌ മുട്ടുവളയ്ക്കാതെ നല്ലവണ്ണം കുനിഞ്ഞ്‌ ഞങ്ങളെ എല്ലാവരേയും അഭിവാദ്യം ചെയ്തുതുടങ്ങീ. ഒരു കൊറിയൻ ഒരു ദിവസം കുറഞ്ഞത്‌ നൂറ്‌ പ്രാവശ്യമെങ്കിലും ഇങ്ങനെ കുനിയുന്നുണ്ടായിരിക്കണം. ഇവർക്ക്‌ കുടവയർ ഉണ്ടാകാത്തതിന്റെ ഒരു രഹസ്യം ഇതുതന്നെ ആയിരിക്കാം...

നമ്മൾ അടുത്തെത്തുമ്പോൾ ഇവർ പെട്ടെന്നു തലകുനിക്കുന്നതുകാണുമ്പോൾ, ആടുമാടുകൾ തലകുനിച്ച്‌ ഇടിക്കാൻ വരുന്നമാതിരി വല്ല പ്രയോഗവുമാണോ ഇതെന്ന്, ഇവരുടെ ആചാരരീതികളുമായി യതൊരു പരിചയവും ഇല്ലാത്തവർ ചിലപ്പോൾ ശങ്കിച്ചുപോകാം,... അവർ അറിയാതെ സ്വയരക്ഷയ്ക്കായി, കയ്യ്‌കൾ കൊണ്ട്‌ അവരുടെ ചില മർമ്മസ്ഥാനങ്ങളെ പൊത്തിപ്പിടിച്ചേക്കാം...

റസ്റ്റോറന്റിൽ വളരെ ഉയരം കുറഞ്ഞ മേശകളാണ്‌ ഉണ്ടായിരുന്നത്‌. നിലത്ത്‌ കുഷ്യൻ ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങൾ ചമ്രം പടഞ്ഞ്‌ അതിനരികിൽ ഇരുന്നു. അപ്പോഴേയ്ക്കും കിംചിയും, റാഡിഷും, തീരെ ചെറിയമീൻ പ്രത്യേകതരത്തിൽ തയ്യാറാക്കിയതും,വിവിധയിനം ഇലകളും, സൂപ്പുകളുമായി മേശമുഴുവൻ നിറഞ്ഞു കഴിഞ്ഞിരുന്നു. മേശയുടെ ഒത്തനടുക്ക്‌ ബർണ്ണർ ഉണ്ടായിരുന്നു. തീരെ കനം കുറച്ച്‌ അരിഞ്ഞു വെച്ചിരിക്കുന്ന ബീഫ്‌ ഓരോരുത്തർക്കും ഇഷ്ടാനുസരണം പാകം ചെയ്തെടുക്കാം. പച്ചകുപ്പികളിൽ ലഭിക്കുന്ന "സോജു" എന്ന നിറമില്ലാത്ത മദ്യത്തോടൊപ്പം ഞങ്ങൾ അതുകഴിച്ചു.

വിരലുകൾക്കിടയിൽ ചോപ്‌സ്റ്റിക്ക്‌ പിടിച്ച്‌, അതുകൊണ്ട്‌ വേണം ആഹാരസാധങ്ങൾ എടുത്തുകഴിക്കാൻ. ഇവിടെ വന്ന അന്നുമുതൽക്കുള്ള പല അനുഭവങ്ങളിൽ നിന്നും, ഈ സർക്കസ്സ്‌ വശമാക്കിയില്ല എങ്കിൽ പട്ടിണികിടന്ന് ചാകേണ്ടിവരും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ആദ്യമൊക്കെ ഭക്ഷണസാധനങ്ങൾ ഈ കമ്പുകൾക്കിടയിൽ നിന്നും വഴുതിപോകുമായിരുന്നതിനാൽ, വിശന്ന് വയറ്‌ കത്തിക്കാളുമ്പോഴും നിവർത്തിയില്ലാതെ ഭക്ഷണം അതേപടി ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ട്‌. അതിൽ പിന്നിട്‌ റൂമിലിരുന്ന് നന്നായി അഭ്യസിച്ച്‌ ഈ സർക്കസ്സ്‌ ഞാനും വശമാക്കി. അതിനാൽ മറ്റുള്ളവർക്കൊപ്പം എനിക്കും വലിയ പ്രശ്നങ്ങൾ ഇല്ലാതെ വല്ലതും കഴിക്കാൻ സാധിക്കുന്നു.....

ഞങ്ങൾക്ക്‌ എതിർവശം, അൽപം അകന്ന്, ഒരു മേശയിൽ മൂന്നു യുവതികളും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവർ വിദേശിയായ എന്നെ ഇടയ്ക്കിടയ്ക്ക്‌ ശ്രദിക്കുന്നുണ്ടായിരുന്നു. ചയിനക്കാരുടേയോ, ജപ്പാൻകാരുടേയോ ആകൃതി പ്രകൃതിയോട്‌ സാമ്യമുള്ള അവർ നമ്മുടെ "മനീഷാ കോയിരോളയെ" പോലെ സുന്ദരികളായിരുന്നു...

അവിടെനിന്നും കുടിയും തീനും കഴിഞ്ഞ്‌ പിരിഞ്ഞപ്പോൾ ആരാത്രി അവസാനിച്ചിരുന്നു..
മഞ്ഞിൻ കണങ്ങൾ അപ്പൂപ്പൻ താടിപോലെ വെളിയിൽ എങ്ങും പാറിനടക്കുന്നുണ്ടായിരുന്നു. വഴിവിളക്കുകളുടെ വെട്ടത്തിൽ അവ ഇയ്യാം പാറ്റകളെപ്പോലെ വെട്ടിതിളങ്ങി. മദ്യത്തിന്റെ ലഹരിയിൽ തണുപ്പിനും ഒരു ചെറുസുഖമുള്ളതായി തോന്നി...

ഇവിടെ ഓഫീസ്സിനു വെളിയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാക്ഷയാണ്‌. നീളത്തിലും,ചതുരത്തിലും,വട്ടത്തിലുമുള്ള ഇവരുടെ അക്ഷരങ്ങൾ വായിച്ചെടുക്കാൻ ഉടനെ ഒന്നും പറ്റുമെന്ന് തോന്നുന്നില്ല...എല്ലാം കണ്ടാൽ ഒരുപോലിരിക്കും. അതിനാൽ സ്ഥലങ്ങളുടെ പേരോ, കടകളുടെ പേരോ നോക്കിമനസ്സിലാക്കി എടുക്കാൻ വലിയ പാടുതന്നെയാണ്‌. ആശയവിനിമയത്തിന്‌ ആഗ്യഭാക്ഷയാണ്‌ പലപ്പോഴും പയറ്റുന്നത്‌. അതിന്‌ അതിന്റേതായ പോരായ്മകളും ഉണ്ട്‌.

റൂമിലിരിക്കുമ്പോൾ വല്ലപ്പോഴും ചായ ഇട്ടു കുടിക്കാം എന്നു കരുതി, അതിനു വേണ്ടീ പാലും,തേയിലയും, പഞ്ചസാരയും അന്വേഷിച്ച്‌, കുറച്ചുദിവസംമുമ്പ്‌ അടുത്തുള്ള ഒരു കടയിൽ ചെന്നു. കടമുഴുവൻ അരിച്ചുപെറുക്കിയപ്പോൾ, ഒരു ക്യാൻ പാലും തേയിലയും കണ്ടെത്തി. പക്ഷേ പഞ്ചസ്സാര മാത്രം കണ്ടെത്താനായില്ല. അല്‌പം പഞ്ചാരയില്ലാതെ പിന്നെന്തുരെസം?. .പ്രേമമല്ലാതെ പ്രമേഹം എന്ന അസുഖം ഇതുവരെയും പിടിപെട്ടിട്ടില്ല...അതിനാൽ മധുരം എന്തിനു വർജ്ജിക്കണം?...

കൗണ്ടറിലുണ്ടായിരുന്ന സെയിൽസ്‌ ഗേളിനേട്‌ അറിയാവുന്ന എല്ലാ ഭാക്ഷയിലൂടെയും, അവസാനം ആഗ്യഭാക്ഷയിലൂടേയും പഞ്ചസ്സാരയുടെ ഉൽപത്തിമുതലുള്ള എല്ലാക്കാര്യങ്ങളും പറഞ്ഞും, കഥകളിരൂപത്തിൽ ആടിയും വിശദീകരിച്ചുകൊടുത്തു. കാര്യങ്ങൾ മനസ്സിലാകഞ്ഞിട്ടോ അതോ എന്റെ നടന വൈഭവത്തിൽ കൗതുകം ഏറിയിട്ടോ എന്നറിയില്ല, അവിടെ ഉള്ള എല്ലാ യുവതികളേയും ആ മഹതി വിളിച്ചുവരുത്തി...അവരെല്ലാവരും എന്റെ ചുറ്റിലും നിന്ന് ഓരൊന്ന് ചോദിച്ച്‌ എന്റെ കഥകളി നടനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവസാനം അവിടെ ഉണ്ടായിരുന്ന ഒരു കപ്പെടുത്ത്‌ അതിൽ കയ്യിലുള്ള പാലും തേയിലയും ഇടുന്നതുപോലേകാട്ടി, ഒരു സ്പൂണെടുത്ത്‌ ഇളക്കിക്കാണിച്ചു. അപ്പോൾ അതിലൊരു യുവതി പണ്ട്‌ ആർക്കമെഡീസ്സ്‌ കാട്ടിയതുപോലെ "യുറേക്ക" എന്നോമറ്റോ വിളിച്ചുപറഞ്ഞുകോണ്ട്‌ ഓടിപ്പോയി, ഒരു പായ്ക്കറ്റ്‌ എടുത്തുകൊണ്ടുവന്നു തന്നു. അവസാനം സാധനങ്ങളുമായി വിജയശ്രീലാളിതനായി, അവരോടെല്ലാം നന്ദി പറഞ്ഞ്‌ ഞാൻ തിരിച്ച്‌ റൂമിലെത്തി.


തൊപ്പിയും, കോട്ടും, ഗ്ലൗസ്സും എല്ലാം ഊരിമാറ്റി.. തണുപ്പിൽ നിന്നും ഒരു ഉന്മേഷം കിട്ടുന്നതിനായി ചെന്നപാടെ നല്ലകടുപ്പത്തിൽ തന്നെ ഒരു ചായ ഇട്ടു. ആവി പറക്കുന്ന ആ ചായ ഊതിക്കുടിച്ചപ്പോൾ അതിന്‌ നല്ല ഉപ്പായിരുന്നു.... തബല വിദ്വാൻ സക്കിർഹുസയിനെപ്പോലെ "വാഹ്‌...." എന്ന് ഞാനും അറിയാതെ പറഞ്ഞു പോയി...

ഇങ്ങനെ എത്രയെത്ര മഹാസംഭവങ്ങൾ എന്റെ ഈ കൊച്ചു ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു... ഇനിയും എന്തെല്ലാം ഗുലുമാലുകൾ സംഭവിക്കാനിരിക്കുന്നു.... സംഭവിച്ചതെല്ലാം നല്ലതിനുവേണ്ടി,സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിനുവേണ്ടീ, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനുവേണ്ടീ.(ഭഗവത്‌ ഗീത) എന്ന് ആശ്വസിക്കാം...

Saturday, 24 January 2009

മഞ്ഞുപെയ്യുമ്പോൾ...

ചെറിയ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും മടങ്ങിയെത്തിയിരിക്കുന്നു. പ്രശസ്തനല്ലാത്തതിനാൽ ആരും അത്‌ ശ്രദ്ധിച്ചിരിക്കില്ല...

യൂറോപ്പിൽ തണുപ്പ്‌ വീശിതുടങ്ങിയ്പ്പോൾ ഞാൻ അവിടെ നിന്നും വിമാനം കയറി. ആ യാത്രയിൽ ദുബയിലും ഒരാഴ്ച്‌ ചിലവിട്ടു. കുറച്ചു ദിനങ്ങൾ അവിടുത്തെ മാളുകളിലെ തിരക്കിനിടയിൽ ഊളിയിട്ടുനടന്നു. പഴയ സുഹൃത്തുക്കളെ ആരേയും അവിടെ കണ്ടുമുട്ടിയില്ല. സത്യത്തിൽ അതിന്‌ ശ്രമിച്ചതുമില്ല.

ജുമേറിയ ബീച്ചിനു സമീപം, സപ്തനക്ഷത്രഹോട്ടലായ "ബർജ്‌ അൽ അറബിനു" മുന്നിലുള്ള ഒരു റോഡിലൂടെ ദുബയുടെ ഭരണാധികാരിയായ "ഷേയ്ക്ക്‌ മുഹമദ്‌" രജിസ്ട്രേഷൻ "നമ്പർ 1" എന്നു രേഖപ്പെടുത്തിയ ഒരു വെളുത്ത കാർ, ട്രാഫിക്ക്‌ നിയമങ്ങൾ എല്ലാം പാലിച്ച്‌ സ്വയം ഡ്രൈവ്‌ചെയ്ത്‌ പോകുന്നത്‌ കാണുവാൻ ഇടയായി. യാതൊര്‌ അകമ്പടിയുമില്ലാതെയുള്ള ദുബയിരാജാവിന്റെ ആ യാത്ര, ജനാധിപത്യരാജ്യത്തെ നമ്മുടെ മന്ത്രിമാർ അനുകരിച്ചിരുന്നുയെങ്കിൽ എത്രനന്നായേനെ...

ദുബയിൽനിന്നും ശനിയാഴ്ച വൈകിട്ടത്തെ എമിരേറ്റ്‌ ഫ്ലൈറ്റിൽ കേരളത്തിലേയ്ക്ക്‌ യാത്രതിരിച്ചു.അതിരാവിലെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി. അപ്പോൾ നേരിയ മഞ്ഞുണ്ടായിരുന്നു. വീട്ടിൽനിന്നും പറഞ്ഞയച്ചിരുന്ന വണ്ടിയിൽ കൊച്ചി ആകെയൊന്നു കറങ്ങി. ഒത്തിരി നാളുകൾക്ക്‌ ശേഷമുള്ള വരവല്ലേ... കണ്ടുമറന്നവ ഒരിക്കൽ കൂടി കാണുവാൻ... വലിയ മാറ്റം ഒന്നും ഉള്ളതായി തോന്നിയില്ല. ഉച്ചവെയിലിൽ വല്ലാതെ വിയർത്തുകുളിച്ചുപോയി. വീടെത്തിയപ്പോൾ സന്ത്യമയങ്ങി തുടങ്ങിയിരുന്നു.

വീടിന്റെ നിറം മങ്ങി തുടങ്ങിയിരിക്കുന്നു...അയൽ വീടുകൾക്കെല്ലാം കണ്ണഞ്ചിപ്പിക്കുന്ന നിറവും.. മുന്നിലുള്ള സപ്പോട്ടമരത്തിൽ നിറയെ കായ്കൾ തിങ്ങി നിൽക്കുന്നു. മുറ്റത്തെ തെങ്ങുകൾക്ക്‌ ഉയരം കൂടിയിരിക്കുന്നു. പിന്നിലെ റബർത്തോട്ടത്തിൽ ഇരുട്ട്‌ പരന്നുകഴിഞ്ഞു.

അമ്മയുടെ മുഖത്ത്‌ ചുളിവുകൾ വീണിരിക്കുന്നു.നരച്ച മുടികളുടെ എണ്ണവും കൂടിയിരിക്കുന്നു.എന്നെ കണ്ടതും നനഞ്ഞ മിഴികളിലും പുഞ്ചിരിയുടെ അലകൾ പരന്നു.

കൂട്ടിൽ കിടന്ന തത്ത എന്നെ മറന്നു പോയിരിക്കുന്നു. എന്നെ കണ്ടതും അത്‌ ഉച്ചത്തിൽ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു തുടങ്ങി. മുറ്റത്ത്‌ നായുടെ കൂട്‌‌ ഒഴിഞ്ഞ്‌ കിടക്കുന്നു."ലോദർ" എന്നു വിളിച്ചിരുന്ന എന്റെ കറുത്തനായ്‌, ഒരു വർഷം മുമ്പ്‌ പാമ്പുകടിയേറ്റ്‌ ചത്തുപോയിരുന്നു. തെക്കുവശത്തെ തൊഴുത്തും ഒഴിഞ്ഞുകിടക്കുന്നു. നോക്കാൻ ആൾ ഇല്ലാതായപ്പോൾ ചുമന്ന ജേഷ്സിപശുവിനെ വിറ്റിരുന്നു. അക്വേറിയത്തിൽ, കറുപ്പും വെളുപ്പുമായി നാല്‌ ഷാർക്കുകൾ ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നെ ഉള്ളൂ. ഒരു വെളുത്ത ഷാർക്കിന്‌ അതിന്റെ ഇണയെ നഷ്ടപ്പെട്ടിരിക്കുന്നു. പിന്നാമ്പുറത്ത്‌ കോഴികളും, ക്വിനികളും, വാത്തകളും, ടർക്കിക്കോഴികളും കൂട്ടിൽ കേറുന്നതിന്‌ തിരക്കുകൂട്ടുന്ന ശബ്ദം. അവയുടെ സുഖവിവരങ്ങൾ നാളെ അന്വേഷിക്കണം.

നന്നേക്ഷീണം ഉണ്ടായിരുന്നതിനാൽ കുളിച്ചിട്ട്‌ നേരത്തെതന്നെ ഉറങ്ങാൻ കിടന്നു. നന്നേ വയികിയെങ്കിലും പിറ്റേന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ശരീരത്തിന്‌ വല്ലാത്തഭാരം, പൊള്ളുന്ന ചൂട്‌, ശബ്ദം തോണ്ടയിൽ കുരുങ്ങിക്കിടക്കുന്നു. ഒച്ച വെളിയിലേയ്ക്ക്‌ വരുന്നില്ല. ആശുപത്രിയിൽ നിന്നും മൂന്നുനേരം വെച്ച്‌ പതിനഞ്ഞു ദിവസത്തേയ്ക്ക്‌ കഴിക്കാനുള്ള ആന്റിബയോട്ടിക്കുകൾ തന്നു. രണ്ടുനേരം ആവിയും കൊള്ളണം. വെക്കേഷന്റെ പകുതിയും അങ്ങനെ തീർന്നു.

ഇടവകപള്ളിയിൽ പെരുന്നാളിനുള്ള കൊടിയേറ്റിയപ്പോഴേയ്ക്കും എനിക്ക്‌ പോകാനുള്ള ദിവസമായി.അങ്ങനെ പെരുന്നാളുകളും, ആഘോഷങ്ങളും കൂടാതെ വീണ്ടും മടക്കയാത്ര...പലതും കണ്ടും കേട്ടും മതിവരാതെ... തിരിച്ച്‌ ഇനി എന്ന്? എന്നൊരുനിശ്ചയവുമില്ലാതെ...


ഈ പ്രാവശ്യം പോകേണ്ടത്‌ വേറെ ഒരു ലോകത്തേയ്ക്കാണ്‌. ലോകത്തിലെ ഇലക്ട്രോണിക്ക്‌ ഉൽപന്നങ്ങളുടെ തലസ്ഥാനമായ സിയോളിലേയ്ക്ക്‌.സ്വന്തം രാജ്യത്തു കൊള്ളുന്നതിലും അധികം ഉൽപന്നങ്ങൾ ഉണ്ടാക്കി ലോകത്ത്‌ വിറ്റഴിക്കുന്ന കഠിനാദ്ധ്വാനികളുടെ നാട്ടിലേയ്ക്ക്‌...

രാവിലെ നെടുമ്പാശേരിയിൽ നിന്നും ജറ്റ്‌ എയർവയസിൽ ബോംബെ വഴി ഡെൽഹിക്ക്‌ യാത്രതിരിച്ചു. ഡൽഹിയിലെ പുകമഞ്ഞിൽ വട്ടമിട്ട്‌ വിമാനം നിലത്തിറങ്ങിയപ്പോൾ ഉച്ചയ്ക്ക്‌ രണ്ടു മണി. പിന്നീടുള്ള സമയം എയർപോർട്ടിൽ തന്നെ ചിലവഴിച്ചു. വെളിയിൽ പോയാൽ ഡൽഹിയിലെ ട്രാഫിക്കിൽ കുരുങ്ങി അടുത്ത ഫ്ലയിറ്റിന്റെ സമയത്തിന്‌ ചിലപ്പോൾ എത്തിച്ചേരാൻ ആവില്ല. വൈകുന്നേരം ഏഴുമണിക്ക്‌ ഏഷ്യാന എയർവയസ്സിൽ സീയോളിലേയ്ക്കു പറന്നു. നീണ്ട ഏട്ടുമണിക്കൂറുകൾക്കു ശേഷം ഇന്ത്യൻ സമയം രാവിലെ 4.30ന്‌ സീയോളിൽ വിമാനമിറങ്ങി. അപ്പോൾ അവിടെ രാവിലെ 8 മണി ആയിരുന്നു. ടെമ്പറേച്ചർ മൈനസ്സ്‌ 12 ഡിഗ്രി. എവിടെയും മഞ്ഞു പാറിനടക്കുന്നു. വാരി പൊതിഞ്ഞിരിക്കുന്ന വസ്ത്ര കെട്ടുകൾക്കിടയിൽ കൂടെയും തണുപ്പ്‌ ശരീരത്തെ കുത്തിനോവിക്കുന്നു.


പ്ലേക്കാർഡുകായി "മിസ്റ്റർ ചോ" കവാടത്തിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അയാളോടൊപ്പം കാറിൽ താമസസ്ഥലത്തേയ്ക്കു പുറപ്പെട്ടു.

മങ്ങിയ വെട്ടമേ ഉള്ളൂ. നേരം വെളുക്കുകയല്ല, ഇരുളുകയാണോ എന്നു തോന്നിപോകും. റോഡു നിറയെ മഞ്ഞലയിറ്റിട്ട വാഹനങ്ങൾ മഞ്ഞിലൂടെ തെന്നി നീങ്ങുന്നു. ദൂരെ മലകൾ മഞ്ഞുമൂടി വെളുത്തിരിക്കുന്നു. ഇല കൊഴിഞ്ഞ മരങ്ങളുടെ ചില്ലകളിലും മഞ്ഞ്‌ തൂങ്ങിനിൽക്കുന്നു. മാനം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളുടെ മുകളിലെവിടെയോ സൂര്യൻ ഒളിച്ചിരിക്കുന്നു. കറുത്ത ടാറിട്ട റോഡുകൾക്കും വെളുത്ത നിറം. ഉച്ചാസ വായു വെളുത്ത പുകയായി അന്തരീഷത്തിൽ അലിഞ്ഞുചേരുന്നു.

ഏകദേശം അരമണിക്കൂർ സമയത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ "അക്രോ ടവറിൽ" എത്തിച്ചേർന്നു. അതിന്റെ 24 ആം മത്തെ നിലയിലാണ്‌ എനിക്കായി താമസം ഒരുക്കിയിരിക്കുന്നത്‌. എന്റെ റൂം കാട്ടിത്തന്നിട്ട്‌ അത്‌ തുറക്കുന്നതിനുള്ള പാസ്സ്‌ വേർഡും പറഞ്ഞുതന്നിട്ട്‌ "മിസ്റ്റർ ചോ" യാത്രയായി. ഒരു ദിവസം വിശ്രമിച്ചതിനുശേഷം എനിക്ക്‌ ഓഫീസിൽ പോയാൽ മതി.

