Showing posts with label പടുകവിതകൾ. Show all posts
Showing posts with label പടുകവിതകൾ. Show all posts

Friday, 24 July 2009

മഴക്കാലം

മുകളിൽ മുഖം കറുപ്പിച്ചു നിൽക്കുന്നു മാനം
താഴെ ചെളി തെറിപ്പിച്ചും തെറിപറഞ്ഞും ഭൂമി
അതിനു നടുവിലായി പകച്ചു നിൽക്കുന്നു മർത്യർ

ഒടുവിലാമാനം മനം പൊട്ടിക്കരയുന്നു
ആ കണ്ണീർ ഇടനെഞ്ചിലായ്‌ യേറ്റുവാങ്ങുന്നു ഭൂമി
മർത്യനോ തുടരുന്നു ആ പകയൊട്ടും കുറയാതെ

വറുതിയാൽ വിണ്ടയാ മണ്ണിന്റെ പിണക്കം
ഒരു കൊച്ചു മഴയിൽ ഒലിച്ചുപോയി
മനുജന്റെ മനസ്സിലെ ചെളിയൊട്ടു നീക്കുവാൻ
ഇനിയെത്ര മഴക്കാലം വന്നുപോണം ?

Monday, 13 October 2008

വാൽ

കുപ്പക്കുണ്ടിലെ ശുനകനെ കല്ലെടുത്തോങ്ങുകിൽ
അതുചൊല്ലി മോങ്ങുവാനാളുണ്ടിവിടെ

സിംഹവാലപരിരക്ഷയ്ക്കായും കൂവും കുമാരികൾ
ഗോവധം നിഷിദമെന്നോതിയും പ്രക്ഷോഭങ്ങൾ

തെരുവിലൊരു മർത്യനെ നിർദ്ദയമെരിക്കുകിൽ
ആരുണ്ടിവിടെ കേഴുവാൻ ?

വാലില്ലാനരനുടെ വേദന
ആരുണ്ടത്‌ കാണുവാൻ ?

Wednesday, 10 September 2008

ആത്മവാടിയിലെ പനിനീർപൂവ്‌



നീ എനിക്കാരെന്ന് ഓർമ്മയില്ലേ ?


നിന്നെ ഞാൻ കാമിച്ചതറിവതില്ലേ ?



സ്വപ്നങ്ങളത്രയും വിതറിയിട്ട്‌
ദുഃഖങ്ങളത്രയും ഒഴുക്കിവിട്ട്‌
തീർത്തയെന്നാത്മവാടിയിലെ
മോഹങ്ങളിതളിട്ട പൂവാണു നീ
എൻചോരനിറമുള്ള പനിനീർപൂവ്‌..


എന്നിലെ ശോക ഭാവങ്ങളത്രയും

നിന്നിലോ ശോഭമാം ദളങ്ങളായ്‌
എന്നുള്ളിൽ ഉറയുമീ കണ്ണീർക്കണങ്ങളോ
നിന്നുള്ളിൽ ഊറുന്ന തേൻകണങ്ങൾ
എന്നിലായിയമരുന്ന ക്രോധങ്ങളല്ലയോ
നിൻ തണ്ടിലെ മുൾ കൂർപ്പുകൾ



വെയിലിൽ ഞാൻനിന്ന് തണലേകിടാം
നിനവിൽ നിനക്കൊരു തുണയായിടാം
കാറ്റത്തും മഴയത്തും ചേർന്നുനിന്ന്
അലയാതെ ഉലയാതെ താങ്ങായിടാം
എന്നിലെ ഞാനായി പുനർജനിച്ച-
നിനക്കായ്‌ ഈജന്മം കാഴ്ചവയ്ക്കാം


നിൻമുഖം വാടുകിൽ,
തകരുമീ ഉള്ളവും.....
നിൻമണം തീരുകിൽ,
നിലയ്ക്കുമീ ശ്വാസവും...
നിന്നിതൾ കൊഴിയുകിൽ,
അടരുമീ ജീവനും......

Monday, 1 September 2008

രാവണായനം

ഒരു ദേവകനല്ല അവനെന്നത്‌ നേരെങ്കിലും,
ആ രാവണന്‌, എന്താണിത്രമേൽ കുറ്റം...?


ഉടപിറന്നവൾ തൻ ഉടലിലെ മുറിവുകൾ,
ഉള്ളിലൊരു നെടുമുറിവായ്‌ നീറ്റിയ മാത്രയിൽ,
അലമുറവേണ്ടിനി, ജേഷ്ഠനുണ്ടെന്നു ചൊല്ലി
കോപം പൂണ്ടു പോരിനായി പുറപ്പെട്ടുചെന്നതോ?