റൂം ഹീറ്ററിൽ 23 ഡിഗ്രി സെറ്റ്‌ ചെയ്തിട്ട്‌, ജെന്നൽ കർട്ടനുകൾ നീക്കി ഞാൻ വെളിയിലേയ്ക്കു നോക്കി. വെൺമേഘങ്ങൾ പൊടിഞ്ഞുവീഴുന്നമാതിരി വെളിയിൽ അപ്പോഴും മഞ്ഞ്‌ പെയ്തിറങ്ങുന്നു...നോക്കെത്തും ദൂരത്തെല്ലാം അത്‌ വെൺകൂമ്പാരം തീർക്കുന്നു. ചീട്ടുകൊട്ടാരം പോലെ അനേകം ബിൽഡിങ്ങുകൾ പരന്ന് ഉയർന്നുനിൽക്കുന്നു. മഞ്ഞ്‌ അവയേയും മൂടിനിൽക്കുന്നു...
തണുപ്പിനെ വകവയ്ക്കാതെ നഗരം തിരക്കിൽ മുഴുകുന്നു. നീളൻ കോട്ടുകളും തൊപ്പികളും അണിഞ്ഞ്‌ ആളുകൾ തണുപ്പിനേയും മഞ്ഞിനേയും വെല്ലുവിളിച്ച്‌ ജോലിയിൽ ഏർപ്പെട്ടൂതുടങ്ങി.

ഇവിടെ എനിക്കും വിശ്രമം ഇല്ല... ഉള്ളിലെ ചൂടിൽ ഏതൊരു മഞ്ഞും ഉരുകി ഒലിച്ചുകൊള്ളും...

ഇന്നുമുതൽ ഇവിടുത്തെ രാവുകൾക്കും പകലുകൾക്കും ഞാനും ഒരു സാക്ഷിയായി തീരും... ഇടവേളകളിൽ അതൊക്കെ കുറിക്കാൻ ശ്രമിക്കാം...

Sunday, 2 November 2008

അവിടെ നിന്നും അകന്ന്...

സുവർണ്ണ നിറമുള്ള പെറോണി ബിയർ, ചിങ്കുതറയിലെ അതിവിശിഷ്ഠമായ ഇളം ചുവന്ന വീഞ്ഞുമായി കുപ്പിഗ്ലാസ്സിൽ ഇണചേരുന്നു. ബിയറിന്റെ ചവർപ്പും വീഞ്ഞിന്റെ പുളിപ്പും ഒന്നുചേർന്ന് പുതിയൊരു സന്തതി ഉടലെടുക്കുന്നു... എനിക്കായി മാത്രം.വെയിൽ നേരിട്ട്‌ പതിക്കാത്ത ചീങ്കുതറയിലെ മലഞ്ചെരുവിലെ മുന്തിരിചെടികളിൽ, കടലിൽ നിന്നും പ്രതിഫലിക്കുന്ന സൂര്യൻ പാകപ്പെടുത്തുന്ന വിശിഷ്ഠമായ ഫലങ്ങൾ വാറ്റിയെടുത്ത വീഞ്ഞിൽ, ആൾക്കഹോളിന്റെ അളവ്‌ പതിനാറ്‌ ശതമാനവും പെറോണി ബിയറിൽ അഞ്ചു ശതമാനവും ഉണ്ട്‌. പക്ഷേ ആ ലഹരിക്കൊന്നും മനസ്സിനെ മയക്കാനും തളർത്താനും ആവുന്നില്ല...മറിച്ച്‌ അതൊക്കെ പലപ്പോഴും മറവിയെകെടുത്തി ബോധത്തെ ഉണർത്തുകയണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു....

മൂന്നാംവർഷ ഡിഗ്രിക്ലാസ്സിൽ ഒന്ന്‌ തല ചുറ്റിവീണപ്പോൾ അത്‌ തന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരിക്കും എന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല.നിറ മുള്ള സ്വപനങ്ങൾ പിഴുതെറിഞ്ഞ്‌, വർണ്ണപൂക്കളും ശലഭങ്ങളും ഇല്ലാത്ത, വസന്തം ഇനിയൊരിക്കലും കടന്നുവരാത്ത ഒരു ലോകത്തേയ്ക്ക്‌ അത്‌ വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നു...

മുഖത്തുപതിച്ച വെള്ളതുള്ളികളുടെ കുളിർമ്മയിൽ കണ്ണു ചിമ്മി തുറന്നപ്പോൾ കൂട്ടുകാർ ആരോ പറഞ്ഞറിഞ്ഞ്‌ അവളും എത്തിയിരുന്നു...അവളുടെ മുഖത്തെ ഉത്കണ്ടയിൽ തനിക്കും അമ്പരപ്പ്തോന്നി...രണ്ടുദിവസമായി കടുത്ത പനിയും തലവെട്ടലും ഉണ്ടായിരുന്നു ഇതും അതിന്റെ തുടർച്ചയാകാം എന്നു പറഞ്ഞെങ്കിലും. അത്ര നിസ്സാരമായി തള്ളിക്കളയരുത്‌ എന്നായി അവൾ.

കോളേജ്‌ ഗേറ്റും കടന്ന്‌, ചാവറയച്ചന്റെ പള്ളിയേയും അതുകഴിഞ്ഞുള്ള പള്ളിക്കൂടവും പിന്നിട്ട്‌, കവലയിൽ എത്തി ബെസ്സുകാത്തുനിൽക്കുന്ന കൂട്ടുകാരോട്‌ സൊറപറഞ്ഞ്‌ അൽപനേരം നിൽക്കുമ്പോൾ, കൂട്ടുകാരികളുടെ അകമ്പടിയോടെ അവളും എത്തിച്ചേരും. ഇവിടെ നിന്നും ഇനി വീടുവരെയുള്ള ഒന്നര കിലോമീറ്റർ ദൂരം ഞങ്ങൾ രണ്ടുപേരുടേത്‌ മാത്രമാണ്‌. സാവധാനമെങ്കിലും, ഉയരമുള്ളതിനാൽ ദീർഘമേറിയ തന്റെ ചുവടുകൾക്ക്‌ ഒപ്പമെത്താൻ, ഫയലുകളും ബുക്കുകളും മറോട്‌ ചേർത്ത്പിടിച്ച്‌ അവൾക്ക്‌ അല്‌പം തിടുക്കത്തിൽ തന്നെ നടക്കേണ്ടിവരും. ടാറിട്ടറോഡിൽനിന്നും ഇറങ്ങി, പച്ചപുതച്ച്‌ കിടക്കുന്ന വയലുകളൂടെ ഇടയിലെ ചെമ്മൺ പാതയിലൂടെ, അസ്തമയസൂര്യന്റെ കിരണങ്ങളും ഇളം ങ്കാറ്റിന്റെ തലോടലും ഏറ്റുവാങ്ങി വീണ്ടും ടാറിട്ടറോഡിൽകയറി വീടെത്താറാകുമ്പോഴേയ്ക്കും വാക്കുകളിലൂടെ കിനാവും പരിഭവങ്ങളും പലവട്ടം പകുത്ത്‌ നൽകിയിരിക്കും. എന്നിട്ടും തീരാതെ അവ വീണ്ടും നാളേയ്ക്കായി ശേഷിച്ചിട്ടുണ്ടാവും...

വീട്ടിലെത്തി അമ്മയെ വിവരം ധരിപ്പിച്ച്‌, ഒരു ചെക്കപ്പ്‌ നടത്തുന്നത്‌ എന്തുകൊണ്ടും നല്ലതാണ്‌ എന്നും പറഞ്ഞിട്ടാണ്‌ അവൾ അന്ന് വീട്ടിലേയ്ക്ക്‌ പോയത്‌.അവൾ എന്നും അങ്ങനെ ആയിരുന്നു...തന്റെ കാര്യങ്ങളിൽ തന്നേക്കാൾ ശ്രദ്ധ കാട്ടിയിരുന്നവൾ...ഓർമ്മവെച്ചനാൾ മുതൽ കളിയിലും ചിരിയിലും അവൾ ഒപ്പം ഉണ്ടായിരുന്നു. ഭാഷകൾ ഇല്ലാതെ മനസ്സുകൾ വായിച്ചെടുക്കാവുന്ന അടുപ്പം. തുണയായി നിഴലായി ഒന്നായി ഒടുക്കം വരേയും ഉണ്ടാകുമെന്ന്, തിരിച്ചറിവുകളാകും മുമ്പേ കരുതിയിരുന്നവർ...അനുപൂരകങ്ങൾ അകേണ്ടിയിരുന്നവർ... വീട്ടുകാരും അങ്ങനെ തീർച്ചപ്പെടുത്തിയിരുന്നവർ...

അമ്മയുടെ മനഃസമാധാനത്തിനായി പിറ്റേന്ന്‌ കാരിത്താസ്‌ ആശുപത്രിയിൽ പോയി.അമ്മയുടെ ബെന്ധുവായിരുന്ന ഡോക്ടർക്ക്‌ തൃപ്തി പോരാഞ്ഞ്‌ ഒന്നിന്‌ പുറകെ ഒന്നായി ഓരോ ടെസ്റ്റുകൾ മാറിമാറി നടത്തി. ഒടുവിൽ തയിറോയിഡ്‌ ഗ്രന്ധിയിൽ ഒരു ഗ്രോത്ത്‌ ഉണ്ട്‌ എന്ന്‌ കണ്ടെത്തി. ഭയപ്പെടാനൊന്നുമില്ല താസിയാതെ ഒരു ഓപ്പറേഷൻ വേണ്ടിവരും എന്നും പറഞ്ഞ്‌ ഒരാഴചത്തേയ്ക്ക്‌ കഴിക്കേണ്ട മരുന്നുകൾ കുറിച്ചു തന്നപ്പോഴേയ്ക്കും അമ്മയുടെ കണ്ണുകൾ ചുവന്നുതുടങ്ങിയിരുന്നു. തനിക്കപ്പോഴും ഒരു നിസ്സംഗതയായിരുന്നു...

ഉപവാസവും പ്രാർത്ഥനയുമായി അമ്മയും, ചാവറയച്ചന്റെ നവനാൾ നൊവേനയുമായി അവളും തന്നിൽ നടത്തേണ്ട ഓപ്പറേഷന്റെ വ്യാകുലതകൾ ഏറ്റെടുത്തു.സ്ട്രച്ചറിൽ കിടത്തിയ തന്നെ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക്‌ കൊണ്ടുപോയി, വാതിലുകൾ അടച്ചപ്പോൾ നൊടി ഇടകൊണ്ട്‌ അതിനിടവഴി അനേകം ഭാവങ്ങൾ കൂടികലർന്ന് തീവ്രമായ ഒരു മിന്നൊളി അവളുടെ കണ്ണുകളിൽ നിന്നും തന്റെ കണ്ണുകളിൽ വന്നു പതിച്ചു.പച്ചവസ്ത്രം ധരിച്ച്‌ മാസ്കും മുഖത്തണിഞ്ഞ്‌, സ്റ്റീൽ കത്തികൾ കൊണ്ട്‌ ഭിക്ഷഗോരന്മാർ തന്റെ തൊണ്ട തുരന്ന് രോഗഗ്രസ്തമായ ഗ്രന്ധി അറുത്ത്മാറ്റുമ്പോഴും, അവളുടെ ആ നോട്ടം തന്റെ ഉള്ളിൽ കിടന്ന് പിടച്ചുകൊണ്ടിരുന്നതിനാൽ മറ്റൊന്നും താൻ അറിഞ്ഞതില്ല...

ഒരു വട്ടം കൂടി ബയോപ്സി എടുത്തു. റിസൾട്ടിൽ "മെറ്റാസ്റ്റാറ്റിക്‌ പപ്പിലറി കാർസിനോമ" എന്ന് എഴുതിയിരുന്നു.സമീപ കോശങ്ങളിലേയ്ക്കും പടർന്നു തുടങ്ങിയിരുക്കുന്നു..രോഗത്തിന്റെ ഗൗരവം മനസ്സിലായെങ്കിലും പ്രത്യേകിച്ചൊന്നും തോന്നിയില്ല.അവൾ ആ റിസൾട്ട്‌ വാങ്ങി പലവട്ടം വായിച്ചു നോക്കുന്നതു കണ്ടൂ.ഇടയ്ക്കിടയ്ക്ക്‌ തന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ടായിരുന്നു. അമ്മയെ ആകെ ഒരു മൂകത ബാധിച്ചിരുന്നു. വീണ്ടും അഞ്ചുദിവസം റേഡിയോ അയഡിൻ തെറാപ്പി. ജീവിതത്തിനും മരണത്തിനും ഇടയിൽ പിന്നിട്ട ദിനരാത്രങ്ങൾ. അവസാനം ദുർബല ശരീരം ജീവിത തിരത്ത്‌ വന്നടിഞ്ഞു... അതിനാൽ ഇനിയും ജീവിതം തുടരേണ്ടീയിരിക്കുന്നു...ഒരു ഗ്രന്ധിയുടെ സ്രവത്തിനു പകരമായി അന്നു മുതൽ ഗുളികകളും പതിവാക്കി.

ഗുളികകൾ കഴിക്കണം എന്നതൊഴിച്ചാൽ തീർത്തും പൂർവ്വസ്ഥിതി പ്രാപിച്ചിരുന്നു. എങ്കിലും അവൾ തന്നിൽ നിന്നും സാവധാനം അകന്നു മാറുന്നതായി ഒരു തോന്നൽ...തോന്നലല്ല അത്‌ വാസ്തവമാണെന്ന് പിന്നിട്‌ അമ്മയിൽ നിന്നും അറിഞ്ഞു. അത്‌ രോഗത്തെക്കാൾ തന്നെ തളർത്തിക്കളഞ്ഞു. അത്‌ ഏതൊരു കീറിമുറിക്കലിനേക്കാളും നീറ്റുന്നതായിരുന്നു...

ഒരിക്കൽ തഴച്ചുനിന്ന രോഗം ഇനിയും മുളച്ചുകൂടാ എന്നില്ല, അതിനാൽ അവളുടെ വീട്ടുകാരുടെ ആശങ്ക വളരെ ന്യായവുമാണ്‌. ഏകപുത്രിയുടെ ജീവിതം പാതിവഴിയിൽ കരിഞ്ഞുകൊഴിയാൻ സാധ്യതയുള്ള ഒരുവനായി അറിഞ്ഞുകൊണ്ടെന്തിനു ബലിയാക്കണം?.

പിന്നീട്‌ നിശ്ചിതകാലയളവിലായി നടത്തിയ ടെസ്റ്റുകളിലൊന്നിലും രോഗത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താൻ ആയില്ല. രോഗവും തന്നെ ഉപേക്ഷിച്ചുപോയിരിക്കുന്നു...

നല്ല നിലയിൽ ബിരുദം നേടിയിട്ടും തുടർ പഠനത്തിനായി മറുനാട്‌ തേടിപോയത്‌ അവളിൽനിന്നും ആ ഓർമ്മകളിൽനിന്നും ഒളിച്ചോടാൻ വേണ്ടി മാത്രമായിരുന്നു. പിന്നീട്‌ ഉദ്യോഗവും മറുനാടുകളിൽ തന്നെ ലഭിച്ചപ്പോൾ അതും ഒരു അനുഗ്രഹമായി തോന്നി. അകലങ്ങളിൽ നിന്നും അകലങ്ങളിലേയ്ക്കുള്ള ആ പ്രയാണം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ദൂരെ ചക്രവാളങ്ങളിൽ എത്തിപ്പിടിക്കാനുള്ള മോഹം കൊണ്ടല്ല. ജന്മനാട്ടിലെ ഒരോ മണൽത്തരിയും ഒരായിരം ഓർമ്മകളെ ഉണർത്തുമെന്നതിനാൽ, ഇന്ദ്രിയങ്ങളിലൂടെ ഉള്ളിൽ കടന്നുകയറി കുത്തിക്കീറുന്ന ആ നോവിനെ ഒഴിവാക്കാനായി ഒരു വിഫലശ്രമം.

അവിടെ പെയ്യും ഓരോ മഴയും
കുളിർപ്പകരും നനവല്ല,
ഇളക്കിമറിക്കും പ്രളയമാകുന്നു...
അവിടെ തെളിയും ഓരോവെയിലും
ഉഷ്മളമായ ചൂടല്ല,
ഊതിയെരിക്കും കനലാകുന്നു....
അവിടെ വീശും ഓരോതെന്നലും,
സുഖംപകരും തഴുകലല്ല,
പിഴുതെറിയും കൊടുംങ്കാറ്റാകുന്നു...

അതിനാൽ അവിടെ നിന്നും അകന്ന് വെറുതെ ഒരാശ്വാസം തേടിയുള്ള പ്രയാണം തുടരുന്നു...

ശേഷിച്ചജീവിതം ജീവിച്ചു തീർക്കുവാൻ ഒരു ലക്ഷ്യം കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു ഭീരുവല്ലാത്തതിനാൽ സ്വയമതൊടുക്കുവാൻ ഒരുക്കമല്ല.മറുപടികൾ മറുചോദ്യങ്ങളിലേയ്ക്ക്‌ നയിക്കുമെന്നതിനാൽ, ചോദ്യങ്ങൾ അരുത്‌ മറുപടിയും ഇല്ല....

Wednesday, 24 September 2008

മിഷൻ KK43


മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയൻ ബുദ്ധിമതാൻ വരിഷ്ടൻ
വാതാത്മജൻ വാനരയൂഥ മുഖ്യൻ
ശ്രീരാമദൂതം ശരണം പ്രപദ്യേ....

കാറ്റിലൂടെ വന്നതിനെ നേരിടാൻ, കാറ്റിന്റെ പുത്രൻ മാരുതിയെ തന്നെ കൂട്ടുപിടിച്ചു....

ഈ മന്ത്രം രണ്ടുമാത്ര ദൃഡമായി ഉരുവിട്ടു...
വിറയൽ മാറി ഒരു ചെറിയ ധൈര്യം കയിവന്നപ്പോൾ ഇറുക്കി അടച്ച കണ്ണുകൾ മെല്ലെ തുറന്നു....

നിങ്ങൾക്കൊക്കെ ചിരിക്കാം...ഇണയും തുണയും ഇല്ലാതെ ഒറ്റയ്ക്കു താമസ്സിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വൈഷമ്യം ആര്‌ മനസ്സില്ലാക്കാൻ , അവന്റെ നെഞ്ചിന്റെ പടപടപ്പ്‌, തൊണ്ടയിലൂടെ പുറത്തേയ്ക്കു വരാതെ കുരുങ്ങി കിടക്കുന്ന നിലവിളി ഇതൊക്കെ ആര്‌ കേൾക്കാൻ....

ശനിയാഴ്ച രാത്രി 9.30ന്‌ റായി ഊനൊയിൽ "ഹം തും" എന്ന ഹിന്ദി സിനിമ മൊഴിമാറ്റി കാണീക്കുന്നുണ്ട്‌.യൂറോപ്പിലെ പലരാജ്യങ്ങളിലും ഹിന്ദി സിനിമ ഇങ്ങനെ ടിവിയിൽ കാണീക്കാറുണ്ട്‌. ഒരാഴ്ചയായി അതിന്റെ പരസ്യം കാണിക്കാൻ തുടങ്ങീട്ട്‌. അപ്പോൾ മുതൽ എന്നിലെ ദേശസ്നേഹം ഉണർന്നുതുടങ്ങിയതാണ്‌.മൊഴിമാറ്റിയാലെന്താ...നമ്മുടെ സ്വന്തം സെയിഫലിഖാനും, റാണി മുഖർജിയുമല്ലേ അതിൽ അഭിനയിക്കുന്നത്‌...എന്തായാലും അത്‌ കാണൂവാൻതന്നെ ഉറച്ചു.സാധാരണ തെരുവിൽ വായി നോക്കിനടക്കുന്ന ഞാൻ, അന്ന്‌ വൈകിട്ടത്തെ സകല സുശീലങ്ങളും മാറ്റിവയ്ക്കുവാൻ തീരുമാനിച്ചു...

ടിവി കാണൂന്നതിനോട്‌ അത്ര വലിയതാത്പര്യം ഇല്ല, തെരുവിൽ ഗവേഷണം നടത്തിയാൽ പലതും പഠിക്കാൻ പറ്റും. സുഹൃത്തുക്കളെ ഫ്രെഞ്ച്ക്വിസ്സ്‌ എന്നൊക്കെ പറഞ്ഞാൽ... ചുമ്മാ വായിച്ചു പഠിച്ചിട്ടുകാര്യമില്ല,ഇവിടെ വന്ന്‌, നേരിട്ടുകണ്ട്‌, അതിന്റെ എരിവും പുളിയും മനസ്സിലാക്കണം.... നാട്ടിൽ ഷക്കീല പടങ്ങൾ കണ്ട്‌ ശക്തമായ ഒരു അടിത്തറ ഉണ്ടെങ്കിൽകൂടി, ഇവിടുത്തെ നിരത്തുകളിൽ അരങ്ങേറുന്ന പല ലയിവ്‌ ഷോകളും കണ്ടാൽ കോരിത്തരിച്ചുപോകും. ഇവിടെ വന്ന ആദ്യ നാളുകളിൽ ഇതൊക്കെ കണ്ട്‌, കുട്ടിക്കാലത്ത്‌ ടച്ച്‌ പറഞ്ഞ്‌ കളിക്കുമ്പോൾ നിൽക്കുന്നമാതിരി സ്തംഭിച്ച്‌ നിന്നിരുന്ന എന്നെ വഴിപോക്കരിൽ പലരും തട്ടിയും തലോടിയും ജീവൻ പകർന്നു തരുമായിരുന്നു...പിന്നീട്‌ ഇതൊക്ക്‌ സ്ഥിരം കാഴ്ചകൾ ആയപ്പോൾ പഴയ ത്രില്ലൊക്കെ അൽപം കുറഞ്ഞു.. എങ്കിലും,ഓരോ സീനിലും നായികാനായകൻമാർ മാറി വരുന്നതിനാൽ അതീവ ജിജ്ഞാസ അനുദിനം വർദ്ധിക്കുന്നതല്ലാതെ ഒട്ടും കുറയുന്നുമില്ല... ഇല്ലാത്ത കോളുകൾ മൊബയിൽ ഫോണിൽ സംസ്സാരിച്ചുകൊണ്ട്‌, അമ്പലത്തിനു വലം വയ്ക്കുന്നമാതിരി ഇമ്മാതിരി സീനുകൾക്ക്‌ ചുറ്റും വലം വെച്ചും, ഷൂവിന്റെ ലെയിസുകൾ പലപ്രാവശ്യം അഴിച്ചു കെട്ടിയും, കുനിഞ്ഞും നിവർന്നും, അവയൊക്കെ പല അങ്കിളുകളിൽ വീക്ഷിച്ചും, ഇന്നും അവയ്ക്കൊക്കെ ചില പുതിയ മാനങ്ങൾ നൽകിപോരുന്നു....ക്യുനിന്ന്‌ ഇടികൊള്ളാതെ,ടിക്കറ്റ്‌ എടുക്കാതെ,മൂട്ടകടികൊള്ളാതെ, പരിചയക്കാരെ കണൂമ്പോൾ പുറം തിരുഞ്ഞുനിൽക്കത്തെ യതൊരു പണച്ചിലവും ഇല്ലാതെ ആവോളം ആസ്വദിക്കാൻ പറ്റുന്ന ഈവക ഷോകൾ പാഴാക്കാൻ ഞാൻ അത്ര അഹങ്കാരീ ഒന്നും അല്ല..