വന്യമാം വനത്തിൽ വെറുമൊരു പർണ്ണശാലയിൽ
വേവതിപൂണ്ടു മരുവുന്ന ജാനകി,
സ്വപുത്രിയെന്നുള്ളം തിരിച്ചറിഞ്ഞ മാത്രയിൽ,
ഞാൻ നിൻ താതനെന്നോതാതെ,കൂടെ കൂട്ടിയെന്നതോ?


കുറ്റമാണ്‌ അതൊക്കെ എന്നോതി,
അവനുടെ ന്യായങ്ങൾ എല്ലാം തഴഞ്ഞ്‌,
തല പത്തായിട്ട്‌ അറുത്തറുത്ത്‌,
കൊല്ലാക്കൊല ചെയ്തില്ലയോ അന്നവനെ?


ചാരിത്ര്യം വെടിഞ്ഞ്‌ പിഴച്ചൊരു ചരിത്രം
അന്നേ മൂടി, ആ സത്യവും സ്നേഹവും.
രാജസ്തുതിപാടക വൃന്ദവും,കാലവും ചേർന്ന്‌,
പിന്നീടവനെ ഒരു കൊടും നീചനുമാക്കി.


എന്നിട്ടും മാറാത്ത പകയുമായി,
അവനുടെ കോലങ്ങൾ തീർത്തും,
കല്ലെടുത്തെറിഞ്ഞും, അർപ്പുവിളിച്ചും,
എരിക്കുന്നിവിടെ ഇന്നും, ഒരുത്സവമായി.


ലെങ്കയിൽ നിന്നേറ്റി, ഗർഭവും പേറ്റി
ഇനിയുമൊരരണ്യവാസവും,മാനം കെട്ടയാമാനവും-
ഭയന്നൊടുവിൽ, സ്വപക്ത്നിയെ കാട്ടിലേക്കെറിഞ്ഞൊരു-
രാമനോ, പ്രജാപതി അവതാര ദേവനും.


അന്നാ ദേവിതൻ ശോകവും,
ഗർഭസ്ഥ ശിശുക്കൾതൻ രോദവും,
കണ്ടുപിടഞ്ഞാ രാവണ ഹൃദയവും,
മാ നിഷാദാ എന്നുരുവിട്ടുകാണുമോ...?


കരുത്തിലൊരു രാക്ഷസതുല്യനെന്നിരിക്കിലും,
പൊടിയുമൊരുമാനസ്സം ഉള്ളയാരാവണൻ,
തെറ്റുകളില്ലാത്തൊരു ദേവകനല്ലെങ്കിലും,
വെറുമൊരു പാവം അല്ലായിരുന്നുവോ ?


ആ ബ്രഹ്മഹത്യാ പാപം,
പേറുന്നുവോ... ഇവിടെയോരോ മനമിന്നും ?
ആ വിപ്ര ശാപം,
ഉഴറുന്നുവോ... ഇവിടെയീ മണ്ണിലിന്നും ?

മാപ്പാക്കൂ...... രാമാ.....
ഇതെൻ........ രാവണായനം.....

Wednesday, 20 August 2008

പരിവർത്തനം

പാവമായിരുന്നു ഞാൻ പഞ്ചപാവം..
പാവനാങ്കണത്തിൽ പൂത്തോരു കുസുമം
പടിയും കടന്നു ഞാൻ പുറത്തുവന്നു..
പുറത്തുള്ള നിങ്ങളോടൊത്തുചേരാൻ.

എന്നുള്ളം മോഹത്താൽ തുടിച്ചിരുന്നു..
എൻമുഖം മോദത്താൽ തുടുത്തിരുന്നു..

നിങ്ങളെ കാൺകെ ഞാൻ ഒന്നു ചിരിച്ചു..
ഒരു വട്ടം പുണരുവാൻ കരങ്ങൾ വിരിച്ചു..
നിങ്ങളോ നിൻ മുഖം വെട്ടിത്തിരിച്ചു...
നീട്ടിയെൻ കരങ്ങളെ ഞെക്കിത്തിരിച്ചു.

എന്തെന്നറിയാതെ കുഴഞ്ഞുപോയി..
ഞാൻ ഏതേതൊ നോവിനാൽ കരഞ്ഞുപോയി...

താലത്തിൽ ഞാൻ തന്ന താമ്പൂലം തട്ടി-
യെൻ ചെകിട്ടത്തു നിങ്ങളാഞ്ഞടിച്ചു...
കളിവാക്കായി ഞാൻ ചൊന്ന കാര്യങ്ങളെല്ലാമേ,
നെറികേടായി നിങ്ങൾ മെനഞ്ഞെടുത്തു...

എൻ സ്വപ്നത്തിൻ കൂടാരം തകർന്നുവീണു..
എൻ പ്രതീക്ഷതൻ കൂമ്പാരം കൊഴിഞ്ഞുവീണു...
എൻ കണ്ണുന്നീരാകെ വറ്റിപ്പോയി..
എൻ കരളാകെ കടുത്തുപോയി..