ആ വക സൗഭാഗ്യങ്ങൾ എല്ലാം തൃണവൽക്കരിച്ച്‌, സ്വരാജ്യ സ്നേഹത്തിനായി ഇന്നത്തെ സന്ധ്യ ഞാൻ സമർപ്പിച്ചു....അമ്പിളി കുട്ടിയും താരക പിള്ളേരും, മാനത്തെ മുറ്റത്ത്‌ കണ്ണാരം പൊത്തികളിക്കുമ്പോൾ, ഈ ഞാൻ എന്ന ചെറുപ്പക്കാരൻ, വാതിലുകൾ കൊട്ടിയടച്ച്‌ പിന്നിലെ ജനാല വലിച്ച്‌ തുറന്ന്‌,സോഫയിൽ ചാഞ്ഞ്‌, കാലുകൾ നിലത്തേയ്ക്കു നീട്ടി, ടിവിയിൽ കണ്ണൂം നട്ട്‌ തപസ്സിരുന്നു...
ഒരു തിയേറ്റർ എഫക്ട്‌ കിട്ടുന്നതിനായി റൂമിലെ ലയിറ്റും ഓഫാക്കി....പിന്നിലെ ജനാലയിൽ കൂടി തണുത്ത കാറ്റ്‌ കടന്നുവരുന്നുണ്ട്‌. ആകെ ഒരു എസി തീയേറ്ററിന്റെ അന്തരീക്ഷം...

നാട്ടിലെ മാതിരീ,പരസ്യങ്ങളുടെ മാലപ്പടക്കങ്ങൾക്ക്‌ ശേഷം ടിവീൽ സിനിമാ തെളിഞ്ഞുവന്നു.സാധാരണ ഹിന്ദി പടങ്ങളിലേപ്പോലതന്നെ, നമ്മുടെ റാണിയും സെയിഫും എയിർപ്പോർട്ടിൽ അമേരിക്കയ്ക്ക്‌ പോകാൻ തിടുക്കം കൂട്ടുന്നു.അവർ വിമാനത്തിൽ കയറി തികച്ചും അവിചാരിതമായി അടൂത്തടുത്ത സീറ്റുകളിൽ തന്നെ വന്നിരിക്കുന്നു,ചിരിക്കുന്നു,ഇണങ്ങുന്നു പിണങ്ങുന്നു,ഇടയ്ക്കിടയ്ക്ക്‌ പാട്ടുപാടി ഡാൻസും കളിക്കുന്നു..സിനിമ അങ്ങനെ നടന്നും ഇരുന്നും പോകുന്നു.....

പെട്ടെന്ന്‌, തലയ്ക്കു മീതെക്കൂടി ഒരു വലിയ കറുത്ത കടവാവൽ ചിറകടിച്ചുകൊണ്ട്‌ എന്റെ കാൽക്കൽ വന്നു വീണ്ണു.കാണുന്നത്‌ ഹൊറർ സിനിമ അല്ല എങ്കിൽകൂടി ഞാൻ ഭയന്നു നിലവിളിച്ചുപോയി...

ഇരുന്ന ഇരുപ്പിൽ തന്നെ ഇരുന്ന് താഴോട്ട്‌ നോക്കുവാൻ ധൈര്യം പോരാഞ്ഞ്‌,മുകളിലേയ്ക്ക്‌ കണ്ണുകൾ ഉയർത്തി,ഘടോപനിഷത്തിലെ ചില കഠോര മന്ത്രങ്ങൾക്കായി പരതി,..... മന്ത്ര തന്ത്രങ്ങൾ ഒന്നും മനസ്സിലേയ്ക്ക്‌ വരുന്നില്ല... എന്റെ മനസ്സിനെ ഏതൊ ഉഗ്ര ശക്തി മായയാൽ ബന്ധിച്ചിരിക്കുന്നു.....തപസ്സിനു ഭംഗം വന്നതോ പോകട്ടെ, എന്നെ പേടിപ്പിച്ചു കളഞ്ഞിലേ...ശനിയാഴ്ച ആയതിനാലും, ഈ കലിയുഗം തരണം ചെയ്യാൻ നിത്യ ബ്രഹ്‌മചാരിയും ചിരംജീവിയുമായ ആജ്ഞനേയനെ തന്നെ ശരണം പ്രാപിക്കുന്നതാണ്‌ ഏറ്റവും അനുയോജ്യമെന്ന് മനസ്സിലാക്കിയതിനാലുമാണ്‌ മേൽപറഞ്ഞ മന്ത്രങ്ങൽ ഉരുവിട്ട്‌ തുടങ്ങിയത്‌.. ........

അപ്പോൾ കൈവരിച്ച ആ ശക്തിയാൽ കാറ്റിലൂടെ പറന്നെത്തിയ നികൃഷ്ഠ ജീവിയെ തൊഴിച്ചെറിയാൻ കാലുകൾ ഇളക്കവെ..എന്നിൽ ഓഫായ ബുദ്ധി വീണ്ടും ഓണായി...ആർഷ്ഭാരത സംസ്ക്കാരം എന്നിൽ ജ്വലിച്ചുയർന്നു. ഏതു നികൃഷ്ഠ ജീവിയാണെങ്കിലും, കാല്‌ക്കൽ വന്ന്‌ ശരണം പ്രാപിച്ചവനെ, തൊഴിച്ചെറിയാൻ എന്റെ സംസ്ക്കാരം അനുവദിക്കുന്നില്ല.....ശത്രുക്കൾക്ക്‌ പോലും അഭയം നൽകുകയും,അഭയം നൽകിയവർക്കായ്‌ സ്വജീവൻ പോലും ബലികഴിക്കുകയും ചെയ്തിട്ടുള്ള മഹത്തായ സംസ്ക്കാരം.

ആർഷഭാരത സംസ്ക്കാരത്തിൽ ഊറ്റം കൊണ്ട്‌, ഞാൻ കരങ്ങൾ ഉയർത്തി അഭയാർത്ഥിയെ ആയുഷ്മാൻ ഭവ എന്ന്‌ അനുഗ്രഹിക്കുന്നതിനായി, മുരിനിവർത്തി തലകുനിച്ച്‌ തുറിച്ചു നോക്കി...ദൈവമേ ഇതെന്ത്‌ ?..ഇരുട്ടിലും ഞാനത്‌ വ്യക്തമായി കണ്ടു.. കടവാവൽ ഒന്നുമല്ല ...അത്‌..ഏതൊ സ്ത്രീയുടെ, ഒരു കറുത്ത കൊങ്കാ കവചം.....എന്റെ തലയിൽ അനേകം ട്യൂബ്‌ ലയിറ്റുകൾ ഫ്യൂസാകുന്നതിനു മുമ്പെന്നമാതിരി മിന്നിമിന്നി കത്തി...

ഞാൻ കണ്ണുകൾ ഇരു കൈകൾ കൊണ്ടും മാറിമാറി തിരുമ്മി വീണ്ടും വീണ്ടും നോക്കി. യാതൊരു മാറ്റവും ഇല്ല.. സാധനം അതുതന്നെ..തിരിഞ്ഞും മറിഞ്ഞും നോക്കി.. അപ്പൊൾ ആ കറുത്ത സാധനത്തിന്റെ ഒരറ്റത്ത്‌ ചെറിയ ഒരു വെളുത്ത ലേബലിൽ 43 എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.

ഒരു പക്ഷെ അത്‌ ഏതെങ്കിലും രഹസ്യ കോഡാകാം(ജെയിംസ്‌ ബോണ്ട്‌ 007 പോലെയോ,ഡാവിഞ്ചികോഡ്‌ പോലയോ), അതുമല്ലെങ്കിൽ ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രായമാകാം...ഏയ്‌ പ്രായമാകാതിരിക്കട്ടെ...ഞാൻ എന്റെ യുവ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. . (ക്ഷമിക്കുക ഈ വക കര്യങ്ങളിൽ എന്റെ പരിജ്ഞാനം വളരെ പരിതാപകരമാണ്‌)...43 എന്നു ചെറുതായി രേഖപ്പെടുത്തിയ, കറുകറുത്ത കടവാവലിനെ അനുസ്മരിപ്പിക്കുന്ന, ആ കൊങ്കാ കവചം... (ഇനി അങ്ങോട്ട്‌ KK 43 )... എന്റെ മസ്തിഷ്കത്തിൽ സംശയത്തിന്റെ അനേകം കടവാവലുകളെ ഒന്നിച്ചു പറത്തിവിട്ടു....


പണ്ട്‌ വിശ്വാമിത്രനെ പരീക്ഷിക്കാൻ മേനക വന്നതുപോലെ, ഈ ചെറുപ്പക്കാരന്റെ മനമിളക്കാൻ ഏതെങ്കിലും അപ്സര കന്യക വന്നതാകുമോ?.. ഇവിടെ അനുദിനം അരങ്ങേറുന്ന പല കാഴ്ചകളൂം കണ്ട്‌ സുദൃഡചിത്തനായ എന്റെ മുന്നിൽ, കേവലം ഒരു കാബറെ ആടി തിമർത്ത്‌ പ്രലോഭിപ്പിക്കാൻ ആവില്ല എന്നുള്ള യാതാർത്ഥ്യം മനസ്സിലാക്കി, കാൽക്കൽ വീണ്‌, എന്നെ അങ്ങ്‌ സ്വീകരിച്ച്‌ പട്ടമഹഷി ആക്കണം എന്ന്‌ അപേക്ഷിക്കൻ എത്തിയതാകുമോ? പക്ഷേ KK 43 അല്ലാതെ മറ്റൊന്നും എന്റെ ദൃഷ്ഠിക്ക്‌ ഗോചരമാകുന്നില്ല..മിസ്റ്റർ ഇന്ത്യ,മൈ ഡിയർ കുട്ടിച്ചാത്തൻ എന്നി സിനിമകളിലെ പോലെ ചെരിപ്പും, കണ്ണടയും മാത്രം ദൃശ്യമാക്കിയിട്ട്‌, ബാക്കി ശരീര ഭാഗം മുഴുവൻ ആ മായാ മോഹിനി, ഇനി അദൃശ്യമാക്കിയത്‌ ആണെങ്കിലോ ?

ഞാൻ എന്റെ കാൽക്കൽ വിലയം പ്രാപിച്ചുകിടക്കുന്ന ഒരു രൂപവതിയെ മൻസ്സിൽ മെനഞ്ഞ്‌, അവളുടെ അഗോപാഗങ്ങളിൽ എന്റെ വിരലുകൾ കൊണ്ട്‌ തപ്പി നോക്കി...ഇല്ല എവിടെയും തടയുന്നില്ല....അപ്പോൾ ഒന്നു തീർച്ച... ശരീരം ഇവിടെ ഇല്ല.....

ഇനി ശിവ പുരാണങ്ങളിലെ പോലെ, പാർവ്വതിയിൽ പരമേശ്വരന്‌ അഭിലാക്ഷം ഉണ്ടാക്കുന്നതിനായി, പാർവ്വതി സാമീപ്യം ഉണ്ടാകുന്ന വേളകളിൽ, കാമദേവൻ തൊടുത്ത അമ്പുകൾ പോലെ ഒന്നാകുമോ ഇതും ?. കാമദേവന്‌ അഞ്ച്‌ ശരങ്ങൾ അല്ലാതെ ആറാമതായി ഒരു KK 43 കൂടി ഉള്ളതായി അറിവില്ല. കൊച്ചുകുട്ടികൾ പോലും AK 47 വച്ച്‌ കളിക്കുന്ന ഈ കാലത്ത്‌, കാമദേവന്‌ എന്താ ആയുധങ്ങൾ പരിഷ്ക്കരിച്ചുകൂടേ?....എങ്കിൽ മുക്കണ്ണൻ അന്നു കാണിച്ചതുപോലെ, ചുട്ട്‌ ഭസ്മം ആക്കീട്ടു തന്നെ കാര്യം...ഇതുവരെ ഉള്ള എന്റെ ഏകാന്ത തപസ്സുകൊണ്ടു സംഭരിച്ച സർവ്വ ഊർജ്ജവും സംവഹിച്ച്‌ ഞാൻ ചാടി എഴുന്നേറ്റ്‌ റൂമിലെ ലയിറ്റിട്ടു...എത്ര മുക്കിയാലും, നമുക്കു തുറക്കാൻ മുക്കണ്ണില്ല എന്ന യാതാർത്ഥ്യം മനസ്സിലാക്കിയപ്പോൾ വീണ്ടും സമചിത്തത കൈവന്നു...

ആ KK 43 അപ്പോഴും, വെളുത്ത ടൈൽസ്‌ തറയിൽ ഉയർന്നുവന്ന കറുത്ത ചെറുമലകൾ പോലെ യാതൊരു സ്ഥാനഭ്രംശവും സംഭവിക്കാതെ അവിടെതന്നെ കിടക്കുന്നു...വിശ്വസ്സിച്ചാലും, അതിൽ കരസ്പർശനം ചെയ്ത്‌ ഞാൻ ഇതുവരെയും പങ്കിലനായിട്ടില്ല...

വെറുതെ ആലോചിച്ചു നിന്നിട്ട്‌ കാര്യമില്ല, ഇതിന്റെ ഉറവിടം കണ്ടെത്തിയിട്ടുതന്നെ ബാക്കികാര്യം...എന്നിലെ ഷെർലോക്‌ ഹോംസ്‌ ഉണരുകയായി...CBIഡയറിക്കുറിപ്പുകൾ റെഫർ ചെയ്തുകൊണ്ട്‌, ഞാൻ റൂമിന്‌ നെടുകയും കുറുകയും രണ്ടുപ്രാവശ്യം നടന്നു .തുറന്നീട്ട ജനാലയിലൂടെ ആയിരിക്കണം ഇത്‌ ഉള്ളിൽ കടന്നുവന്നത്‌. കന്ന്‌ പുൽതൊട്ടിലിലൂടെ തല ഇടുന്നമാതിരി, ജനാലയിലൂടെ തല വെളിയിലേയ്ക്കിട്ട്‌ ഞാൻ തലങ്ങും വിലങ്ങും നോക്കി.വെളിയിൽ അപ്പോഴും ആവശ്യത്തിന്‌ കാഴ്ചയ്ക്കുള്ള വെട്ടം ഉണ്ട്‌.. അങ്ങിങ്ങായി ഇളകുന്ന ചില കുറ്റിചെടികൾ അല്ലാതെ മറ്റൊന്നും കാണുവാനില്ല.ഫലം വളരെ നൈരാശ്യാജനകം..അവിടെ ഒരു സ്ത്രീയും വിവസ്ത്രയായി നിൽക്കുന്നുണ്ടായിരുന്നില്ല...

ഇനി എന്തു ചെയ്യും...പരീക്ഷാ ഹാളിൽ, ചോദ്യക്കടലാസ്സിൽ എത്ര ചൂഴ്‌ന്ന്‌ നോക്കിയിട്ടും ഉത്തരങ്ങൾ ഒന്നും പിടികിട്ടാത്ത വിദ്യാർത്ഥിയെ പോലെ, അവസാനം ഞാനും തല ചൊറിഞ്ഞുകൊണ്ട്‌ മുകളിലേയ്ക്ക്‌ നോക്കി,...

അപ്പോൾ അവിടെ അതാ വീണ്ടും ചില ബിക്കിനികളും പാന്റീസുകളും എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട്‌, ഞങ്ങളും വരട്ടയോ നിന്റെകൂടെ എന്ന്‌ ചോദിച്ച്‌ ഞാന്നുകിടക്കുന്നു... അതു ശരി, മുകളിൽ അയയിൽ ഉണങ്ങാൻ ഇട്ടിരുന്ന സാധനം കാറ്റിൽ വെറുതെ പറന്നു വന്നതാണ്‌...ഒരു ചെറുപ്പക്കാരന്റെ അമിത പ്രതീക്ഷകൾ ഇവിടെ തകർന്നടിയുകയായിരുന്നു.....മനസ്സ്‌ തേടികൊണ്ടിരുന്ന, പ്രണയത്തിന്റെ ചപലതകൾ എന്ന് സന്ദേഹിച്ച ആ KK സന്ദേശം ഇവിടെ ചീന്തപ്പെടുക ആയിരുന്നു...(മേഘസന്ദേശവും,മയൂഖസന്ദേശവും പോലെ, ഒരു പ്രണയ സന്ദേശം എഴുതി നേരിട്ടുതരാനുള്ള അതീവ ലജ്ജകാരണം, ഉടയാടയിൽ ഒളിപ്പിച്ച ആ സന്ദേശം വലിച്ചെറിഞ്ഞിട്ട്‌, ഒളിഞ്ഞുനിൽക്കുന്ന അർദ്ധനഗ്നയായ ഒരു കാമിനിയെ ആണ്‌ പ്രതീക്ഷിച്ചത്‌)

ഈ KK43യുടെ ഉടമസ്തയെ എനിക്കറിയാം... എന്റെ റൂമിന്റെ നേരെമുകളിൽ താമസ്സിക്കുന്ന 'ഇവ' എന്ന ഇരുപത്തിമൂന്നുകാരി ജെർമ്മൻ സുന്ദരിയാണ്‌ നായിക...നീലക്കണ്ണും സ്വർണ്ണമുടിയുമുള്ള അതിസുന്ദരി.... ഒരു മാസം വെക്കേഷൻ ചിലവഴിക്കാനായി എത്തിയതാണ്‌ ആ സുന്ദരിക്കുട്ടി..ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ ..? അല്ലെങ്കിലും ഒരു യുവതി അയൽപക്കത്ത്‌ താമസ്സിക്കുമ്പോൾ, അവളെ ചുറ്റിപറ്റിയുള്ള എല്ലാ ഡേറ്റാകളും കളക്റ്റ്‌ ചെയ്ത്‌ അപ്റ്റുഡേറ്റ്‌ ചെയ്യേണ്ടത്‌ നമ്മുടെ കർത്തവ്യമല്ലേ...പ്രത്യേകിച്ച്‌ അവൾ ഒരു സുന്ദരി കൂടി ആകുമ്പോൾ...

അവൾ അല്‌പ വസ്ത്ര ധാരിയായി, പതിവായി ബീച്ചിൽ വെയിലുകൊള്ളാൻ പോകുന്നത്‌, എന്റെ ഈ റൂമിന്റെ മുന്നിലൂടെയാണ്‌.കണ്ടു കണ്ടില്ല എന്ന മട്ടിൽ ഞാൻ എന്നും ഇതൊക്കെ കണ്ണെടുക്കാതെ നോക്കിനിൽക്കാറുള്ളതല്ലേ... ഒന്നു ചിരിക്കുക, വിഷ്‌ ചെയ്യുക അതിനപ്പുറം യാതൊന്നും അവളുടെ ഭാഗത്തുനിന്നും ഇല്ലായിരുന്നു.

ഒരിക്കൽ ഞാൻ എന്തെല്ലാമോ പച്ചകറികളും കിഴങ്ങുകളും വെട്ടിയരിഞ്ഞ്‌, നാട്ടിൽ നിന്നും കൊണ്ടുവന്ന ചില മസ്സാലകളും കുടഞ്ഞിട്ട്‌, പാചക പരീക്ഷണം നടത്തുകയായിരുന്നു. അപ്പോൾ വാതിലിൽ മുട്ടികൊണ്ട്‌ അവൾ ചോദിച്ചു... നീ എന്താണ്‌ ഇത്ര സ്വദുള്ള ഭക്ഷണം ഉണ്ടാക്കുന്നത്‌.?..ഹായ്‌..എന്തൊരു നല്ല മണം... എന്നു പറഞ്ഞുകൊണ്ട്‌ അവൾ മൂക്കിലേയ്ക്കു വായൂ ആഞ്ഞു വലിച്ചുകയറ്റി...

എന്തു പറയണം, ഞാൻ ഒന്നാലോചിച്ചു... വാസ്തവത്തിൽ എനിക്കുപോലും അത്‌ എന്താണെന്ന് നിശ്ചയമില്ലായിരുന്നു... രണ്ടും കല്‌പിച്ച്‌ "സാമ്പ്‌ ആർ" എന്നു ഞാൻ പറഞ്ഞു...സത്യത്തിൽ അതിന്‌ .. 'സാമ്പ്‌ അഞ്ച്‌' എന്നോ, 'സാമ്പ്‌ ഏഴെന്നോ' ഉള്ള പേരുകൾ ആയിരുനൂ കൂടുതൽ അനുയോജ്യം...കാരണം അതിൽ എന്തൊക്കയോ ചേരുവകൾ ഒന്നുങ്കിൽ കുറവ്‌ അല്ലെങ്കിൽ കൂടുതലായിരുന്നു...

എന്നെ എന്തായാലും പുകഴ്ത്തി പറഞ്ഞതല്ലേ, ഇനി അവളുടെ കൊതിയും കിട്ടണ്ട എന്നുകരുതി, അതിൽനിന്നും ഒരു പാത്രത്തിൽ അല്‌പം പകർന്ന് ഞാൻ അവൾക്ക്‌ നൽകി.അവൾ അത്‌ എന്തൊ വിശിഷ്ഠ വസ്തുപോലെ എഴുന്നള്ളിച്ച്‌ അവളുടെ റൂമിലേയ്ക്കു കൊണ്ടുപോയി...

പിറ്റേന്ന് പാത്രം മടക്കിതന്നപ്പോൾ, അവളുടെ നാട്ടിലെ വളരെ പ്രത്യേകതയുള്ള സാധനമാണ്‌ എന്നു പറഞ്ഞ്‌ വെളുത്ത്‌ ഫോർമാജിയോ പോലെ ഉള്ള എന്തോ ഒന്ന് അതിൽ വച്ച്‌ തന്നു.അവളു പോയപ്പോൾ ഞാൻ അതു പരിശോധിച്ചു. മുട്ടനാടിന്റെ മുശുക്ക്‌ മണവും, അമേദ്യത്തിന്റെ ദുർഗന്ധവും കലർന്ന ഒരു വസ്തു. ദൈവമെ ഇത്‌ ഞാൻ എങ്ങനെ വിഴുങ്ങും...ഞാൻ അത്‌ നേരെ ക്ലോസെറ്റിൽ നിക്ഷേപിച്ചിട്ട്‌ ഫ്ലെഷ്ചെയ്തു...പിന്നീട്‌ ഞാൻ മസ്സാല ഉപയോഗിച്ചുള്ള പാചകപരീക്ഷണങ്ങൾ തൽക്കാലത്തേയ്ക്ക്‌ നിർത്തി വച്ചു...

എന്റെ അയൽവാസിയും സുന്ദരിയുമായ ആ ജെർമ്മൻകാരിയുടെ നെഞ്ചിനോടു ചേർന്ന് കിടന്ന്,അവളുടെ ഹൃദയ രഹസ്യങ്ങൾ എല്ലാം മനസ്സിലാക്കിയ ആ KK43 ആണ്‌ ഈ രാത്രിയിൽ അവളെയും ഉപേക്ഷിച്ച്‌ ഒരു ചെറുപ്പക്കാരന്റെ മുറിയിലേയ്ക്ക്‌ ഒളിച്ചോടി വന്നിരിക്കുന്നത്‌...അന്യയുടെ വസ്തു ആഗ്രഹിക്കുന്നതും കൈവശം വയ്ക്കുന്നതും തെറ്റാണെന്നും, അത്‌ എത്രയും വേഗം ഉടമസ്ഥയെ തിരികെ ഏല്‌പിക്കണം എന്നും, എന്റെ മനസാക്ഷി മന്ത്രിച്ചുകൊണ്ടേയിരുന്നു....തന്നെയുമല്ല നാളെ ഈ KK43 കാണാത്തതിന്റെ പേരിൽ അവൾ ഉടുതുണിയില്ലാതെ ഇതുവഴി പോയാൽ അതും മോശമല്ലേ....എന്റെ ഉത്തരവാദിത്തങ്ങൾ ഏറുകയാണ്‌..

എങ്ങനെ ഞാൻ അവളെ ഇത്‌ തിരിച്ചേല്‌പിക്കും..??..ഈ KK43 ഉം തൂക്കി പിടിച്ചുകൊണ്ട്‌ അവളുടെ റൂമിലേയ്ക്ക്‌ ഈ പാതിരാത്രിയിൽ മാർച്ചു ചെയ്തുചെന്നാൽ...ഒരു മാന്യനെന്ന് അവൾ തെറ്റിധരിച്ചിരിക്കുന്ന എന്നെ...അവൾ ശരിയായി തന്നെ ധരിച്ചാലോ..?.. മനസ്സാ വാചാ കർമ്മാണാ ഞാൻ നിരപരാധിയാണെങ്കിലും സാഹചര്യവും, തൊണ്ടി വസ്തുവും എന്നെ കുറ്റക്കാരനായി വിധിക്കില്ലേ.?..കുളിക്കടവിൽ ഒളിച്ചിരുന്ന് പണ്ട്‌ കള്ളക്കണ്ണൻ ഗോപസ്ത്രീകളുടെ വേണ്ടാത്തതൊക്കെ അടിച്ചുമാറ്റിയതുപോലെ, ഈ ഞാനും ചെയ്തതാണെന്നല്ലേ അവളും വിചാരിക്കൂ....അപ്പോൾ നേരിട്ട്‌ കൊണ്ടുചെന്ന് കൊടുക്കുന്നത്‌ ബുദ്ധിയല്ല....

ഇനി ഏതെങ്കിലും കമ്പിൽ തൂക്കി ഈ സാധനം പൂർവ്വസ്ഥാനത്ത്‌ മുകളിലുള്ള അയയിൽ എത്തിക്കാം എന്നുവച്ചാൽ, ആരെങ്കിലും കണ്ടാൽ.., മറിച്ചല്ലേ അവര്‌ വിചാരിക്കൂ..അവർ ബഹളം വെച്ച്‌ ആളെ കൂട്ടിയാൽ ഈ KK43യുടെ പേരിൽ ഞാൻ അഴികൾ എണ്ണേണ്ടിയും വന്നേക്കാം....

എന്തായാലും ഈ രാവിൽ KK43 എന്റെ റൂമിൽ അന്തി ഉറങ്ങട്ടെ...പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക്‌ ഞാൻ ഉണർന്നു..(അതിന്‌ ഉറങ്ങിയതെവിടെ?..ഈ ശുഷ്കാന്തി മറ്റൊന്നിലും ഇതിനു മുമ്പ്‌ കാണിച്ചതായി ഓർമ്മയില്ല.) അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന റബറിന്റെ കയ്യുറകൾ സിങ്കിന്റെ താഴെയുള്ള കാബിനിൽനിന്നും ഞാൻ എടുത്തു. ഓപ്പറേഷൻ തീയേറ്ററിലേയ്ക്കുപോകുന്ന സർജന്റെ സൂഷ്മതയോടെ അത്‌ കൈകളിൽ എടുത്തണിഞ്ഞു...എന്റെ വിരലടയാളമ്പോലും അതിൽ പതിയരുത്‌... ഞാൻ മൂലം ആ യുവതിയുടെ കന്യകാത്വത്തിന്‌ കളങ്കം വരുവാനും പാടില്ലല്ലോ... തറയിൽ നിന്നും ആ KK43, ഗ്ലൗസ്സ്‌ അണിഞ്ഞ കൈകളിലെടുത്ത്‌, വാതിൽ തുറന്ന് ഞാൻ വെളിയിൽ ഇറങ്ങി...ചുറ്റുപാടുകൾ വീക്ഷിച്ചു. ആരും ഇല്ല എന്നുറപ്പുവരുത്തി....എന്റെ ജനാലയുടെ മുകളിലുള്ള, അവളുടെ റൂമിന്റെ വരാന്തയിൽ നീളത്തിൽ കെട്ടിയിരിക്കുന്ന അയയെ ലക്ഷ്യമാക്കി കയ്യിലുള്ള KK43 വലിച്ചെറിഞ്ഞു...അത്‌ അയയിൽ തങ്ങാതെ അവളുടെ റൂമിന്റെ വരാന്തയിൽ ചെന്നു പതിച്ചു.. സാരമില്ല...അത്‌ അവളുടെ കണ്ണിൽ പെട്ടുകൊള്ളും.യാതൊരു സംശയത്തിനും ഇടയില്ല...അയയിൽ നിന്നും താഴെ വീണതാണ്‌ എന്നു വിചാരിച്ചുകൊള്ളും...ആശ്വാസമായി.. മിഷൻ സക്സസസ്‌.. ഞാൻ തിരികെ റൂമിൽ വന്നുകയറി...കയ്യുറ ഊരിമാറ്റി...ടാപ്പ്‌ തുറന്ന് കൈകൾകഴുകി...ആ കന്യകയുടെ യാതൊന്നിലും എനിക്ക്‌ പങ്കില്ല... എന്റെ കൈകളും പരിശുദ്ധം...

രാവിലെ നന്നായി വെയിൽ തെളിഞ്ഞപ്പോൾ അവൾ ആ കറുത്ത KK43യും അതേ നിറത്തിലുള്ള ഒരു പാന്റീസും ധരിച്ചുകൊണ്ട്‌ എന്റെ റൂമിന്റെ മുന്നിലൂടെ ബീച്ചിലേയ്ക്ക്‌ നടന്നു പോയി...അവൾ എന്നെ നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു...ആ KK43 ആകട്ടെ എന്തൊക്കയോ ഓർത്ത്‌ കുലുങ്ങികുലുങ്ങി ചിരിച്ചു...

ആവൾക്ക്‌ അറിയില്ലല്ലോ, അവളുടെ വെളുത്ത നെഞ്ചോട്‌ ചേർന്നിരിക്കുന്ന ആ കൊച്ചു കറുമ്പി, കഴിഞ്ഞ രാത്രി എന്റെ മുറിയിലാണ്‌ അന്തി ഉറങ്ങിയിരുന്നത്‌ എന്ന്...
ഒരാഴ്ച കൂടിക്കഴിയുമ്പോൾ അവൾ റൂം ഒഴിഞ്ഞ്‌ അവളുടെ നാട്ടിലേയ്ക്കുപോകും...ആ 43 എന്ന സംഖ്യ ഒരു നിഗൂഡ സമസ്യയായി തന്നെ തുടരും...

Saturday, 6 September 2008

എന്റെ ഓണകായ്ക്കളം

ഓണം വന്ന് മൂക്കത്ത്‌ കയറി ഇനീയെന്ത്‌ ചെയ്യാനാ?

കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ, ആകെ ഇവിടെ ഉള്ളത്‌ ചെറിയ ഒരു ഫ്ലാറ്റ്‌ ആണ്‌ അതുകൂടി പോയാൽ ഈ ഞാൻ പെരുവഴിയിലാകും.വിഭവസമൃത്തമായ സദ്യ ഒന്നും ഒരുക്കാൻ ആവില്ല എങ്കിലും ഒരു പായസം ഉണ്ടാക്കാൻ പറ്റുമോ എന്ന് ഞാനും ഒന്നുനോക്കട്ടെ.
കച്ചവടോദ്ദേശ്യം ഒന്നു ഇല്ലായെങ്കിൽ കൂടിയും, ഈ ഓണത്തിനിടയിലും രാവിലകളിൽ പുട്ടുതന്നെയാണ്‌ പതിവ്‌. അതിനാകുമ്പോൾ അതിസാമർത്ഥ്യത്തിന്റെ ആവശ്യമില്ലല്ലോ. നാട്ടിൽ നിന്നും കൊണ്ടുവന്ന പുട്ടുകുടവും, അല്‌പം അരിപ്പൊടിയും,പത്തുമിനിട്ടും ഉണ്ടെങ്കിൽ സംഗതി കുശാൽ... അതിന്റെ ആവി ഉയർന്നു തുടങ്ങുമ്പോൾ പരക്കുന്ന ആ മണത്തിൽ, ഞൊടി ഇടകൊണ്ട്‌ നാട്ടിൽ ഒന്ന് ഓടിചെല്ലാനും പറ്റും....


കാട്ട്കോഴിക്കുണ്ടോ ഓണവും ശങ്ക്രാന്തിയും ?
ഓണം എന്നൊക്കെ പറഞ്ഞാൽ ഇവിടെ ഒരുത്തനും ഒരുകുന്തവും മനസ്സിലാകില്ല. മഹാബലിയുടെയും,വാമനന്റേയും കഥകളൊക്കെ പറഞ്ഞ്‌ മനസ്സിലാക്കിവരുംമ്പോൾ നമ്മൾ ഒരു പരുവം ആകും. ചിലപ്പോൾ അത്‌ ഒരു ഓണത്തല്ലിൽ തന്നെ കലാശിച്ചെന്നുമിരിക്കും.

മാവേലി നാടുവാണിടും കാലം, മാനുഷ്യരെല്ലാരും ഒന്നുപോലെ, കള്ളവും ഇല്ല ചതിയുമില്ലാ,എള്ളൊളമില്ലാ പൊളിവചനം എന്നൊക്കെ പറഞ്ഞ്‌ ഫലിപ്പിക്കാൻ പറ്റുമോ ?. എള്ള്‌ കാട്ടികൊടുക്കാൻ ആവില്ലെങ്കിലും, വല്ല കടുകും വെച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം എന്നു വച്ചാൽ തന്നെ, നമ്മുടെ നാടിന്റെ ഇന്നത്തെ സ്ഥിതിവിശേഷം എന്നും കണ്ടുകൊണ്ടിരിക്കുന്ന ഏതവനെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ?

അതിനാൽ ഓണവും ആഘോഷങ്ങളും എന്നിൽ തന്നെ തുടങ്ങി ഒടുങ്ങുന്നു...
എന്റെ ഈ ഓണംകേറാമൂലയിലേയ്ക്ക്‌ മാവേലി കയറിവരത്തില്ലാ എന്ന് അറിയാമെങ്കിലും, പൂക്കളം തീർത്ത്‌ അതിനുചുറ്റും കയ്കൊട്ടിക്കളി നടത്തണം എന്നൊക്കെ എനിക്കും ആഗ്രഹം ഇല്ലാതില്ല... എന്തു ചെയ്യാം, ഇവിടെ ഇപ്പോൾ സീസ്സൺ അല്ലാത്തതിനാൽ പൂക്കൾ ഒക്കെ കായ്കൾ ആയിക്കഴിഞ്ഞു. മനസ്സിൽ കരുതിയിരുന്ന പൂവുകൾ ആണെങ്കിൽ വല്ലാതെ വാടിയും പോയി.... ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്നല്ലേ, അതിനാൽ ഞാനും ഇട്ടു രണ്ട്‌ കായ്ക്കളം. അതിന്റെ ഫോട്ടോ താഴെ ഉണ്ട്‌. (ആരും ദയവായി മാവേലിയെ ഇതൊക്കെ കാണിച്ച്‌ ഞെട്ടിക്കരുത്‌...പാവം ഒരു ദുർബല ഹൃദയനല്ലേ...അല്ലെങ്കിൽ ആ കുരുട്ട്‌ വാമനന്‌ ചവിട്ടാൻ പാകത്തിന്‌ തലവച്ചു കൊടുക്കുമോ? അതോടെ ആകെ നാശകോശമായിതീർന്നില്ലേ കേരളം. ) ഓണം വന്നാൽ എന്താ ഉണ്ണി പിറന്നാൽ എന്താ, ഈ ഉള്ളവന്റെ കാര്യം എന്നും ഇങ്ങനെ ഒക്കെത്തന്നെ....

നാട്ടിൽ ഒരു ഓണം കൂടിയിട്ട്‌ വർഷങ്ങൾ പലതായി...
അടിക്കടി വരുന്ന ഹർത്താൽ മഹോത്സവങ്ങൾ,വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന തിരുവോണത്തിന്റെ പ്രാമുഖ്യം കുറച്ചിട്ടുണ്ടാകുമോ ആവോ?നാക്കിലയിൽ തന്നെ ആണുവോ ഇന്നും നാട്ടിൽ ഓണം ഉണ്ണുന്നത്‌ ?അതോ ആധുനീവൽക്കരണത്തിന്റെ ഭാഗമായി പേപ്പെർപ്ലെയിറ്റുകളിലാക്കിയോ ? മുറ്റത്ത്‌ കുട്ടികൾക്കായി ഇന്നും ഊഞ്ഞാൽ കെട്ടാറുണ്ടോ ? അതൊ അമ്യൂസ്‌മന്റ്‌ പാർക്കിലെ ജയിന്റ്‌ വീലിനോടാണോ കുട്ടികൾക്ക്‌ താൽപര്യം ?.ഓണം ശരിക്കും ഇന്ന് കേരളത്തിൽ ഉണ്ടോ?...അതോ ടിവി ചാനലുകാരും, വമ്പിച്ച ഡിസ്ക്കൗണ്ട്‌ വിളമ്പരം ചെയ്യുന്ന വ്യാപാരികളും മാത്രമേ അത്‌ ആഘോഷിക്കാറുള്ളോ ?...

ആയുസ്സിനിയും നീട്ടികിട്ടിയാൽ ഒരു തിരുവോണമെങ്കിലും നാട്ടിൽ ആക്കണം എന്നുണ്ട്‌...നഷ്ടപ്പെട്ടു എങ്കിലും കുട്ടിക്കാലത്തെ ആ ഓണക്കാലം, അവിടെ പോയി കണ്ടും കേട്ടും മണത്തും രുചിച്ചും, ഒരിക്കൽക്കൂടി അതൊക്കെ അനുഭവിച്ചറിയാൻ ശ്രമിക്കണം.... തൊടിയിൽ നിറഞ്ഞു നിൽക്കുന്ന തുമ്പപൂവും മുക്കൂറ്റിപൂവും, അവയ്ക്കിടയിലൂടെ പാറിനടക്കുന്ന ഓണത്തുമ്പികളും, കൊയ്ത്തുകഴിഞ്ഞ്‌ തറഞ്ഞുകിടക്കുന്ന പാടത്ത്‌ കൂട്ടുകാരോടൊത്ത്‌ കളിച്ചിരുന്ന നാടൻ പന്തുകളിയും, തവണവച്ച്‌ മാറിമാറി ഉള്ള കശുമാംകൊമ്പിലെ ഊഞ്ഞാലാട്ടവും, നിക്കറിന്റെ കീശയിൽ നിന്നും ഇടയ്ക്കിടയ്ക്ക്‌ എടുത്ത്‌ കൊറിക്കുന്ന അമ്മവറുത്ത ഉപ്പേരിയും,ആർത്തും കൂവിയും വേഗത്തിൽ കടന്നു പോകുന്ന പത്തുദിവസത്തെ ആ ഓണാവധിയും, പുത്തൻ മണമുള്ള ഓണക്കോടിയും...എല്ലാം ഇന്നും മനസ്സിൽ തന്നെ ഉണ്ട്‌....

മലയാളികളായ നാം എവിടെ ആയിരുന്നാലും, എന്നും നാലുനേരം മൂക്കറ്റം ഉണ്ട്‌ കഴിയുന്നവരാണെങ്കിലും... സമത്വത്തിന്റേയും,സത്യത്തിന്റേയും, ആ വലിയ ഓണസന്ദേശം ഉള്ളിലേറ്റി, ഐശ്വര്യത്തിന്റെ പൂക്കളം മനസ്സിൽതീർത്ത്‌... ഒരു പിടിയെങ്കിലും തിരുവോണസദ്യയായി ഉണ്ട്‌ സംതൃപ്തരാകാം ....പൊയ്പ്പോയ കാലത്തിന്റെ സുകൃതികൾ അനുസ്മരിക്കാം...ഇനിയും ഒരിക്കൽ അത്‌ മടങ്ങി എത്തുമെന്ന് ആശിക്കാം,... സ്വപ്നങ്ങൾ കാണാം.........നമുക്കും ആ ഉത്സവത്തിൽ പങ്കു ചേരാം.... സന്തുഷ്ടനായി മാവേലി പോയിവരട്ടെ അടുത്ത ഓണത്തിനായി....

എല്ലാവർക്കും പൊന്നോണത്തിന്റെ ആശംസകൾ.....

എന്റെ ഓണക്കായ്ക്കളം

Thursday, 28 August 2008

ബാർബിക്യൂ

കഷ്ടിച്ച്‌ ഒരു മാസം മുമ്പ്‌, ഒരു ഒഴിവു ദിവസം വൈകുന്നേരം ഞാൻ നോളിയിൽ നിന്നും ബെർജേജിയിലേയ്ക്ക്‌ നടന്നു പോവുക ആയിരുന്നു.ഒരു വശത്ത്‌ കടലും മറുവശത്ത്‌ പാറക്കെട്ടുകൾ നിറഞ്ഞ പർവ്വത നിരകളും.ഇവയ്ക്കിടയിലൂടെയാണ്‌ റോഡ്‌. പാറക്കെട്ടുകൾ ഇടിഞ്ഞ്‌ വീണ്‌ തടസ്സപ്പെട്ട ഈ വഴി വീണ്ടും തുറന്നിട്ട്‌ അധികം നാളുകൾ ആയിട്ടില്ല.ഇപ്പോൾ പാറക്കെട്ടുകൾ ആകെ ശക്തി ഏറിയ കമ്പിവലകൾകൊണ്ട്‌ പൊതിഞ്ഞ്‌,അങ്ങിങ്ങായി ലയിറ്റുകളൂം സയറണുകളൂം ഘടിപ്പിച്ചിരിക്കുന്നു. എവിടെ എങ്കിലും ഒരു കല്ല്‌ അടർന്ന്‌ തുടങ്ങിയാൽ ലയിറ്റുകൾ തെളിയുകയും സയറണുകൾ മുഴങ്ങുകയും ചെയ്യും.

റോഡിനരുകിൽ, കടലിനോട്‌ ചേർന്ന്‌ കല്ലുകൾ പാകി തീർത്തിരിക്കുന്ന നടപ്പാതയിലൂടെ,കടൽ കാഴ്ചകളും കണ്ട്‌ കാറ്റും കൊണ്ട്‌ ഞാൻ സാവധാനം നടന്നു. എസ്താത്തയുടെ സമയമായതിനാൽ കടൽ തീരത്ത്‌ നല്ല തിരക്കാണ്‌. ഞാൻ പോകുന്ന ദിശയിൽ നടപ്പാതയോട്‌ ചേർന്ന്‌, ചെറിയചെറിയ പാർക്കുകളും, കുട്ടികൾക്കായുള്ള കളീസ്ഥലങ്ങളും, കൊച്ചുകൊച്ചു കഫേത്തേറിയകളും, ജലാത്തോറിയാകളും ഒക്കെയുണ്ട്‌.രാത്രിയിലും ഇവിടെ നല്ലതിരക്കാണ്‌.തീരത്ത്‌ ആളുകൾ വട്ടം കൂടി മീൻ ചുട്ടെടുക്കുന്നതും ബാർബിക്യൂ ഉണ്ടാക്കുന്നതും കാണാം. ഇരുട്ടിൽ തീക്കനലുകളും, ചുട്ടു പഴുത്ത കമ്പികളും തിളങ്ങികൊണ്ടിരിക്കും. ഉയരുന്ന നേർത്ത പുകയെ കാറ്റ്‌ തട്ടിചിതറിക്കും,വേവുന്ന മാസത്തിന്റെ ഗന്ധം ചുറ്റുപാടും പരക്കും. കുട്ടികൾ അവയ്ക്ക്‌ ചുറ്റും ഒച്ച ഉണ്ടാക്കി ഓടിനടക്കും. ആകെ ഒരു ഉത്സവപ്രതീതി....

ഇവിടെ ചുറ്റിത്തിരിയുന്ന പല സ്ത്രീകളുടേയും വസ്ത്ര ധാരണം എന്നിൽ കൗതുകം ഉണർത്തി. പലരും നേർത്ത കോട്ടൺ തുണികൊണ്ടുള്ള നമ്മുടെ ചുരിദാറിന്റെ ടോപ്പ്‌ മാത്രമേ ഇട്ടിട്ടുള്ളൂ. സുതാര്യമായ അതിലൂടെ അവരുടെ ശരീരഭംഗി മുഴുവൻ കാണാം. ആ വസ്ത്രങ്ങളിൽ ചിലതിലൊക്കെ ഹിന്ദിയിൽ "ഓം ശാന്തി", "തമസോമാം ജോതിർ ഗമയാം " എന്നൊക്കെ എഴുതി പിടിപ്പിച്ചിട്ടുമുണ്ട്‌. ഫിനാലയിലെ ഒരു ബംഗ്ലാദേശിയുടെ കടയിൽ നിന്നാണ്‌ ഈ വസ്ത്രങ്ങളുടെ ഉറവിടം എന്ന്‌ ഞാൻ നേരത്തെ കണ്ടെത്തിയിരുന്നു.സുനാമിയുടെ പേരിൽ ഇവിടെ ചില ബംഗ്ലാദേശികൾ വന്നു പെട്ടിട്ടുണ്ട്‌.അവർ ഇന്ത്യയിൽ നിന്നും കെട്ടുകളായി കൊണ്ടുവരുന്നതാണ്‌ ഈ വസ്ത്രങ്ങൾ.നമ്മുടെ രാജ്യത്തിന്റെ സന്ദേശവും പേറി നടക്കുന്ന ആ സ്ത്രീകളെ കണ്ടപ്പോൾ എനിക്ക്‌ ഒരു ഇന്ത്യക്കാരൻ എന്നതിൽ ഒരു ചെറിയ അഭിമാനം ഒക്കെ തോന്നി.
ട്രാഫിക്ക്‌ നിയമങ്ങൾ ഇവിടെ വളരെ കർശനമായതിനാലും, ആളുകൾ എല്ലാം അത്‌ പാലിക്കുന്നതിൽ ഉത്സുകർ ആയതിനാലും, കൊച്ചുകുട്ടികൾക്ക്‌ പോലും ഇവിടെ നിർഭയം എവിടെ വേണമെങ്കിലും തനിയെ സഞ്ചെരിക്കാം.ഞാൻ കാപ്പോ നോളീ ഹോട്ടലും പിന്നിട്ട്‌ സ്പൊതോർണ്ണോയിൽ എത്തി. അപ്പോൾ, എനിക്ക്‌ ഏകദേശം 30മീറ്റർ മുന്നിലായി ഒരു ആൺകുട്ടി റോഡു ക്രോസ്സ്‌ ചെയ്ത്‌ വരുന്നത്‌ ശ്രദ്ധയിൽപ്പെട്ടു.അഞ്ച്‌ വയസ്സ്‌ പ്രായം തോന്നിക്കും. കയ്യിൽ എന്തോ ഒരു പൊതിയുണ്ട്‌.ചുറ്റിലും വീതിയിൽ അരികുകൾ ഉള്ള, ചുവന്ന ഒരു യൂറോപ്യൻ തൊപ്പി തലയിൽ വെച്ചിട്ടുണ്ട്‌.നിക്കറും ടിഷർട്ടും ആണ്‌ വേഷം. തിടുക്കത്തിലുള്ള ആ നടത്തം കണ്ടാൽ അറീയാം, അടുത്തുള്ള പാർക്കിൽ കാത്തു നിൽക്കുന്ന കൂട്ടുകാരുടെ അടുത്തേയ്ക്‌ കളിക്കാൻ പോവുകയാണെന്ന്.