മൃദുലത എന്നിലെ ചോർന്നുപോയി..
മൃഗീയമായി എന്നുടെ തൃഷ്ണയിന്ന്..
ലോകമേ,..എന്നെ നീ മാറ്റിമറിച്ചു...
എന്നിലെ എന്നെ നീ ചുട്ടൂകരിച്ചു...

പാവമല്ലാ.... ഞാനിന്നു ഭയങ്കരൻ..
പാപികൾ വിറയ്ക്കും പാതാള രാക്ഷസ്സൻ.

Tuesday, 12 August 2008

പ്രഹസ്സനം

പണ്ടൊരിക്കൽ ഇതു വഴി ഞാൻ വന്നിരുന്നു....
അന്നു ഞാൻ കണ്ടു,
പാടുന്ന കിളികൾ
തണലിൽ കളിക്കുന്ന കുട്ടികൾ
വിയർപ്പൊഴുക്കി വേലചെയ്യുന്ന മനുഷ്യർ.

അന്നു ഞാൻ മടങ്ങി സന്തുഷ്ഠനായി,
വീണ്ടും വരേണമെന്നൊരു മോഹവുമായി....

പിന്നീടൊരിക്കലും ഇതു വഴി ഞാൻ വന്നിരുന്നു...
അന്നു ഞാൻ കണ്ടു,
പറന്നകലുന്ന കിളികൾ
തലതല്ലിക്കരയുന്ന കുട്ടികൾ
വേലികെട്ടി വളപ്പുതിരിക്കുന്ന മനുഷ്യർ.

അന്നു ഞാൻ മടങ്ങി ഖിന്നിതനായി,
മാറുമിതെല്ലാ,മെന്നൊരുത്പ്രതീക്ഷയുമായി...

ഇന്നിതാ, വീണ്ടുമിതു വഴി ഞാൻ വന്നിടുന്നു...
ഇന്നു ഞാൻ കാണുന്നു,
പക്ഷം തകർന്ന കിളികൾ
തറുതല പറയുന്ന കുട്ടികൾ
വേലുയർത്തി വയറ്റിൽ കുത്തുന്ന മനുഷ്യർ.

ഇന്നു ഞാൻ മടങ്ങുന്നു നിറകണ്ണുകളോടെ,
നുറുങ്ങുമെന്നുള്ളിൽ ഒരു നിശ്ചയമേറ്റി...

ഇനി വരില്ലൊരിക്കലും ഇതുവഴി ഞാൻ മത്ജീവിതമുള്ളകാലം....
കാളിയും കൂളിയും കൈകൊട്ടിക്കളിക്കുമീ-
മർത്ത്യനില്ലാ ലോകം കാണുവാൻ...
ഇനി വരില്ലൊരിക്കലും ഇതുവഴി ഞാൻ മത്ജീവിതമുള്ളകാലം....

Tuesday, 5 August 2008

പ്രാർത്ഥന

യുഗങ്ങളുടെ പഴക്കമുള്ള വീട്ടിൽ
വർഷങ്ങളുടെ പ്രായമുള്ള കുട്ടി പ്രാർത്ഥിക്കാനിരുന്നു....
ആത്മാവിലെ വിളക്കിൽ ആഗ്രഹങ്ങളുടെ എണ്ണയൊഴിച്ച്‌,
സ്വപ്നങ്ങൾ കൊളുത്തി,
പ്രതീക്ഷയുടെ കരങ്ങൾ നീട്ടി,
ഉച്ചത്തിൽ പ്രാർത്ഥിച്ചു.....

എല്ലാ വിധ സുഖങ്ങളും സൗകര്യങ്ങളുംഎനിക്കായി തരേണമേ.....

മേഘങ്ങളുടെ ഇടയിൽ നിന്നും ദൈവം പറഞ്ഞു.....
ദുഃഖങ്ങൾ കുടിച്ചാലെ സുഖത്തിന്റെ രുചിയും അറിയാൻ പറ്റൂ.....

എനിക്കു സുഖങ്ങൾ മാത്രം മതി,
ദുഃഖങ്ങൾ മറ്റുള്ളവരുടേത്‌ നോക്കി കണ്ടുകൊള്ളാം...

എങ്കിൽ സുഖവും മറ്റുള്ളവരുടേത്‌ നോക്കി കണ്ടുകൊള്ളൂ.....
ദൈവം മൊഴിഞ്ഞു.

മാലാഖമാർ അത്‌ കേട്ട്‌ പൊട്ടിച്ചിരിച്ചു.
തഴെ തീക്കുണ്ടിൽനിന്നും ചെകുത്താൻ തല ഉയർത്തി നോക്കി.