ഞാൻ ആ കുട്ടിയുടെ അൽപം പിന്നിലായ്‌ നടത്തം തുടർന്നുകൊണ്ടിരുന്നു.ആളുകൾ പലരും ഞങ്ങൾക്ക്‌ എതിർവശം വന്ന്‌ ഞങ്ങളേയും കടന്നു പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്ന്‌ കുട്ടിയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. അവൻ നടപ്പാതയുടെ അരികിനോട്‌ കഴിയുന്നത്ര ചേർന്ന്‌, സാവധാനം പതുങ്ങി പതുങ്ങി നടക്കാൻ തുടങ്ങി.ഞാൻ അതു ശ്രദ്ധിച്ചു. എന്തു പറ്റി എന്ന്‌ ചിന്തിച്ചു. അവൻ ആരെയോ ഭയപ്പെടുന്നതുപോലെ.

അപ്പോഴാണ്‌ ഞാനും അത്‌ ശ്രദ്ധിച്ചത്‌. ഞങ്ങൾക്ക്‌ അഭിമുഖമായി നന്നായി കറുത്ത ഒരു മനുഷ്യൻ നടന്നു വരുന്നുണ്ട്‌. കയ്കളിൽ കുറെ സഞ്ചികളൂം ടവ്വലുകളും ഒക്കെ തൂക്കി പിടിച്ചിട്ടുണ്ട്‌. കടൽ തീരത്തുകൂടെ സാധനങ്ങൾ വിറ്റുനടക്കുന്ന ഒരു സാധാരണ ആഫ്രിക്കക്കാരൻ. കുട്ടി അയാളെ തന്നെ നോക്കി കൊണ്ട്‌ പേടിച്ചരണ്ട്‌ നിൽക്കുകയാണ്‌. അയാൾ ആകട്ടെ, അതൊന്നും അറിയാതെ തന്റെ വിൽപന വസ്തുക്കൾ കുടഞ്ഞും തട്ടിയും ഒക്കെ നടന്നു വരുന്നു.

അയാൾ ആ കുട്ടിയുടെ ഒപ്പം എത്തിയതും,ആ കുട്ടി തന്റെ കയ്യിലുള്ള പൊതി മാറോടുചേർത്ത്‌ പിടിച്ച്‌, ഇരുകയ്കളൂം അതിനുമേൽ പിണച്ചുവെച്ച്‌, അയാളെ തന്നെ നോക്കികൊണ്ട്‌ നിലത്ത്‌ കുത്തിയിരുന്നു. അകാരണമായി അവൻ പേടിച്ച്‌ വിറയ്ക്കുന്നതായി എനിക്കുതോന്നി.ആഫ്രിക്കക്കാരൻ ഇതൊന്നും അറിയുന്നേയില്ല. ഞാൻ അപ്പോഴും അവന്റെ ഒപ്പം എത്തിയിട്ടില്ല അൽപം പിന്നിൽ തന്നെയാണ്‌. ആ കറുത്ത മനുഷ്യൻ അവനെ പിന്നിട്ടതും, അവൻ എഴുന്നേറ്റ്‌ തിരിഞ്ഞു നോക്കാതെ വേഗത്തിൽ ഓടാൻ തുടങ്ങി. ഓടി ഓടി അടുത്തുള്ള പാർക്കിൽ ചെന്നു കയറി, അനേകം കുട്ടികളുടേയും,മുതിർന്നവരുടേയും ഇടയിൽ പോയി മറഞ്ഞു.ഏതൊ അത്യാപത്തിൽ നിന്നും അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട ഒരുവനെപ്പോലെ...

ഞാൻ ചിന്തിച്ചൂ, എന്തായിരിക്കും ആ കുട്ടിയുടെ ആ മനോഭാവത്തിന്‌ കാരണം.വഴിയിൽ അനേകം അപരിചിതരെ കടന്നുപോയിട്ടും അവൻ മറ്റാരേയും ഭയപ്പെട്ടിരുന്നില്ല. പകൽ സമയം വീടുകളിൽ കഴിയുന്ന കുട്ടികൾക്ക്‌ ടെലിവിഷനാണ്‌ ഏറ്റവും വലിയ സുഹൃത്ത്‌. ഇവിടെ ടെലിവിഷനുകളിൽ ആഫ്രിക്കൻ രാജ്യങ്ങളെ ക്കുറിച്ച്‌ കാണിക്കുന്ന വാർത്തകൾ പലതും നല്ല വശങ്ങൾ ആയിരുന്നില്ല.പട്ടിണിയും,പിടിച്ചുപറിയും,കലാപങ്ങളും ഒക്കെയാണ്‌ പ്രധാനമായും കാണിക്കുക. ഇതൊക്കെ കുട്ടികളെ വല്ലാതെ സ്വാധീനിച്ചിരിക്കണം.അതിൽ നിന്നും ഉടലെടുത്തത്തായിരിക്കണം ആ പേടി..

ഇന്നിപ്പോൾ ഇവിടെ പത്രങ്ങളിലും, ടെലിവിഷനുകളിലും നിറഞ്ഞു നിൽക്കുന്ന വാർത്ത നമ്മുടെ ഒറിസ്സായിലെ മനുഷ്യക്കുരുതിയാണ്‌.ഓരോ മണികൂറിലും അതിന്റെ അപ്റ്റുടേറ്റുകൾ ഉണ്ട്‌.കത്തിക്കരിഞ്ഞും, മുറിവേറ്റും പിടയുന്ന മനുഷ്യ ശരീരങ്ങളും, അങ്ങിങ്ങായി ആളി പടരുന്ന തീയും പുകയും, കത്തിയും കുന്തവുമായി അവയ്ക്ക്‌ ചുറ്റും നൃത്തം വച്ച്‌ വീണ്ടും കൊലവിളി മുഴക്കുന്ന ഭ്രാന്തരേയും തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നു....

ഇതുവരേയും, എന്റെ ചുറ്റു വട്ടത്തുള്ള കൊച്ചു കുട്ടികൾ എല്ലാം എന്റെ സുഹൃത്തുക്കളാണ്‌. എന്നെ കാണുമ്പോഴൊക്കെ അവർ ചിരിക്കുകയും,ടാറ്റ തരികയും ചെയ്യും. ഞാൻ ഒരു ഇന്ത്യാക്കാരനാണെന്ന്‌, ചിലപ്പോൾ അവരുടെ മാതാപിതാക്കൾ അവരോട്‌ പറഞ്ഞും കൊടുത്തിട്ടുണ്ടാവാം.നാളെ ആകുരുന്നുകൾ എന്നെ കാണുമ്പോൾ നിലവിളിച്ചുകൊണ്ട്‌ ഓടിയൊളിക്കുകയാണെങ്കിൽ അവരെ കുറ്റം പറയുവാൻ ആകുമോ???

ബെയിജിഗ്‌ ഒളിമ്പിക്സ്സിനിടയിൽ ടിവിയിൽ കാണിച്ച, ചയിനാക്കാരുടെ ഭക്ഷണ വസ്തുക്കളായ പല്ലിയേയും,പാറ്റായേയും,പുഴുക്കളേയും കണ്ട്‌ ഓക്കാനിച്ച ആ കുരുന്നുകൾ, നമ്മുടെ നാട്ടിലെ സ്ഥിതി വിശേഷങ്ങൾ കണ്ടിട്ട്‌, നമ്മുടെ നാട്ടിൽ മനുഷ്യരെ വെച്ചാണ്‌ ബാർബിക്യൂ പൊരിക്കുന്നത്‌ എന്നാവാം ഒരു പക്ഷേ മനസ്സിലാക്കുക....
ഇതുകൂടി വായിക്കുക...

Monday, 25 August 2008

എനിക്കായി ഇതാ ഒരു പിൻവിളി...

ഇന്ന്, ഇപ്പോൾ ഞാൻ വളരെ സന്തുഷ്ടനാണ്‌...
എന്റെ മൻസ്സിൽ ഇപ്പോൾ അലതല്ലുന്ന ആഹ്ലാദം പകർത്തി എഴുതുവാൻ ആകുമെന്ന് തോന്നുന്നില്ല. എന്തേ മനുഷ്യനും അവന്റെ ഭാഷയ്ക്കും ആ കഴിവില്ലാതെ പോയത്‌...

ഇനി ഒരിക്കൽ..ശാസ്ത്രം ഇനിയും വളർന്നുകഴിയുമ്പോൾ...ഹൃദയവികാരങ്ങളും,ചിന്തകളും പരസ്പരം കയ്മാറ്റം ചെയ്യാൻ ഉതകുന്ന എന്തെങ്കിലും സംവിധാനം ഉണ്ടായേക്കാം...ഭാഷയുടെ വൈകല്യങ്ങളെ എല്ലാം, പാടെ ഒഴിവാക്കികൊണ്ട്‌, മൊബയിൽ ഫോണുകളിലൂടെ പരസ്പരം മെസ്സേജ്‌ അയക്കുന്നതുപോലെ,എന്റെ മനസ്സിൽ നിന്നും വികാരങ്ങളും,വിചാരങ്ങളും മറ്റുള്ളവരിലേയ്ക്ക്‌,ഞാൻ അർത്ഥമാക്കുന്ന,അനുഭവിക്കുന്ന അതേ അളവിൽ പകർന്ന് നൽകാൻ ആയേക്കാം....പക്ഷെ, അതുവരേയും കത്തുനിൽക്കാൻ ആവില്ലല്ലോ, അന്നു ഞാൻ ഉണ്ടായികൊള്ളണമെന്നും ഇല്ല...ഇപ്പോൾ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട്‌ ഞാൻ പറയാൻ ശ്രമിക്കാം.....

ഇന്നു വൈകുന്നേരം, കൃത്യമായി പറഞ്ഞാൽ 7.30PMന്‌ എനിക്ക്‌ മൊബയിൽ ഫോണിൽ ഒരു കോൾ വന്നു. മെമ്മറിയിൽ ഇല്ലാത്ത നമ്പർ. അത്‌ ഇന്ത്യയിൽ നിന്നായിരുന്നു...ഹലോ പറഞ്ഞ്‌ ഞാൻ അത്‌ അറ്റെന്റ്‌ ചെയ്തു. ഒരു സ്ത്രീയുടെ മധുര മൊഴി... ചിരപരിചിതനെപ്പോലെ എന്നെ പേർ വിളിച്ചു...ഹിന്ദിയിൽ സംസ്സാരിച്ചു തുടങ്ങി...ഓർമ്മയുണ്ടോ എന്നുതിരക്കി...ഞാൻ ഒന്നു കുഴങ്ങി..ഒരു നിമിഷം ഒന്നും മിണ്ടിയില്ല...പെട്ടെന്നായതിനാൽ ആരേയും ഓർമ്മവന്നില്ല...ഉറപ്പില്ലാതെ ഒരു പേർ പറയുന്നതും ശരിയല്ലല്ലോ...
മെ തെരി കശ്മീർ കി കുങ്കും....പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവൾ പറഞ്ഞു...(മെരി കശ്മീർ കി കുങ്കും എന്ന പോസ്റ്റ്‌ നോക്കുക) കുപ്പിവളകൾ കിലുങ്ങുന്നതുപോലുള്ള അവളുടെ ചിരി എന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ചു...എനിക്ക്‌ ഒന്നും മിണ്ടാൻ പറ്റുന്നില്ല....ഞാനും ചിരിച്ചു...
പിന്നെ ചിരിയും,അത്ഭുതവും,ആകാംഷയും അടക്കാൻ പാടുപെട്ട്‌, പതുക്ക്‌ പതുക്കെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി...ഒരേ ശ്വാസത്തിൽ, ഒന്നിനു പിറകെ ഒന്നായി അനേകം കാര്യങ്ങൾ അവൾ ചോദിച്ചുകൊണ്ടിരുന്നു...എന്റെ മനസ്സ്‌ തുള്ളിതുള്ളി ചാടുന്നതായി എനിക്കു തോന്നി...വല്ലാത്ത ഒരു ആനന്ദം...ഭാരമില്ലാതെ ഒഴുകുന്ന ഒരു അവസ്ഥ...നഷ്ടമായതെന്തോ തേടി വന്നപോലെ...

ഏകദേശം രണ്ടര വർഷത്തോളമായി ഞങ്ങൾ തമ്മിൽ യാതൊരുവിധ കോൺടാക്ടും ഇല്ലായിരുന്നു...എന്തിനോ വേണ്ടീ ഒരു അകലം പാലിച്ചതുപോലെ...കാരണങ്ങൾ ഒന്നും ഇല്ല....ഇതിനിടെ ഞാൻ പല ദേശങ്ങൾ മാറിമാറി സഞ്ചരിക്കുകയും എന്റെ ഫോൺ നമ്പരുകൾ മാറുകയും ചെയ്തിരുന്നു...അവൾ എങ്ങനെ എന്റെ ഫോൺ നമ്പർ കണ്ടെത്തി എന്ന് ഞാൻ അത്ഭുതപ്പെട്ടു....ഞാൻ അത്‌ അവളോട്‌ ചോദിക്കുകയും ചെയ്തു...കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി അവൾക്ക്‌ എന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നതായി തോന്നിയത്രേ....അതിനാൽ പഴയ ഡയറി തപ്പിയെടുത്ത്‌, അതിൽ നിന്നും എന്റെ വീട്ടിലെ നമ്പർ കണ്ടെത്തി, എന്റെ അമ്മയിൽ നിന്നും എന്റെ ഈ മൊബയിൽ നമ്പർ വാങ്ങിച്ച്‌ വിളിച്ചിരിക്കുകയാണ്‌ പാവം...

ഇപ്പോൾ ഞാനും ഓർക്കുന്നു...എനിക്കും കഴിഞ്ഞ ദിവസ്സങ്ങളിൽ എന്തോ ഒരു അസ്വസ്തത പോലെ തോന്നിയിരുന്നു...ഉറക്കവും അത്ര ശരിയാകുന്നില്ലായിരുന്നു...നമ്മളെ അടുത്തറിയുന്ന ആരെങ്കിലും നമ്മളെക്കുറിച്ച്‌ നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, ഇന്ദ്രിയങ്ങൾക്ക്‌ അതീതമായ എന്തോ ഒന്ന്, നമ്മളെ തോണ്ടി വിളിക്കുന്നതായി തോന്നിയേക്കാം...ബുദ്ധികൊണ്ടും ശാസ്ത്രം കൊണ്ടും അതിനെ നിർവ്വചിക്കാൻ ആകുമെന്നും തോന്നുന്നില്ല...

സമയം നാട്ടിൽ ഇപ്പോൾ പാതിരാത്രിയോടടുത്ത്‌, ഏകദേശം 11.45 PM ആയിട്ടുണ്ട്‌...എന്റെ നമ്പർ കിട്ടിയ സന്തോഷത്തിൽ, സമയവും കാലവും എല്ലാം മറന്ന് വിളിച്ചിരിക്കുകയാണ്‌ അവൾ...
അവൾ ഇപ്പോൾ വിവാഹിതയാണ്‌, ഒന്നരവയസ്സുള്ള ഒരു ആൺകുട്ടിയുമുണ്ട്‌.ഇടയ്ക്ക്‌ കുട്ടിയുടെ കരച്ചിലും ഞാൻ കേട്ടു...ഭർത്താവിനോടൊപ്പമാണ്‌ കുട്ടി, അതിനാൽ സംസ്സാരം തുടർന്നുകൊള്ളാൻ അവൾ പറഞ്ഞു... സമയം രാത്രി ഏറെ വയികിയില്ലേ അതിനാൽ ഫോൺ വെച്ചുകൊള്ളൂ എന്നു ഞാൻ പറഞ്ഞു..... പിന്നിട്‌ ഞാൻ വിളിച്ചുകൊള്ളാം എന്നും, ഇമെയിലിൽ വിശദ വിവരങ്ങളും ഫോട്ടോയും പരസ്പരം കയ്മാറാമെന്നും ഏറ്റു.... മനസ്സില്ലാ മനസ്സോടെ അവസ്സാനം അവൾ ഫോൺ കട്ടുചെയ്തു....
നോക്കു, ആത്മാർത്തമായ സ്നേഹവും, ദൃഡമായ സൗഹൃതവും ആണെങ്കിൽ, കാലത്തിനു പോലും അതിനെ മായിക്കാനാവില്ല....മറവിയെ പോലും അതിജീവിച്ച്‌ അത്‌ ഒരു പിൻ(PIN)വിളി ആയി എത്തും....തീർച്ച.....
ഓർമ്മകൾ വീണ്ടും ഉണരുകയായി...ഇനി അത്‌ യാതാർത്ഥ്യങ്ങളിലേയ്ക്ക്‌ നയിക്കും....
പിന്നിട്ട കാലമേ നിനക്കും നന്ദി....

Friday, 15 August 2008

സ്വതന്ത്ര ചിന്തകൾ

ആഗസ്റ്റ്‌ 15. ഇന്ന് ജിബിന്റെ ജന്മദിനമാണ്‌.സ്കൂളുകൾക്ക്‌ പോലും അവധിയാണ്‌.

അടുത്തുള്ള വായന ശാലയിൽ, കുത്തി നാട്ടിയിരുന്ന കമുകിൻ തൂണിന്റെ തുഞ്ചത്തേയ്ക്ക്‌, ചെറിയ പിണിക്കയറിന്റെ തുമ്പിൽ കെട്ടിയ മൂവർണ്ണ കൊടി, വെളുത്ത വസ്ത്രം ധരിച്ച തടിച്ച മനുഷ്യൻ, വലിച്ചു കയറ്റി. ഉയർന്നു പൊങ്ങിയപോൾ, ചുളിവുകൾ നിവർന്ന് അതിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പൂവുകൾ താഴോട്ടുപതിച്ചു... ഞങ്ങൾ കുട്ടികൾ ആ പൂക്കൾ ഓടിച്ചെന്നെടുത്തു...
എനിക്കു കിട്ടിയ ഇളം മഞ്ഞ ജെമന്തിപൂവ്‌ ഞാൻ ജിബിനുകൊടുത്തു. അവന്റെയല്ലേ ജന്മദിനം...

ആ മുവർണ്ണ കൊടിയെ കാറ്റ്‌ ഇക്കിളിയിട്ട്‌ തുള്ളിക്കുന്നു. ഞാൻ അതൊക്കെ കണ്ണു ചിമ്മാതെ നോക്കിനിന്നു...അപ്പോൾ ആ വെളുത്ത വസ്ത്രം ധരിച്ച തടിച്ചമനുഷ്യൻ എന്തൊക്കയോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുതുടങ്ങി..ചുറ്റിലും ഉള്ള ആളുകൾ അത്‌ കേട്ട്‌ കൈകൾ കൊട്ടി.. ഞാൻ ചെവിയോർത്തു അയാൾ ഒരു പ്രാവശ്യം പോലും ജിബിന്റെ പേർ പറഞ്ഞില്ലല്ലോ...
അവസാനം അവിടെ കൂടിനിന്ന എല്ലാവർക്കും അയാൾ മിഠായി വിതരണം ചെയ്തു.അയാൾ ജിബിന്റെ പപ്പയുടെ കൂട്ടുകാരനാണ്‌....

ആ മിഠായികൾ വായിലിട്ട്‌ ഞുണഞ്ഞുകൊണ്ട്‌ ഞാനും, അയൽവാസികളായ രണ്ടു ക‍ൂട്ടുകാരും, ജിബിനോടൊപ്പം അവന്റെ വീട്ടിലേയ്ക്കു ചെന്നു. അവിടെ ജിബിന്റെ അമ്മ, മേശമേൽ ഒരു കേക്കും അതിൽ നീലയും മഞ്ഞയും ചുവപ്പും ഓറഞ്ചും നിറത്തിലുള്ള ചെറിയ നാല്‌ മെഴുകുതിരികളും നാട്ടി വച്ച്‌, ഞങ്ങളെയും നോക്കി നിൽപ്പുണ്ടായിരുന്നു.

ജിബിന്റെ അമ്മ തീപ്പെട്ടി ഉരച്ച്‌ മെഴുകുതിരികൾ കത്തിച്ചു. ജിബിൻ അത്‌ ഊതി ഊതി കെടുത്തി.. "ഹാപ്പി ബേർത്തിഡെ ടു യു ജിബിൻ" ജിബിന്റെ അമ്മ പാടിതന്നപോലെ ഞങ്ങൾ ഏറ്റുപാടി...ജിബിനും അമ്മയും ചേർന്ന് കേക്ക്‌ മുറിച്ചു..അതിൽ നിന്നും ഞങ്ങൾക്കെല്ലാവർക്കും തന്നു. സ്പോഞ്ച്പോലെ മയമുള്ള ചൊക്ലെയിറ്റ്കേക്ക്‌... ജിബിന്റെ അമ്മ ഒരു കൂട്‌ പൊട്ടിച്ച്‌, പല നിറത്തിലുള്ള മിഠായികൾ ഞങ്ങളുടെ കൈകളിൽ നിറച്ച്‌ വച്ചുതന്നു...ഞാൻ അതിൽ നിന്നും ചുവന്ന ഒരു മിഠായി എടുത്ത്‌ അതിന്റെ കടലാസഴിച്ച്‌ വായിലിട്ടു. ബാക്കിയുള്ളവ നിക്കറിന്റെ പോക്കറ്റിലിട്ടുകൊണ്ട്‌ വീട്ടിലേയ്ക്ക്‌ ഓടി....
വീട്ടിലെ ടിവിയിൽ അപ്പോൾ സ്കൂൾ അസ്സംമ്പ്ലിക്ക്‌ പാടാറുള്ള ജനഗണമന പാടുന്നുണ്ടായിരുന്നു... മൂവർണ്ണത്തിലുള്ള കൊടികളൂം പല പ്രാവശ്യം കാണിക്കുന്നുമുണ്ട്‌......
ജിബിന്റെ ജന്മദിനം മാത്രമെന്തേ ഇങ്ങനെ ?!!..
അവന്റെ പപ്പയ്ക്ക്‌ വെളിയിൽ എവിടെയോ വലിയ ജോലിയാണ്‌... ഒത്തിരി പണവും കാണും... അതാകും ഇങ്ങനെ ഒക്കെ...

അമ്മ പറഞ്ഞു തന്നിട്ടുണ്ട്‌ ഉണ്ണീശോ തീരെ പാവപ്പെട്ടവനായിരുന്നു എന്നും, പശുക്കളുടെ തൊഴുത്തിലാണ്‌ പിറന്നത്തെന്നും. എന്നിട്ടും ഉണ്ണീശോയുടെ ജന്മദിനത്തിന്‌ എല്ലാവീടുകളിലും നക്ഷത്രങ്ങൾ തൂക്കാറുണ്ടല്ലോ ?..
എന്റെ ജന്മദിനത്തിനാണെങ്കിൽ ഒരു ചെറിയ കേക്കും കുറച്ചു മിഠായും മാത്രം...
ജിബിൻ എത്ര ഭാഗ്യം ഉള്ളവനാ....എല്ലായിടത്തും കൊടികൾ തൂക്കുന്നതു കണ്ടീല്ലേ....
എന്റെ പിതുമ്പുന്ന മനസ്സിൽ നൊമ്പരങ്ങൾ തടവറ തീർത്തുകൊണ്ടിരുന്നു.....
അടുത്ത നിമിക്ഷം അതെല്ലാം അകന്നുമാറി. മനസ്സ്‌ സ്വതന്ത്രമായി......

സാരമില്ല... ജിബിൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്‌...

ഞാൻ ആ ടിവിൽ നോക്കി നിന്ന് പുഞ്ചിരിച്ചു...

Wednesday, 13 August 2008

മരുവിൽ ഉതിരും സ്വപ്നങ്ങൾ....

ഭൂതലത്തിൽ നിന്നും 818 മീറ്റർ ഉയരത്തിലേയ്ക്ക്‌,ചിലപ്പോൾ അതിലും ഉയരങ്ങളിലേയ്ക്ക്‌, പണിതുയർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ബർജ്ദുബയ്‌., പണിപൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിഗ്‌ ആയിത്തീരും...

ദുബയുടെ കിരീടത്തിൽ പൊൻതൂവലുകളുടെ എണ്ണം കൂടികൊണ്ടേ ഇരിക്കുന്നു....

ദുബായി...അറേബ്യയുടെ പുളകം...

കടലും കരയും,മലയും പുഴയും,മണ്ണും മരവും, കൃത്രിമമായിപടച്ച്‌,...അഞ്ചുനേരം നിസ്ക്കരിച്ച്‌ പടച്ചവനെ കൂട്ടും പിടിച്ച്‌,... മരുപ്പച്ചകളില്ലത്ത ഈ മരുഭൂവിൽ പറുദീസ്സ പടുക്കുവാൻ പണം വാരിവിതറുന്ന ഷേയ്ക്കു മാരുടെ ദേശം...

ഒരു വട്ടത്തിനുള്ളിൽ ലോകത്തെ മുഴുവൻ തീർത്ത്‌,മദ്യവും,മദിരാക്ഷിയും,ഉത്സവങ്ങളും ഒരുക്കിവച്ച്‌ ലോകരെ പ്രലോഭിപ്പിച്ച്‌ മാടിവിളിക്കുന്ന കച്ചവട തന്ത്രം...

അറബി പൊന്നിനായി അറബിക്കടൽ താണ്ടാൻ ഒരുമ്പെടുന്ന ഏതൊരു മലയാളിയുടെയും ആദ്യ ലക്ഷ്യസ്ഥാനം...

ദുബായി.. സ്വപ്നങ്ങളുടെ നാട്‌........ എനിക്ക്‌ ചില ദുഃസ്വപ്നങ്ങളുടേയും.....

നാട്‌ ഓടുമ്പോഴും, അല്ലാതെയും, നെടുകയും കുറുകയും ഓടിക്കൊണ്ടിരിക്കുന്ന ഈ നാടോടി, കുറെക്കാലം ദുബയിലും ഓടി എത്തിയിരുന്നു....
ദുബയിൽ നിന്നും അബുദാബി റൂട്ടിൽ, അൽക്കൂസ്സിൽ അയിരുന്നു എന്റെ ഓഫീസ്സ്‌. താമസ്സം ബർദുബയിൽ ക്രീക്കിന്‌ അരികിൽ, പഴയ ബാങ്ക്‌ ഓഫ്‌ ബറോഡ ബിൽഡിങ്ങിന്റെ അഞ്ചാം നിലയിൽ.ഒരു സ്വകാര്യം ചൊല്ലാൻ തന്റെ തോളൊപ്പം ഉയരത്തിൽ കൂട്ടുകാരാരും ഇല്ല എന്ന്, ഒരിക്കൽ പരിതപിച്ചിരുന്ന ആ വയസ്സൻ കെട്ടിടം, ഇന്ന് തന്റെ തലയ്ക്കുമീതെ ഉയർന്നു പൊങ്ങുന്ന പുതുമക്കാരെ കണ്ട്‌, മുകളിലേയ്ക്ക്‌ കണ്ണും നട്ട്‌ പകച്ചുനിൽക്കുന്നു...ആ കെട്ടിടത്തിലെ എന്റെ റൂമിൽ നിന്നും നോക്കിയാൽ വളരെ ദൂരത്തോളം ബർദുബയിലെ കഴ്ചകൾ കണാമായിരുന്നു....

കടൽ വെള്ളത്തെ ചാലുകീറി കുറെ ദൂരത്തോളം കരയിലൂടെ ഒഴുക്കി ഉണ്ടാക്കിയിരിക്കുന്നതാണ്‌ ക്രീക്ക്‌.ഉല്ലാസ്സ നൗകകളും, പൊന്തിക്കിടക്കുന്ന റെസ്റ്റോറെന്റുകളും അതിൽ എപ്പോഴും കാണാം. കരയിലൂടെ ബസ്സായും,വെള്ളത്തിലൂടെ ബോട്ടായും വിനോദസഞ്ചാരികളേയും കൊണ്ട്‌ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ റൂട്ടും ഇതിലൂടുണ്ട്‌.

ക്രീക്കിന്റെ ഇരുവശങ്ങളും കല്ലുപാകി നടപാതകൾ തീർത്തും,ഈന്തപനകൾ കൊണ്ട്‌ ഉദ്യാനങ്ങൾ ചമച്ചും മോടി പിടിപ്പിച്ചിരിക്കുന്നു.വെയിലിന്‌ ചൂടുകുറഞ്ഞാൽ ആളുകൾ ഉലാത്താൻ എത്തും.പക്ഷികൾക്കും മീനുകൾക്കും തീറ്റ എറിഞ്ഞു കൊടുക്കുന്നവരേയും,ഉദ്യാനങ്ങളിലെ പച്ചപ്പിൽ യോഗ അഭ്യസ്സിക്കുന്നവരേയും കാണാം. മിക്ക സായാഹ്നങ്ങളിലും അവിടങ്ങൾ എന്റെ വിഹാരകേന്ദ്രങ്ങൾ അയിരുന്നു...

ക്രീക്കിന്റെ മറുകരയിൽ, എന്റെ വസതിക്ക്‌ നേരെ എതിർവശം ഗോൾഡ്‌ സൂക്കാണ്‌.ലോകത്തിലുള്ള സകല സ്വർണ്ണ വ്യാപാരികളും, മൊത്തമായും ചില്ലറയായും സ്വർണ്ണക്കച്ചവടം നടത്തുന്ന ചന്ത. അവിടം നിറയെ പല വലുപ്പത്തിലും തൂക്കത്തിലും സ്വർണ്ണാഭരണങ്ങൾ ഞാത്തി ഇട്ടിരിക്കും.
കുടുകുടെ ശബ്ദം ഉണ്ടാക്കി, ക്രീക്കിനെ അക്കരെയിക്കരെ കീറിമുറിച്ച്‌ പായുന്ന കൊച്ചു ബോട്ടിൽ, ഒരു ദിർഹം കൊടുത്ത്‌, മഞ്ഞലോഹത്തിന്റെ തിളക്കം കണ്ട്‌ അന്തം വിട്ടുനിൽക്കുവാൻ... പലപ്പോഴും ഞാനും പോയിട്ടുണ്ട്‌...

ഇവിടെ ബോട്ട്‌ ഓടിക്കുന്നവരും,ടാക്സി ഓടിക്കുന്നവരും ഭൂരിഭാഗവും പാകിസ്ഥാനികൾ അണ്‌.അവർക്ക്‌ ഇന്ത്യക്കാരോട്‌ ഒരു പ്രത്യേക അടുപ്പവും ഉണ്ട്‌.വിദ്വേഷവും പിണക്കവും ഒക്കെ നാട്ടിലെ ഉള്ളൂ. നാട്‌ വിട്ട്‌, മറുനാട്ടിലെത്തിയാൽ അയൽവാസ്സികൾ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയാണ്‌... ബോട്ടുകളിലെല്ലാം അതിന്റെ സ്പോൺസർമാരുടെ പേർ എഴുതിവച്ചിട്ടുണ്ട്‌.ദുബയിലെ നിയമം അനുസ്സരിച്ച്‌, വിദേശികൾക്ക്‌ ഏതിലും പണം മുടക്കി തൊഴിൽ ചെയ്യാം എങ്കിലും, പിച്ചക്കാരുടെ പിച്ചച്ചട്ടിയുടെ മുതൽ ലോക വ്യവസ്സായ വമ്പന്മാരുടെ വ്യവസ്സായ ശാലകളുടെ വരെ, സ്പോൺസ്സർഷിപ്പും ലയിസ്സൻസ്സും ഏതെങ്കിലും ലോക്കൽ അറബിയുടെ പേരിലായിരിക്കണം... മെയ്യനങ്ങാതെ അറബികൾക്ക്‌ കിട്ടുന്ന ഒരു വരുമ്മാനമാർഗ്ഗം കൂടിയാണ്‌ ഈ സ്പോൺസ്സർഷിപ്പ്‌ ഫീസ്സ്‌..

ഗോൾഡ്‌ സൂക്കിൽ നിന്നും അല്‌പം അകലെ ടാക്സി സ്റ്റാന്റിനോട്‌ ചേർന്ന് വലിയ ഒരു മീൻ ചന്തയും പച്ചക്കറിച്ചന്തയും ഉണ്ട്‌... ക്രീക്കിലെ വെള്ളത്തിന്‌ അടിയിലൂടെ തീർത്തിരിക്കുന്ന ടണലിലൂടെ പത്തുമിനിറ്റ്‌ നടന്നും അവിടെ എത്തിച്ചേരാവുന്നതാണ്‌.

ഞാൻ താമസ്സിക്കുന്ന കെട്ടിടത്തിന്‌ താഴ്‌വശം നിറയെ മാർവാഡികളുടെ തുണിവ്യാപാരശാലകളാണ്‌.ഗുജറാത്തിലെ ഏതൊ തെരുവിൽ വന്നു പെട്ടോ എന്ന് ചിലപ്പോൾ സംശയിച്ചു പോകും...അതിനോട്‌ ചേർന്ന് ഒരു ചെറിയ അമ്പലവും ഉണ്ട്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ ഏതോ മാർവാഡി ഷേയ്ക്കുമാരെ സോപ്പിട്ടു തരപ്പെടുത്തിയതാണ്‌.വിസിറ്റിഗ്‌ വിസ്സായിൽ എത്തി, ജോലി തേടി അലയുന്ന പാവപ്പെട്ട ഇന്ത്യക്കാർ, ഒരുനേരത്തെ ഭക്ഷണത്തിനായി പ്രധാനമായും ആശ്രയിച്ചുപോരുന്നത്‌, സായാഹ്നങ്ങളിൽ ഇവിടെ വിതരണം ചെയ്യുന്ന പ്രസാദത്തെയാണ്‌...വിഷുവിനും ദീപാവലിക്കും മറ്റും ഈ അമ്പലത്തിൽ വൻതിരക്കാണ്‌.

എന്റെ ഓഫീസ്‌ സമയം രാവിലെ 7.30 മുതൽ വൈകിട്ട്‌ 3.30 വരെ അയിരുന്നു. ദുബയിലെ നിയന്ത്രാണാധീതമായ ട്രാഫിക്കിൽനിന്നും രക്ഷനേടുന്നതിനായിരുന്നു സമയം ആവിധം ക്രമപ്പെടുത്തിയിരുന്നത്‌...രാവിലെ 6.45 ആകുമ്പോൾ എല്ലാ പരിപാടികളും പൂർത്തിയാക്കി ഞാൻ കെട്ടിടത്തിന്റെ താഴെ എത്തും.അപ്പോൾ എന്നേയും കാത്ത്‌ കമ്പനിയുടെ കാർ അവിടെ ഉണ്ടാകും.

JT എന്ന മലയാളി ഡ്രൈവറാണ്‌ പതിവായി വണ്ടിയും കൊണ്ടുവരിക.ഞാൻ അങ്കിൾ എന്നാണ്‌ അദ്ദേഹത്തെ വിളിച്ചിരുന്നത്‌. മരുഭൂമിയുടെ പ്രതിഛായ എന്നവണ്ണം തലയിൽ അങ്ങിങ്ങായ്‌ അല്‌പം മുടിമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു.ഇരു നിറത്തോടുകൂടി സാമാന്യം വണ്ണവും ഉയരവുമുള്ള ഒരു സാധു മനുഷ്യൻ...
ഞാൻ കാറിൽ കയറിയാൽ ഉടനെ അദ്ദേഹം വാചാലനാകും...നാട്ടു വിശേഷങ്ങളൂം വീട്ടു വിശേഷങ്ങളും വാതോരാതെ വഴിനീളെ പറഞ്ഞുകൊണ്ടിരിക്കും..ദുബയിലെ ട്രാഫിക്കിനെ മറികടക്കാൻ അതിവിദഗ്തൻ ആയിരുന്നു അദ്ദേഹം.

ബർദുബയിൽ നിന്നും എന്നെ പിക്കപ്പ്‌ ചെയ്ത്‌ വണ്ടിനേരെ കരാമയിൽ എത്തും. അവിടെ പിരിമെഡ്‌ ബിൽഡിഗിൽനിന്നും മറ്റൊരു സഹപ്രവർത്തകനേയും പിക്കപ്പ്‌ ചെയ്യേണ്ടതുണ്ട്‌. ബർദുബയിക്കും കരാമയ്ക്കും ഇടയിൽ മെയിൻ റൂട്ടിൽനിന്നും അല്‌പം അകന്ന് മോടികൂടിയ കെട്ടിടങ്ങൾക്ക്‌ പിന്നിലായി, വധശിക്ഷയെ ഭയന്ന് ഒളിവിൽ കഴിയുന്ന ഒരു പഴയ കെട്ടിടത്തിൽ അയിരുന്നു അങ്കിളിന്റെ താമസം...

ഒരിക്കൽ ഓഫീസ്സിൽ നിന്നും റൂമിലേയ്ക്ക്‌ മടങ്ങും വഴി, ഞാൻ അങ്കിളിന്റെ വസതി സന്ദർശിക്കാൻ ഇടയായി. മൂന്നുനിലകളുള്ള ജീർണ്ണിച്ച ആ കെട്ടിടത്തിന്റെ ടെറസ്സിൽ ഒരു കോണിലായി ടിൻഷീറ്റുകൾ മേഞ്ഞ്‌ ഒരു മുറി പോലെ തീർത്തിരിക്കുന്നു...വെളിയിൽ മറപ്പുരപോലെ ഒരു ടോയിലറ്റും ഉണ്ട്‌.
അങ്കിൾ എന്നെ ഉള്ളിലേയ്ക്ക്‌ ക്ഷെണിച്ചു.ജനലുകൾ ഒന്നും ഇല്ലാത്ത ഒരു ചെറിയ ഇരുട്ടു മുറി. സദാ സമയം ശീതീകരണ യന്ത്രം പ്രവർത്തിക്കുന്നതിനാൽ ഒരു വല്ലാത്ത ഗന്ധം കെട്ടിനിൽപ്പുണ്ട്‌...ട്രെയിനിലെ ബർത്തുകൾപോലെ നാലുനിലകളുള്ള രണ്ട്‌ കട്ടിലുകൾ ഇരു ഭിത്തികളോടും ചേർത്തിട്ടിരിക്കുന്നു. അവയുടെ ചില നിലകളിലും, താഴെ നിലത്ത്‌ അവയ്ക്ക്‌ അടിയിലുമായി അപ്പോഴും ചില അളുകൾ കിടന്നുറങ്ങുന്നുണ്ട്‌..രാത്രിയിൽ ജോലിചെയ്യുന്നവരാണ്‌ എന്നു തോന്നുന്നു...ഒരു കോണിൽ മേശമേൽ ഗ്യാസ്‌സ്റ്റവും കുറെ പാത്രങ്ങളും, അതിനു കീഴിലായി സിലണ്ടറും വച്ച്‌ അടുക്കള ക്രമീകരിച്ചിരിക്കുന്നു...

ഭീമമായ വാടക താങ്ങാൻ ആവാത്തതിനാൽ, ആ കൊച്ചുമുറിയുടെ നീളവും,വീതിയും,ഉയരവും, പത്തോളം പേർച്ചേർന്ന് പകുത്തെടുത്തിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും,കുളിക്കുന്നതിനും, അലക്കുന്നതിനും, ടോയിലറ്റ്‌ ഉപയോഗിക്കുന്നതിനും, അവർക്കിടയിൽ അതിവിദഗ്തമായി ആസൂത്രണം ചെയ്ത ഒരു സമയക്രമവും ഉണ്ട്‌. ആരെങ്കിലും ഒരാൾ അതിൽ അല്പം വ്യതിയാനം വരുത്തിയാൽ മറ്റെല്ലാവരുടേയും ജോലിയേയും വിശ്രമത്തേയും അത്‌ സാരമായി ബാധിക്കും.

ദുബയുടെ പളപളപ്പും,മിനുമിനുപ്പും പണക്കാർക്ക്‌ വേണ്ടി ഉള്ളതാണ്‌...പാവപ്പെട്ട പ്രവാസ്സികൾക്ക്‌ അതൊക്കെ ദൂരെനിന്നും നോക്കികാണ്ട്‌ കൊതിയൂറാം... തൊട്ടാൽ കൈ പൊള്ളും...
ഇവിടെ ഒരു സാദാരണക്കാരന്റെ ശമ്പളത്തിൽ ജീവിതം തള്ളിനീക്കാൻ ബുദ്ധിമുട്ടാണ്‌.ഉണ്ണാതെയും ഉടുക്കാതെയും ഉറങ്ങാതെയും എന്തെങ്കിലും മിച്ചം വെച്ച്‌, നാട്ടിലെത്തിച്ചാൽ അതിന്‌ അവിടെ അല്‌പം വില കണ്ടേക്കാം. ഓരോ പ്രവാസിയും ഇവിടെ വിയർപ്പൊഴുക്കുന്നത്‌ അതിനുവേണ്ടിയാണ്‌...നാട്ടിൽ നല്ല ഒരു നാളേയ്ക്കുവേണ്ടി....

മുഖത്ത്‌ കറുത്ത കണ്ണടയും, കയ്യ്‌കളിൽ കുത്തിനിറച്ച പെട്ടിയുമായി, നാട്ടിൽ വന്നിറങ്ങുന്ന ഓരോ ഗൾഫ്കാരന്റേയും, ഉൾച്ചിത്രം ഏതാണ്ടിതൊക്കെത്തന്നെയാണ്‌...

കരാമയിൽ നിന്നും ഏകദേശം7 മണിയോടുകൂടി, മറ്റേ സഹപ്രവർത്തകനേയും പിക്കപ്പ്‌ ചെയ്ത്‌ വണ്ടി ഷെയ്ക്‌ സായദ്‌ റോഡിലേയ്ക്കു കടക്കും. ദുബയിൽ നിന്നും അബുദബിക്കുള്ള നേർവഴി പാതയാണ്‌ ഷേയ്ക്ക്‌ സായദ്‌ റോഡ്‌. ദൂരത്തോളം നേർ ദിശയിൽ ഉള്ളതാണെങ്കിലും പൊടിയും പുകയും ചേർന്നുണ്ടാക്കുന്ന മൂടൽ ദൂരക്കാഴ്ച്ചകൾ അവ്യക്തമാക്കുന്നു. എങ്കിലും ഇടതുവശത്തായി പരസ്പരം മുഖം നോക്കിനിൽക്കുന്ന ട്വീൻ ടവറുകളും, വലത്‌ വശത്ത്‌ ക്രൗൺ പ്ലാസയ്ക്കും പിന്നിലായി, അകലെ കടലിനോട്‌ ചേർന്ന് നങ്കൂരമിട്ട്‌ കിടക്കുന്ന പായ്ക്കപ്പൽ പോലെ, സപ്ത നക്ഷത്ര ഹോട്ടലായ ബർജ്‌ അൽ അറബും ദൂരെ നിന്നേ കാണാനാകും.
വാഹനങ്ങളുടെ നീണ്ട നിരയിൽ ഞുഴഞ്ഞ്‌ കയറിയും, വെട്ടിച്ചും, ഓവർ ടേയ്ക്ക്‌ ചെയ്തും, ഫ്ലൈ ഓവറുകൾ താണ്ടിയും അങ്കിൾ ഞങ്ങളെ 7.20 അകുമ്പഴേയ്ക്കും ഓഫീസ്സിൽ എത്തിച്ചിരിക്കും. അതാണ്‌ പതിവ്‌....

അന്നേദിവസം...സമയം രാവിലെ 6.30

ദുബയിൽ ഒട്ടാകെ പൊടുന്നനെ വൈദ്യുതിനിലച്ചു.
ശീതീകരിണികളും ലിഫ്റ്റുകളും പണിമുടക്കി. ടെലിഫോണുകൾ നിശബ്ദമായി.. ട്രാഫിക്ക്‌ സിഗ്നലുകൾ അണഞ്ഞു. നിരത്തിലാകെ വഹനങ്ങളുടെ ബഹളമായി... നാഴികകൾ ഇടവിട്ട്‌ മുഴങ്ങേണ്ടിയിരുന്ന ബാങ്കുവിളികൾ ഉയർന്നുകേട്ടില്ല...ഷോപ്പിഗ്‌ കോപ്ലക്സുകളും,വൻ കെട്ടിടങ്ങളും വേവുപാത്രങ്ങളായി... മണൽക്കാറ്റിൽ നിവസ്സികൾ അകെ ഉരുകി ഒലിച്ചു....പാതിരാത്രിവരേയും വൈദ്യുതി വന്നില്ല.
കൊത്തളങ്ങളിൽ നിന്നും ഷെയ്ക്കുമർ തഴെ മണ്ണിലേയ്ക്ക്‌ ഇറങ്ങിവന്നു....ഒട്ടകങ്ങളെപ്പോലെ അവർ മരുപ്പച്ചകൾ തേടി അലഞ്ഞു....

എന്റെ മുറിയിലാകെ ഇരുട്ടായിരുന്നു. ഒരു മെഴുകുതിരിയുടെ തരി പോലും കയ്യ്‌വശം ഉണ്ടായിരുന്നില്ല.ദുബയിൽ ഇങ്ങനെ വൈദ്യുതി തകരാറിലാകുന്നത്‌ എന്റെ അറിവിൽ അദ്യമായിരുന്നു.
ദിനകൃത്യങ്ങൾ ഒരു വിതം പൂർത്തീകരിച്ച്‌, എണ്ണമറ്റ പടികൾ എല്ലാം തപ്പിയും തടഞ്ഞും ഓടി ഇറങ്ങി,വിയർപ്പിൽ കുതിർന്ന്, കിണച്ച്‌, ഒരു വിതത്തിൽ ഞാൻ എന്റെ വസതിക്ക്‌ താഴെ എത്തിച്ചേർന്നു. അപ്പോഴും അങ്കിൾ വണ്ടിയും ആയി എത്തിയിരുന്നില്ല...

7മണി അയിട്ടും അങ്കിളിനെ കണുന്നില്ല. മൊബയിൽ ഫൊണെടുത്ത്‌ ഒരു വിഫല ശ്രമം നടത്തിനോക്കി. എത്തിസലാത്തിന്റെ ടവറുകളും പ്രവർത്തന രഹിതമായതിനാൽ ആകണം, ഫോണിൽ സിഗ്നൽ ഒന്നും കണ്ടില്ല... ഒരു പക്ഷേ വൈദ്യുതി നിലച്ചതിനാൽ, അങ്കിളും തയ്യാറാകാൻ വൈകിയിരിക്കാം....

ഞാൻ അതുവഴിവന്ന ഒരു ടാക്സിക്ക്‌ കൈയ്‌ കാട്ടി. അതിൽ കയറി അങ്കിളിന്റെ വാസസഥലത്തേയ്ക്കു പുറപ്പെട്ടു. അങ്കിൾ വണ്ടിയുമായി പോകൂന്നുണ്ടോ എന്ന്, വഴിയിൽ ഉടനീളം ടാക്സിയിൽ ഇരുന്നും ഞാൻ വെളിയിലേയ്ക്കു നോക്കികൊണ്ടേയിരുന്നു. ഞങ്ങളുടെ കമ്പനിവണ്ടികളിൽ എല്ലാം കമ്പനിയുടെ എമ്പ്ലം പതിപ്പിച്ചിട്ടുണ്ട്‌, അതിനാൽ വണ്ടികൾ തിരിച്ചറിയാൻ എളുപ്പമാണ്‌...

ടാക്സിയിൽനിന്നും ഇറങ്ങി,അങ്കിൾ താമസ്സിക്കുന്ന ആ പഴകിയ കെട്ടിടത്തിന്റെ പടവുകൾ ഓടിക്കയറി, ഞാൻ അങ്കിളിന്റെ റൂമിന്റെ മുന്നിലെത്തി. അവിടെ അങ്കിളിന്റെ സഹവാസികളിൽ ചിലരും ചില അയൽവാസികളും തിങ്ങി നിൽപ്പുണ്ടായിരുന്നു. അവരുടെ ഇടയിലൂടെ ഞാൻ ഉള്ളിലേയ്ക്കൊന്ന് എത്തിനോക്കി.

അറിയതെ ഒരു വിറയൽ എന്റെ ശരീരത്തെ നടുക്കിക്കളഞ്ഞു... ഞാൻ ഒന്നുകൂടെ കണ്ണുകൾ മിഴിച്ചുനോക്കി.... അതേ അങ്കിളുതന്നെ... മുറിയുടെ ഒത്തനടുവിൽ, മുകളിലെ ഫാനിന്റെ നീണ്ടകാലിൽ, ഉടുതുണികൊണ്ട്‌ കുരുക്കിട്ട്‌ തൂങ്ങിനിൽക്കുന്ന വിറങ്ങലിച്ച ശരീരം... കയ്യിലേയും കാലിലേയും ഞെരമ്പുകൾ വലിഞ്ഞു മുറുകി പിടച്ചു നിൽക്കുന്നു.... ആ മുഖത്തേയ്ക്ക്‌ ഒന്നു നോക്കുവാൻ എനിക്കു ധൈര്യം ഉണ്ടായില്ല....

തൊട്ട്‌ അടുത്തുതന്നെ കസ്സേരയിൽ.., കറുത്ത മക്ഷിയിൽ കുനുകുനാന്ന് എന്തൊക്കെയോ എഴുതിയ ഒരു വെള്ള കടലാസ്സും, ഒരു ഇൻഷുറൻസ്സ്‌ പൊളിസ്സിയും, ABN Ambro ബാങ്കിന്റെ ഒരു ക്രെഡിറ്റ്‌ കാർഡും അതിനെല്ലാം മുകളിലായി സാംസങ്ങിന്റെ ഒരു മൊബയിൽ ഫോണും വച്ചിരുന്നു....

അങ്കിൾ പറഞ്ഞ്‌ പറഞ്ഞ്‌, ഉള്ളിൽ പതിഞ്ഞ ആ മുഖങ്ങൾ എന്റെ മുമ്പിൽ ഓടിയെത്തി...
നേഴ്സ്സിഗിന്‌ രണ്ടാം വർഷം പഠിക്കുന്ന മകൾ, എഞ്ചിനീയറിഗിന്‌ ഒന്നാം വർഷം പഠിക്കുന്ന മകൻ. മക്കളുടെ ഭാവിയെക്കുറിച്ചും പെരുകുന്ന കടക്കെണിയെ ക്കുറിച്ചും ആകുലയായിക്കഴിയുന്ന ഭാര്യ...
എങ്ങനെ എങ്കിലും ദുബയിൽ വന്നുപെട്ടാൽ, പണം വാരികൂട്ടാം എന്ന പ്രതീക്ഷയിൽ വലിയ ഒരു തുക പലരിൽ നിന്നും കടം വാങ്ങിയാണ്‌ അങ്കിൾ ഈ നാട്ടിൽ വന്നെത്തിയത്‌. മക്കളുടെ പഠനത്തിനായി വീണ്ടും കടങ്ങൾ വാങ്ങേണ്ടി വന്നു...പാതി പണി തീർന്ന വീടും ജപ്തിയുടെ ഭീക്ഷണിയിൽ തന്നെ....
ഈ മരുവിലെ തുശ്ചമായ ശമ്പളവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കൊണ്ട്‌, ഒരു ജന്മം മുഴുവൻ ഇനി പണീ എടുത്താലും കടങ്ങൾ വീട്ടുവാൻ ആവില്ല എന്ന് അദ്ദേഹത്തിന്‌ ബോധ്യമായിക്കഴിഞ്ഞിരുന്നു....

എല്ലാത്തിൽ നിന്നും... എല്ലാവരിൽ നിന്നുമുള്ള... ഒരു ഒളിച്ചോട്ടമായിരുന്നു അത്‌...

ആരോ വിവരം അറിയിച്ചതിനാലാവണം, സൈറൺ മുഴക്കികൊണ്ട്‌ ഒരു ആബുലൻസ്സും ഒരു പൊലീസ്സ്‌ വണ്ടിയും താഴെ വന്നെത്തി... ഒരു സ്‌ട്ക്ച്ചർ കയ്കളിൽ ഏന്തി, ചുവന്ന വസ്ത്രം ധരിച്ച രണ്ട്‌ ആളുകളും, അവരോടൊപ്പം പച്ച വസ്ത്രം ധരിച്ച മൂന്ന് പൊലീസുകരും, പടികൾ കയറിവന്നു.

പോലീസ്സുകാർ അങ്കിളിന്റെ സഹവാസ്സികളിൽ ചിലരോട്‌ എന്തൊക്കയോ ചോദിച്ച്‌ എഴുതിയെടുത്തു.തൂങ്ങി നിൽക്കുന്ന മൃതദ്ദേഹത്തിന്റെ ചുറ്റിലും നിന്ന് ഒന്നുരണ്ട്‌ ഫോട്ടോകൾ എടുത്തു...അടുത്ത്‌ കസ്സേരയിൽ ഉണ്ടായിരുന്ന വസ്തുക്കൾ ഒരു പ്ലാസ്റ്റിക്ക്‌ കവറിനുള്ളിലാക്കി...,ഫാനിൽ നിന്നും കുരുക്കറുത്ത്‌ മൃതദ്ദേഹം സ്ട്രക്ച്ചറിൽ കിടത്തി..., ഒരു വെളുത്ത തുണികൊണ്ട്‌ അതുമൂടി...ചുവന്ന വസ്ത്രധാരികളായ ആ രണ്ടുപേർ ചേർന്ന് അത്‌ കൈകളിൽ ഏന്തി...

അവരെല്ലരും പടികൾ ഇറങ്ങി താഴോട്ടു പോയി...വീണ്ടും സയറൺ മുഴക്കി വാഹനങ്ങൾ അകന്നു പോയി...

അവിടെ കൂടിയിരുന്ന പ്രവാസ്സികളുടെ കണ്ണുകൾ ചുവന്നിരുന്നു...കണ്ഠങ്ങൾ ഇടറിയിരുന്നു... അവർ പരസ്പരം എന്തൊക്കയോ പിറുപിറുത്തുകൊണ്ടേയിരുന്നു...

പ്രവാസ്സികളൂടെ നെടുവീർപ്പുകൾ മുകളിലേയ്ക്കുയർന്നു....

അത്‌ മേഘങ്ങളിൽ തട്ടി ഘനീഭവിച്ച്‌ മഞ്ഞും മഴയും ആയി...

പുകയും പൊടിയുമായി കുഴഞ്ഞ്‌... ചുവന്ന കണ്ണീർത്തുള്ളികളായി താഴോട്ടു പതിച്ചു....

അതിൽ ദുബായി നഗരമാകെ മങ്ങിപ്പോയി...

രണ്ടു ദിവസത്തിനു ശേഷം, അങ്കിളിന്റെ മൃതദ്ദേഹം പോസ്റ്റുമാർട്ടവും, മറ്റു ഫോർമാലിറ്റികളും പൂർത്തിയാക്കി, വളരെ മനോഹരമായി പായ്ക്കു ചെയ്ത്‌, നാട്ടിലെ വിലാസത്തിൽ അയ്ക്കപ്പെട്ടു....

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉറ്റവർക്കും ഉടയവർക്കുമായി... ഒരു ഗൾഫുകാരന്റെ...സമ്മാനം.....

ഇന്നും ഗൾഫുനാടുകളിൽ, അപ്രതീക്ഷിതമായി മഞ്ഞും മഴയും ഉണ്ടാകാറുണ്ട്‌......

പുകയും പൊടിയും, മാനം മുട്ടിനിൽക്കുന്ന മണിമേടകളെ മറയ്ക്കാറുമുണ്ട്‌......

Sunday, 10 August 2008

എന്റെ വല്ല്യം ......

എന്തേ ഇന്ന്, എന്റെ ഈ മുറിയുടെ വാതിൽ ശീലുകൾ വല്ലാതെ ഉലഞ്ഞാടുന്നത്‌?...
ആ വെളുവെളുത്ത ശീലുകൾ എന്നെ എത്തിപ്പിടിക്കാൻ ആയുന്നതു കണ്ടില്ലേ?....
വാത്സല്ല്യം പൂണ്ടു എന്നെ പുണരുവാൻ കരങ്ങൾ നീട്ടുകയാണോ... ആവോ...

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചർ ഞങ്ങൾ കുട്ടികളൊടായി ഒരു ചോദ്യം ഉന്നയിച്ചു.
നിങ്ങളുടെ മനസ്സിനെ എറ്റവും കൂടുതൽ ആകർഷിച്ച വ്യക്തി ആരാണ്‌?.
ഫാന്റം, മാൻഡ്രേയ്ക്ക്‌, കുട്ടികൾ പലപല ഉത്തരങ്ങൾ പറഞ്ഞു തുടങ്ങി. ടീച്ചറുടെ വിരൽ ചൂണ്ടൽ എന്റെ നേരെ ആയപ്പോൾ ഞാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു... എന്റെ വല്ല്യമ്മച്ചി...
ഒരു നിമിക്ഷം എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട്‌ ടീച്ചർ തിരക്കി, ആരാണവർ ?
ഏതൊ പ്രശസ്ത വനിത ആകാം എന്ന് അവരും ഒന്നു ശങ്കിച്ചിരിക്കാം.

എന്റെ മമ്മിയുടെ അമ്മച്ചി... ഞാൻ ഉറച്ചു പറഞ്ഞു.

ഞാൻ വല്ല്യം എന്നു വിളിക്കുന്ന, എന്റെ വല്ല്യമ്മച്ചിയുടെ പേരുപോലും അന്നെനിക്കു ശരിക്കറിയില്ലായിരുന്നു. ചില കുട്ടികൾ അന്നെന്റെ ഉത്തരം കേട്ടുചിരിച്ചു....
മദർ തെരെസാ മുതൽ ഐശ്വര്യാ റായി വരെയുള്ള മഹതികളേയും, മഹാത്മഗാന്ധി മുതൽ അബ്ദുൾ കലാം വരെ യുള്ള മഹാൻ മാരേയും, നെപ്പോളിയൻ, എബ്രഹാം ലിങ്കൻ തുടങ്ങി ഒട്ടനവധി ലോകനേതക്കളേയും ഇന്നെനിക്കറിയാം.....
എങ്കിലും ആരെങ്കിലും ആ പഴയ ചോദ്യം ഇന്നും ആവർത്തിച്ചാൽ,.......
എനിക്കടുത്തറിയാവുന്ന എന്നെ അടുത്തറിയാവുന്ന എന്റെ വല്ല്യംഎന്ന ആ ഉത്തരം മാറ്റിപ്പറയുവാൻ വാൻ എനിക്കാവതില്ല....

വെളുവെളുത്ത മുണ്ട്‌ അടുക്കിട്ടുടുത്ത്‌, വടിവൊത്ത വെൺ ചട്ടയും ഇട്ട്‌,തല നിറയെ ഇടതിങ്ങി നിൽക്കുന്ന വെള്ളി മുടികളുമായി അരുമയോടെ എന്നെ നോക്കി ചിരിക്കുന്ന എന്റെ വല്ല്യം....
ആ ചിരിയിൽ നീണ്ട കാതിലെ സ്വർണ്ണ കുണുക്കുകൾ തുള്ളിച്ചാടും....
പള്ളിപ്പെരുന്നാളിനു വാങ്ങിത്തരുന്ന ഉഴുന്നാടകൾ കാട്ടി ഇതാ വല്ല്യത്തിന്റ്‌ കുണുക്ക്‌ എന്നു പറഞ്ഞു ഞാൻ കളിയാക്കുമായിരുന്നു....

നല്ല പ്രായത്തിൽ വൈധവ്യം ഏറ്റുവാങ്ങേണ്ടി വന്നവളാണ്‌ എന്റെ വല്ല്യം...
ഏഴുവയസ്സിനു തഴെയായി ഓരൊ വയസ്സിനിളപ്പമുള്ള അഞ്ചിളം കുഞ്ഞുങ്ങളെ, അവരുടെ കയികളിൽ വിട്ടിട്ട്‌ വിടചൊല്ലി പോയതാണ്‌ എന്റെ വല്ല്യപ്പച്ചൻ....

ഒന്നോർത്തു നോക്കു........
എഴുപതോളം വർഷങ്ങൾക്ക്‌ മുമ്പ്‌, ആവശ്യത്തിനും അത്യാവശ്യത്തിനും യാതൊന്നും ലഭ്യമല്ലാതിരുന്ന ഒരു കുഗ്രാമത്തിൽ....
വൈദുതിയും വണ്ടിയും എത്തിയിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ.......
ദുഖങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി,
ചിരിച്ചും കരഞ്ഞും ചുറ്റിലും ഇഴഞ്ഞും കളിച്ചുരുണ്ടും നടക്കുന്ന പിഞ്ചിളം കുഞ്ഞുങ്ങളുമായി,
ആരോരും തുണയില്ലാതെ, ഒറ്റയ്ക്കൊരു യുവതി....

പിന്നീടുള്ള അവരുടെ ജീവിതം ഒരു പോരാട്ടമായിരുന്നു....
ആറേക്കറോളം വരുന്ന പുരയിടത്തിൽ പലതും നട്ടും, വളം ഇട്ടും വിയർപ്പൊഴിച്ചും അവ വളർത്തിയും, വിളവെടുത്ത്‌ വിറ്റും.... എത്ര മാത്രം ക്ലേശങ്ങൾ അവർ സഹിച്ചിരിക്കണം......

യാതൊന്നും കിട്ടാത്ത വറുതിയിൽ, ഇടനെഞ്ച്‌ കൊക്കിനാൽ കൊത്തിപിളർന്ന്, ആ ചുടു ചോര..., പശിയാൽ വാ പിളർന്നുകരയുന്ന സ്വന്തം കുഞ്ഞുങ്ങളുടെ തൊള്ളയിലേയ്ക്ക്‌ ഇറ്റിറ്റു വീഴ്ത്തുന്ന പെലിക്കൺ പക്ഷിയെപ്പോലെ....
അവരും എന്റെ അമ്മ ഉൾപ്പെടെയുള്ള അവരുടെ കുഞ്ഞുങ്ങളെ പറക്കമുറ്റിക്കാൻ, സ്വന്തം ചൂടും ചോരയും നൽകി പെടാപ്പാട്‌ പ്പെട്ടിരിക്കണം......

സൗകര്യങ്ങൾ ഏറെ വളർന്ന ഈ കാലഘട്ടത്തിലും, അതു പോലൊരു വെല്ലുവിളി, യാതൊരു പരാതിയും പറയാതെ ഏറ്റുവാങ്ങുവാനുള്ള ആ ചങ്കൂറ്റം..... ഇന്ന് ഏതെങ്കിലും യുവതിക്ക്‌ കണുമോ ?!!..

ഇതാ ഒന്നു കണ്ണടച്ചു തുറന്നാൽ എന്റെ വല്ല്യം എന്റെ അടുക്കൽ ഓടി എത്തുകയായി....

വാരാന്ത്യങ്ങളിൽ വാത്സല്ല്യത്തിന്റെ പലഹരപൊതികളുമായി എന്നെ കാണാൻ എത്തുന്ന എന്റെ വല്ല്യം......
അപ്പന്റേയും അമ്മയുടേയും ശാസനകളെ തടുത്ത്‌, വാരി എടുത്തെൻ കവിൾത്തടങ്ങളിൽ തെരുതെരെ ഉമ്മ തരുമായിരുന്ന എന്റെ വല്ല്യം......
സ്കൂളിലേയ്ക്കു പോകുമ്പോൾ ബസ്സിൽ കൂലിയായി കൊടുക്കുവാൻ,സൊരുക്കൂട്ടി വെച്ച നാണയ തുട്ടുകൾ കിഴികളാക്കി എന്റെ കയ്യിൽ വെച്ചുതരുമായിരുന്ന എന്റെ വല്ല്യം....
അതിരാവിലെ ഉണർന്ന്, ഇരുട്ടിനേയും തണുപ്പിനേയും വകഞ്ഞു മാറ്റി, പതിവായി പള്ളിയിൽ പോയി, ക്രൂശിതനായ കർത്താവിന്റെ മുമ്പാകെ മുട്ടിന്മേൽ നിന്ന്,മക്കളുടേയും കൊച്ചുമക്കളുടേയും പുണ്യത്തിനായി കരളുരുക്കി പ്രാർത്തിക്കുന്ന എന്റെ വല്ല്യം.......

പഠിച്ചുദ്ദ്യോഗംകിട്ടി ഞാൻ ദൂരേയ്ക്കു പോയപ്പോൾ, എന്നേയും കാത്തിരുന്ന് കാത്തിരുന്ന് ക്ഷമകെട്ടപ്പോൾ....
മണ്ണാവേണ്ടത്‌ മണ്ണിൽ തന്നെ വെടിഞ്ഞിട്ട്‌.....
വിണ്ണിന്റെ ഉയരങ്ങളിലൂടെ....
എന്നെയും തേടി....
ഇതാ ഇവിടെ എത്തിയിരിക്കുകയാണ്‌ എന്റെ വല്ല്യം.....

ദിനം തുടങ്ങേണ്ടതും, ഒടുങ്ങേണ്ടതും ഈശ്വരചിന്തയിലാവണം എന്ന് പറഞ്ഞ്‌ നീയല്ലേ എന്നേ പ്രാർത്ഥനകൾ ഉരുവിട്ടു പഠിപ്പിച്ചത്‌....
ഇതാ കണ്ണുകൾ പൂട്ടി ആ പാട്ട്‌ ഞാൻ പാടാൻ പോകുന്നു........

ഞാൻ ഉറങ്ങാൻ പോകും മുമ്പായി-
നാഥാ നിനക്കേകുന്നിതാ നന്ദി നന്നായി-

വല്ല്യം.... ഇനി നീ എന്റെ മൂർദ്ധാവിൽചുമ്പിച്ചെന്നെ ഉറക്കിയാലും.......

Monday, 4 August 2008

തെറ്റേത്‌..? ശരിയേത്‌..?

ക്ഷമിക്കുക....
വെള്ളിയാഴ്ച രാത്രിയിൽ നിന്റെ അടുക്കൽ എത്തുവാൻ പറ്റിയില്ല....
വൈകിയെങ്കിലും മറ്റെല്ലാരാവുകളിലും നിന്നെത്തേടി ഞാൻ എത്തിയിരുന്നില്ലേ..?
എനിക്കു നിന്നോട്‌ ഒരു ചെറു പ്രണയം നാമ്പിട്ടുതുടങ്ങിയോ എന്നും ഒരു സംശയം....പിരിഞ്ഞു നിന്നപ്പോൾ എന്തോ ഒരു വിഷമം....

ഏയ്‌... ഞാൻ ആയിട്ട്‌ ഒന്നും പറയുന്നില്ല... ഒരു ചെറുപ്പക്കാരന്റെ മനസ്സ്‌ വായിച്ചെടുക്കാനുള്ള സാമാന്യ ലോകപരിചയം ഒക്കെ, നിനക്കും ഉണ്ടെന്നെനിക്കറിയാം...
ഇനി ഞാൻ പറഞ്ഞാൽ.... നീ അതു നിക്ഷേധിച്ചാൽ എല്ലാം തീർന്നീല്ലേ...മൗനമായി പ്രണയിക്കുന്നതിന്‌ ആരുടേയും സമ്മതം വേണ്ടല്ലോ....
കള്ളം പറയുന്നില്ല...കഴിഞ്ഞ രാത്രി വെളുക്കുവോളം, ആടിയും പാടിയും ഞാൻ നിശാശാലയിൽ തന്നെ ആയിരുന്നു...
അടച്ച മുറി വിട്ട്‌, എനിക്കും ഒരു തുറന്ന ലോകം വേണ്ടേ..???അല്‌പം ചാടി തുള്ളിയാൽ മനസ്സിലും ശരീരത്തിലും കഴിഞ്ഞ ഒരാഴ്ചകൊണ്ടു പറ്റിപ്പിടിച്ചതൊക്കെ അടർന്നു പൊയ്ക്കൊള്ളും...

കടൽക്കാറ്റ്‌ ഓരിയിട്ടുതുടങ്ങുമ്പോൾ...കറുത്തുതടിച്ച രാത്രിയെ ഭയന്ന് ആകാശവും കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ... വെള്ളിയാഴ്ച രാവുകളിൽ ഞാൻ മാത്രം ഏകനായി റൂമിലിരുന്നാൽ.. ഭൂത,പ്രേത,പിശാചുക്കളും,വടയക്ഷികളും ഒന്നുചേര്ർന്നുവന്ന് ഭയപ്പെടുത്തി ആക്രമിച്ചേക്കാം...കഴിഞ്ഞ ഒരാഴ്ചത്തെ ജോലിഭാരത്താൽ, മനസ്സും ശരീരവും ബലഹീനനായ ഒരുവനെ കീഴ്പ്പെടുത്തുവാൻ അവറ്റയ്ക്ക്‌ യാതൊരു വിഷമവും കാണില്ല...
അവയ്ക്കൊന്നും പിടിക്കാൻ ആവാത്തവിതത്തിൽ, ആൾകൂട്ടത്തിൽ ഓടിക്കയറി,ഉറഞ്ഞുതുള്ളിയാൽ.. ഒരു പക്ഷേ എന്റെ വിശ്വരൂപം കണ്ട്‌ അവറ്റകൾ ഭയന്നകന്നാലോ....അങ്ങനെ എങ്കിൽ അവയ്ക്ക്‌ അത്ര ശക്തി പോരാത്ത മറ്റുള്ള ദിനങ്ങളിൽ, എനിക്കവയുടെ ഉപദ്രവം കൂടാതെ കഴിഞ്ഞ്കൂടാനും ആകും....

വെറുതെ പേടിപ്പിക്കാൻ പറയുന്നതല്ല പെണ്ണെ...ഇതിലൊക്കെ ചില വാസ്തവം ഉണ്ട്‌.... ബ്ലോഗിൽ അനേകം കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുന്ന നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല...
യുഗങ്ങൾക്ക്‌ മുമ്പ്‌ രാമരാവണ യുദ്ധത്തിലും,മഹാഭാരത യുദ്ധത്തിലും കൊല്ലപ്പെട്ട പഴഞ്ചൻ പ്രേതങ്ങളുടെ നാടല്ല ഇത്‌....കുറച്ചു വർഷങ്ങൾക്കുമുമ്പ്‌ ലോകമഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ട പുതുപ്രേതങ്ങളുടെ നാടാണ്‌...ശക്തികൂടും....

വെള്ളിയാഴ്ച ഓഫീസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ നന്നേ വൈകിയിരുന്നു. തിടുക്കത്തിൽ റൂമിൽ ചെന്ന് ഒരു കുളിയും കഴിച്ച്‌, വസ്ത്രങ്ങളും മാറി, തെരുവിലേയ്ക്കുതന്നെ തിരിച്ചെത്തി...
ആദ്യ നാളുകളിൽ ഫ്ലോറെൻസ്‌ നഗരത്തിൽ തന്നെ ഉള്ള ഡിസ്കൊതെക്കകൾ തന്നെയാണ്‌ ഞാനും വീക്കെന്റിനായി തിരഞ്ഞെടുത്തിരുന്നത്‌. അവിടങ്ങളിൽ പലസഹപ്രവർത്തകരേയും കണ്ടുമുട്ടുകയും,സംസ്സാര വിഷയങ്ങൾ പതുക്കെ മറക്കാൻ ശ്രമിക്കുന്ന ഒഫീസ്സിലേയ്ക്കു തന്നെ കൊണ്ടെത്തിക്കുകയും ചെയ്തപ്പോൾ സാവധാനം ഞാൻ മറ്റൊരു ഒളിത്താവളം കണ്ടെത്തി..

ഒരു ടാക്സി വിളിച്ചിട്ട്‌ ബാർബറിനോയിലേയ്ക്കു പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. നഗരത്തിൽ നിന്നും ഏകദേശം ഇരുപതു കിലോമീറ്റർ ദൂരയുള്ള ഒരു പിയാസയാണ്‌ സ്ഥലം. ഡ്രൈവർ എന്നെയുമായി വാഹനം നഗരത്തിൽ നിന്നും ഇടത്തേയ്ക്കുതിരിച്ചു.ഇരുവശങ്ങളിലും ഇടതൂർന്നു മരങ്ങൾ തിങ്ങിയ നീണ്ട റോഡി ലൂടെ വാഹനം പാഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക്‌ മലകൾ തുരന്നുള്ള ടണലുകളിൽ കൂടിയും വാഹനം കയറി ഇറങ്ങി പൊയ്ക്കൊണ്ടിരുന്നു.ടണലിലേയ്ക്കു വാഹനം ഓടിക്കയറുമ്പോൾ വെട്ടം മങ്ങുകയും കാതുകളിൽ ഒരു ഇരമ്പൽ അനുഭവപ്പെടുകയും ചെയ്തിരുന്നു.. ഇത്‌ രാവും പകലും പൊടുന്നനെ വന്നുപോകുന്നതുപോലെ തോന്നിച്ചു. ടണലുകൾക്ക്‌ മുകളിൽ മലകളും,മരങ്ങളും യാതൊരു കോട്ടവും പറ്റാതെ അതേ പടി നിലനിർത്തിയിരിക്കുന്നു.

രണ്ടു വരിയായുള്ള പാതയിൽ ഞങ്ങളുടെ ദിശയിൽ വാഹനങ്ങൾ അധികമില്ല. വാഹനങ്ങളുടെ നിര നഗരത്തിലേയ്ക്കുള്ള ദിശയിലാണ്‌.ഡ്രൈവർ MP3 Player ന്റെ ഹെഡ്ഫോണുകൾ ചെവിയിൽ തിരുകി സംഗീതം ആസ്വതിച്ചുകൊണ്ട്‌ വണ്ടി ഓടിക്കുകയാണ്‌.ഒരു വളവ്‌ തിരിഞ്ഞ്‌ ഞങ്ങൾ പിയാസയിലേയ്ക്കു കടന്നു.
ഞാൻ ചൂണ്ടിക്കാണിച്ച റെസ്റ്റോറന്റിന്റെ മുമ്പിൽ ഡ്രൈവർ വണ്ടി നിറുത്തി. മീറ്ററിൽനിന്നും ബില്ല് കീറി എനിക്കുതന്നു. അതിൽ രേഖപ്പെടുത്തിയിരുന്ന തുക ഞാൻ അയാൾക്കുനൽകി. ഗ്രാസിയെ പറഞ്ഞ്‌, വണ്ടി മുന്നോട്ടെടുത്ത്‌ മറ്റൊരു വഴിയിലൂടെ അയാൾ ഓടിച്ചുപോയി...

ഞാൻ നേരെ റെസ്റ്റോറന്റിലേയ്ക്കു കയറി. ഒരു പിസ്സയ്ക്കു ഓടർ കൊടുത്തു.അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.അതിനാൽ ചൂടുള്ള പിസ്സ ഉടനെ എത്തി.പൊമൊതൊറയും ഫോർമാജിയൊയും ഒലിവിൻ കയ്കളും മേലെ വിതറിയ പിസ്സ കത്തികൊണ്ടുമുറിച്ചു ചെറുകക്ഷണങ്ങളാക്കി സാവധാനം കഴിച്ചു. ഇന്നിനി മറ്റു ഭക്ഷണം ഒന്നുമില്ല. എന്തെങ്കിലും കുടിക്കണം അത്രമാത്രം....

നേരെ എതിർ വശത്തുള്ള വിക്ടോറിയ ഡിസ്കൊതെക്കയെ ലക്ഷ്യമാക്കി, റോടുമുറിച്ചു ഞാൻ നടന്നു ചെന്നു. കൗണ്ടറിൽ യുവതിയുവക്കൾ ക്യൂവിൽ നിന്നുതുടങ്ങിയിരുന്നു. പരിചയം ഉള്ള ഏതെങ്ങിലും യുവതികൾ ഉണ്ടോ എന്നു ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു. സിങ്കിളായി എത്തുന്നവർക്ക്‌ അല്‌പം തുക കൂടുതലാണ്‌. ഡബിൾസിന്‌ ചില കിഴിവുകൾ ഉണ്ട്‌.

ഫ്രെഞ്ചെസ്ക്ക, എവലീന,അന്തൊനെല്ല.....ആരേയും എനിക്കു കണ്ടെത്താനായില്ല. ഒരു പക്ഷേ ഞാൻ അല്‌്പം വൈകീയിരിക്കാം. ഞാനും ക്യൂവിൽ കയറിനിന്നു. ഊഴമെത്തിയപ്പോൾ ഒരു ഫുൾ നൈറ്റിനുള്ള പണം അടച്ച്‌ രസീതു വാങ്ങി.

ഉള്ളിലേയ്ക്കുള്ള പ്രവേശനകവാടത്തിൽ നിൽക്കുന്ന ഉരുക്കുമനുഷ്യന്റെ കയ്യിൽ ഞാൻ ആ രസീത്‌ കൊണ്ടുചെന്നു കൊടുത്തു.ദേഹമാസകലമുള്ള അയാളുടെ ഉരുണ്ടമസ്സിലുകൾ ഇറുകിയ വസ്ത്രത്തിന്മേൽ മുഴച്ചു നിൽക്കുന്നു. മിനുങ്ങുന്ന മുട്ടത്തലയിൽ മുകളിലെ തൂക്കുവിളക്കിന്റെ നാളങ്ങൾ പ്രതിഫലിക്കുന്നു...

"ബോണസ്സേര" എന്നു പറഞ്ഞിട്ട്‌ അയാൾ എന്റെ കയ്യിൽ നിന്നും രസ്സീതുവാങ്ങി നോക്കി.
ഞാൻ ഇടത്തു കരം നീട്ടികൊടുത്തു. ആയാൾ കൈത്തണ്ടയിൽ പ്രവേശന സമയം കുറിക്കുന്ന സ്റ്റാമ്പ്‌ ചുവന്ന മഷിയിൽ പതിപ്പിച്ചു.എന്നിട്ട്‌ കൂറ്റൻ വാതിലുകൾ എനിക്കായി തുറന്നു തന്നു.

ഗിത്താറിന്റെയും, ഡ്രമ്മിന്റെയും ഉയർന്ന സ്തായിലുള്ള ശബ്ദം പൊടുന്നനെ എന്റെ ചെവികളിൽ വന്നുതറച്ചു. അകത്ത്‌ അരണ്ട വെളിച്ചമേ ഉള്ളൂ. ഒന്നും വ്യക്തമായി കാണത്തില്ല. പല വർണ്ണത്തിലുള്ള പ്രകാശസ്തൂപങ്ങൾ ദേഹത്തെ സ്പർശിച്ച്‌ കറങ്ങി പൊയ്ക്കൊണ്ടിരിക്കുന്നു. അവ ചെന്നു പതിക്കുന്നിടങ്ങളിൽ ചില കൈകളും കാലുകളും ഇളകുന്നത്‌ അവ്യക്തമായിക്കാണാം.
ഞാൻ ഇടത്തെ ബാർക്കൗണ്ടറിലേയ്ക്ക്‌ സൂക്ഷിച്ചു നടന്നുചെന്നു.
കൗണ്ടറിലുണ്ടായിരുന്ന ചെമ്പിച്ച മുടിയുള്ള സുന്ദരി എന്നെനോക്കിച്ചിരിച്ചു.

എനിക്ക്‌ നാല്‌് ഡ്രിങ്ക്സ്‌ വരെ വാങ്ങിക്കഴിക്കാം. അതിനുള്ളപണം എൻട്രൻസ്‌ ഫീസിൽ അവർ ഈടാക്കിയിട്ടുണ്ട്‌. അതിൽ കൂടുതൽ വേണമെങ്കിൽ മാത്രം ഇനി പണം കൊടുത്താൽ മതി.

ബാർക്കൗണ്ടറിൽ നിന്ന്, തുടുത്ത കവിളുകൾ ഉള്ള ആ സുന്ദരി എന്റെ കണ്ണുകളിലേയ്ക്കുതന്നെ നോക്കികൊണ്ടു നിന്നു.
എന്റെ കണ്ണുകൾ അവിടെ നിരത്തിവച്ചിരുന്ന കുപ്പികളിലൂടെ ഓടിക്കൊണ്ടിരുന്നു....
ഒരു വെറയിറ്റിക്കായി പൊടൊക്കിയുടെ കുപ്പിചൂണ്ടിക്കാണിച്ചിട്ട്‌ ഞാൻ ഡബിൾ ലാർജ്‌ അവശ്യപ്പെട്ടു. തലയ്ക്കുമീതെ തൂക്കിയിട്ടിരിക്കുന്ന ഗ്ലാസുകളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്ത്‌ അവൾ അതിലേയ്ക്കു ആ വെളുത്തദ്രാവകം അളന്നൊഴിച്ചു.
ഞാൻ അവളെ ശ്രദ്ധിച്ചു, ഇതിനുമുമ്പ്‌ അവളെ അവിടെ കണ്ടതായി ഓർമ്മയില്ല.
കൗണ്ടറിൽ എപ്പോഴും പുതിയ യുവതികളാണ്‌.
ഒരാളെത്തന്നെ സ്ഥിരമായി അവിടെ നിർത്താറില്ല എന്നുതോന്നുന്നു...

ആ യുവതിയോട്‌ ഗ്രാസിയെ പറഞ്ഞ്‌,അവൾ നീട്ടിയ ഗ്ലാസിലെ ദ്രാവകത്തിൽ രണ്ട്‌ ഐസ്ക്യൂബുകൾ പെറുക്കിയിട്ട്‌ ഗ്ലാസ്‌ മെല്ലെ ചുണ്ടുകളോടടുപ്പിച്ചുകൊണ്ട്‌, അവിടെത്തന്നെ ഡാൻസ്ബോർഡിന്‌ അഭിമുഖമായി ഞാൻ തിരിഞ്ഞുനിന്നു.ചെറുതണുപ്പോടുകൂടി ആ ദ്രാവകം ഒരിറുക്ക്‌,....
നാക്കിൽ ചെറിയ തരിപ്പുണ്ടാക്കി എന്റെ തൊണ്ടയിലൂടെ അരിച്ചരിച്ച്‌ അത്‌ മെല്ലെ കീഴ്പ്പോട്ട്‌ ഇറങ്ങിപ്പോയി.

മാറിടം വികസിച്ചും മധ്യഭാഗം മുതൽ കീഴ്പ്പോട്ട്‌ വടിവിൽ നേർത്തുവരുന്നതുമായ ആ മദ്യചഷകം കണ്ണുകൾക്കുനേരെ ഉയർത്തി പിടിച്ച്‌ ഞാൻ സൂക്ഷിച്ചു നോക്കി.നിറമില്ലാത്ത ആ ദ്രാവകവും,സുതാര്യമായ ആ ചഷകവും വർണ്ണ ദീപങ്ങളിൽ നിന്നും അനേകം നിറങ്ങൾ മാറിമാറി സ്വീകരിക്കുന്നതായി എനിക്കുതോന്നി...
കൊള്ളാം.. ഈ പോളിഷ്‌ വോഡ്ക്കയ്ക്ക്‌ ചില മാന്ത്രിക ശക്തി ഉണ്ട്‌.....

വീണ്ടും മദ്യം ഞൊട്ടിഞ്ഞുണഞ്ഞുകൊണ്ട്‌ ഞാൻ പരിസരം വീക്ഷിക്കാൻ തുടങ്ങി.
മദ്യത്തിന്റേയും, നാദത്തിന്റേയും ലഹരിയിൽ യുവതിയുവാക്കൾ സ്വയം മറന്ന് ചുവടുകൾ വയ്ക്കുന്നു. വസ്ത്രം ഇവിടെ നിർബന്ധിതമായതിനാലാണ്‌ പലരും അല്‌പമെങ്കിലും വസ്ത്രം ധരിച്ചിരിക്കുന്നത്‌.കുഴഞ്ഞാടുന്നതിനിടയിൽ പലതും തുള്ളിതുളുമ്പുന്നു.

ലയിറ്റുകളൂടെ ഓട്ടപ്രദക്ഷിണത്തിനിടയിൽ ഒരു വേള അതെന്റെ ദൃഷ്ടിയിൽപ്പെട്ടു.സാധാരണ എന്നോടൊപ്പം ഇവിടെ എത്താറുണ്ടായിരുന്ന EB ആണ്‌ അത്‌. ഒരിക്കൽ അവിചാരിതമായി കൗണ്ടറിൽ വച്ചു പരിചയപ്പെട്ട്‌ ഒന്നിച്ചു പാസ്സെടുത്ത്‌ അകത്തു കയറിയതായിരുന്നു ഞങ്ങൾ. പിന്നീട്‌ പലപ്പോഴും അവൾ എനിക്കായി കാത്തുനിന്നിട്ടൂണ്ട്‌......ഞങ്ങൾ ഒന്നിച്ചു വളരെനേരം നൃത്തം ചെയ്തിട്ടുമുണ്ട്‌.....

തലമുടി റോമൻ പടയാളികളുടെ തൊപ്പിമാതിരി വെട്ടിനിർത്തി, ഒരു കാതിൽ വലിയ എന്തോ കെട്ടിതൂക്കി, വലതുകരമാകെ ചിഹ്നങ്ങളും കുറികളുമായി പച്ചകുത്തി, ചന്തിക്കുതാഴത്തോളം ഊർന്നിറങ്ങിയ ജീൻസും ധരിച്ച്‌, സാമാന്യം ഉയരമുള്ള ഒരു യുവാവാണ്‌ ഇപ്പോൾ അവളോടൊപ്പം ചുവടുകൾ വയ്ക്കുന്നത്‌...
ഒരു പക്ഷെ അവളുടെ ഫിതൻസാത്തോ ആയിരിക്കുമോ ?... അവരെ ആദ്യമായിയാണ്‌് ഒന്നിച്ചുകണുന്നത്‌...

മദ്യം മുഴുവൻ കുടിച്ചുതീർത്ത്‌, ഗ്ലാസ്സ്‌ ഞാൻ കൗണ്ടറിൽ തിരിച്ചു നൽകി ...
തലയിൽ ചെറിയ ഒരു പെരുപ്പായി...,
അത്‌ സാവധാനം ദേഹമാസകലം പടർന്നു കയറി.....
ഡ്രമ്മുകളുടെ ഉച്ചത്തിലുള്ള പ്രഹരം....
എന്റെ ഹൃദയസ്പന്ദനം അത്‌ ഏറ്റുപിടിച്ചു....
വർണ്ണലോകം എനിക്കുചുറ്റും വൃന്ദാവനം തീർത്തു....
ഗോപാങ്കനകളാൽ ചുറ്റപ്പെട്ട്‌ ഈ ഞാനും....ഒരു ഗോപാലനായി മാറുകയാണോ..???
ഞാൻ അറിയാതെ ചുവടുകൾ വച്ചു.....

എപ്പോഴോ EB വന്നെന്റെ കരങ്ങളിൽ പിടിച്ചു.ഞാൻ നിശ്ചലനായി...
ഞങ്ങൾ പരസ്പരം സലൂത്ത ചെയ്തു. ഞാൻ അവളെ ബാർക്കൗണ്ടറിലേയ്ക്കു ക്ഷെണിച്ചു.ബാക്കിയുണ്ടായിരുന്ന എന്റെ കോട്ടായിൽനിന്നും ഞങ്ങൾ രണ്ടാളും ഓരോ ഗ്ലാസ്‌ മദ്യം വാങ്ങികുടിച്ചു.

നിന്റെ ഫിതൻസാത്തോ എവിടെ? നേരത്തെ കണ്ട യുവാവിനെ ഉദ്ദേശിച്ചു ഞാൻ തിരക്കി....
ഏയ്‌, അതെന്റെ ഫിതൻസാത്തോയൊന്നും അല്ല....ആരേയും കാണാതിരുന്നപ്പോൾ വെറുതെ കൂടെ കൂട്ടീ എന്നേയുള്ളൂ... അവൾ പറഞ്ഞു..

ഇവിടുത്തെ ജീവിതം കണ്ടാൽ, ആസ്വദിക്കാനായി മത്രമുള്ളതാണ്‌ ജീവിതം എന്നു തോന്നിപ്പോകും...
ദീർഘകാലം ഫിതൻസാതോ,ഫിതൻസാത്ത ആയിരുന്ന്, ഉള്ളും ഉടലും ഉരച്ചുനോക്കി, പരസ്പരം പൊരുത്തപ്പെട്ടാൽ മത്രമേ ഇവർ വിവാഹ കരാറിൽ ഏർപ്പെടുകയുള്ളു. അതിനു ശേഷവും എന്തെങ്കിലും പൊരുത്തക്കേടുകൾ തോന്നുകയാണെങ്ങിൽ കടങ്ങൾ പരസ്പരം കൊടുത്തുവീട്ടി, കരാർ അസാധുവാക്കി, ഇഷ്ടമുള്ള വഴിയെപോകാം.....
വ്യക്തികളുടെ ജീവിതത്തിൽ പുറം ലോകം ഇടപെടുകയില്ല....
ആരേയും സഹിച്ചും ക്ഷമിച്ചും ആർക്കും ആകെയുള്ള ഈയൊരുജീവിതം പാഴാക്കേണ്ടതുമില്ല....

എങ്കിലും ചില സംശയങ്ങൾ അവശേഷിക്കാം....തെറ്റേത്‌..? ശരിയേത്‌..?

ഒഴിഞ്ഞ ഗ്ലാസ്സുകൾ തിരികെ നൽകി, കൈകൾ കോർത്ത്‌ ഞങ്ങൾ ബഹളങ്ങളുടെ മധ്യത്തിലേയ്ക്കു വീണ്ടും നടന്നുചെന്നു....

ഞാൻ അവൾക്കൊപ്പവും, അവൾ എനിക്കൊപ്പവും ചുവടുകൾ വച്ചുതുടങ്ങി...
ചുറ്റും കൂടി നിന്നവരിലേയ്ക്കും അതിന്റെ അനുരണനങ്ങൾ പതഞ്ഞൊഴുകി....
നാദവും നാളവും ഒന്നായി ലയിക്കുന്നു.....
ഭാവം ചടുലമായി...താളം ദ്രുതമായി...
ശീതീകരിക്കപ്പെട്ട ആ പരിസരവും തപ്തമായിക്കൊണ്ടിരിക്കുന്നു....
അതേ.... ശൈവതാണ്ടവം.....
പിന്നീട്‌ ചുവടുകളുടെ വേഗതകുറഞ്ഞു....
ദേഹാദേഹികൾ ഉറഞ്ഞൊലിച്ച്‌ വിയർപ്പുകണങ്ങളായി ഇറ്റിറ്റു വീണുതുടങ്ങി....
കലുഷമായ മനസ്സ്‌ സാവധാനം ശാന്തമായി...

അപ്പോഴേയ്ക്കും നിശാശാല അടയ്ക്കുന്നതിനുള്ള അറിയിപ്പുവന്നുകഴിഞ്ഞു.....വെളിയിൽ വെട്ടം വീണുതുടങ്ങി....നേരം വെളുക്കുകയാണ്‌....